Fathwa റമദാനും ആരോഗ്യവും

ശസ്ത്രക്രിയക്ക് ശേഷം നോമ്പ്

ഞാന്‍ ഒട്ടേറെ ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്. വ്രതമനുഷ്ഠിക്കുന്നത് ഡോക്ടര്‍ വിലക്കുകയുണ്ടായി. എങ്കിലും ഓപ്പറേഷനുശേഷം രണ്ടു വര്‍ഷം നോമ്പെടുത്തു. വല്ലാതെ ക്ഷീണിച്ചുവെന്നതായിരുന്നു ഫലം. ഞാന്‍ ബുദ്ധിപരമായ ജോലികളിലേര്‍പ്പെടുന്നവനാണ്. അപ്പോഴെനിക്ക് നോമ്പിനുപകരം തെണ്ടം കൊടുത്താല്‍ മതിയാകുമോ? അത് പണമായി നല്കാമോ?

രോഗിക്ക് നോമ്പൊഴിക്കാമെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. സൂറതുല്‍ ബഖറയില്‍ 185-ാം സൂക്തത്തില്‍ ‘വല്ലവനും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്യുന്നപക്ഷം മറ്റുദിവസങ്ങളില്‍ എണ്ണം പൂര്‍ത്തീകരിക്കേണ്ടതാകുന്നു’

എന്ന ഭാഗമാണതിന്നാധാരം. അതിനാല്‍ വ്യക്തമായ പ്രമാണങ്ങളും (നസ്സ്വ്) പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായവും രോഗിക്ക് നോമ്പൊഴിക്കുന്നതിനുള്ള അനുമതി നല്കുന്നു. പക്ഷേ, നോമ്പൊഴിക്കല്‍ അനുവദനീയമാകുന്ന രോഗമേത് ? നോമ്പ് നോല്‍ക്കുന്നതുമൂലം അധികരിക്കുന്നതോ ശമനത്തിന് കാലതാമസം നേരിടുന്നതോ നോമ്പുകാരന് കഠിനമായ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതോ? ഉദാഹരണമായി ഉപജീവനം നേടിക്കൊടുക്കുന്ന തൊഴില്‍ ചെയ്യുവാന്‍ സാധിക്കാതിരിക്കുക- ആയ രോഗങ്ങള്‍ ബാധിച്ചവര്‍ക്കാണ് നോമ്പൊഴിക്കാന്‍ അനുവാദമുള്ളത്. ഇമാം അഹ്്മദിനോട് ഒരാള്‍ ചോദിച്ചു: ‘രോഗി എപ്പോഴാണ് നോമ്പൊഴിക്കേണ്ടത്?’ അദ്ദേഹം പറഞ്ഞു: ‘സാധിക്കാതെ വരുമ്പോള്‍’. വീണ്ടും ചോദ്യം: ‘ പനിപോലെ?’ അദ്ദേഹം പറഞ്ഞു: ‘പനിയേക്കാള്‍ കഠിനമായ രോഗം വേറേയേത്?’ രോഗങ്ങള്‍ പല വിധമുണ്ടെന്നര്‍ഥം. അവയില്‍ ചിലത് നോമ്പിനെ ഒട്ടും ബാധിക്കില്ല. പല്ലുവേദന, വിരലിലെ മുറിവ് തുടങ്ങിയ രോഗങ്ങള്‍ ഉദാഹരണം ചില രോഗങ്ങള്‍ക്ക് വ്രതം നല്ലൊരു ചികിത്സയാണ്. ദഹനക്കേട്, വയറിളക്കം തുടങ്ങി വയറിനെ ബാധിക്കുന്ന മിക്ക രോഗങ്ങളും അതില്‍പ്പെടുന്നു. ഇത്തരം രോഗങ്ങള്‍ക്ക് നോമ്പൊഴിക്കല്‍ അനുവദനീയമല്ല. കാരണം വ്രതം രോഗിക്ക് ദോഷകരമല്ലെന്നു മാത്രമല്ല പ്രയോജനപ്രദം കൂടിയാണ്. നോമ്പെടുക്കുന്നത് രോഗിക്ക് ദോഷം ചെയ്യുമെന്ന് തോന്നുന്നുവെങ്കില്‍ മാത്രമേ നോമ്പൊഴിക്കുന്നത് അനുവദനീയമാകൂ. നോമ്പെടുക്കുന്നതുകൊണ്ട് രോഗം വര്‍ധിക്കുമെന്ന് ആശങ്കയുള്ള രോഗിക്ക് നോമ്പ് ഒഴിക്കാന്‍ അനുവാദമുള്ളത്‌പോലെ, നോമ്പു മൂലം രോഗം വരുമെന്ന് ഭയപ്പെടുന്ന രോഗമില്ലാത്ത ഒരാള്‍ക്കും നോമ്പൊഴിക്കുന്നത് അനുവദനീയമാണ്. ഇതെല്ലാം തീരുമാനിക്കുവാന്‍ ചില മാനദണ്ഡങ്ങളുണ്ട്.
ഒന്നുകില്‍ വ്യക്തിപരമായ അനുഭവപരിചയം; അല്ലെങ്കില്‍, വിദഗ്ധനും വിശ്വസ്തനും മതനിഷ്ഠയുള്ളവനുമായ ഒരു ദിഷഗ്വരന്റെ നിര്‍ദേശം. വിദഗ്ധനും മതനിഷ്ഠയുള്ളവനുമായ ഒരു ഡോക്ടര്‍ ഒരാള്‍ക്ക് വ്രതാനുഷ്ഠാനം ദോഷകരമെന്ന് വിധിക്കുന്നപക്ഷം അയാള്‍ നോമ്പൊഴിക്കേണ്ടത് നിര്‍ബന്ധമാണ്. നോമ്പൊഴിക്കാന്‍ അനുവാദമുള്ള രോഗി ക്ലേശങ്ങള്‍ സഹിച്ച് നോമ്പെടുക്കുന്നുവെങ്കില്‍, അയാള്‍ കറാഹത്തായ കാര്യമാണ് ചെയ്യുന്നത്. കാരണം, സ്വശരീരത്തെ പീഡിപ്പിക്കുകയാണയാള്‍. നോമ്പ് ഒഴിക്കുക എന്നത് അല്ലാഹു അനുവദിച്ച ഒരിളവ് സ്വീകരിക്കലാണ്. അയാളുടെ നോമ്പ് സ്വീകാര്യമായിത്തീരുമെന്നത് മറ്റൊരു കാര്യം. വ്രതം വമ്പിച്ച ദോഷം ചെയ്യുമെന്ന് തീര്‍ച്ചപ്പെട്ടു കഴിഞ്ഞതിനു ശേഷം നോമ്പു നോല്ക്കുമെന്ന് വാശിപിടിക്കുന്നവന്‍ ഒരു ‘ഹറാം’ പ്രവര്‍ത്തിക്കുകയാണ്. ദാസന്റെ ശരീരത്തെ പീഡിപ്പിക്കേണ്ട ഒരാവശ്യവും അല്ലാഹുവിന്നില്ല. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കരുത്; നിശ്ചയം, നിങ്ങളോട് ഏറ്റം കരുണയുള്ളവനത്രെ അല്ലാഹു.’
ചോദ്യകര്‍ത്താവുന്നയിച്ച ഒരു പ്രശ്‌നം കൂടിയുണ്ട്. നോമ്പുപേക്ഷിച്ച ദിവസങ്ങള്‍ക്കു പകരം അഗതിക്ക് ആഹാരം നല്കാമോ? രോഗം രണ്ടുവിധമുണ്ട്. നിശ്ചിത കാലത്തിന്നകം ശമനം പ്രതീക്ഷിക്കാവുന്നത്; ഇത്തരം രോഗങ്ങള്‍ക്ക് തെണ്ടം സ്വീകാര്യമല്ല. നഷ്ടപ്പെട്ട നോമ്പ് രോഗം സുഖപ്പെട്ട ശേഷം നോറ്റുവീട്ടുകതന്നെ വേണം. ‘മറ്റു ദിവസങ്ങളില്‍ എണ്ണം പൂര്‍ത്തീകരിക്കേണ്ടതാകുന്നു’ എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. വിട്ടുമാറാത്ത രോഗം ബാധിച്ചവര്‍ നോമ്പൊഴിക്കുന്ന കാര്യത്തില്‍ പടുവൃദ്ധരുടെ കൂട്ടത്തില്‍ പെടുന്നു. രോഗം വിട്ടുമാറാത്തതാണോ എന്നു തീരുമാനിക്കേണ്ടത് സ്വന്തം അനുഭവപരിചയത്തിലൂടെയോ ഡോക്ടര്‍മാരുടെ അഭിപ്രായപ്രകാരമോ ആവാം. അത്തരക്കാര്‍ തെണ്ടം നല്കണം – ഒരു നോമ്പിന് പകരം ഒരു അഗതിക്ക് ആഹാരം. ഇമാം അബൂഹനീഫയെപ്പോലുള്ള ചില പണ്ഡിതരുടെ വീക്ഷണത്തില്‍ ആഹാരത്തിന്റെ വില പണമായി, ദരിദ്രര്‍ക്കു നല്കിയാല്‍ മതിയാകുന്നതാണ്.