നോമ്പ് അനുഷ്ഠിക്കുകയും എന്നാല്‍, നമസ്കരിക്കാതിരിക്കുകയും ചെയ്യുന്ന മുസ്ലിംകളെ ചില പണ്ഡിതന്മാര്‍ ആക്ഷേപിക്കുന്നു. നമസ്കാരവും നോമ്പും ഇങ്ങനെ കൂട്ടിക്കുഴക്കേണ്ട കാര്യമുണ്ടോ? റയ്യാന്‍കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരില്‍ ഉള്‍പ്പെടാന്‍വേണ്ടി നോമ്പുപിടിക്കാനാണ് ഞാനുദ്ദേശിക്കുന്നത്. ഒരു റമദാന്‍ അടുത്ത റമദാന്‍ വരെയുള്ള എല്ലാ പാപങ്ങളും പൊറുക്കുന്നതാണെന്നതും സുവിദിതമാണല്ലോ.
ഉത്തരം: നമസ്കരിക്കാതെ നോമ്പുമാത്രം അനുഷ്ഠിക്കുന്ന താങ്കളെ മറ്റുള്ളവര്‍ ആക്ഷേപിച്ചത് തികച്ചും ന്യായമാണ്. കാരണം, നമസ്കാരം ഇസ്ലാമിന്റെ അടിയാധാരങ്ങളിലൊന്നാണ്. അകാരണമായി നമസ്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാണ്. ഇസ്ലാമികസമൂഹത്തില്‍ അവന് സ്ഥാനമില്ല. അവന്റെ നോമ്പോ സ്വദഖയോ ഹജ്ജോ മറ്റു പുണ്യകര്‍മങ്ങളോ സ്വീകരിക്കപ്പെടുകയില്ല. അല്ലാഹു പറയുന്നു: “അവരുടെ ദാനങ്ങള്‍ തിരസ്കൃതമാകുന്നതിനുള്ള കാരണം അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും നിഷേധിച്ചതും നമസ്കാരത്തിനു ഹാജരാകുമ്പോള്‍ മടുപ്പോടുകൂടി മാത്രം ഹാജരാകുന്നതും ദൈവികമാര്‍ഗത്തില്‍ വ്യയം ചെയ്യുമ്പോള്‍ വൈമനസ്യത്തോടെ മാത്രം വ്യയം ചെയ്യുന്നതും അല്ലാതെ മറ്റൊന്നുമല്ല” (അത്തൌബ: 54). അതിനാല്‍,നമസ്കരിക്കാതെയാണ് നിങ്ങള്‍ നോമ്പനുഷ്ഠിക്കുന്നതെങ്കില്‍ അത് പാഴ്വേലയാണെന്നാണ് പറയാനുള്ളത്. അല്ലാഹുവിന്റെയടുത്ത് അത് ഉപകാരപ്പെടുകയോ അവനിലേക്ക് നിങ്ങളെ അടുപ്പിക്കുകയോ ഇല്ല. ഒരു റമദാന്‍ അടുത്ത റമദാന്‍ വരെയുള്ള സകല പാപങ്ങളും പൊറുക്കുന്നതാണെന്ന ഹദീസും നിങ്ങള്‍ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. നബി(സ) ഇങ്ങനെയാണ് പറഞ്ഞത്: “അഞ്ചുനമസ്കാരങ്ങള്‍,ഒരു ജുമുഅയും അടുത്ത ജുമുഅയും, ഒരു റമദാനും അടുത്ത റമദാനും അവയ്ക്കിടയിലെ പാപങ്ങള്‍ പൊറുപ്പിക്കുന്നവയാണ്; വന്‍പാപങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍” (മുസ്ലിം). ഒരു റമദാന്‍ മുതല്‍ അടുത്തറമദാന്‍ വരെയുള്ള പാപങ്ങള്‍ പൊറുക്കപ്പെടണമെങ്കില്‍ വന്‍പാപങ്ങള്‍ ഒഴിവാക്കണമെന്ന നിബന്ധനകൂടി നബി(സ) മുന്നോട്ടുവെക്കുന്നുണ്ട്. നമസ്കാരം ഉപേക്ഷിക്കുക എന്നതിനേക്കാള്‍ കടുത്തവന്‍പാപമെന്തുണ്ട്! മാത്രമല്ല, അത് കുഫ്റുമാണ്. നമസ്കാരമുപേക്ഷിക്കുക എന്ന കുഫ്ര്‍ ചെയ്യുന്നയാളുടെ നോമ്പുകൊണ്ട് എങ്ങനെ അയാളുടെ പാപങ്ങള്‍ പൊറുക്കപ്പെടാനാണ്! ആ നോമ്പ് അല്ലാഹു സ്വീകരിക്കുകയേ ഇല്ല. അതിനാല്‍,സഹോദരാ താങ്കള്‍ അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചുമടങ്ങുക. അല്ലാഹു നിര്‍ബന്ധമാക്കിയ നമസ്കാരം നിര്‍വഹിക്കുക, പിന്നെ നോമ്പ് നോല്‍ക്കുകയും ചെയ്യുക. മുആദുബ്നു ജബലി(റ)നെ യമനിലേക്ക് നിയോഗിച്ചപ്പോള്‍ റസൂല്‍(സ) അദ്ദേഹത്തോട് പറഞ്ഞു: “അവരെ താങ്കള്‍ അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും ഞാന്‍ അല്ലാഹുവിന്റെ റസൂലാണെന്നുമുള്ള ശഹാദത്തിലേക്ക് ക്ഷണിക്കുക. അവര്‍ അത് അനുസരിച്ചാല്‍ അല്ലാഹു അവരുടെമേല്‍ എല്ലാ രാപ്പകലും അഞ്ചുനേരത്തെ നമസ്കാരം നിര്‍ബന്ധമാക്കിയിരിക്കുന്നുവെന്ന് അവരെ താങ്കള്‍ അറിയിക്കുക” (ബുഖാരി, മുസ്ലിം). ഇവിടെ നബി(സ) ശഹാദത്തിനുശേഷം ആദ്യം നമസ്കാരമാണ് പറഞ്ഞത്. പിന്നീടാണ് സകാത്തിനെക്കുറിച്ച് പറയുന്നത്.
(ഇബ്നു ഉസൈമീന്‍)
Add Comment