ചോദ്യം: റമദാനിന്റെ ശ്രേഷ്ഠത വിശദീകരിക്കുന്ന, സല്‍മാനുല്‍ ഫാരിസി (റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ കാണാം: ശഅ്ബാനിന്റെ അവസാന ദിവസം നബി (സ) ജനങ്ങളെ ഉദ്‌ബോധിപ്പിച്ചു കൊണ്ടു പറഞ്ഞു: ‘അല്ലയോ ജനങ്ങളേ, നിങ്ങള്‍ക്കുമേല്‍ അനുഗ്രഹീതമായ ഒരു മാസം തണല്‍ വിരിച്ചിരിക്കുന്നു. ഈ മാസത്തില്‍ ഒരു രാത്രിയുണ്ട്. ആ രാത്രി ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമാണ്. ഈ മാസത്തില്‍ നോമ്പ് അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു. നിന്ന് നമസ്‌കരിക്കല്‍ ഐച്ഛികവുമായിക്കിയിരിക്കുന്നു. ഒരു നന്മ ചെയ്യുന്നവന്‍ ഒരു നിര്‍ബന്ധ ബാധ്യത ചെയ്തതിന് തുല്യമാണ്. ഈ മാസത്തില്‍ ആരെങ്കിലും ഒരു നിര്‍ബന്ധ ബാധ്യത നിര്‍വ്വഹിച്ചാല്‍ എഴുപതും അതിന്റെ ഇരട്ടിയും ‘ഫര്‍ള്’ ചെയ്തത് പോലെയാണ്. ഈ മാസത്തില്‍ ആദ്യ പത്ത് കാരുണ്യത്തിന്റെയും മധ്യ പത്തുകള്‍ പാപമോചനത്തിന്റെയും അവസാന പത്തുകള്‍ നരക മോചനത്തിന്റെയുമാണ്.’
ഈ ഹദീസിന്റെ ആധികാരികത എന്താണ്? ഈ ഹദീസ് സ്വഹീഹ് ആണോ?
സുദീര്‍ഘമായ ഒരു ഹദീസിന്റെ ഭാഗമാണ് മേല്‍ ഉദ്ധരിച്ച ഭാഗം. ഇമാം ഇബ്‌നു ഖുസൈമ തന്റെ സ്വഹീഹില്‍ ഉദ്ധരിച്ചിട്ടുള്ള ഹദീസാണിത്. ബൈഹഖിയിലും ത്വബറാനിയിലും ഈ ഹദീസ് കാണാം. എന്നാല്‍ ഹദീസ് പണ്ഡിതന്‍മാര്‍ ഈ ഹദീസിനെ അസാധുവാക്കിയിരിക്കുന്നു.
ഹദീസിന്റെ ‘സനദും’ (നിവേദക പരമ്പര) ‘മത്‌നും’ (ആശയവും) ദുര്‍ബലമാണ്. ഹദീസ് നിവേദക പരമ്പരയില്‍ അലിയ്യുബ്‌നു സെയ്ദ് ബ്‌നു ജുദ്ആന്‍, ഹദീസ് പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍ സ്വീകാര്യനല്ല. ഹാഫിളുബ്‌നു ഹജറുല്‍ അസ്ഖലാനി, അഹ് മദു ബ്‌നു മുഈന്‍, നസാഈ, ഇബ്‌നു ഖുസൈമ തുടങ്ങിയവര്‍ ഈ ഹദീസ് ദുര്‍ബ്ബലമാണെന്ന് വിധിച്ചിരിക്കുന്നു. എന്നാല്‍ അബൂ ഹാത്വിം അര്‍റാസി, ഇമാമുല്‍ ഐനി, ശൈഖ് അല്‍ബാനി തുടങ്ങിയവര്‍ ഈ ഹദീസിനെ ‘മുന്‍കര്‍’ ആയാണ് കാണുന്നത്.
ആശയപരമായി, ഈ ഹദീസ് റമദാനില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന അല്ലാഹുവിന്റെ കാരുണ്യവും പാപമോചനവും നരക മോചനവും നിശ്ചിത ദിവസങ്ങളിലേക്ക് പരിമിതപ്പെടുത്തുകയാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്റെ കാരുണ്യം റമദാനിലെ ആദ്യ പത്തില്‍ പരിമിതമല്ലല്ലോ. ആദ്യ പത്തില്‍ നരക മോചനം ചോദിക്കുന്നവന് അല്ലാഹു നല്‍കാതിരിക്കുമോ ? റമദാനിലെ ആദ്യ ദിനം മുതല്‍ അവസാന രാത്രി വരെയും അല്ലാഹു വിശ്വാസികളുടെ ആത്മാര്‍ത്ഥമായ പാപമോചന തേട്ടം സ്വീകരിച്ചു കൊണ്ടേയിരിക്കുകയാണ്.
അല്ലാഹു ഏറ്റവും വിശാലമാക്കിയ ഒരു കാര്യത്തെ ചുരുക്കവാനോ ലഘൂകരിക്കുവാനോ ആര്‍ക്കും അവകാശമില്ല. അങ്ങനെ ചെയ്യുന്ന പക്ഷം അല്ലാഹുവിന്റെ കാരുണ്യത്തോട് കാണിക്കുന്ന അവജ്ഞയാകുമത്. ഈ ഹദീസിലെ എല്ലാ ആശയങ്ങളും എന്നാല്‍ അസ്വീകാര്യമല്ല.
തിര്‍മിദിയില്‍ വന്നിട്ടുള്ള അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം. നബി (സ) പറഞ്ഞു: ‘റമദാന്‍ ആഗതമായാല്‍ പിശാചുകള്‍ ബന്ധനസ്ഥരാക്കപ്പെടും, നരക വാതിലുകള്‍ അടക്കപ്പെടും, അതില്‍ നിന്ന് ഒരു വാതിലും പിന്നീട് തുറക്കപ്പെടുകയില്ല. സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടും. അതിന്റ ഒരു വാതിലും അടക്കപ്പെടുകയില്ല. റമദാനിലെ എല്ലാ രാവുകളിലും വിളിച്ചു പറയുന്നവര്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും: ‘നന്മേഛുക്കളേ, നിങ്ങള്‍ നന്മകളില്‍ മുന്നേറുവിന്‍, തിന്മകളില്‍ ആഭിമുഖ്യമുള്ളവരെ, നിങ്ങള്‍ തിന്‍മകള്‍ ലഘൂകരിക്കുക. അല്ലാഹുവിന്റെ നരക മോചനം ഈ മാസത്തിലുണ്ട്. എല്ലാ രാത്രികളിലും അതുണ്ട്.’
സ്വഹീഹായ ഈ ഹദീസ് സൂചിപ്പിക്കുന്നത് നരക മോചനം റമദാനിലെ അവസാന പത്തുകളില്‍ പരിമിതമല്ല എന്നതാണ്. മറിച്ച് റമദാനിലെ മുഴുവന്‍ രാവുകളിലുമുണ്ട്.
സല്‍കര്‍മ്മങ്ങളില്‍ ജനങ്ങളെ ആകൃഷ്ടരാക്കാനും അതില്‍ മുന്നേറുന്നവരാക്കാനും, കര്‍മ്മങ്ങളുടെ ശ്രേഷ്ഠതകളെ കുറിച്ച് സൂചിപ്പിക്കുന്ന ദുര്‍ബ്ബലമായ ഹദീസുകളും ഉദ്ധരിക്കാം എന്ന് പണ്ഡിതന്‍മാരില്‍ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരം ഹദീസുകള്‍ ഉദ്ധരിക്കുന്നതിന് ചില നിബന്ധനകള്‍ ഉണ്ടായിരിക്കണമെന്ന് മാത്രം. അതില്‍ ഒന്നാമത്തേത്, ആ ഹദീസുകള്‍ നബി (സ) യോട് ചേര്‍ത്തു കൂടാ; പറയപ്പെടുന്നു, നിവേദനം ചെയ്യപ്പെടുന്നൂ എന്നേ പരാമര്‍ശിക്കാവൂ. അവയുടെ ആശയം സ്വഹീഹായ മറ്റു ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ടാവണമെന്ന് രണ്ടാമത്തേത്.
ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയെ പോലുള്ളവര്‍ ഒരു സാഹചര്യത്തിലും ഇത്തരം ഹദീസുകള്‍ ഉദ്ധരിക്കരുതെന്ന് അഭിപ്രായപ്പെടുമ്പോള്‍, ഇമാം അഹ് മദുബ്‌നു ഹമ്പല്‍, ഇമാം ഗസ്സാലി (റ) തുടങ്ങിയവര്‍ മേല്‍ പറഞ്ഞ ഉപാധികളോടെ പറയാമെന്ന് അഭിപ്രായപ്പെടുന്നവരാണ്.
പണ്ഡിതന്‍മാരും പ്രഭാഷകരും അവരുടെ പ്രഭാഷണങ്ങളില്‍ ഈ ഹദീസ് ഉദ്ധരിക്കാറുണ്ട്. ആശയപരവും നിവേദക പരമ്പരയിലെ ദൗര്‍ബല്യവും അറിഞ്ഞു കൊണ്ടല്ല പലപ്പോഴും അവര്‍ ഇത് ഉദ്ധരിക്കുന്നത്.
ഇവിടെ ഉദ്ധരിക്കപ്പെട്ട ഹദീസ് ഈ തത്വത്തിന്റെ അടിസ്ഥനത്തില്‍ പോലും ഉദ്ധരിക്കാന്‍ ഉതകുന്നതല്ല. കാരണം മറ്റ് സ്വഹീഹായ ഹദീസുകള്‍ ഈ ഹദീസിന്റെ ആശയത്തെ സാധൂകരിക്കുന്നില്ല. മറിച്ച് അതിനെതിരാണ്. അതിനാല്‍ ഇത്തരം ഹദീസുകള്‍ സ്വീകരിക്കുകയോ ഉദ്ധരിക്കുകയോ ചെയ്യാതിരിക്കലാണ് കൂടുതല്‍ സൂക്ഷ്മത.
അല്ലാഹുവാണ് ഏറ്റവും കൂടുതല്‍ അറിയുന്നവന്‍
അവലംബം: www.onislam.net
Add Comment