
(മൗലാനാ മൗദൂദി 1956-ല്‍ മധ്യപൗരസ്ത്യ രാജ്യങ്ങള്‍ സന്ദര്‍ശിക്കവെ പരിശുദ്ധ ഹജ്ജ് കര്‍മ്മവും നിര്‍വ്വഹിക്കുകയുണ്ടായി. ഈ യാത്രയെകുറിച്ച് ലാഹോറിലെ തസ്‌നീം പത്രത്തില്‍ വന്ന വിവരണത്തില്‍ നിന്ന്)
‘അസാമാന്യമായ ഒരനുഭൂതിയാണ് ഹിജാസ് പുണ്യഭൂമിയില്‍ കാല്‍ പതിഞ്ഞപ്പോള്‍ ഹൃദയത്തിന്നുണ്ടായത്. ഹറമിന്റെ മണ്ണില്‍ കാല്‍വെച്ചപ്പോഴാകട്ടെ, എന്തെന്നില്ലാത്ത ഒരു ലയം, ഒരു പ്രതീതി ഹൃദയത്തിലേക്ക് തുളച്ചു കയറി. കഅ്ബാ സന്ദര്‍ശന വേളയില്‍ തന്നെത്താന്‍ മറന്നു ഏതോ ഒരാത്മീയ ലോകത്താണെന്നു തോന്നി. ഭൗതിക ലോകം തീരെ വിസ്മൃതമായിക്കഴിഞ്ഞിരുന്നു. പിന്നീട് കൂടുതല്‍ ഹൃദയത്തില്‍ തട്ടിയ ഒരവസരമുണ്ടായത് ‘അറഫാത്തില്‍’ വെച്ചാണ്. സന്ധ്യക്കുള്ള അവസാന പ്രാര്‍ത്ഥന നടത്തിയ അവസരം ആത്മാവിന്നും ഹൃദയത്തിന്നും അത്യത്ഭുതകരമായ ഒരനുഭൂതിയുണ്ടായി’. അവസാനം ഹജ്ജ് ചടങ്ങുകളില്‍ നിന്ന് വിരമിച്ച് ഹജ്ജാജ് ‘ത്വവാഫസ്സിയാറത്ത്’ നിര്‍വ്വഹിക്കുന്നു. അനന്തരം മടങ്ങി ബലികര്‍മ്മം നടത്തുന്നു. ഇതെല്ലാം കഴിഞ്ഞിട്ടാണ് ‘ത്വവാഫുല്‍ വദാഅ്’. ഹജ്ജ് കര്‍മ്മം പൊതുവില്‍ മനുഷ്യ ഹൃദയത്തില്‍ പ്രതിഫലിപ്പിക്കുന്ന അനുഭൂതികളെപ്പറ്റി മൗദൂദി സാഹിബ് പറയുകയാണ്. ‘ഹജ്ജ് ഒരു ഇബാദത്താകുന്നു. എല്ലാ ആരാധനാ ചടങ്ങുകളുടെയും സുമോഹന സമ്മേളനമായ ഒരു ഇബാദത്ത്. പൂജാ കര്‍മ്മങ്ങള്‍ക്കു നാളിതുവരെ മനുഷ്യന്‍ ഏതെല്ലാം രീതികള്‍ സ്വീകരിച്ചിട്ടുണ്ടോ,
അവയെല്ലാം ഇതരന്മാര്‍ക്ക് നിഷേധിച്ചുകൊണ്ട് അല്ലാഹുവിന്നു പ്രത്യേകമാക്കുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്. അവയെല്ലാം ഹജ്ജ് ചടങ്ങില്‍ അടക്കം ചെയ്യുകയും ചെയ്തിരിക്കുന്നു. മനുഷ്യന്‍ തന്റെ ആരാധ്യ വസ്തുവിനെ ഉദ്ദേശിച്ചു തീര്‍ത്ഥാടനം നടത്തുവാന്‍ ആഗ്രഹിക്കുന്നു. ഇത് മനുഷ്യ പ്രകൃതിയുടെ ഒരാവശ്യമാണ്. ഇസ് ലാമില്‍ അത്തരം തീര്‍ത്ഥയാത്രകളെല്ലാം നിരോധിക്കപ്പെട്ടിരിക്കയാണ്. അല്ലാഹുവെ ഉദ്ദേശിച്ചുള്ള തീര്‍ത്ഥാടനം മാത്രം അനുവദിച്ചിരിക്കുന്നു.
അതാണ് ഹജ്ജ് തീര്‍ത്ഥാടനം! മനുഷ്യന്‍ തന്റെ പൂജ്യവസ്തുവിന്റെ ചുറ്റും പ്രദക്ഷിണം ചെയ്യുവാന്‍ വെമ്പുന്നു. എന്നാല്‍ ഇസ്‌ലാമിലെ ആരാധ്യന്‍ ഒരു സ്ഥൂലവസ്തുവല്ലാത്തതിനാല്‍ ഒരു മന്ദിരത്തെ ദേവാലയമായി നിശ്ചയിച്ച് അതിനെ പ്രദക്ഷിണം ചെയ്തുകൊണ്ട് മനുഷ്യ പ്രകൃതിയുടെ ആ താല്‍പര്യം പൂര്‍ത്തീകരിച്ചിരിക്കുന്നു. മനുഷ്യന്‍ തന്റെ ദൈവത്തിന്റെ ചുംബനത്തിന്നു കൊതികൊള്ളുന്നു. ഇവിടെ അതിന്നായി നിശ്ചയിച്ചിരിക്കുന്നത് ഹജറുല്‍ അസ്‌വദിനെയാകുന്നു. മനുഷ്യന്‍ തന്റെ ആരാധ്യന്റെ കോന്താലത്തുമ്പു പിടിച്ചു അര്‍ത്ഥന നടത്താനാശിക്കുന്നു. ഇവിടെ തല്‍സ്ഥാനത്തുള്ളത് ‘മുല്‍തസമാ’ണ്. അതിനെ അണച്ചുപൂട്ടി അവന്‍ തന്റെ അപേക്ഷകള്‍ ബോധിപ്പിക്കുന്നു. മനുഷ്യഹൃദയം ആരാധ്യന്റെ മാര്‍ഗ്ഗത്തില്‍ ഓടാനും ചാടാനും അധ്വാന പരിശ്രമങ്ങളര്‍പ്പിക്കാനും തിരക്കുന്നു. ഇവിടെ അതിനുള്ളത് ‘സഫാ’ യുടെയും ‘മര്‍വാ’ യുടെയും ഇടക്കുള്ള പാച്ചിലാണ്. മനുഷ്യന്‍ തന്റെ ആരാധ്യന്റെ ആസ്ഥാനത്തിങ്കല്‍ വെച്ചു ബലിയര്‍പ്പിക്കാന്‍ കാംക്ഷിക്കുന്നു. മിനായില്‍ വെച്ച് ബലിയര്‍പ്പിക്കാന്‍ കാംക്ഷിക്കുന്നു. മിനായില്‍ വെച്ച് അത് നിറവേറ്റാനുള്ള അവസരം ഇവിടെയും നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ ആരാധനയുടെ യാതൊരു മാര്‍ഗ്ഗവും ഇവിടെ സ്വീകരിക്കപ്പെടാതിരുന്നിട്ടില്ല. മനുഷ്യപ്രകൃതത്തെക്കുറിച്ച് ശരിക്കും അറിയുന്ന അല്ലാഹു അതിന്റെ ശക്തിയായ തിടുക്കത്തെ ഹജ്ജ് കര്‍മ്മം മുഖേന അങ്ങനെ പൂര്‍ത്തീകരിക്കുകയാണ് ചെയ്തിരിക്കുന്നത്’.
ഹറമില്‍ വെച്ച് നമസ്‌കരിക്കുന്ന വേളയില്‍ മനുഷ്യനിലുളവാകുന്ന ആ അനുഭൂതി മറ്റൊരിടത്തുമുണ്ടാവുന്നില്ല. മക്കയില്‍ അവതരിച്ച സൂറത്തുകള്‍ വല്ലതും ഓതുമ്പോള്‍ പ്രത്യേകിച്ചും. കുഫ്‌റും ശിര്‍ക്കുമായി ഇസ്‌ലാമിന്നുണ്ടായ സംഘട്ടനമെത്തുമ്പോള്‍ അതെല്ലാം തികച്ചും സ്ഥാനത്തായിരുന്നെന്നു നമുക്കനുഭവപ്പെടാതിരിക്കയില്ല. അതേ സൂറത്തുകള്‍ മറ്റൊരിടത്തു വെച്ചു പാരായണം ചെയ്യുമ്പോഴൊന്നും ഈ അനുഭൂതി നിങ്ങള്‍ക്കുണ്ടാവില്ലെന്നു തീര്‍ച്ച.
മക്കയിലെ ചരിത്ര ചിഹ്നങ്ങള്‍
വിശുദ്ധ മക്കയിലെ താമസക്കാലത്ത്, മക്കയിലെ ഓരോ മണല്‍ തരിയോടും ഒട്ടിക്കിടക്കുന്ന ഇസ് ലാമിക ചരിത്രത്തിന്റെ പ്രധാന ചിഹ്നങ്ങള്‍ കാണുവാനും ഞങ്ങള്‍ ശ്രമിക്കുകയുണ്ടായി. ചരിത്ര ചിഹ്നങ്ങളെ സംബന്ധച്ചു സഊദി ഗവണ്‍മെന്റിന്റെ നയം കടുത്ത അശ്രദ്ധയാണെന്നത് എത്രയും വ്യസനകരമാണ്. എന്നല്ല, പ്രസ്തുത ചിഹ്നങ്ങളെല്ലാം പാടെ നശിപ്പിക്കുവാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതെന്നുകൂടി ചിലപ്പോള്‍ തോന്നിപ്പോകും. അജ്ഞാനികള്‍ പ്രസ്തുത ചിഹ്നങ്ങളുമായ കൈകൊണ്ട നയവും ഇസ്‌ലാമിക ദൃഷ്ട്യാ അങ്ങേയറ്റം അബദ്ധമാണെന്നതില്‍ സംശയമില്ല. എന്നാല്‍ മറുവശത്ത്, സഊദി ഗവണ്‍മെന്റ് അനുവര്‍ത്തിച്ച് കാണുന്ന നയവും ശരിയാവുന്നില്ല. ആ ചരിത്രചിഹ്നങ്ങളുമായി ജനങ്ങള്‍ ശിര്‍ക്കുപമായ ദുഷ്പ്രവര്‍ത്തികള്‍ ചെയ്യുന്നുവെങ്കില്‍ അത് നിഷ്പ്രയാസം തടയാവുന്നതാണ്. മുമ്പ് ശിര്‍ക്കു നടത്തപ്പെട്ടിരുന്ന വിവിധ സ്ഥലങ്ങളില്‍ ഇപ്പോള്‍ തന്നെ പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു സമുദായത്തിന്റെ ചരിത്രപരമായ ചിഹ്നങ്ങള്‍ ഏതു നിലക്കും വളരെ വിലപിടിച്ച ഒന്നാണ്. സഊദി ഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്നതു പോലുള്ള അശ്രദ്ധ ലോകത്തിലെ യാതൊരു സമുദായവും അവയുടെ നേരെ അനുവര്‍ത്തിക്കുന്നില്ല. മക്കാനിവാസിയായ ഒരു മാന്യപണ്ഡിതനെ പ്രധാന സ്ഥലങ്ങള്‍ കാട്ടിത്തരുവാനായി ഞങ്ങള്‍ കൂടെ കൂട്ടി. ഇബ്‌റാഹീം(അ) ഇസ്മാഈല്‍ (അ) നെ ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയ സ്ഥലം, ബൈഅത്തുല്‍ അഖഃബ അഥവാ മദീനാ നിവാസികള്‍ നബി (സ) യുമായി ഒന്നാമത്തെ തവണ പ്രതീജ്ഞ ചെയ്ത സ്ഥലം. നബി (സ) തിരുമേനി ഭൂജാതനായ സ്ഥലം, അലി (റ) വിനെ പ്രസവിച്ച സ്ഥലം, അബൂബക്കര്‍ സിദ്ധീഖ് (റ), അബൂസുഫ് യാന്‍, അര്‍ഖം എന്നിവരുടെ വീടുകള്‍ തുടങ്ങി പലതും പരമ്പരാഗതമായി ലഭിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഞങ്ങള്‍ക്ക് കാണിച്ചു തന്നു. സ്ഥലത്തെക്കുറിക്കുന്ന യാതൊരു എഴുത്തു പലകയും അവിടെയൊന്നുമുണ്ടായിരുന്നില്ല. അവ സുരക്ഷിതമായി നിലനിര്‍ത്താനും യാതൊരേര്‍പ്പാടും നടത്തപ്പെട്ടിട്ടില്ല. മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രയിലും ഇതേ അനുഭവമാണ് ഞങ്ങള്‍ക്കുണ്ടായത്. നബിയുടെയും ഖുലഫാഉര്‍റാശിദുകളുടെയും ചരിത്രത്തില്‍ നാം വായിച്ചിരുന്ന, ദീര്‍ഘകാലമായി കാണാന്‍ ആഗ്രഹിച്ചിരുന്ന പ്രധാന സ്ഥലങ്ങളിലൊന്നും അവയെ തിരിച്ചറിയത്തക്ക യാതൊരടയാളവും കാണപ്പെടുന്നില്ല. മദീനയിലും ഇതേ വ്യസനകരമായ അവസ്ഥയാണ് അനുഭവപ്പെട്ടത്. സഊദി ഗവണ്‍മെന്റ് തല്‍വിഷയകമായി ഒരു മധ്യമനില സ്വീകരിച്ചെങ്കില്‍! ശിര്‍ക്ക് നടത്തപ്പെടുവാനും അനുവദിച്ചു കൂടാ. അതേയവസരത്തില്‍ ചരിത്രചിഹ്നങ്ങള്‍ നിലനിര്‍ത്തുകയും വേണം.
മദീനാ മുനവ്വറ
മൗലാനാ മൗദൂദി പറഞ്ഞു: ജൂലായ് 27 നു അസര്‍ നമസ്‌കാരത്തിനു ശേഷം ഞങ്ങള്‍ മദീനാമുനവ്വറയിലേക്കു പുറപ്പെടുകയും പിറ്റേദിവസം ഏതാണ്ട് മഗ്‌രിബ് നമസ്‌കാര സമയത്ത് അവിട എത്തിച്ചേരുകയും ചെയ്തു. മക്കയില്‍ നിന്ന് മദീന വരെയുള്ള നിരത്ത് വളരെ ഉയര്‍ന്ന നിലവാരത്തിലാണ് പണി തീര്‍ത്തിട്ടുള്ളത്. അതിനാല്‍, യാത്രയില്‍ അതുകാരണം യാതൊരു വിഷമവും നേരിട്ടില്ല. ബദ്‌റില്‍ കൂടി ഞങ്ങള്‍ കടന്നു പോയെങ്കിലും, സ്വന്തമിഷ്ടപ്രകാരം എവിടെയെങ്കിലും പോകുവാനോ താമസിക്കുവാനോ സ്വതന്ത്രമല്ലാത്ത വിധം ഹജ്ജ് കാലത്ത് മനുഷ്യന്‍ ചില നിയമ വ്യവസ്ഥകളാല്‍ ബന്ധിക്കപ്പെട്ടവനായിരിക്കും. അതിനാല്‍, അങ്ങേയറ്റത്തെ ആഗ്രഹമുണ്ടായിട്ടും ബദ്‌റില്‍ താമസിക്കാന്‍ സാധ്യമായില്ല. ഹജ്ജ് കര്‍മ്മത്തില്‍ നിന്ന് ഒഴിവായതോടെ മദീനയില്‍ പോകുവാനുള്ള എന്തെന്നില്ലാത്ത ഒരു വെമ്പല്‍ ഹൃദയത്തില്‍ ശക്തിയായി അലതല്ലിത്തുടങ്ങിയിരുന്നു. മക്കയില്‍ നിന്നു പുറപ്പെട്ടു മദീനയില്‍ എത്തുന്നതു വരെയുള്ള വികാരങ്ങളുടെ അവസ്ഥ എടുത്തുകാണിക്കുക പ്രയാസമാണ്. വിശിഷ്യാ ‘പച്ച ഖുബ്ബ’ ദൃഷ്ടിയില്‍ പെടുന്നതോടെ അണപൊട്ടിപ്പുറപ്പെടുന്ന വികാരങ്ങളുടെ ഊക്കോടുകൂടിയ പ്രവാഹത്തെ തടഞ്ഞു നിര്‍ത്താന്‍ മനുഷ്യന്‍ അശക്തനാണ്!
മൗലാനാ മൗദൂദി പറഞ്ഞു; അല്ലാമാ ഇബ്‌നു തൈമിയ്യയുടെ വാദങ്ങളില്‍ എനിക്കൊരിക്കലും യോജിക്കാന്‍ കഴിയാത്തവയില്‍ ഒന്ന്, മദീനായാത്രയെ സംബന്ധിച്ച അദ്ദേഹത്തിന്റെ വാദമാണ്. മസ്ജിദുന്നബവി (തിരുമേനിയുടെ പള്ളി) യില്‍ നമസ്‌കരിക്കുകയെന്ന ഉദ്ദേശ്യത്തോടു കൂടിയാണ് യാത്രയെങ്കില്‍ അതനുവദനീയമെന്നല്ല, ഉത്തമം കൂടിയാണെന്നും, എന്നാല്‍ നബി (സ) യുടെ വിശുദ്ധ ഖബ് ര്‍ സന്ദര്‍ശിക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഒരാള്‍ യാത്ര ചെയ്യുന്നതെങ്കില്‍ അതനുവദനീയമല്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ഹിജാസില്‍ പോയ ശേഷം മദീനയെ ഉദ്ദേശിക്കാതിരിക്കുകയോ, മദീനയെ ഉദ്ദേശിക്കുമ്പോള്‍ വിശുദ്ധ നബിയുടെ ‘ഖബ്ര്‍’ സന്ദര്‍ശിക്കാനുള്ള ആഗ്രഹത്തില്‍ നിന്ന് സ്വഹൃദയത്തെ ഒഴിച്ചു നിര്‍ത്തുകയെന്നത് എന്റെ അഭിപ്രായത്തില്‍ യാതൊരു മുസ്‌ലിമിന്റെയും കഴിവില്‍പ്പെട്ടതല്ല. മസ്ജിദുന്നബവിയെ മാത്രം മദീനയാത്രയുടെ ഉദ്ദേശ്യമാക്കുകയെന്നത് ഹൃദയത്തെ അങ്ങേയറ്റത്തോളം പിടിച്ചു കെട്ടിയാല്‍ പോലും സാധ്യമാവാത്ത ഒന്നാണ്. എന്നല്ല, മദീനയില്‍ ആ പള്ളി മാത്രമുണ്ടായിരിക്കുകയും നബി (സ) യുടെ വിശുദ്ധ ഖബ്ര്‍ അവിടെ ഇല്ലാതിരിക്കുകയുമാണെങ്കില്‍ നന്നെ കുറവായിട്ടെ ആരെങ്കിലും അങ്ങോട്ടു പോവുകയുള്ളൂവെന്നാണ് ഞാന്‍ വിചാരിക്കുന്നത്. മദീന: നബി (സ) തിരുമേനി വസിച്ച രാജ്യമാണ്. അവിടെ തിരുമേനിയുടെ ജീവിത ചിഹ്നങ്ങള്‍ നിലക്കൊള്ളുന്നുണ്ട്, തിരുമേനിയുടെ വിശുദ്ധ ഖബറും അവിടെ സ്ഥിതി ചെയ്യുന്നു. അവിടെ തിരുമേനിയുടെ ജീവിത ചിഹ്നങ്ങളും നിലകൊള്ളുന്നുണ്ട്. ഇതെല്ലാമാണ് യഥാര്‍ത്ഥത്തില്‍ വ്ിശ്വാസികളെ അങ്ങോട്ടാകര്‍ഷിക്കുന്നത്. അല്ലാമാ ഇബ്‌നു തൈമിയ്യ തന്റെ വാദത്തിനടിസ്ഥാനമായി ഉന്നയിക്കുന്ന നബി വചനത്തിന്റെ താല്‍പര്യം അദ്ദേഹം ഗ്രഹിച്ചതല്ല. ‘മൂന്നു പള്ളികളിലേക്കല്ലാതെ യാത്ര പോകരു’ തെന്നു നിസ്സംശയം തിരുമേനി ആജ്ഞാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതിന്റെ താല്‍പര്യം രണ്ടിലൊന്നായിരിക്കാനേ സാധ്യതയുള്ളൂ. അതായത് ഒന്നുകില്‍ അതിന്റെ അര്‍ത്ഥം, പ്രസ്തുത മൂന്ന് പള്ളികളിലേക്കുള്ള യാത്രയല്ലാതെ ലോകത്ത് മറ്റൊരു യാത്രയും അനുവദനീയമല്ലെന്നായിരിക്കണം. അല്ലെങ്കില്‍ പിന്നെ, ആ മൂന്ന് പള്ളികള്‍ ഒഴിച്ച് മറ്റൊരു പള്ളിക്കും നമസ്‌കാരത്തെ ഉദ്ദേശിച്ചു അതിലേക്ക് യാത്രപോകേണ്ടിവരത്തക്ക യാതൊരു സവിശേഷതയുമില്ല എന്നായിരിക്കണം. ഒന്നാമത്തെ അര്‍ത്ഥമാണുള്ളതെങ്കില്‍, മദീനയിലേക്കെന്നല്ല, ലോകത്ത് മറ്റൊരിടത്തേക്കും ഏതാവശ്യത്തെ മുന്‍ നിര്‍ത്തിയും യാത്ര ചെയ്യുന്നത് അനുവദനീയമല്ലെന്ന് വരുന്നതാണ്. ഇങ്ങനെ അര്‍ത്ഥം ആരും അതിനു നല്‍കിയിട്ടില്ലെന്നത് വ്യക്തമാണ്. ഇബ്‌നു തൈമിയ്യതന്നെയും അങ്ങനെ വാദിക്കുന്നില്ല. ഇനി രണ്ടാമത്തെ അര്‍ത്ഥമാണ് സ്വീകാര്യമെങ്കില്‍- അതു തന്നെയാണ് ശരിയും- പ്രസ്തുത നബി വചനം പള്ളികളെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. പള്ളികളല്ലാത്തതുമായി അതിന്നൊരു ബന്ധവുമില്ല. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സാ എന്നീ മൂന്നു പള്ളികള്‍ക്ക് ചില സനിശേഷതകളുണ്ടെന്നും തന്നിമിത്തം അവയില്‍ നമസ്‌കരിക്കുന്നതിന്റെ പുണ്യം ലഭിക്കുകയെന്ന ഉദ്ദേശ്യത്തോടു കൂടി അവയിലേക്ക് യാത്ര ചെയ്യാമെന്നും എന്നാല്‍, കേവലം നമസ്‌കാരത്തെ ഉദ്ദേശിച്ച് യാത്രചെയ്തു പോകത്തക്ക സവിശേഷതകളുള്ള മറ്റൊരു പള്ളിയും ലോകത്തില്ലെന്നും മാത്രമാണ് പ്രസ്തുത നബി വാക്യത്തിന്റെ ഉദ്ദേശ്യം. അതിനെ ഖബ് ര്‍ സിയാറത്ത് പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നത് ഒട്ടും ശരിയല്ല.
മൗലാനാ മൗദൂദി പറഞ്ഞു. മദിനയിലേക്കുള്ള യാത്രയില്‍ 24 മണിക്കൂറലിധികം സമയം പിടിച്ചിരുന്നു . വഴിമധ്യേ ആഹാരവും ഉറക്കവും ഏറിയ കൂറും നഷ്ടപ്പെട്ടിരുന്നു. തന്നിമിത്തം മദീനയിലെത്തിയ ഉടനെ, അങ്ങേയറ്റത്തെ ആവേശമുണ്ടായിട്ടും, മസ്ജിദുന്നബവിയില്‍ ഹാജറാവുക എന്നെ സംബന്ധിച്ചിടത്തോളം തീരെ അസാധ്യമായിരുന്നു. മറ്റു സുഹൃത്തുക്കളെല്ലാം ഉടന്‍ തന്നെ പോയെങ്കിലും ഞാന്‍ അങ്ങേയറ്റം ക്ഷീണിച്ചിരുന്നത് കൊണ്ട് താമസസ്ഥലത്ത് തന്നെ കിടന്നതിന്നു ശേഷം പിന്നെ എഴുന്നേല്‍ക്കുവാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം മസ്ജിദുന്നബവിയില്‍ ഹാജറായി നമസ്‌കരിക്കുകയും നബി (സ) തിരുമേനിയുടെയും ‘ശൈഖൈനി’ (അബൂബക്കര്‍, ഉമര്‍ (റ)) യുടെയും ഖബറുകള്‍ സിയാറത്ത് ചെയ്യുകയും ചെയ്തു. ഇവിടെ എത്തുമ്പോഴുള്ള മാനസികാവസ്ഥ മസ്ജിദുല്‍ ഹറമിന്റേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. മസ്ജിദുല്‍ ഹറമില്‍ സ്‌നേഹവികാരത്തെ ഭയഭക്തിയാകുന്ന ബോധം അങ്ങേയറ്റത്തോളം ജയിച്ചടിക്കിയിട്ടുണ്ടാകും. അതോടൊപ്പം തന്നെ വിനയാന്വിതനായി യാചിക്കുന്ന ഒരു ദരിദ്രന്റെ അവസ്ഥയോടു മിക്കവാറും താരതമ്യപ്പെടുത്താവുന്ന ഒരവസ്ഥയും മനുഷ്യനെ ആവരണം ചെയ്യുന്നതാണ്. എന്നാല്‍ മസ്ജിദുന്നബവിയില്‍ എത്തുന്നതോടെ മറ്റെല്ലാ ബോധവികാരങ്ങളേക്കാളുമുപരി സ്നേഹബോധമാണ് അതിജയിച്ചുകാണുക. ഈമാനിന്റെ ഒരംശമെന്നു നബി(സ) തന്നെ അരുള്‍ ചെയ്തിട്ടുള്ള അതേ സ്‌നേഹമത്രെ അത്!!
മസ്ജിദുന്നബവി
മൗലാനാ മൗദൂദി പറഞ്ഞു. മസ്ജിദുന്നബവി ഇപ്പോഴത്തെ പുതിയ കൂട്ടിച്ചേര്‍ക്കലോടുകൂടി വളരെയേറെ അഴകും ഗാംഭീര്യവുമുള്ളതായിത്തീര്‍ന്നിട്ടുണ്ട്. ഈ പള്ളിയോട് ഓരോ ഘട്ടത്തില്‍ കൂട്ടിച്ചേര്‍ത്തതിന്നും പ്രത്യേക അടയാളങ്ങള്‍ നിലനിര്‍ത്തുവാന്‍ ആദ്യം മുതല്‍ക്കേ ശ്രദ്ധിച്ചുപോന്നിട്ടുണ്ട്. നബി (സ) തിരുമേനി നിര്‍മ്മിച്ച സാക്ഷാല്‍ പള്ളിയുടെ അടയാളങ്ങള്‍ വ്യത്യസ്തമാണ്. അതെത്ര ഉണ്ടായിരുന്നുവെന്ന്് ഇന്നും വ്യക്തമായി മനസ്സിലാക്കാം. അതിന്നു ശേഷം ഇന്നോളം എത്ര തവണ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടോ അതിന്നെല്ലാം പ്രത്യേകം പ്രത്യേകം അടയാളങ്ങളുണ്ട്. ഈ പള്ളിയെ അലങ്കരിക്കുന്നതില്‍ തുര്‍ക്കികള്‍ അവരുടെ മുഴുവന്‍ ശക്തിയും വിനിയോഗിച്ചിരുന്നു. ഇപ്പോള്‍ സഊദി രാജാവ് പുതുതായി കൂട്ടിച്ചേര്‍ത്തതും പഴയതിനോട് സമാനമാക്കുവാനും കഴിവതും പരിശ്രമിച്ചിട്ടുണ്ട്. തന്നിമിത്തം മറ്റാരെങ്കിലും പറഞ്ഞുതന്നെങ്കിലല്ലാതെ പുതിയതും പഴയതും തമ്മില്‍ വേര്‍തിരിച്ചു മനസ്സിലാക്കുക പ്രയാസമാണ്. പള്ളിയില്‍ ‘അഹ്‌സാബുസ്സുഫ്ഫത്തിന്റെ’ സ്ഥാനം വ്യക്തമായി സ്ഥിതി ചെയ്യുന്നുണ്ട്. ധാരാളം ആളുകള്‍ സദാ അവിടെ ഇരുന്നു വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തുവരുന്നു. തിരുമേനിയുടെ കാലത്ത് ‘അഹ്‌സാബുസ്സുഫ്ഫത്തും’ തങ്ങളുടെ അധിക സമയവും ഖുര്‍ആന്‍ പാരായണത്തില്‍ ചെലവഴിച്ചിരുന്നു. പള്ളിക്കു തൊട്ട്് അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) യുടെ വീടിന്റെ സ്ഥാനത്ത് ഒരു അടയാള ബോര്‍ഡെഴുതി വെച്ചിട്ടുണ്ട്. (മദീനയില്‍ എത്തിയ ഉടനെ നബി തിരുമേനി അതിഥിയായി താമസിച്ചത് ഇതേ വീട്ടിലായിരുന്നു). മറ്റ് സ്ഥലങ്ങളിലൊന്നും -ഉസ്മാന്‍ (റ)ന്റെ വീട്ടില്‍ അദ്ദേഹത്തെ വധിക്കപ്പെട്ട സ്ഥലത്തു പോലും- യാതൊരടയാളവും കാണപ്പെടുന്നില്ല. മദീനയിലെ ചരിത്രചിഹ്നങ്ങളെ സംബന്ധിച്ച് അസാധാരണ പരിജ്ഞാനമുള്ള ‘അല്‍ഉസ്താദ്’ അഹ് മദ് യാസീനുല്‍ ഖിയാരി’ യുടെ സഹായത്തോടു കൂടി മദീനയിലെ ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന മിക്ക സ്ഥലങ്ങളും ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി.
Add Comment