Articles

പ്രവാചകന്‍ പകര്‍ന്നുതന്ന ഹജ്ജ് സന്ദേശം

ഈ മണല്‍തരികളില്‍ വിശ്വാസികള്‍ നിര്‍ഭയരായി തങ്ങളുടെ കാലടികള്‍ വെച്ച് അല്ലാഹുവിന്റെ ഭവനത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാമിന്റെ ശോഭനമായ ചരിത്രം വിവരിക്കുന്ന ഭൂമിയാണ് ഇത്. ഈ താഴ്‌വരയില്‍ ഇസ്‌ലാം പടര്‍ന്നുപന്തലിച്ചതിന്റെ ചരിത്രമാണ് അതുപറയാനുള്ളത്. പോരാട്ടത്തിന്റെയും വിജയത്തിന്റെയും ചരിത്രം. ഉന്നതമായ മാതൃകാ വ്യക്തിത്വങ്ങളുടെ ചര്യയും ദൈവികമാര്‍ഗത്തില്‍ വീരമൃത്യു വരിച്ച ശുഹദാക്കളുടെ പാരമ്പര്യവുമാണ് അത് പങ്കുവെക്കുന്നത്. ഇസ്‌ലാമിന്റെ രാഷ്ട്രവും ചരിത്രവും! മാനവസമൂഹം ചക്രവാളത്തോളം ഉയര്‍ന്ന, മത-ഭൗതിക മേഖലകളില്‍ പൂത്തുലഞ്ഞ, വിജ്ഞാനത്തിലും കര്‍മത്തിലും പുരോഗതി പ്രാപിച്ച അവര്‍ണനീയമായ ചരിത്രം.

മനോഹരമായ ഭൂമി, കുളിരണിയിക്കുന്ന അന്തരീക്ഷം, ദൈവിക വിധേയത്വത്താല്‍ തുടിക്കുന്ന ഹൃദയങ്ങള്‍, തല്‍ബിയത്തിന്റെ പ്രതിധ്വനികള്‍, റബ്ബിന്റെ മുന്നിലുള്ള പ്രണാമം, ഹജ്ജുവേളയിലെ മക്കയിലെ കാഴ്ചയാണിത്.
അല്ലാഹുവിനെക്കുറിച്ച് ചിന്തിക്കുന്ന ഹൃദയം വികാരനിര്‍ഭരമായി കുളിരണിയുന്ന നിമിഷമാണ് അത്. ഏകലക്ഷ്യത്തിലേക്ക് ഒരു സമൂഹം മുഴുക്കെ മുന്നേറുന്ന അപൂര്‍വകാഴ്ചയാണ് അത്.

കാഠിന്യത്തിന്റെയും പീഡനത്തിന്റെയും ഈ സന്ദര്‍ഭത്തില്‍ മുസ്‌ലിംഉമ്മത്ത്  ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്. സത്യമാര്‍ഗത്തിലെ പോരാട്ടത്തില്‍ ദൃഢനിശ്ചയം രൂപപ്പെടുത്തുകയും, എല്ലാ അധര്‍മങ്ങള്‍ക്കെതിരെയും സമരം പ്രഖ്യാപിക്കുകയും ചെയ്യേണ്ടതുണ്ട്.
നമ്മുടെ പ്രവാചകന്‍(സ)യുടെ വിടവാങ്ങല്‍ ഹജ്ജില്‍ നമുക്ക് മഹത്തായ സന്ദേശമാണുള്ളത്. അറഫയില്‍ വെച്ച് തിരുമേനി(സ) ചരിത്രപ്രസിദ്ധമായ ഒരു പ്രഭാഷണം നിര്‍വഹിക്കുകയുണ്ടായി. ഇസ്‌ലാമിന്റെ അടിസ്ഥാനമൂല്യങ്ങള്‍ ഭൂമിയില്‍ ഉറപ്പിച്ച, ജാഹിലിയ്യാ സമ്പ്രദായങ്ങളുടെ അടിവേരറുത്ത പ്രഭാഷണമായിരുന്നു അത്. ശരീഅത്ത് നടപ്പാക്കുകയും ദീന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തശേഷം ജനങ്ങളോട് അദ്ദേഹം സംസാരിക്കുകയും യാത്ര ചോദിക്കുകയും ചെയ്തു. . അതിന് സാക്ഷിയായി വിശുദ്ധ ഖുര്‍ആന്‍ വചനം അവിടെ അവതരിച്ചു:’ഇന്ന് നാം നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് മേല്‍ നാം നിറവേറ്റുകയും ചെയ്തിരിക്കുന്നു. ദര്‍ശനമായി ഇസ്‌ലാമിനെ നാം നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടിരിക്കുന്നു’. (മാഇദ 3).
സമ്പൂര്‍ണമായ ചില വാചകങ്ങളാണ് തിരുമേനി(സ) അറഫാ പ്രഭാഷണത്തില്‍ ഉരുവിട്ടത്. ഈ ദര്‍ശനത്തിന്റെ മഹത്തായ അടിസ്ഥാനങ്ങള്‍ വിശദീകരിക്കുന്നവയായിരുന്നു അവ. അല്ലാഹുവിന്റെ സന്ദേശം ജനങ്ങള്‍ക്കെത്തിക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകന്‍മാര്‍ കേവലം വാചകമടിക്കാരായിരുന്നില്ല. അവരുടെ വാക്കുകള്‍ അഗാധമായ ആശയവും അര്‍ത്ഥതലങ്ങളുമുള്ളവയായിരുന്നു. ഹൃദയരോഗങ്ങള്‍ ശമിപ്പിക്കാന്‍ പര്യാപ്തമായിരുന്നു അവ.
ദൈവികദീനിന്റെ അടിസ്ഥാനങ്ങള്‍ വിശ്വാസികളുടെ ഹൃദയങ്ങളില്‍ ഉറപ്പിക്കുകയായിരുന്നു പ്രവാചകന്‍(സ) തന്റെ പ്രഭാഷണത്തിലൂടെ ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകളും ആശയങ്ങളും അവയിലെ സമഗ്രതയും  വിടവാങ്ങലിന്റെ പ്രതീതിയാണ് ജനിപ്പിച്ചത്. ദൈവിക സന്ദേശം എത്തിച്ചുവെന്നതിന് അദ്ദേഹം ജനങ്ങളെ സാക്ഷികളാക്കുക കൂടി ചെയ്തു.

ആ സമൂഹത്തെ അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് വഴിനടത്താന്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചയാളാണ് അദ്ദേഹം. ഒടുവില്‍ അദ്ദേഹം അവരില്‍ നിന്നും ഉന്നതലക്ഷ്യവും  മൂല്യവുമുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുത്തു.
പ്രവാചകന്‍(സ) പ്രധാനമായി ഊന്നല്‍ നല്‍കിയത് തൗഹീദ് അഥവാ ഏകദൈവ വിശ്വാസത്തിനായിരുന്നു. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ അഥവാ അല്ലാഹുവല്ലാതെ ഇലാഹ് ഇല്ല എന്ന പ്രഖ്യാപനമാണ് അദ്ദേഹം ജനങ്ങളുടെ മുന്നില്‍ നടത്തിയത്. മറ്റ് വ്യാജദൈവങ്ങളെയെല്ലാം ഉപേക്ഷിച്ച് ഇബാദത്തിന് അര്‍ഹന്‍ അല്ലാഹു മാത്രമെ ഉള്ളൂ എന്നതായിരുന്നു അതിന്റെ ആശയം.
അല്ലാഹുവാണ് സ്രഷ്ടാവ്, അവനല്ലാത്തതൊക്കെയും സൃഷ്ടികളാണ്. അല്ലാഹുവാണ് അന്നം നല്‍കുന്നവന്‍, അവനല്ലാത്തതൊക്കെയും അന്നം സ്വീകരിക്കുന്നവയാണ്. അല്ലാഹുവാണ് സകല അധികാരവുമുള്ളവന്‍, അവനല്ലാത്തതൊക്കെയും അധികാരം നല്‍കപ്പെട്ടവയാണ്. മരണപ്പെട്ടവര്‍ അവരുടെ വഴിക്ക് നീങ്ങിയിരിക്കുന്നു. ജീവിച്ചിരിക്കുന്നവര്‍ക്ക് ഉപകാരമോ, ഉപദ്രവമോ ചെയ്യാന്‍ അവര്‍ക്ക് സാധിക്കുകയില്ല.
ബാധ്യതകളിലും അവകാശങ്ങളിലും ജനങ്ങള്‍ തുല്യരാണ് എന്നതായിരുന്നു പ്രവാചകന്‍(സ)യുടെ അധ്യാപനം. ദൈവബോധമല്ലാതെ ജനങ്ങള്‍ക്കിടയില്‍ വിഭജനത്തിന്റെ മറ്റൊരു മാനദണ്ഡവുമില്ല. നിറത്തിന്റെയോ, കുടുംബപാരമ്പര്യത്തിന്റെയോ അടിസ്ഥാനത്തില്‍ യാതൊരു മഹിമയും കടന്നുവരികയില്ല. വര്‍ഗത്തിന്റെയും നിറത്തിന്റെയും പ്രദേശത്തിന്റെയും അടിസ്ഥാനത്തിലുള്ള നാഗരികതകളാണ് നിര്‍ഭാഗ്യവശാല്‍ ലോകത്തുനിലവിലുള്ളത്. വികസനവും പുരോഗതിയും അവകാശപ്പെടുന്ന ജനത പോലും മറ്റ് ഭൂഖണ്ഡങ്ങളിലെ ജനങ്ങളോടുള്ള വെറുപ്പും അവഗണനയും ഹൃദയത്തില്‍ ഒളിപ്പിച്ചാണ് ജീവിക്കുന്നത്. ഭൗതിക ലോകത്തെ കരാറുകളോ, മനുഷ്യാവകാശ പ്രഖ്യാപനങ്ങളോ, മനുഷ്യനിര്‍മിത പ്രത്യയ ശാസ്ത്രങ്ങളോ ഈ പ്രശ്‌നത്തിന് പരിഹാരമായില്ല.
ഇവിടെയാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രവാചകന്‍(സ) നടത്തിയ പ്രഖ്യാപനം ശ്രദ്ധേയമാവുന്നത്. മനുഷ്യര്‍ക്കിടയിലെ സകലമാന വിവേചനവും അദ്ദേഹം അറുത്തുമാറ്റി. പരസ്പരം ആദരവോടും ബഹുമാനത്തോടും ജീവിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു. നിസ്സാരമായ പ്രശ്‌നങ്ങളുടെയും പ്രതികാരബുദ്ധിയുടെയും അടിസ്ഥാനത്തില്‍ രക്തം ചിന്തുന്നതിനെ ശക്തമായി വിമര്‍ശിച്ചു. അവക്ക് കൃത്യമായ നിയമവും വ്യവസ്ഥയും നടപ്പിലാക്കി. സാമ്പത്തിക ഇടപാടുകളിലെ കൊള്ളരുതായ്മകളെ തുടച്ചുനീക്കി.

സ്ത്രീയെ നിസ്സാരമായി കണ്ടിരുന്ന, തിന്മയുടെ ഉറവിടമായി അവരെ മുദ്രകുത്തിയിരുന്ന സമൂഹത്തോട് അവരെ ആദരിക്കേണ്ടതിന്റെയും അവരോട് ഉത്തമമായി വര്‍ത്തിക്കേണ്ടതിന്റെയും ആവശ്യകത ബോധ്യപ്പെടുത്തി. അവര്‍ക്ക് അവരുടെതായ അവകാശങ്ങളും ബാധ്യതകളും നിര്‍ണയിച്ചു. പുരുഷന്മാരുടെ സഹോദരിമാരാണ് സ്ത്രീകളെന്ന് പഠിപ്പിച്ചു. അവരുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് ഉപദേശിച്ചു.
ഭിന്നാഭിപ്രായവും അനൈക്യവുമുണ്ടാവുമ്പോള്‍ വിശുദ്ധ വേദത്തിലേക്ക് ഈ ഉമ്മത്ത് മടങ്ങണമെന്ന് വസ്വിയ്യത്ത് ചെയ്താണ് തിരുമേനി(സ) വിടവാങ്ങല്‍ പ്രഭാഷണം അവസാനിപ്പിക്കുന്നത്. പരസ്പരം കഴുത്തറുത്ത് ജീവിക്കുന്ന നിഷേധികളെപ്പോലെ ആയിത്തീരരുതെന്ന് അദ്ദേഹം ഈ സമൂഹത്തെ ഉല്‍ബോധിപ്പിച്ചു.
പ്രവാചകന്‍(സ) വിശ്വാസികളുടെ ഹൃദയങ്ങളിലേക്ക് പകര്‍ന്നുനല്‍കിയ നുറുങ്ങുകളായിരുന്നു ഇവ. കേവലം തത്ത്വചിന്തകളോ, ഭാവനാസിദ്ധാന്തങ്ങളോ ആയിരുന്നില്ല അവ. മറിച്ച് ലളിതമായ വാചകങ്ങളില്‍, വ്യക്തവും പ്രായോഗികവുമായ ആശയങ്ങള്‍ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.