Fathwa

കുട്ടികളുടെ നോമ്പ് എപ്പോള്‍ ?

നബി(സ) പറയുന്നു: ‘മൂന്ന് വിഭാഗങ്ങളില്‍നിന്ന് പേന ഉയര്‍ത്തപ്പെട്ടിരിക്കുന്നു: കുട്ടി വലുതാവുന്നതുവരെ; ഉറങ്ങുന്നവന്‍ ഉണരുന്നതുവരെ; ഭ്രാന്തന്‍ സുഖം പ്രാപിക്കുന്നത് വരെ.’ പേന ഉയര്‍ത്തപ്പെടുക എന്നതിനര്‍ഥം ബാധ്യതയില്‍നിന്ന് ഒഴിവാക്കപ്പെട്ടുക എന്നാണ്-ദൈവകല്പനകള്‍ ബാധകമാകാതിരിക്കുക. പക്ഷേ, മനുഷ്യപ്രകൃതിയെ പരിഗണിക്കുന്ന മതമാണ് ഇസ്്‌ലാം. അതിനാല്‍, ചെറുപ്പം തൊട്ടേ മനുഷ്യര്‍ ഇസ്‌ലാമിന്റെ ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിച്ചു തുടങ്ങണമെന്ന് അത് ആഗ്രഹിക്കുന്നു.

അനുഷ്ഠാനകര്‍മങ്ങളില്‍ പരിചയവും പരിശീലനവും നേടുക എന്ന ഉദ്ദേശ്യമാണിതിന്നുള്ളത്. നമസ്‌കാരത്തെക്കുറിച്ച് തിരുദൂതര്‍ പറയുന്നു: ‘കുട്ടികള്‍ക്ക് ഏഴുവയസ്സായാല്‍ അവരോട് നമസ്‌കരിക്കുവാന്‍ കല്പിക്കുക. പത്തു വയസ്സായാല്‍ അതിന്റെ പേരില്‍ അവരെ അടിക്കുക.’ വ്രതാനുഷ്ഠാനവും നമസ്‌കാരം പോലെ ഒരു നിര്‍ബന്ധ അനുഷ്ഠാനമാണ്. കുട്ടികളെ അത് ശീലിപ്പിക്കേണ്ടത് നിര്‍ബന്ധവുമാണ്. പക്ഷേ, അപ്പോള്‍? ഏഴു വയസ്സു മുതല്‍ ആയിക്കൊള്ളണമെന്നില്ല. കാരണം, നോമ്പ് നമസ്‌കാരത്തേക്കാള്‍ പ്രയാസമുള്ളതാണ്. കുട്ടിയുടെ ശാരീരിക ശേഷിയാണതിന് നിദാനം. നോമ്പ് നോല്ക്കാന്‍ കുട്ടിക്ക് സാധിക്കും എന്ന് രക്ഷിതാക്കള്‍ക്ക് തോന്നിയാല്‍, റമദാനിലെ ചില ദിവസങ്ങളില്‍ അത് പരിശീലിപ്പിച്ചു തുടങ്ങാം. വര്‍ഷം തോറും നോമ്പ് നോല്ക്കുന്ന ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടേ വരണം. പ്രായപൂര്‍ത്തിയെത്തുമ്പോഴേക്ക് മാസം മുഴുവന്‍ നോമ്പെടുക്കുവാനുള്ള പരിശീലനം കിട്ടിക്കഴിയും. ഇങ്ങനെയാണ് ചെറുപ്പം തൊട്ട് കുട്ടികള്‍ക്ക് ഇസ്‌ലാമിക ശിക്ഷണം നല്‌കേണ്ടത്.