Fathwa

ധൃതിപിടിച്ച തറാവീഹ് ?

വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി റമദാനില്‍ നിന്നു നമസ്‌കരിച്ചവന്റെ മുന്‍കാലപാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കും എന്ന് ബുഖാരിയും മുസ്്‌ലിമും ഉദ്ധരിച്ച ഒരു തിരുവചനത്തില്‍ കാണാം. അല്ലാഹു ഖുര്‍ആനിലൂടെ റമദാനിലെ പകലില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കി. തിരുദൂതര്‍ വഴി റമദാനിലെ രാത്രി നമസ്‌കാരവും നിയമമാക്കി. അതിനെയവന്‍ പാപങ്ങളില്‍നിന്നും തെറ്റുകുറ്റങ്ങളില്‍ നിന്നും ശുദ്ധിയാവുന്നതിനുള്ള മാര്‍ഗമായി നിശ്ചയിച്ചു.

എന്നാല്‍, അത് പാപങ്ങള്‍ പൊറുത്തുകിട്ടുവാനും അഴുക്കുകളില്‍നിന്ന് ശുദ്ധിയാകുവാനും കാരണമാകണമെങ്കില്‍ അതിന്റെ പൂര്‍ണ്ണമായ ഉപാധികളും അച്ചടക്കവും ചട്ടങ്ങളും പാലിച്ചു തന്നെ നിര്‍വഹിക്കേണ്ടതുണ്ട്. നമസ്‌കാരത്തിലെ ‘അടക്കം’ (ത്വുമഅ്‌നീനത്), ഫാതിഹയും റുകൂഉം സുജൂദുംപോലെ നിര്‍ബന്ധമായ ഒന്നാണെന്ന് നമുക്കറിയാം. തന്റെ മുമ്പില്‍വെച്ച് വികൃതമായി നമസ്‌കരിച്ച ഒരാളോട് വീണ്ടും നമസ്‌കരിക്കുവാന്‍ തിരുദൂതര്‍ ആജ്ഞാപിക്കുകയും എങ്ങനെയാണ് ശരിക്ക് നമസ്‌കരിക്കേണ്ടതെന്ന് പഠിപ്പിച്ചുകൊടുക്കുകയുമുണ്ടായി. അദ്ദേഹം പറഞ്ഞു: ‘അടങ്ങിനില്ക്കുവോളം റുകൂഇല്‍ തുടരുക. നിവര്‍ന്നുനിന്നാല്‍ അടക്കം കിട്ടുവോളം നില്‍ക്കുക; സുജൂദിലും അങ്ങനെത്തന്നെ; രണ്ടു സുജൂദുകള്‍ക്കിടയില്‍ അടങ്ങുവോളം ഇരിക്കുക…’ അപ്പോള്‍ ‘അടക്കം’ ഇതിലെല്ലാം ഒഴിക്കാനാവാത്ത ഉപാധിയാണ്. എത്രയാണീ ‘അടക്ക’ത്തിന്റെ സമയം? ഭിന്നാഭിപ്രായങ്ങളുണ്ട്. അടക്കത്തിന്റെ ഏറ്റവും കുറഞ്ഞ പരിധി ‘സുബ്ഹാനറബ്ബിയല്‍ അഅ്‌ലാ’ എന്ന് ഒരു പ്രാവശ്യം പറയുവാന്‍ വേണ്ടുന്ന സമയം എന്നാണൊരഭിപ്രായം. എന്നാല്‍, ഇബ്‌നു തൈമിയ്യയെപ്പോലുള്ള ചില പണ്ഡിതരുടെ വീക്ഷണത്തില്‍ അത്, പ്രസ്തുത വാക്യം മൂന്നുതവണ ചൊല്ലുന്നതിന് വേണ്ട സമയമാണ്- റുകൂഇലും സുജൂദിലും. തസ്ബീഹ് മൂന്നു തവണ ചൊല്ലുക എന്നതാണ് തിരുചര്യ. അതാണ് അതിന്റെ ഏറ്റവും കുറഞ്ഞ പരിധി. അതിനാല്‍ അത്രയും സമയം അടങ്ങിനിന്നെങ്കിലേ ‘ത്വുമഅ്‌നീനത്’ ഉണ്ടായി എന്നു പറയാനാവൂ. ‘ആര്‍ തങ്ങളുടെ നമസ്‌കാരങ്ങളില്‍ ഭയഭക്തിയുള്ളവരാണോ ആ വിശ്വാസികള്‍ വിജയിച്ചു’ എന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്.

എന്താണ് ഭയഭക്തി ? അത് രണ്ടു വിധമുണ്ട്- ശാരീരികവും മാനസികവും. ശരീരത്തെ വേണ്ടവിധം അടക്കിനിറുത്തുകയും അനാവശ്യമായ ചലനങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ശാരീരികമായ ‘ഖുശൂഅ്.’ അല്ലാഹുവിന്റെ മഹത്വത്തെക്കുറിച്ച് ബോധമുണ്ടായിരിക്കുക എന്നതാണ് മാനസികമായ ഭയഭക്തി. നമസ്‌കാരത്തില്‍ പാരായണം ചെയ്യുന്ന ഖുര്‍ആന്‍ വാക്യങ്ങളുടെ അര്‍ഥവും അല്ലാഹുവിന്റെ മുമ്പിലാണ് താന്‍ നില്ക്കുന്നതെന്ന ഓര്‍മയും പാരത്രിക സ്മരണയും മനസ്സില്‍ നിലനിറുത്തിക്കൊണ്ട് ഇത് സാധിക്കാം. ഒരു ഖുദ്‌സിയ്യായ ഹദീസില്‍ ഇപ്രകാരം കാണാം: ‘ദാസന്‍ സര്‍വസ്തുതിയും സര്‍വലോകനാഥനായ അല്ലാഹുവിന്നാകുന്നു എന്നു പറയുമ്പോള്‍ അല്ലാഹു പറയും: ‘എന്റെ ദാസന്‍ എന്നെ സ്തുതിച്ചിരിക്കുന്നു.’ അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘ എന്റെ ദാസന്‍ എന്നെ പ്രശംസിച്ചിരിക്കുന്നു.’ പ്രതിഫലദിനത്തിന്റെ ഉടമസ്ഥന്‍ എന്നു ദാസന്‍ പറയുമ്പോള്‍ അല്ലാഹു പറയും: ‘ എന്റെ ദാസന്‍ എന്നെ പ്രകീര്‍ത്തിച്ചിരിക്കുന്നു.’ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുകയും നിന്നോട് മാത്രം സഹായമര്‍ഥിക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘ഞാനും എന്റെ ദാസനും തമ്മിലുള്ള ബന്ധം ഇതാണ്.’ ദാസന്‍, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കേണമേ എന്നു പറയുമ്പോള്‍ അല്ലാഹു പറയും: ‘അത് എന്റെ ദാസന്നുള്ളതാണ്; എന്റെ ദാസന്ന് അവന്‍ ചോദിച്ചതുണ്ട്.’

അല്ലാഹു നമസ്‌കരിക്കുന്ന ഒരു ദാസനില്‍നിന്ന് അകലെയല്ല. മറിച്ച്, അവന് മറുപടി നല്കിക്കൊണ്ടേയിരിക്കയാണ്. നമസ്‌കരിക്കുന്ന മുസ്‌ലിം അല്ലാഹുവുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുകയാണെന്നര്‍ഥം. അതിനാല്‍ ഓരോ ചലനത്തിലും നമസ്‌കരിക്കുന്നവന്റെ മനസ്സില്‍ അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെട്ടേ പറ്റൂ. മുതുകിലേറ്റിയ ചുമട് എത്രയും വേഗം ഇറക്കിവെക്കണമെന്ന് കൊതിക്കും മട്ടില്‍ നമസ്‌കാരത്തില്‍നിന്ന് എത്രയും വേഗം വിരമിച്ച് രക്ഷപ്പെടണമെന്ന് മാത്രമുദ്ദേശിച്ച് നമസ്‌കരിക്കുന്നവര്‍ ഇസ്്‌ലാം ആവശ്യപ്പെട്ട നമസ്‌കാരമല്ല നിര്‍വഹിക്കുന്നത്.

റമദാനിലെ രാത്രികളില്‍ ഇരുപതും ഇരുപത്തിമൂന്നും റക്അത്തുകള്‍ നിമിഷങ്ങള്‍ക്കകം നമസ്‌കരിച്ചുതീര്‍ക്കുന്ന ധാരാളം ആളുകളുണ്ട്. നമസ്‌കാരത്തെ റാഞ്ചിയെടുക്കുകയാണ് അവരുടെ ഏക ലക്ഷ്യമെന്നുതോന്നും അതുകണ്ടാല്‍. പരമാവധി കുറഞ്ഞ സമയംകൊണ്ട് അതില്‍നിന്ന് വിരമിക്കാനാണ് അവര്‍ക്ക് വെമ്പല്‍. അവരുടെ റുകൂഓ സുജൂദോ പൂര്‍ണമല്ല; ഭയഭക്തി ഇല്ല; ആ നമസ്‌കാരത്തെപ്പറ്റി ഹദീസില്‍ ഇങ്ങനെ കാണാം: ‘കറുത്ത കരാളമായ അവസ്ഥയില്‍ അത് ആകാശത്തേക്ക് കയറിപ്പോകും. അപ്പോഴത് ആ നമസ്‌കാരക്കാരനോട് പറയുന്നുണ്ടാവും: നീ എന്നെ പാഴാക്കിയതുപോലെ അല്ലാഹു നിന്നെയും പാഴാക്കട്ടെ. എന്നാല്‍ ഭയഭക്തിയോടെയും അടക്കത്തോടെയും നിര്‍വഹിക്കപ്പെട്ട നമസ്‌കാരം തിളങ്ങുന്ന വെണ്‍മയോടെ മാനത്തേക്കുയരും. ആ നമസ്‌കാരം അനുഷ്ഠിച്ചവനോട് അത് പറയും: നീ എന്നെ പരിരക്ഷിച്ചതുപോലെ അല്ലാഹു നിന്നെയും പരിരക്ഷിക്കട്ടെ!’

ഒതുക്കമോ അടക്കമോ ഭയഭക്തിയോ മനസ്സാന്നിധ്യമോ ഇല്ലാതെ കൂടിയ റക്അത്തുകള്‍ നമസ്‌കരിച്ചുതീര്‍ക്കുന്ന ഇമാമുകളോടും അവര്‍ക്കു പിന്നില്‍ നില്ക്കുന്നവരോടും എന്റെ ഉപദേശമിതാണ്: ഒതുക്കത്തോടും അടക്കത്തോടും ഭയഭക്തിയോടും കൂടി എട്ട് റക്അത്ത് നമസ്‌കരിക്കുന്നതാണ് ഈ ഇരുപതിനേക്കാള്‍ എത്രയോ ശ്രേഷ്ഠം. റക്അത്തുകളുടെ സംഖ്യാധിക്യമല്ല, അത് നിര്‍വഹിക്കപ്പെടുന്ന തരവും രീതിയുമാണ് പ്രധാനം. നമസ്‌കാരം എന്ന അനുഷ്ഠാനത്തിന്റെ സ്വഭാവമാണ് പ്രധാനം- അത് ഭയഭക്തിയുള്ളവരുടെ നമസ്‌കാരമാണോ ? അതോ റാഞ്ചിയെടുക്കുന്നവരുടെ നമസ്‌കാരമാണോ ?