Fathwa

സമയം തെറ്റിയ അത്താഴം

അത്താഴം കഴിച്ചുകൊണ്ടിരിക്കെ ബാങ്കുകേട്ടു. അല്ലെങ്കില്‍ കഴിച്ചു തീര്‍ന്നപ്പോഴാണ് ബാങ്കുവിളിച്ചിട്ട് ഏതാനും സമയം കഴിഞ്ഞുവെന്ന് മനസ്സിലാകുന്നത്. അന്നത്തെ നോമ്പ് സ്വീകാര്യമാകുമോ ?

……………………………………..

ഉത്തരം: ഉടനെ അത്താഴം നിറുത്തുക. പ്രഭാതമായി എന്ന് ഉറപ്പാകുന്നതുവരെ അത്താഴം കഴിക്കാവുന്നതാണ്.  ‘(പ്രഭാതമാകുന്ന) വെളുത്ത ഇഴ (ഇരുട്ടാകുന്ന) കറുത്ത ഇഴയില്‍ നിന്നും നിങ്ങള്‍ക്കു വ്യക്തമായി ഉരുത്തിയിരിയുന്നതുവരെ’ എന്നാണല്ലോ ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്.

അത്താഴം കഴിച്ചുതീര്‍ന്നപ്പോള്‍ ബാങ്കുവിളിച്ച് ഏതാനും മിനുട്ടുകള്‍ കഴിഞ്ഞിരുന്നുവെന്ന് -അല്ലെങ്കില്‍ നോമ്പുതുറന്നത് അസ്തമയത്തിനു ഏതാനും മിനുട്ട് മുമ്പായിരുന്നുവെന്ന്  ബോധ്യമായാല്‍ ആ നോമ്പ് ബാത്വിലാണെന്നാണ് വലിയ വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. എന്നാല്‍ ഇമാം ബുഖാരി(റ) ഉദ്ധരിച്ച അസ്മാഅ് ബിന്‍ത് അബീബക്‌റില്‍ നിന്നുള്ള, ‘നബി(സ്വ)യുടെ കാലത്ത് മേഘം മൂടിയ ഒരു ദിവസം ഞങ്ങള്‍ നോമ്പുതുറന്നു. കുറച്ചുകഴിഞ്ഞ് സൂര്യനെ കണ്ടു’ എന്ന ഹദീഥിന്റെ അടിസ്ഥാനത്തില്‍ ഇബ്‌നു തൈമിയ്യ(റ)യെപ്പോലുള്ള അനേകം പണ്ഡിതര്‍ നോമ്പ് ബാത്വിലാകുകയില്ലെന്ന അഭിപ്രായക്കാരാണ്. ‘മറവിക്കും പിഴവിന്നും എന്റെ സമുദായം ചോദ്യം ചെയ്യപ്പെടുകയില്ല’ എന്ന ഹദീഥും ഇതിന്ന് അടിസ്ഥാനരേഖയായി അവര്‍ എടുത്തുകാണിച്ചിട്ടുണ്ട്.