Fathwa

കുലുക്കുഴിയലും ‘ഇസ്തിന്‍ശാഖും’

വുദൂഇല്‍ കുലുക്കുഴിയുന്നതും മൂക്കിലേക്ക് വെളളം കയറ്റുന്നതും നോമ്പിന്റെ സ്വീകാര്യതയെ ബാധിക്കുമെന്ന് ചിലര്‍ പറയുന്നു. ശരിയാണോ?

വുദൂഅ് ചെയ്യുമ്പോള്‍ കുലുക്കുഴിയുന്നതും മൂക്കിലേക്ക് വെളളം കയറ്റി ചീറ്റുന്നതും ഹനഫീ, ശാഫിഈ , മാലികീ മദ്ഹബുകള്‍ പ്രകാരം വുദുഇന്റെ രണ്ടു സുന്നത്തുകളാണ്. ഹമ്പലീ മദ്ഹബ് പ്രകാരം ഫര്‍ദും. മുഖം കഴുകുക എന്ന നിര്‍ബന്ധ കര്‍മത്തിന്റെ ഭാഗമായാണ് ഇമാം അഹ്മദ് അത് പരിഗണിക്കുന്നത്.

സുന്നത്താകട്ടെ, ഫര്‍ദാകട്ടെ വുദൂഅ് ചെയ്യുമ്പോള്‍ അതുപേക്ഷിക്കുന്നത് എന്തായാലും അഭികാമ്യമല്ല.
ഇക്കാര്യത്തില്‍ നോമ്പുകാരന് ബാധ്യതയായിട്ടുളളത് നോമ്പില്ലാത്തപ്പോള്‍ ചെയ്യുന്നതു പോലെ നിയന്ത്രണം വിട്ട് ചെയ്യാതിരിക്കുക എന്നുളളതാണ്. ‘മൂക്കിലേക്ക് വെളളംകയറ്റുമ്പോള്‍ നല്ലവണ്ണം കയറ്റിക്കൊള്‍ക, നീ നോമ്പുകാരനല്ലങ്കില്‍’ എന്ന് തിരുവചനമുണ്ട് . നോമ്പുളളവന്‍ വുദൂഇല്‍ മൂക്കിലേക്ക്് വെളളം കയറ്റുകയോ കുലുക്കുഴിയുകയോ  ചെയ്യുമ്പോള്‍ ബോധപൂര്‍വമല്ലാതെ അല്‍പം ജലം തൊണ്ടയില്‍ എത്തിയാല്‍പോലും അയാളുടെ നോമ്പ് സ്വീകാര്യമാണ്. വഴിയില്‍ പൊടിപടലമോ ധാന്യത്തരികളോ തൊണ്ടയിലെത്തുകയോ അല്ലെങ്കില്‍ ഒരീച്ച തൊണ്ടയിലേക്ക് പറന്നെത്തുകയോ ചെയ്താലെന്നപോലെയാണിതും . ഇതെല്ലാം സമുദായത്തിന് അനുവദിക്കപ്പെട്ട, അബദ്ധവശാല്‍ സംഭവിക്കുന്ന കാര്യങ്ങളാണ്. ചില പണ്ഡിതര്‍ക്ക്  ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടെന്നത് വിസ്മരിക്കുന്നില്ല. വുദൂഇലല്ലാതെ കുലുക്കുഴിയുന്നതും  വെളളം ഉളളിലേക്ക് പ്രവേശിക്കുന്നില്ലെങ്കില്‍ നോമ്പിന്റെ സ്വീകാര്യതയെ ബാധിക്കുന്നതല്ല.