Fathwa

ശഅബാനിലെ പതിനഞ്ചാം രാവ്

ശഅബാന്‍ പതിനഞ്ചാം രാവിന്റെ പുണ്യത്തെ സൂചിപ്പിക്കുന്ന ഹദീസുകള്‍ വന്നിട്ടുണ്ടോ? പ്രസ്തുത രാവില്‍ പ്രത്യേക പ്രാര്‍ഥനകള്‍ വല്ലതും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ടോ?
ഉത്തരം: ശൈഖ് മുഹമ്മദ് റശീദ് രിദാ
ശഅബാന്‍ പതിനഞ്ചാം രാവിന് പുണ്യം കല്‍പിക്കുന്ന സമ്പ്രദായം മധ്യ നൂറ്റാണ്ടുകളിലുണ്ടായ ഒരു ബിദ്അത്താണ്. ദൗര്‍ഭാഗ്യവാനെന്ന് അല്ലാഹു രേഖപ്പെടുത്തിയ മനുഷ്യന്റെ ദൗര്‍ഭാഗ്യത്തെ തന്റെ രേഖയില്‍നിന്ന് ഒഴിവാക്കണമേ എന്നപേക്ഷിച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ഥന, പ്രസ്തുത രാവിന്റെ പുണ്യത്തെക്കുറിച്ച് പറയപ്പെടുന്ന കാര്യങ്ങള്‍, ഇവക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല. ”നിര്‍ണായകമായ കാര്യങ്ങളെല്ലാം തീരുമാനിക്കപ്പെടുന്ന രാവാകുന്നു അത്” എന്ന സൂറത്തുദ്ദുഖാനിലെ നാലാം ആയത്തിലെ പരാമര്‍ശിക്കപ്പെടുന്ന രാത്രി ശഅബാന്‍ പതിനഞ്ചാം രാവാണ് എന്ന അഭിപ്രായവും ശരിയല്ല.

ഇന്ന ദിവസം എന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത ലൈലത്തുല്‍ ഖദറാണ് അവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തമാണ്. ‘അംറുന്‍ ഹകീം’എന്ന് പറഞ്ഞത് വഹ്‌യിനെക്കുറിച്ചും ശരീഅത്തിനെക്കുറിച്ചുമാണ്. കാരണം ഖുര്‍ആനിറങ്ങിയ രാവാണത്. പ്രസ്തുത രാവില്‍ പ്രത്യേകമായ ഒരു പ്രാര്‍ഥന ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരിക്കുന്നതായി കാണാം. എന്നാല്‍ അതിനനുകൂലമായ ഒരു തെളിവും ദീനില്‍ സ്ഥിരപ്പെട്ടിട്ടില്ല എന്നാതാണ് വാസ്തവം. ആ രാവില്‍ പ്രവാചകന്റെ പേരില്‍ നടത്തപ്പെടുന്ന സ്വലാത്തും ബിദ്അത്ത് തന്നെയാണ് എന്നതാണ് ഹദീസ് പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായം. ‘ഇഹ്‌യാ ഉലൂമുദ്ദീനില്‍’ ഇമാം ഗസ്സാലി അതിനെക്കുറിച്ച് ‘ദുര്‍ബലം’ എന്ന് പറയുന്നുണ്ട്. ഈ അഭിപ്രായം പരിഗണനീയമല്ല, യഥാര്‍ഥത്തില്‍ ആ ഹദീസ് ‘വ്യാജ നിര്‍മിതി’ തന്നെയാണ്.
ശഅബാന്‍ പതിനഞ്ചാം രാവിന്റെ പുണ്യത്തെക്കുറിക്കുന്ന ഒരു ഹദീസ് കാണുക: ”ശഅബാന്‍ പതിനഞ്ച് ആയാല്‍ നിങ്ങള്‍ അതിലെ രാവില്‍ നമസ്‌കരിക്കുകയും അതിന്റെ പകല്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുക.” ഈ ഹദീസ് ദുര്‍ബലമാണ്. എന്നാല്‍ പ്രസ്തുത ഹദീസിന്റെ അടിസ്ഥാനത്തില്‍ കുറേക്കാലമായി ആരാധനകള്‍ നിര്‍വഹിക്കുന്നുണ്ട്.
കര്‍മങ്ങളുടെ മഹത്വത്തെ സൂചിപ്പിക്കുന്ന ദുര്‍ബലമായ ഹദീസിന്റെ അടിസ്ഥാനത്തിലും ആരാധാനകളനുഷ്ഠിക്കാവുന്നതാണ് എന്ന് അധിക കര്‍മശാസ്ത്രകാരന്മാരും വ്യക്തമാക്കിയിട്ടുണ്ട് എന്നത് മാത്രമാണ് ഇതിനുള്ള ഏക സാധൂകരണം. പ്രസ്തുത ഹദീസ് സ്വഹീഹല്ലെങ്കിലും അയാള്‍ ചെയ്തത് മോശമായ കാര്യമാണെന്ന് പറയാനാവില്ല എന്നു മാത്രം.
ഇഹ്‌യാഉലൂമുദ്ദീന്റെ വ്യാഖ്യാനങ്ങളില്‍, ശഅ്ബാന്റെ പുണ്യത്തെക്കുറിച്ച് വന്ന ഹദീസുകള്‍ വ്യാജനിര്‍മിതവും കെട്ടിച്ചമച്ചവയുമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാഫ്ദ് അബുല്‍ ഖത്താബ് ഇബ്‌നു ദഹ്‌യ പറയുന്നു: ”ശഅബാന്‍ പതിനഞ്ചാം രാവിനെക്കുറിച്ച ഹദീസ് വ്യാജനിര്‍മിതമാണ്. തഖ്‌യുദ്ദീനുസ്സുബ്കി തഖ്‌യീദുതറാജീഹ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ശഅബാന്‍ പതിനഞ്ചാം രാവിലെ നമസ്‌കാരത്തിനുവേണ്ടിയും ആഗ്രഹസഫലീകരണ നമസ്‌കാരത്തിനുവേണ്ടിയും സമ്മേളിക്കുന്നത് ആക്ഷേപാര്‍ഹമായ അനാചാരമാകുന്നു.
ഇമാം നവവി പറയുന്നു: ”ഈ രണ്ട് നമസ്‌കാരങ്ങളും അനാചാരവും വ്യാജനിര്‍മിതവും മോശവുമാകുന്നു. ഇഹ്‌യാഉലൂമുദ്ദീന്‍, യാഖാത്ത് എന്നീ ഗ്രന്ഥങ്ങളില്‍ അതേക്കുറിച്ച് വന്ന പരാമര്‍ശങ്ങളില്‍ നീ വഞ്ചിതനാവരുത്. ‘ധാരാളം നമസ്‌കരിക്കുന്നത് നല്ല സമ്പ്രദായമാണ്’ എന്ന ഹദീസ് ഇവക്കനുകൂല തെളിവായി ഉന്നയിക്കാന്‍ പാടില്ല. ശറഇനോട് യാതൊരു നിലക്കും എതിരാവാത്ത നമസ്‌കാരത്തിന് മാത്രമേ അത് ബാധകമാവൂ. കറാഹത്തായ സമയങ്ങളില്‍ നമസ്‌കാരത്തെ വിലക്കുന്ന ഹദീസുകള്‍ വന്നിട്ടുണ്ട്.”
പ്രസ്തുത രാവില്‍ മഗ്‌രിബ് നമസ്‌കാരാനന്തരം ആറ് റകഅത്ത് നമസ്‌കരിക്കുന്ന ഒരു സമ്പ്രദായം കാണപ്പെടുന്നുണ്ട്. ഈരണ്ട് റകഅത്ത് വീതമായിട്ടാണത് നിര്‍വഹിക്കപ്പെടുന്നത്. ഓരോ റകഅത്തിലും ഒരു തവണ ഫാതിഹയും സൂറത്തുല്‍ ഇഖ്‌ലാസ് ആറുതവണയും പാരായണം ചെയ്യുന്നു. ഓരോ രണ്ട് റകഅത്തിനുശേഷവും സൂറത്തുയാസീനും പാരായണം ചെയ്യുന്നു. ശേഷം ശഅബാന്‍ പതിനഞ്ചാം രാവിലെ പ്രാര്‍ഥന എന്ന പേരില്‍ ഒരു പ്രാര്‍ഥനയും നടത്തപ്പെടുന്നു. ആദ്യത്തെ പ്രാര്‍ഥന ആയുരാരോഗ്യത്തിനും രണ്ടാമത്തേത് ഉപജീവന സൗഭാഗ്യത്തിനും മുന്നാമത്തേത് ശുഭജീവിതാന്ത്യത്തിനും വേണ്ടിയുള്ളതാണ്. ഈ രീതിയില്‍ പ്രസ്തുത രാത്രിയില്‍ നമസ്‌കാരം നിര്‍വഹിക്കുന്നവന് ആഗ്രഹങ്ങളെല്ലാം സഫലമാവുമെന്ന് വിശ്വസിക്കപ്പെടുന്നു. പില്‍ക്കാലക്കാരായ ചില സൂഫീ നേതാക്കളുടെ ഗ്രന്ഥങ്ങളിലാണ് ഈ നമസ്‌കാരത്തെക്കുറിച്ച വിവരണം കാണുന്നത്. ഈ നമസ്‌കാരത്തിനും പ്രാര്‍ഥനക്കും പ്രവാചക ചര്യയില്‍ യാതൊരു പ്രമാണവും കാണാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ സൂചിപ്പിച്ച രാത്രികള്‍ സജീവമാക്കാന്‍ വേണ്ടി പള്ളികളിലോ മറ്റിടങ്ങളിലോ സമ്മേളിക്കുന്നത് ദീനിന്റെ അംഗീകാരമില്ലാത്ത കാര്യമാണെന്ന് ആധുനിക പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നജുമുല്‍ ഗൈതി പറയുന്നു: ”ശഅബാന്‍ പതിനഞ്ചാം രാവ് സജീവമാക്കാന്‍ വേണ്ടി സമ്മേളിക്കുന്ന സമ്മേളിക്കുന്നതിനെ ആക്ഷേപാര്‍ഹമായ സംഗതിയായിട്ടാണ് അത്വാഅ്, ഇബ്‌നു അബീ മുലൈക ഉള്‍പ്പെടെ ഹിജാസിലെ അധികപണ്ഡിതന്മരും മാലികികളും കാണുന്നത്. അവര്‍ പറയുന്നു: അതെല്ലാം ബിദ്അത്താണ്. ആ വിഷയത്തില്‍ പ്രവാചകനില്‍ നിന്നോ സ്വഹാബികളില്‍നിന്നോ ഒരു പ്രമാണവും സ്ഥിരപ്പെട്ടിട്ടില്ല.