
ഹജ്ജ് നിര്‍ബന്ധമാകാന്‍ താഴെപറയുന്ന ഉപാധികള്‍ പൂര്‍ത്തിയായിരിക്കണം:
1.മുസ് ലിം ആയിരിക്കുക
2.പ്രായംതികയുക
3.ബുദ്ധിയുള്ളവനായിരിക്കുക
4.സ്വതന്ത്രനായിരിക്കുക
5. സാമ്പത്തികമായും ശാരീരികമായും കഴിവുണ്ടായിരിക്കുക
ഈ ഉപാധികള്‍ മുഴുവന്‍ പൂര്‍ത്തിയായിട്ടില്ലെങ്കില്‍ അയാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമില്ല. ഹജ്ജ് ഒരു ആരാധനാ കര്‍മമാണ്. ഏതൊരു ആരാധനയും നിര്‍ബന്ധമാകാന്‍ മുസ് ലിമാവുക, പ്രായം തികയുക, ബുദ്ധിയുള്ളവനാകുക എന്നിവ പ്രാഥമികോപാധികളാണ്.
ഹജ്ജിന് വളരെ സമയവും സാവകാശവും കൂടിയേ തീരൂ. അടിമയ്ക്കാവട്ടെ, ദാസ്യവൃത്തിയിലേര്‍പ്പെടുകയാല്‍ അതു രണ്ടും ലഭിച്ചുകൊള്ളണമെന്നില്ല. കഴിവുള്ളവനാകണമെന്നതു ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്. ആരോഗ്യം , മാര്‍ഗസുരക്ഷിതത്വം , വാഹനത്തിന്റെയും പാഥേയത്തിന്റെയും ലഭ്യത എന്നിവയാണ് കഴിവ് എന്നതിന്റെ വിവക്ഷ. യാത്രക്കുതടസ്സമാകുംവിധം രോഗം, വാര്‍ധക്യം എന്നീകാരണങ്ങളാല്‍ ഹജ്ജിന് സാധ്യമാകാതെ വന്നാല്‍ മറ്റാരെയെങ്കിലും ഹജ്ജ് നിര്‍വഹിക്കാന്‍ ഏര്‍പ്പാട് ചെയ്യേണ്ടത് സാമ്പത്തികകഴിവുള്ളവര്‍ക്ക് നിര്‍ബന്ധമാണ്. ജീവന്‍, സ്വത്ത് എന്നിവയ്ക്കു ഭീഷണിയുണ്ടെന്ന് വന്നാലും വഴിയില്‍ ബന്ധിതനാകുമെന്നോ ആക്രമണത്തിനിരയാകുമെന്നോ ഭയന്നാലും ആ അവസ്ഥ നീങ്ങുംവരെ ഹജ്ജ് നിര്‍ബന്ധമില്ല.
ഹജ്ജ് ചെയ്തുതിരിച്ചുവരുംവരെ തനിക്കും തന്റെ ബാധ്യതയിലുള്ളവര്‍ക്കും ആവശ്യമായ നിത്യചിലവിനും വസ്ത്രം, താമസസൗകര്യം ആദിയായവയ്ക്കും വേണ്ട വക ഉണ്ടാകുക എന്നതാണ് പാഥേയം കൊണ്ടുളള വിവക്ഷ. ഹജ്ജിന് പോയി വരാന്‍ വേണ്ട സംഖ്യ കൈവശമുണ്ടായിരിക്കേ കടം വീട്ടേണ്ട ബാധ്യതയുള്ള ആള്‍ക്ക് രണ്ടിനുംകൂടി സംഖ്യതികയില്ലെങ്കില്‍ ഹജ്ജ് നിര്‍ബന്ധമില്ല. അയാള്‍ ആദ്യം ചെയ്യേണ്ടത് കടംവീട്ടുകയാണ്.. ഇതുതന്നെയാണ് താമസിക്കാന്‍ വീടോ, വിവാഹമോ,തൊഴിലോ വേണ്ടവരുടെ അവസ്ഥയും . അവര്‍ക്കും ഹജ്ജ് നിര്‍ബന്ധമില്ല. ഹജ്ജ് യാത്രക്കാവശ്യമായ സംഖ്യ സ്വന്തം മക്കളല്ലാത്ത ആരെങ്കിലും നല്‍കിയാല്‍ അതു സ്വീകരിക്കല്‍ നിര്‍ബന്ധമില്ല. അതു മറ്റുള്ളവരുടെ ഔദാര്യം സ്വീകരിക്കലാകുമെന്നതാണ് കാരണം. എന്നാല്‍ സ്വന്തം മക്കളാണ് അതുനല്‍കുന്നതെങ്കില്‍ അതില്‍ പ്രശ്‌നമില്ല.
Add Comment