സറീന ഭാന
ഇസ്തംബൂള്‍ നഗരം ഏഷ്യയെയും യൂറോപ്പിനെയും കൂട്ടിയിണക്കുന്ന കണ്ണിയാണ്. പൗരാണികതയെയും ആധുനികതയെയും സമഞ്ജസമായി സമന്വയിപ്പിക്കുന്ന ഒരു നഗരം എന്ന നിലയിലും ഇസ്തംബൂള്‍ ഏറെ മുന്നിലാണ്. വിശുദ്ധ റമദാനില്‍ പാരമ്പര്യ ആചാരങ്ങളുടെയും സമകാലിക രീതികളുടെയും മിശ്രണം ഇസ്തംബൂളില്‍ കാണാം.
ഇസ്തംബൂള്‍ റമദാന്‍ ഒരുക്കങ്ങള്‍, റമദാന് ആഴ്ച്ചകള്‍ക്കു മുമ്പേ ആരംഭിക്കും. പ്രധാന പള്ളികളുടെ ഉയര്‍ന്നു നില്‍ക്കുന്ന മിനാരങ്ങളില്‍ ‘മാഹ്‌യ’ ദീപ നാളങ്ങള്‍ തൂക്കുന്ന പതിവ് ഉസ്മാനീ ഭരണകാലത്ത് ആരംഭിച്ചതാണ്.
അത് ഇന്നും ഇസ്തംബൂളില്‍ ദൃശ്യമാണ്. റമദാനിലെ വിവിധ ദിവസങ്ങളില്‍ ദീപങ്ങള്‍ക്ക് താഴെ വിവിധ റമദാന്‍ സന്ദേശങ്ങള്‍ തൂങ്ങുന്ന ബാനറുകളും കാണാം.
ഇസ്താംബൂള്‍ നഗരസഭ റമദാന് വേണ്ടി വലിയ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. റമദാനെ എല്ലാ അര്‍ത്ഥത്തിലും വരവേല്‍ക്കാന്‍ നഗരം ഒരുങ്ങുകയായി. യുവാക്കളും പ്രായമായവരുമടക്കം എല്ലാതരം ആളുകള്‍ക്കും ഏര്‍പ്പെടാവുന്ന വിവിധ പരിപാടികള്‍, നഗരത്തില്‍ ഒരു ഉത്സവാന്തരീക്ഷമാണ് തീര്‍ക്കുന്നത്. നോമ്പ് തുറ മുതല്‍ അത്താഴം വരെ നഗരം ഉണര്‍ന്നിരിക്കും. റമദാന്‍ മാസത്തില്‍ നഗരത്തിലെ പല റെസ്റ്റോറന്റെുകളും 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്നവയാണ്.
സൂര്യോദയത്തിന്റെ ഒന്നര മണിക്കൂര്‍ മുമ്പ്, മുതല്‍ ഇസ്തംബൂള്‍ തെരുവുകളിലൂടെ ചെണ്ട കൊട്ടി മുന്നത്താഴത്തിന് (സുഹൂര്‍) നഗരവാസികളെ വിളിച്ചുണര്‍ത്തുന്ന ശബ്ദം കേള്‍ക്കാം. അലാറം വെച്ച് കിടന്നുറങ്ങുന്നവര്‍ക്കും തങ്ങളെ ഉറക്കത്തില്‍ നിന്നും വാസ്തവത്തില്‍ വിളിച്ചുണര്‍ത്തുന്നത്, ആധുനികതയെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്ന ഇത്തരം പാരമ്പര്യ സമ്പ്രദായങ്ങള്‍ തന്നെയാണെന്ന് അറിയാം.
സന്ദര്‍ശന സ്ഥലങ്ങള്‍
പ്രൗഢഗംഭീരമായ സുല്‍ത്താന്‍ അഹ്മദ് മോസ്‌കിന്റെ (ബ്ലൂ മോസ്‌ക്) ചുറ്റിയാണ് റമദാന്‍ ആഘോഷങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. പല ഭാഗത്ത് നിന്നും വരുന്ന യാത്രക്കാരും വിനോദ സഞ്ചാരികളും കുടുംബങ്ങളും ചേര്‍ന്ന് പള്ളിയുടെ പൂന്തോട്ടത്തെ ചെറിയ പിക്‌നിക് കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. തൊട്ടടുത്തുള്ള കോംപ്ലക്സ്സുകളും വരാന്തയും സന്ദര്‍ശകരാല്‍ നിറഞ്ഞിരിക്കുകയാണ്. അന്‍പതോളം പ്രസാധകര്‍ പുറത്തിറക്കിയ നിരവധി ഗ്രന്ഥങ്ങളുള്‍ക്കൊള്ളുന്ന ഇസ്‌ലാമിക പുസ്തക മേളയും, ഇസ്‌ലാമിക സാംസ്‌കാരത്തിന്റെ ഉടയാടകളും ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്ന മുസ്‌ലിം പൈതൃക എക്‌സിബിഷനുമാണ് വരാന്തയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. കോംപ്ലക്‌സിനു പുറത്ത് നൂറ് കണക്കിന് ചെറു കച്ചവട സ്റ്റാളുകളില്‍ തുര്‍ക്കി കരകൗശല വസ്തുക്കളും, തുര്‍ക്കി കാലിഗ്രഫിയും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇഫ്താര്‍ വിഭവങ്ങളും അതിന് ശേഷം കഴിക്കുന്ന ലഘു ഭക്ഷണ വിഭവങ്ങളും, സാന്റ്‌വിച്ചും ഏതു സഞ്ചാരിയെയും കൊതിപ്പിക്കുന്നതാണ്. തുര്‍ക്കി ചായയുടെയും കാപ്പിയുടെയും നറുമണം കൊണ്ട് അന്തരീക്ഷം നിറഞ്ഞ് നില്‍ക്കുന്നു. തേങ്ങയും കശുവണ്ടിപ്പരിപ്പും പാലും ചേര്‍ന്നുണ്ടാക്കിയ ‘ഗുലാക് ഡിസേര്‍ട്ട’ ാണ് സ്വാദിഷ്ടമായ മറ്റൊരു വിഭവം. അധിക പേരുടെയും ഇഷ്ടവിഭവമാണിത്.
റസ്റ്റോറന്റുകളില്‍ ചായ കുടിച്ചു കൊണ്ടിരിക്കുന്ന നിരവധി തുര്‍ക്കി കുടുംബങ്ങളെ മുന്നത്താഴ സമയത്തും കാണാം. ഇവരുടെ സാന്നിധ്യം ഇസ്താംബൂള്‍ റെസ്‌റ്റോറന്റെുകളില്‍ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. കള്‍ച്ചറല്‍ സെന്ററില്‍ റമദാനിലെ വൈവിധ്യമാര്‍ന്ന പരിപാടികളാണ്. സാമി യൂസുഫ്, ദേബു പോലുള്ള ഇസ്‌ലാമിക സംഗീതഞ്ജരുടെ സംഗീത കച്ചേരികളും പാരമ്പര്യ തുര്‍ക്കി കാവ്യ സദസ്സുകളും എല്ലാ വൈകുന്നേങ്ങളിലും കള്‍ച്ചറല്‍ സെന്റെറില്‍ ഒരു കാര്‍ണിവല്‍ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്.
പ്രവാചക ശിഷ്യന്‍ അബൂ അയ്യൂബുല്‍ അന്‍സാരിയുടെ ഖബര്‍ സ്ഥിതിചെയ്യുന്ന ഇയൂബ് (അയ്യൂബ്) പള്ളി ഇസ്തംബൂളിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. റമദാനിലെ മുഴുവന്‍ ദിവസങ്ങളിലും ഈ പള്ളി നിറഞ്ഞു കവിഞ്ഞിരിക്കും.
ഇഫ്താര്‍ ടെന്റെുകള്‍
ഇസ്തംബൂള്‍ ജനത മുഴുവനും നോമ്പുകാരായിരിക്കുമെങ്കിലും നഗരം സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികള്‍ക്കായി നഗരത്തിലെ റെസ്‌റ്റോറന്റുകളും കഫേകളും നോമ്പു കാലത്തും തുറന്നു പ്രവര്‍ത്തിക്കുന്നു.
ഈജിപ്തിലെ ‘കാരുണ്യത്തിന്റെ തീന്‍മേശകള്‍’ പോലെ തന്നെ ഇവിടെ ഇസ്തംബൂള്‍ മുനിസിപ്പാലിറ്റി ‘ഇഫ്താര്‍ ടെന്റുകള്‍’ സ്ഥാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ജനങ്ങള്‍ക്ക് ഈ സംവിധാനം ഇഫ്താര്‍ ഭക്ഷണം നല്‍കുന്നു. മഗ്‌രിബിന് തൊട്ടു മുമ്പുള്ള സമയം, ഇസ്തംബൂള്‍ നഗരം അക്ഷരാര്‍ത്ഥത്തില്‍ ട്രാഫിക്കില്‍ കുടുങ്ങുന്ന സമയമാണ്. ബാങ്കിന് മുമ്പ് വീട്ടിലെത്താന്‍ തിരക്കു കൂട്ടുന്ന ടാക്‌സി ഡ്രൈവര്‍മാരുടെയും ജോലിക്കാരുടെയും നീണ്ട വാഹന നിര ഇസ്തംബൂള്‍ നഗരത്തില്‍ വലിയ ട്രാഫിക് തിരക്കു തന്നെയാണുണ്ടാക്കുന്നത്.
നിരത്തുകളിലേക്ക് നീളുന്ന റെസ്റ്റോറന്റുകള്‍ക്കു മുമ്പില്‍ റൊട്ടി വേണ്ടിയുള്ള നീണ്ട നിരയാണ് ഇസ്തംബൂളിലെ മറ്റൊരു റമദാന്‍ കാഴ്ച്ച. ചൂടോടെ കഴിക്കാന്‍ നല്ല സ്വാദുള്ള ഈ റൊട്ടി വാങ്ങാന്‍ മഗ് രിബിനു മുമ്പ് തന്നെ ജനങ്ങള്‍ തിരക്കുകൂട്ടുന്നു. എന്നാല്‍ ക്യൂവില്‍ നില്‍ക്കാന്‍ ആരോഗ്യമുള്ളവര്‍ മാത്രമേ ഈ സാഹത്തിനു മുതിരൂ.
റമദാന്‍ ടെലിവിഷന്‍
മധ്യ പൗരസ്ത്യ ദേശത്തെ ചില രാജ്യങ്ങളില്‍ കാണാറുള്ളതു പോലെയുള്ള ചിലം മുഖം മിനുക്കല്‍ റമദാന്‍ പരിപാടികളല്ല തുര്‍ക്കിയില്‍. റമദാനും ഇസ്‌ലാമുമായി ബന്ധപ്പെട്ട വിവിധ പരിപാടികള്‍ തുര്‍ക്കി ടി.വി.യില്‍ സംപ്രേഷണം ചെയ്യുന്നു.
‘സുഹുര്‍ സമാനി’ എന്ന പിരപാടി കണ്ടു കൊണ്ട് നമുക്ക് അത്താഴം കഴിക്കാം. സുല്‍ത്താന്‍ അഹ്മദ് മോസ്‌കില്‍ നിന്നും തത്‌സമയം സംപ്രേഷണം ചെയ്യുന്ന പരിപാടി സൂഫി സംഗീതത്തിന്റെയും തുര്‍ക്കി കവിതകളുടെയും അകമ്പടിയോടെയാണ് പ്രദര്‍ശിപ്പിക്കുക.
റമദാനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന പരിപാടികളും ജനങ്ങളെ ആകര്‍ഷിക്കുന്ന ഒരു മുഖ്യ ഇനമാണ്. ‘ഇവന്‍ കാല്‍’ എന്നറിയപ്പെടുന്ന മുഴു നീള സംഗീത ചാനല്‍ മതപരമായ സംഗീത പരിപാടിക്ക് വേണ്ടി റമദാനില്‍ പ്രത്യേകസമയം മാറ്റി വെച്ചിട്ടുണ്ട്.
Add Comment