Fathwa

അത്താഴം നോമ്പില്‍ ഘടകമാണോ ?

അത്താഴം വ്രതാനുഷ്ഠാനം സ്വീകാര്യമാകുന്നതിനുള്ള ഒരു ‘ശര്‍ത്വ്’ ആണോ ?

അല്ല, അത് ഒരു സുന്നത്ത് മാത്രം. തിരുമേനി അത്താഴം കഴിക്കുകയും കഴിക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു: ‘നിങ്ങള്‍ അത്താഴം കഴിക്കുക; അത്താഴത്തില്‍  അനുഗ്രഹമുണ്ട്.’ അതിനാല്‍ അത് സുന്നത്താണ്. അത് കഴിക്കുന്ന സമയം പിന്തിക്കുന്നതും സുന്നത്താണ്. കാരണം അത് വ്രതമനുഷ്ഠിക്കാനുള്ള ശക്തി പ്രദാനം ചെയ്യുന്നു;

അതിന്റെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്നു. വിശപ്പിന്റെയും ദാഹത്തിന്റെയും സമയ ദൈര്‍ഘ്യം കുറക്കുന്നു. ഈ ദീന്‍ ലാളിത്യത്തിന്റെ ദീനാണ്. അത് ആരാധനാ കര്‍മങ്ങള്‍ ലഘൂകരിക്കുകയും ജനങ്ങള്‍ക്ക് അവയോട് പ്രതിപത്തിയുണ്ടാക്കുകയും ചെയ്യുന്നു. സമയമായാല്‍ ഉടനെ നോമ്പ് തുറക്കണമെന്നും അത്താഴം പിന്തിക്കണമെന്നുമുള്ള നിര്‍ദേശങ്ങളുടെ ലക്ഷ്യമതാണ്. അതിനാല്‍ വ്രതമനുഷ്ഠിക്കുന്ന മുസ്‌ലിം അത്താഴസമയത്ത് ഉണര്‍ന്ന് അല്പം- ഒരു ഈത്തപ്പഴമോ അല്പം പാനീയമോ – അത്താഴം കഴിക്കുന്നത് തിരുചര്യയുടെ അനുധാവനമാണ്. തിരുചര്യ അനുധാവനം ചെയ്യുന്നതില്‍ നന്മയുണ്ട്. തിരുചര്യ തിരസ്‌കരിച്ച് നൂതനരീതികളവലംബിക്കുന്നത് ദോഷമേ ചെയ്യൂ. അത്താഴം കഴിക്കുന്നതില്‍ ഫജ്ര്‍ നമസ്‌കാരത്തിനു മുമ്പ് ഉറക്കമുണരുവാന്‍ കഴിയുന്നു എന്ന ഒരു ആത്മീയ നേട്ടവുമുണ്ട്. അല്ലാഹു തന്റെ ദാസന്മാരെ കാത്തിരിക്കുന്ന സവിശേഷ സന്ദര്‍ഭമാണത്. പ്രാര്‍ഥനകള്‍ അതിവേഗം സ്വീകരിക്കപ്പെടുന്ന നേരം. പശ്ചാത്തപിക്കുന്നവന് പൊറുത്തുകൊടുക്കുകയും സത്കര്‍മങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന അവസരം. ഈ സമയം ദിക്‌റിലും ദുആയിലും കഴിയുന്നവനും നിദ്രയുടെ ഗാഢാശ്ലേഷത്തിലമരുന്നവനും തമ്മില്‍ എന്തുമാത്രം അന്തരമില്ല!