ചോ: ഇസ് ലാമില്‍ ഇഅ്തികാഫിന്റെ പ്രാധാന്യമെന്താണ്? പത്തു ദിവസത്തോളം മുസ് ലിംകള്‍ പള്ളിയില്‍ ഭജനമിരിക്കുന്നത് എന്തിനാണ് ? മുസ് ലിം രാജ്യങ്ങളിലെ മൊത്തം ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു ആചാരമെന്ന നിലയില്‍ ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണോ ?
————
ഒരു മുസ് ലിം ഏതാനും ദിവസങ്ങള്‍ പ്രാര്‍ത്ഥനക്കും ഉപാസനകള്‍ക്കും വേണ്ടി നീക്കി വെക്കുന്നതിനാണ് ഇഅ്തികാഫ് എന്നു പറയുന്നത്. അതുവഴി അവന്‍ അഗാധമായ ദൈവ ബോധമുള്ളവനായിത്തീരുന്നു. ഈ ദൈവ ബോധമാണ് ഒരു മുസ് ലിമിന്റെ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും ആധാരം. വ്രതത്തിന്റെ തന്നെ അടുത്ത ഘട്ടമാണ് ഇഅ്തികാഫ്. ആത്മാവിനെ ശുദ്ധീകരിക്കല്‍ തന്നെയാണ് ഇഅ്തികാഫിലൂടെയും വിശ്വാസി ചെയ്യുന്നത്.
ഇഅ്തികാഫിന്റെ സന്ദര്‍ഭത്തില്‍, വിശ്വാസി എല്ലാവിധ ഭൗതിക വ്യവഹാരങ്ങളില്‍ നിന്നും മാറിനിന്ന് പ്രാര്‍ത്ഥനകളിലും ആരാധനകളിലും മാത്രം മുഴുകുന്നു.
‘ഫിഖ്ഹു സിയാം’ എന്ന ഗ്രന്ഥത്തില്‍ ശൈഖ് യൂസുഫുല്‍ ഖറദാവി പറയുന്നു.
‘അല്ലാഹുവിന്റെ സാമീപ്യം കൊതിച്ച്, അവനെ ആരാധിക്കുന്നതിനായി താല്‍ക്കാലികമായി ഒഴിഞ്ഞിരിക്കുന്നതാണ് ഇഅ്തികാഫ്. ആരാധനകള്‍ക്ക് വേണ്ടി ബ്രഹ്മചര്യമോ സന്യാസമോ ഇസ് ലാം അനുശാസിക്കുന്നില്ല. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ആരാധനകളിലും പ്രാര്‍ത്ഥനകളിലും ഏര്‍പ്പെടാന്‍ ഇസ് ലാം അനുശാസിക്കുന്നു. അതിലൊന്നാണ് ഇഅ്തികാഫ്’.
ഇമാം ഇബ്‌നുല്‍ ഖയ്യിം ഇഅ്തികാഫിന്റെ പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശ്യം പറയുന്നതിങ്ങിനെയാണ്. ‘അല്ലാഹു മുസ് ലിംകളോട് ഇഅ്തികാഫ് അനുഷ്ടിക്കാന്‍ കല്‍പ്പിച്ചിരിക്കുന്നു. അതുവഴി അവരുടെ ഹൃദയങ്ങള്‍ പൂര്‍ണ്ണമായും അല്ലാഹുവില്‍ വിലയം പ്രാപിക്കും. അവനില്‍ മാത്രമായിരിക്കും വിശ്വാസികളുടെ ശ്രദ്ധ. സഹസൃഷ്ടികളുമായുള്ള സകല ബന്ധങ്ങളും അവന്‍ വിച്ഛേദിക്കും. അല്ലാഹുവിനെ മാത്രം അവന്‍ ധ്യാനിച്ചു കൊണ്ടിരിക്കും. എല്ലാവിധ ന്യൂനതകളില്‍ നിന്നും മുക്തനായി അല്ലാഹുവിനെ സ്മരിച്ച്, അവനെ സ്‌നേഹിച്ച്, തന്നെ അലട്ടുന്ന എല്ലാവിധ ഉല്‍ക്കണ്ഠകളും വ്യാകുലതകളും അവനില്‍ ഇറക്കി വെച്ച്, ഇഅ്തികാഫിലൂടെ മുഴുവന്‍ പ്രശ്‌നങ്ങളും അവന്‍ തരണം ചെയ്യുന്നു. വിശ്വാസികളുടെ മുഴുവന്‍ കാര്യങ്ങളും അല്ലാഹുമായി ബന്ധപ്പെട്ടതായിരിക്കും. അല്ലാഹുവിനെകുറിച്ചുള്ള ഓര്‍മ്മകളാല്‍ അവന്റെ ചിന്താമണ്ഡലം നിറഞ്ഞിരിക്കും. അവന്റെ പ്രീതിയും ഇഷ്ടവും എങ്ങനെ സമ്പാദിക്കാം, അവനിലേക്ക് എങ്ങനെ അടുക്കാം എന്നത് മാത്രമായിരിക്കും അവന്റെ ചിന്ത. ഏതൊരാള്‍ക്കും പകരം എനിക്ക് അല്ലാഹു മതിയെന്ന ചിന്തയിലേക്ക് ഇതെല്ലാം അവനെ നയിക്കും. നാളെ ഖബറില്‍ ഏകനായി, ശാന്തമായി സ്വസ്ഥനായി കഴിയേണ്ട മനുഷ്യന് ഇഅ്തികാഫ് ഒരു പരിശീലനം കൂടിയാണ്. അവിടെ അവനെ ആശ്വസിപ്പിക്കാനും സൗഖ്യം പകരാനും ആരുമില്ലല്ലോ? ഇതാണ് ഇഅ്തികാഫിന്റെ ഏറ്റവും വലിയ ലക്ഷ്യം.
അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ ഇസ് ലാമിക വിജ്ഞാനീയം-മതതാരതമ്യ പഠന വിഭാഗം പ്രൊഫസര്‍ ഡോ. മുഹമ്മദ് അബൂ ലൈല പറയുന്നു. ‘ഇഅ്തികാഫ് സുന്നത്തായ ഒരു ഇബാദത്താണ്. കാരണം, പ്രവാചകന്‍ (സ) തന്റെ ജീവിത കാലത്ത് ചെയ്തു പോന്നതും, നബിയുടെ മരണ ശേഷവും പ്രവാചക പത്‌നിമാരും സ്വഹാബാക്കളും അനുവര്‍ത്തിച്ചു പോരുകയും ചെയ്തിട്ടുള്ള ഒരു പ്രബലമായ ഇബാദത്താണ് ഇഅ്തികാഫ്’.
നബി (സ) യ്ക്ക് നുബുവ്വത്ത് ലഭിക്കുന്നതിന് മുമ്പ് തന്നെ, മറ്റുള്ളവരുമായി സകല ബന്ധങ്ങളും വിഛേദിച്ച്, റമദാനിലെ ഏതാനും ദിനരാത്രങ്ങള്‍ ഹിറാഗുഹയില്‍ പോയി ധ്യാനിച്ചിരിക്കുന്ന ശീലമുണ്ടായിരുന്നു. ആ സമയങ്ങളിലൊക്കെയും നബി (സ) അല്ലാഹുവിനെയും അവന്റെ സൃഷ്ടി വൈഭവത്തെയും കുറിച്ച് ആലോചിക്കുമായിരുന്നു.
ഒരു മുസ് ലിം എന്ന നിലയില്‍ താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടാകും, ഈ ഗുഹയില്‍ വെച്ചാണ് അല്ലാഹുവിന്റെ മലക്ക് ജിബ് രീല്‍ (അ) തിരുമേനിയെ കണ്ടുമുട്ടുന്നതും, അദ്ദേഹത്തിന് ആദ്യമായി വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്നതും. പിന്നെ എന്തിനാണ് നമ്മള്‍ ഇഅ്തികാഫ് ഇരിക്കുന്നതെന്ന് ഒരാള്‍ ചോദിച്ചേക്കാം. ഈ ചോദ്യത്തിനുള്ള ലളിതമായ ഉത്തരം, നബി (സ) യുടെ കാലടികള്‍ പിന്തുടരുന്ന മുസ് ലിംകള്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവിതം അതേപടി മാതൃകയാക്കുന്നതിന്റെ ഭാഗമായാണ് ഇഅ്തികാഫ് അനുഷ്ഠാനവും. വിശദമായി പറഞ്ഞാല്‍, ഇഅ്തികാഫ് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശ വിധേയമായിരിക്കുന്നത് പള്ളിയും നോമ്പുമായിട്ടുള്ള പശ്ചാത്തലത്തിലാണ്. മുന്‍കാല സമൂഹങ്ങള്‍ ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു.
അല്ലാഹു പറയുന്നു: ‘സത്യത്തെ നിഷേധിക്കുകയും(ഇന്ന്) ദൈവിക മാര്‍ഗം തടയുകയും, നാം സര്‍വജനത്തിനുമായി നിര്‍മിച്ചിട്ടുള്ളതും, തദ്ദേശീയര്‍ക്കും പരദേശങ്ങളില്‍നിന്ന് വന്നെത്തുന്നവര്‍ക്കും തുല്യാവകാശമുള്ളതുമായ ഈ മസ്ജിദുല്‍ ഹറാമില്‍ തീര്‍ഥാടനം വിലക്കുകയും ചെയ്യുന്നവരുണ്ടല്ലോ (അവരുടെ നടപടി തികഞ്ഞ അക്രമമാകുന്നു). സത്യത്തെ നിഷേധിച്ചുകൊണ്ട് അവിടെ അതിക്രമമനുവര്‍ത്തിക്കുന്നവരെ നാം നോവേറിയ ശിക്ഷ രുചിപ്പിക്കുന്നതാകുന്നു. ഇബ്‌റാഹീമിന് നാം ഈ(കഅ്ബാ)മന്ദിരത്തിന്റെ സ്ഥാനം നിര്‍ണയിച്ചുകൊടുത്തതോര്‍ക്കുക. (അതോടൊപ്പം നാം കല്‍പിച്ചിട്ടുണ്ടായിരുന്നു:) യാതൊന്നിനെയും എന്റെ പങ്കാളിയാക്കാതിരിക്കേണം. പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും നില്‍ക്കുന്നവര്‍ക്കും നമിക്കുന്നവര്‍ക്കും പ്രണമിക്കുന്നവര്‍ക്കുമായി എന്റെ മന്ദിരത്തെ ശുദ്ധീകരിച്ചുവെക്കേണം’ (അല്‍ ഹജ്ജ് 25,26).
എന്നാല്‍ ഇസ് ലാമില്‍ 10 ദിവസം മാത്രമാണ്. അതും അങ്ങനെ ചെയ്യാന്‍ സാധിക്കുന്നവര്‍ മാത്രം ഇഅ്തികാഫിരുന്നാല്‍ മതി.
ഇഅ്തികാഫ് മനുഷ്യന്റെ ക്രിയാത്മകതയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന ഒരു വിലയിരുത്തലുണ്ട്. എന്നാല്‍ ആഴത്തില്‍ ചിന്തിച്ചാല്‍ മനസ്സിലാകും, കാര്യക്ഷമമായി ചെയ്യുന്ന ഇഅ്തികാഫ് ആരോഗ്യകരവും, മനുഷ്യന്റെ ക്രിയാശേഷിയെ വര്‍ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹുവിനെ ആരാധിച്ചും പ്രാര്‍ത്ഥിച്ചും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും, അല്ലാഹുവിനെ കുറിച്ചും അവന്റെ സൃഷ്ടിജാലങ്ങളെ കുറിച്ച് ചിന്തിച്ചും നമ്മുടെ ആത്മാവിനെ ശക്തിപ്പെടുത്തുകയാണ് ഇഅ്തികാഫിലൂടെ ചെയ്യുന്നത്. സ്ഥൈര്യവും സമാധാനവും ലഭിക്കുകയും, ശരീരത്തെയും ഇച്ഛകളെയും എങ്ങനെ നിയന്ത്രിക്കാമെന്നും ഇഅ്തികാഫ് നമ്മെ പഠിപ്പിക്കുന്നു.
ജീവിതത്തിന്റെ യഥാര്‍ത്ഥ മൂല്യമെന്തെന്ന് ഇഅ്തികാഫ് നമ്മെ പഠിപ്പിക്കുന്നു. നാം ചരിച്ചു കൊണ്ടിരിക്കുന്നത് യഥാര്‍ത്ഥ വഴിയിലാണോ എന്ന പുനര്‍വിചിന്തനത്തിന് ഇഅ്തികാഫ് വഴിയൊരുക്കുന്നു. പാപത്തിന്റെ പൊടികളും കറകളും കഴുകി വൃത്തിയാക്കാനും ആത്മീയ ബോധം വളര്‍ത്താനും നമ്മെ പരലോകത്തേക്ക് സജ്ജരാക്കാനും ഇത് വഴി സാധിക്കുന്നു. ഇഅ്തികാഫ് ഒരു നിലയിലും ആരെയും പ്രതികൂലമായി ബാധിക്കുന്നില്ല. ഒരുവന്റെ ഉത്തരവാദിത്ത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുന്നുമില്ല. ജനങ്ങളില്‍ നിന്ന് ഓടിയകന്ന് സ്വാര്‍ത്ഥനാക്കുകയുമല്ല ഇഅ്തികാഫ്‌കൊണ്ട് ഉദ്ദേശിക്കുന്നത്.
എല്ലാ മുസ് ലിംകളും ഇഅ്തികാഫ് എടുക്കേണ്ടതില്ല. അങ്ങനെ ചെയ്യാന്‍ കഴിയുന്നവര്‍ മാത്രം ചെയ്താല്‍ മതി. അത് പള്ളിയില്‍ വെച്ചാണ് ചെയ്യേണ്ടത്. അവിടെ ഇഅ്തികാഫില്‍ മുഴുകിയ മറ്റു വിശ്വാസികളും ധാരാളമുണ്ടാകും. അവിടെ ഒരു ആത്മീയാന്തരീക്ഷമാണുള്ളത്. നീ ഒറ്റപ്പെട്ടോ അവഗണിക്കപ്പെട്ടോ മാറിയിരിക്കുകയല്ല. നിങ്ങളുടെ ജീവിതത്തെ, ജോലിയെ പ്രതികൂലമായി ബാധിക്കുന്നുവെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ഇഅ്തികാഫ് അനിവാര്യമല്ല.
ഇന്നത്തെ ലോക സാഹചര്യത്തില്‍ മനുഷ്യന്റെ ദൈനം ദിന ജീവിത ചിട്ടയുടെ ഭാഗമാണ് ഒഴിവുസമയങ്ങളില്‍ യാത്ര പോകലും മറ്റും. ചിലര്‍ വിദേശത്ത് പോകുന്നു. മറ്റു ചിലര്‍ കടല്‍ തീരത്ത് പോയിരിക്കുന്നു. ചിലര്‍ പ്രകൃതി രമണീയമായ നാടുകള്‍ സന്ദര്‍ശിക്കുന്നു. ചിലര്‍ നിശാ ക്ലബ്ബുകളില്‍ സമയം ചിലവഴിക്കുന്നു. മനസ്സിന്റെ സന്തോഷത്തിനും അനുഭൂതിക്കും വേണ്ടി ഇങ്ങനെ പല മാര്‍ഗത്തിലും മനുഷ്യന്‍ പണവും സമയവും ചിലവഴിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ ഇഅ്തികാഫ് വിശ്വാസിക്ക് അങ്ങേയറ്റത്തെ മാനസിക സൗഖ്യമാണ് പ്രദാനം ചെയ്യുന്നത്. ഇഅ്തികാഫിലൂടെ ലഭിക്കുന്ന സ്വസ്ഥതയും ശാന്തിയും ആത്മീയ അനുഭൂതിയും ഇത്തരം യാത്രകൊണ്ടൊന്നും ലഭ്യമാവുകയില്ല തന്നെ. അല്ലാഹു അഅ്‌ലം.
ശൈഖ് ഡോ. യൂസുഫുല്‍ ഖറദാവി,
മുഹമ്മദ് മുഹമ്മദ് അബൂ ലൈല
Add Comment