Articles

മക്ക പവിത്രതയാണ്

അല്ലാഹു അന്ത്യപ്രവാചകനായി മുഹമ്മദ്(സ)യെ തെരഞ്ഞെടുത്തിരിക്കുന്നു. പ്രവാചകത്വത്തിന്റെ പ്രഭയുടെ ഉറവിടമായി അല്ലാഹു പരിശുദ്ധ മക്കയെയും തെരഞ്ഞെടുത്തിരിക്കുന്നു. തിരുമേനി(സ) പിറന്നതും, അദ്ദേഹം നിയോഗിതനായതും, പ്രബോധപ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചതും മക്കയില്‍ തന്നെയായിരുന്നു. അല്ലാഹുവിന്റെ രാഷ്ട്രവും, ലോകത്തെ എല്ലാ ഗ്രാമങ്ങളുടെയും കേന്ദ്രവുമാണ് അത്.
ദൈവിക സന്ദേശത്തിന്റെ ഉറവിടമായി മക്കയെ തെരഞ്ഞെടുത്തത് അല്ലാഹുവിന്റെ അപാരമായ യുക്തിയാണ്. കഅ്ബാ മന്ദിരം കൊണ്ട് ആദ്യമേ പവിത്രമായ മക്കക്ക്, മറ്റൊരു പവിത്രത കൂടി നല്‍കുകയായിരുന്നു അല്ലാഹു.

അല്ലാഹു മറ്റുരാഷ്ട്രങ്ങള്‍ക്ക് മേല്‍ മക്കയെ ആദരിച്ചിരിക്കുന്നു. അതിന് മഹത്ത്വവും, ആദരവും, പുണ്യവും നല്‍കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ തന്നെ അതിന് ഒട്ടേറെ നാമങ്ങളാല്‍ വിശേഷിപ്പിച്ചിട്ടുണ്ട്. മക്ക, ബക്ക, ഉമ്മുല്‍ഖുറാ, മസ്ജിദുല്‍ ഹറാം, അല്‍ബലദുല്‍ അമീന്‍ എന്നൊക്കെ അല്ലാഹു അതിനെ പേരുവിളിച്ചു.
പ്രസ്തുത നാടിന്റെ മുഖമുദ്രയാണ് നിര്‍ഭയത്വം. അവിടെയുള്ള സകല സൃഷ്ടികളെയും ചൂഴ്ന്നുനില്‍ക്കുന്നതാണ് അത്. ഇബ്‌നു അബ്ബാസ്(റ) റിപ്പോര്‍ട്ടുചെയ്യുന്നു. തിരുദൂതര്‍(സ) പറഞ്ഞു:’ആകാശഭൂമികളെ സൃഷ്ടിച്ച നാള്‍ അല്ലാഹു പവിത്രമാക്കിയ ദേശമാണ് ഇത്. അന്ത്യനാള്‍ വരെ അത് പവിത്രമായി തന്നെ തുടരുന്നതാണ്. എനിക്കുമുമ്പ് അവിടെ ആര്‍ക്കും യുദ്ധം ചെയ്യാന്‍ അനുവാദമുണ്ടായിരുന്നില്ല. എനിക്കുതന്നെയും പകലില്‍ ഒരു നിശ്ചിത സമയമായിരുന്നു അനുവദിച്ചുതന്നത്. ഇനി അന്ത്യനാള്‍ അവരെ അത് പവിത്രവുമാണ്. അവിടെ ഒരു മരവും മുറിച്ചുമാറ്റപ്പെടുകയോ, മൃഗം വേട്ടയാടപ്പെടുകയോ ഇല്ല’.
അല്ലാഹുവിനും അവന്റെ പ്രവാചകനും ഇഷ്ടപ്പെട്ട ഭൂമിയാണ് അത്. തിരുമേനി(സ) അരുള്‍ ചെയ്തു:’അല്ലാഹുവാണ! അല്ലാഹുവിന്റെ ഭൂമികളില്‍ ഏറ്റവും ഉത്തമമാണ് നീ. അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമാണ് നീ. നിന്നില്‍ നിന്ന് ഞാന്‍ ആട്ടിപുറത്താക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ പുറത്തുപോകുമായിരുന്നില്ല’.
അല്ലാഹു തന്റെ ദിവ്യബോധനം അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തത് മക്കക്ക് നല്‍കിയ ആദരവാണ്. ഇസ്‌ലാം ആവിര്‍ഭവിച്ച, വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മഹത്തായ നാട്. പ്രസ്തുത നാടിനെ ആദരിക്കുകയെന്നത് ദീനിന്റെയും ശരീഅത്തിന്റെയും അനുസരണത്തിന്റെയും ഭാഗമാണ്. ‘പവിത്രഭവനമായ കഅ്ബയെയും യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‍പിന് ആധാരമാക്കിയിരിക്കുന്നു’. (അല്‍മാഇദ 97)
ആയുധം വഹിച്ച് മക്കയിലേക്ക് പോകരുതെന്ന് തിരുമേനി(സ) കല്‍പിച്ചിരിക്കുന്നു. കാരണം മക്കയില്‍ പ്രവേശിച്ചവന്‍ നിര്‍ഭയനാണ്. ആ നിര്‍ഭയത്വം കാത്തുസൂക്ഷിക്കാന്‍ അവിടെ സന്ദര്‍ശിക്കുന്നവരും ബാധ്യസ്ഥരാണ്.

അവിടെ ചെന്ന് നമസ്‌കരിക്കുന്നവര്‍ക്ക് മറ്റ് പള്ളികളിലുള്ളതിനെക്കാള്‍ ആയിരം മടങ്ങ് പ്രതിഫലമുണ്ടെന്ന് തിരുദൂതര്‍(സ) അരുള്‍ ചെയ്തിരിക്കുന്നു. നന്മകള്‍ ഇരട്ടിയാവുക മാത്രമല്ല, തിന്മകളുടെ കാഠിന്യം വര്‍ധിക്കുക കൂടി ചെയ്യുന്നു ഈ പ്രദേശത്ത്. അബ്ദുല്ലാഹ് ബിന്‍ മസ്ഊദ്(റ) പറയുന്നു ‘പരിശുദ്ധ ഭവനത്തിന് അടുത്തുവെച്ച് ഒരു വിശ്വാസിയെ വധിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അല്ലാഹു  അവന് ഇഹ-പരലോകങ്ങളില്‍ കഠിനശിക്ഷ നല്‍കുന്നതാണ്’.
മക്കയുടെ ശ്രേഷ്ഠത മഹത്തരമാണെന്ന കാര്യം നാം ഓര്‍ക്കേണ്ടതായിരുന്നു. അല്ലാഹു അന്ത്യനാള്‍ വരെ പവിത്രമാക്കിയ ദേശമാണ് അത്. അതിനാല്‍ നമ്മുടെ കര്‍മങ്ങള്‍ അല്ലാഹുവിന്റെ കല്‍പനക്ക് അനുസരിച്ചായിരിക്കണം. അവിടത്തെ കര്‍മം നമുക്ക് ഇരട്ടി പ്രതിഫലമാണ് സമ്മാനിക്കുക.
അല്ലാഹു അവന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ച നാടാണ് അത്. അതിനാല്‍ ആ അനുഗ്രങ്ങളെ നാം വിലമതിക്കുകയും അതിന്റെ മൂല്യം മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്. ‘ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍, ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍ ഈ ഭവനത്തിന്റെ രക്ഷിതാവിനെ, അതായത് അവര്‍ക്ക് വിശപ്പിനുപകരം ആഹാരം നല്‍കുകയും, ഭയത്തിനുപകരം സമാധാനം നല്‍കുകയും ചെയ്തവനെ അവര്‍ ആരാധിച്ചുകൊള്ളട്ടെ’. (ഖുറൈശ്് 1-4).