നമസ്‌കാരം ഉപേക്ഷിക്കുന്നവന്റെ നോമ്പ് സ്വീകാര്യമാവുമോ ? ഒന്നുപേക്ഷിച്ചാല്‍ മറ്റൊന്നു സ്വീകാര്യമാവാത്ത വിധം ആരാധനകള്‍ പരസ്പരം ബന്ധമുള്ളവയാണോ?
നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ നിര്‍ബന്ധമായ എല്ലാ ആരാധനകളും അനുഷ്ഠിക്കാന്‍ ബാധ്യസ്ഥനാണ് മുസ് ലിം. അകാരണമായി ഇതിലൊന്നുപേക്ഷിക്കുന്നവന്‍ അല്ലാഹുവിനെ ധിക്കരിക്കുകയാണ് ചെയ്യുന്നത്. അത്തരക്കാരെ സംബന്ധിച്ച് ഇസ് ലാമിക പണ്ഡിതരുടെ അഭിപ്രായങ്ങള്‍ വിഭിന്നമാണ്.
ആരാധനകളില്‍ ഏതെങ്കിലും ഒന്നുപേക്ഷിക്കുന്നവന്‍ കാഫിറാണെന്ന് കരുതുന്നവര്‍ അക്കൂട്ടത്തിലുണ്ട്. നമസ്‌കരിക്കാത്തവരെയും സകാത്ത് നല്കാത്തവരെയും കാഫിറായിക്കാണുന്നു ചിലര്‍. മറ്റു ചിലര്‍ നമസ്‌കരിക്കാത്തവരെ മാത്രമേ കാഫിറായി ഗണിക്കുന്നുള്ളൂ. ഇസ്‌ലാമില്‍ നമസ്‌കാരത്തിനുള്ള പ്രാധാന്യവും, ‘ഒരു ദാസനും കുഫ്‌റും തമ്മിലുള്ള അകലം നമസ്‌കാരം ഉപേക്ഷിക്കലാണ്’ എന്ന തിരുവചനവുമാണ് അതിന്നടിസ്ഥാനം.
കാരണമില്ലാതെ നമസ്‌കാരം ഉപേക്ഷിക്കുന്നവര്‍ കാഫിറുകളാണെന്ന് കരുതുന്ന പണ്ഡിതന്‍മാരുടെ അഭിപ്രായത്തില്‍, അത്തരക്കാരുടെ നോമ്പും സ്വീകാര്യമല്ല. കാരണം, കാഫിറില്‍നിന്ന് ആരാധനകള്‍ സ്വീകരിക്കപ്പെടുന്നതല്ല. എന്നാല്‍, മറ്റു ചിലരുടെ വീക്ഷണത്തില്‍ അല്ലാഹുവിലും അവന്റെ ദൂതനിലും ദൈവിക സന്ദേശത്തിലും അടിസ്ഥാനപരമായി വിശ്വാസമുണ്ടായിരിക്കുകയും അതേസമയം ആരാധനകളില്‍ വീഴ്ചവരുത്തുകയും ചെയ്യുന്നവര്‍ ദൈവധിക്കാരികള്‍ മാത്രമാണ്. ഇതാണ് താരതമ്യേന നീതിപൂര്‍വവും ശരിയുമായ വീക്ഷണം എന്നുതോന്നുന്നു. ഇതനുസരിച്ച് അലസതമൂലമോ ഇച്ഛയ്ക്കടിപ്പെട്ടോ ചില നിര്‍ബന്ധ ബാധ്യതയില്‍ – അവയുടെ നിര്‍ബന്ധ സ്വഭാവത്തെ നിഷേധിക്കാതെയും അതിനെ അവഹേളിക്കാതെയും – വീഴ്ചവരുത്തുകയും മറ്റു ബാധ്യതകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നവന്‍ ഇസ്്‌ലാമികമായി അപൂര്‍ണരും വിശ്വാസപരമായി ബലഹീനരും മാത്രമാണ്. അവര്‍ അതേ അവസ്ഥയില്‍ തന്നെ നിരതരായിപ്പോകുന്ന പക്ഷം വിശ്വാസരാഹിത്യം ആശങ്കിക്കേണ്ടതുണ്ട്. പക്ഷേ, ഒരാളുടെയും കര്‍മഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയില്ല. അനുഷ്ഠിച്ച കര്‍മത്തിന്റെ പ്രതിഫലവും വീഴ്ചവരുത്തിയതിനുള്ള ശിക്ഷയും അയാള്‍ക്കു ലഭിക്കും. ‘ആര്‍ അണുത്തൂക്കം നന്‍മചെയ്യുന്നുവോ അതവന്‍ കാണും. ആര്‍ അണുത്തൂക്കം തിന്‍മ ചെയ്യുന്നുവോ അതും അവന്‍ കാണും.’
Add Comment