Fathwa

സ്വപ്‌ന സ്ഖലനം നോമ്പിനെ ബാധിക്കുമോ ?

റമദാനിലെ പകലുറക്കത്തില്‍ സ്ഖലനമുണ്ടായി; കുളിച്ചു. ഈ കുളി നോമ്പിനെ എങ്ങനെ ബാധിക്കും?

ചോദ്യകര്‍ത്താവുദ്ദേശിക്കുന്നത് സ്വപ്‌ന സ്ഖലനമാണെന്ന് തോന്നുന്നു. സ്വപ്‌ന സ്ഖലനം മൂലം നോമ്പ് മുറിയുമോ, ഇല്ലയോ ? ചിലര്‍ക്ക് ആശയക്കുഴപ്പമുള്ള കാര്യമാണിത്. സ്വപ്‌നസ്ഖലനം മൂലം നോമ്പ് മുറിയുകയില്ല. മനുഷ്യനിയന്ത്രണത്തിന്നതീതമായ കാര്യമാണത്.

ഒരാള്‍ ഉദ്ദേശ്യപൂര്‍വം ചെയ്യുന്നതല്ല. അതുകൊണ്ട് തന്നെ അത് നോമ്പിനെ ഒരു വിധത്തിലും ബാധിക്കില്ല. സ്വപ്‌നസ്ഖലനം നോമ്പിന് ദോഷം ചെയ്യുകയില്ലെങ്കില്‍ സ്വാഭാവികമായും തദാവശ്യാര്‍ഥം കുളിക്കുന്നതും നോമ്പിനെ ബാധിക്കുന്നില്ല. കാരണം, അല്ലാഹു നിര്‍ബന്ധമായി കല്പിച്ച ഒരു ശുദ്ധീകരണമാണത്. വെള്ളം ചെവിക്കുള്ളില്‍ കടന്നാലും നോമ്പ് മുറിയുകയില്ല. വുദൂ ചെയ്യുമ്പോഴോ കുളിക്കുമ്പോഴോ കുലുക്കുഴിയുമ്പോഴോ അബദ്ധത്തില്‍ വെള്ളം അകത്തുകടന്നാലും നോമ്പ് മുറിയുകയില്ല. കാരണം, പൊറുക്കപ്പെടുന്ന പിഴകളില്‍പ്പെട്ടതാണത്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്ക് പിണയുന്ന പിഴകളില്‍ കുറ്റമില്ല. നിങ്ങള്‍ ബോധപൂര്‍വം ചെയ്യുന്ന കാര്യങ്ങളിലാണ് കുറ്റം.’
തിരുദൂതര്‍ പറയുന്നു: ‘അല്ലാഹു എന്റെ സമുദായത്തിന് പിഴവും മറവിയും വിട്ടുതന്നിരിക്കുന്നു.’