അല്ലാഹുവിന്റെ കല്‍പനപ്രകാരം ഹസ്രത്ത് ഇബ്‌റാഹീം നബി(അ)യും അദ്ദേഹത്തിന്റെ പുത്രന്‍ ഹസ്രത്ത് ഇസ്മാഈല്‍ നബി(അ)യും കൂടിയായിരുന്നു കഅ്ബ നിര്‍മിച്ചത്. പ്രസ്തുത കേന്ദ്രത്തില്‍നിന്ന് മുസ്‌ലിംകളെ പുറത്താക്കിയിട്ട് ഇപ്പോള്‍ ആറു വര്‍ഷമായി. കൂടാതെ ഇസ്‌ലാമിന്റെ പ്രധാന സംഭവങ്ങളിലൊന്നാണ് ഹജ്ജ്. അതിനാല്‍ കഅബ്ാലയത്തിലേക്ക് തീര്‍ഥാടനം ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് തീവ്രമായ ആഗ്രഹമുണ്ടായി.
കഅ്ബാ യാത്ര
അറബികള്‍ വര്‍ഷം മുഴുക്കെ യുദ്ധത്തില്‍ വ്യാപൃതരായിരുന്നു. എങ്കിലും ഹജ്ജ് കാലത്ത് നാലു മാസങ്ങള്‍ അവര്‍ യുദ്ധം നിര്‍ത്തിവെച്ചിരുന്നു. സമാധാനത്തോടെ കഅ്ബാ സന്ദര്‍ശനം നടത്തി തിരിച്ചുവരാന്‍ ജനങ്ങള്‍ക്ക് സൗകര്യം ലഭിക്കാനായിരുന്നു ഇത്. ഹിജ്‌റ 6-ാം വര്‍ഷം ദുല്‍ഖഅദില്‍ കഅ്ബ സന്ദര്‍ശിക്കാന്‍ നബി തിരുമേനി ഉദ്ദേശിച്ചു. ഒട്ടേറെ മുഹാജിറുകളും അന്‍സ്വാറുകളും കഅ്ബ സന്ദര്‍ശിക്കാനുള്ള ഭാഗ്യവും പ്രതീക്ഷിച്ചിരിക്കയായിരുന്നു. അങ്ങനെ 1400 മുസ്‌ലിംകളോടൊപ്പം നബി(സ) യാത്രക്ക് തയാറെടുത്തു. ദുല്‍ഹുലൈഫയില്‍ എത്തി ബലിയുടെ പ്രാരംഭ ചടങ്ങുകള്‍ നിര്‍വഹിച്ചു.
മുസ്‌ലിംകളുടെ ഉദ്ദേശ്യം കഅ്്ബാ സന്ദര്‍ശനം മാത്രമാണെന്ന് ഇതുവഴി വ്യക്തമായി. യുദ്ധത്തിനോ ആക്രമണത്തിനോ യാതൊരു സാധ്യ തയുമുണ്ടായിരുന്നില്ല. എങ്കിലും മക്കയില്‍ ചെന്ന് ഖുറൈശികളുടെ ഉദ്ദേശ്യങ്ങള്‍ അറിഞ്ഞുവരാന്‍ നബി(സ) ഒരാളെ വിട്ടു. മുഹമ്മദിനെ മക്കയില്‍ പ്രവേശിക്കാനനുവദിക്കരുതെന്നും ഒന്നിച്ച് അവനെ നേരിടണമെന്നും ഖുറൈശികള്‍ എല്ലാ ഗോത്രങ്ങളെയും ഒരുമിച്ചുകൂട്ടി പറഞ്ഞതായി അയാള്‍ അറിയിച്ചു. മക്കക്കു പുറത്ത് സൈന്യശേഖരം നടത്തി മുസ്‌ലിംകള നേരിടാന്‍ പൂര്‍ണമായി തയാറെടുക്കണമെന്നായിരുന്നു നിര്‍ദേശം.
ഖുറൈശികളുമായി സംഭാഷണം
ഈ വിവരം കിട്ടിയിട്ടും നബി(സ)മുന്നോട്ടു പ്രയാണം തുടര്‍ന്നു. ഹുദൈബിയ എന്ന സ്ഥലത്തെത്തി അവിടെക്യാമ്പ് ചെയ്തു. മക്കയില്‍നിന്ന് അല്‍പമകലെ ഹുദൈബിയ എന്ന ഒരു കിണറുണ്ടായിരുന്നു. അതേ പേരു തന്നെ അവിടത്തെ ഗ്രാമത്തിനും കിട്ടി. ഇവി ടത്തെ ഖുസാഅ ഗോത്രത്തലവന്‍ നബി(സ)യുടെ സന്നിധിയില്‍ ഹാജരായിക്കൊണ്ടു പറഞ്ഞു: ഖുറൈശികള്‍ യുദ്ധസന്നദ്ധരായി നില്‍ക്കുകയാണ്. മക്കയില്‍ ചെല്ലാന്‍ അവര്‍ അങ്ങയെ അനുവദിക്കില്ല. തിരുമേനി പറഞ്ഞു: ”ഞങ്ങള്‍ ഉംറ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ മാത്രമാണ് വന്നിരിക്കുന്നതെന്ന് അവരോട് ചെന്നു പറയുക. യുദ്ധം ചെയ്യാന്‍ ഞങ്ങള്‍ക്കുദ്ദേശ്യമില്ല. ഞങ്ങള്‍ക്ക് കഅ്ബ ത്വവാഫ് ചെയ്യാനും സന്ദര്‍ശിക്കാനും അവസരം നല്‍കണം.” ഈ സന്ദേശം ഖുറൈശികളുടെ അടുക്കലെത്തിയപ്പോള്‍ ചില വികൃതികള്‍ പറഞ്ഞു: ‘ഞങ്ങള്‍ക്ക് മുഹമ്മദിന്റെ സന്ദേശം കേള്‍ക്കേണ്ട ആവശ്യമേയില്ല.’ പക്ഷേ ഈ പ്രധാനികളിലൊരാളായ ഉര്‍വ പറഞ്ഞു: ”അങ്ങനെയല്ല, നിങ്ങള്‍ എന്നെ ഭരമേല്‍പിക്കുക. ഞാന്‍ മുഹമ്മദുമായി സംഭാഷണം നടത്താം.” അങ്ങനെ ഉര്‍വ തിരുസന്നിധിയില്‍ ഹാജരായി. പക്ഷേ എന്തെങ്കിലുമൊരു തീര്‍പ്പിലെത്തുന്നതിനിടയില്‍ ഖുറൈശികള്‍ മുസ്‌ലിംകളെ ആക്രമിക്കാനായി ഒരു സൈനിക വ്യൂഹത്തെ അയച്ചു.അവര്‍ തടവിലാക്കപ്പെട്ടു. എന്നാല്‍ നബി(സ) ദയാപൂര്‍വം അവര്‍ക്ക് മാപ്പ് നല്‍കി അവരെ വിട്ടയച്ചു. സന്ധി സംഭാഷണം നടത്താന്‍ ഹ. ഉസ്മാനെ (റ) മക്കയിലേക്കയക്കാന്‍ തീരുമാനിച്ചു. ഹസ്രത്ത് ഉസ്മാന്‍(റ) മക്കയിലേക്ക് പോയി. പക്ഷേ, മുസ്‌ലിംകള്‍ക്ക് കഅ്ബാസന്ദര്‍ശനത്തിന് അവസരം നല്‍കുന്നതിന് ഒരുനിലക്കും ഖുറൈശികള്‍ സമ്മതിച്ചില്ല. മാത്രമല്ല ഹസ്രത്ത് ഉസ്മാ(റ)നെപ്പോലും അവര്‍ തടയുകയാണുണ്ടായത്.
റിദ്‌വാന്‍ പ്രതിജ്ഞ
അതിനിടെ ഹസ്രത്ത് ഉസ്മാന്‍(റ) വധിക്കപ്പെട്ട തായ ഒരു വാര്‍ത്ത എങ്ങനെയോ മുസ്‌ലിംകളില്‍ പ്രചരിച്ചു. ഈ വാര്‍ത്ത മുസ്‌ലിംകളെ അസ്വസ്ഥരാക്കി. വാര്‍ത്ത കേട്ടപ്പോള്‍ തിരുമേനി പറഞ്ഞു: ഇനി ഇപ്പോള്‍ ഉസ്മാന്‍(റ)ന്റെ രക്തത്തിനു പകരം വീട്ടാതെ വയ്യ. ഇതും പറഞ്ഞ് തിരുമേനി ഒരു മരത്തിന്റെ ചുവട്ടിലിരുന്നു.ഖുറൈശികളോട് ഹസ്രത്ത് ഉസ്മാന്റെ രക്തത്തിനു പകരം ചോദിക്കുമെന്നും മരിച്ചാലും യുദ്ധത്തില്‍നിന്ന് പിന്തിരിഞ്ഞോടുകയില്ലെന്നും എല്ലാ സ്വഹാബിമാരോടും പ്രതിജ്ഞ വാങ്ങി. ഈ വാക്കും പ്രതിജ്ഞയും മുസ്‌ലിംകളില്‍ അത്ഭുതകരമായ ആവേശം സൃഷ്ടിച്ചു. ഓരോരുത്തരും രക്തസാക്ഷിത്വം വരിക്കാനുള്ള അഭിനിവേശത്തില്‍ മതിമറന്ന് സത്യനിഷേധികളോട് പ്രതികാരം ചോദിക്കാന്‍ തയാറായി. ഈ പ്രതിജ്ഞക്ക് ബൈഅത്തുര്‍റിദ്‌വാന്‍ (റിദ്‌വാന്‍ പ്രതിജ്ഞ) എന്ന് പറയു ന്നു. ഇതേപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തില്‍ തിരുമേനിയുടെ പുണ്യകരം ഗ്രഹിച്ചു പ്രതിജ്ഞ ചെയ്ത ഭാഗ്യവാന്മാരെക്കുറിച്ച് അല്ലാഹു സന്തുഷ്ടി പ്രകടിപ്പിക്കുകയുണ്ടായി.
സന്ധിവ്യവസ്ഥ
മുസ്‌ലിംകളുടെ ഈ ആവേശത്തിമിര്‍പ്പുകളെക്കുറിച്ച വാര്‍ത്തകള്‍ ഖുറൈശികള്‍ക്കും കിട്ടി. അതേയവസരത്തില്‍ ഹസ്രത്ത് ഉസ്മാ(റ)ന്റെ വധത്തെക്കുറിച്ച വാര്‍ത്ത ശരിയല്ലെന്ന വിവരം മുസ്‌ലിംകള്‍ക്കും അറിവായി. സന്ധിസംഭാഷണം നടത്താനായി ഖുറൈശികള്‍ സുഹൈബുബ്‌നു അംറിനെ ദൂതനായി അയച്ചു. അദ്ദേഹവുമായി ദീര്‍ഘമായ സംഭാഷണം നടന്നുകൊണ്ടിരുന്നു. അവസാനം സന്ധിയിലെ ഉപാധികള്‍ തീരുമാനിക്കപ്പെട്ടു. ഉടമ്പടി പത്രം എഴുതാന്‍ ഹസ്രത്ത് അലി(റ) വിളിക്കപ്പെട്ടു. ഉടമ്പടി പത്രത്തില്‍ ‘ഇത് ദൈവദൂതനായ മുഹമ്മദിന്റെ ഭാഗത്തുനിന്നുള്ള കരാറാണ്’ എന്നു എഴുതിയപ്പോള്‍ ദൈവദൂതന്‍ എന്ന പദം എഴുതാന്‍ പാടില്ലെന്ന് ഖുറൈശി പ്രതിനിധി സുഹൈല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ‘അതില്‍ ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്’- അദ്ദേഹം പറഞ്ഞു. തിരുമേനി(സ) അദ്ദേഹം പറഞ്ഞത് അംഗീകരിച്ചു. തൃക്കരങ്ങളാല്‍ ‘ദൈവദൂതന്‍’ എന്ന വാക്കുകള്‍ മായ്ച്ചുകൊണ്ട് തിരുമേനി പറഞ്ഞു: ‘നിങ്ങള്‍ അംഗീകരിക്കില്ലെങ്കിലെന്താ? ദൈവത്താണാ ഞാന്‍ അല്ലാഹുവിന്റെ ദൂതന്‍തന്നെയാണ്.’സന്ധിയിലെ വ്യവസ്ഥകള്‍ ഇതായിരുന്നു: 1. ഈ വര്‍ഷം മുസ്‌ലിംകള്‍ മടങ്ങിപ്പോകണം. 2. അടുത്ത വര്‍ഷം വന്ന് മൂന്നു ദിവസം തങ്ങിമടങ്ങിപ്പോകാം. 3. ആയുധസജ്ജരായി വരരുത്. വാള്‍ കൂടെ കൊണ്ടുവരാം. പക്ഷേ അത് ഉറയില്‍തന്നെ വെക്കണം; പുറത്തെടുക്കരുത്. 4. മക്കയില്‍ അവശേഷിക്കുന്ന മുസ്‌ലിംകളെകൂടെ കൊണ്ടുപോവരുത്. മുസ്‌ലിംകള്‍ ആരെങ്കിലും മക്കയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ അവരെ തടയുകയുമരുത്. 5. മുസ്‌ലിംകളിലോ അമുസ്‌ലിംകളിലോ പെട്ട ആരെങ്കിലും മദീനയിലേക്ക് പോയാല്‍ അവരെ തിരിച്ചയക്കണം. എന്നാല്‍ മുസ്‌ലിംകളില്‍ ആരെങ്കിലും മക്കയിലേക്ക് വരികയാണെങ്കില്‍ അവരെ തിരിച്ചയക്കുന്നതല്ല. 6. മുസ്‌ലിംകളോ അവിശ്വാസികളോ ആരുമായും സന്ധിയിലേര്‍പ്പെടാന്‍ അറബ് ഗോത്രങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണ്. 7. ഈ സന്ധി ഏഴു വര്‍ഷം വരെ നിലനില്‍ക്കുന്നതാണ്. ഈ നിബന്ധനകള്‍ മുഴുവന്‍ പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്ക് വിരുദ്ധമായിരുന്നു. മുസ്‌ലിംകള്‍ സമ്മര്‍ദത്തിനു വിധേയരായാണ് സന്ധി ചെയ്തതെന്നാണ് അതില്‍നിന്ന് പ്രകടമായി തോന്നുക.
ഹ. അബൂജന്‍ദല്‍ സംഭവം
യാദൃശ്ഛികമെന്ന് പറയട്ടെ, ഉടമ്പടി പത്രം എഴുതിക്കൊണ്ടിരിക്കെ സുഹൈലിന്റെ പുത്രന്‍ മക്കയില്‍നിന്ന് ഓടി ഏതോ വിധത്തില്‍ അവിടെ എത്തി. കാല്‍ച്ചങ്ങലകള്‍ ധരിച്ച് മുസ്‌ലിംകളുടെ മുമ്പില്‍ വന്നു വീണു തന്റെ സങ്കടങ്ങള്‍ കേള്‍പ്പിച്ചു. ഇസ്‌ലാം സ്വീകരിച്ചതിന്റെ ശിക്ഷയായി എന്തെല്ലാം കഷ്ടപ്പാടുകളാണ് തനിക്ക് അനുഭവിക്കേണ്ടിവന്നതെന്ന് അദ്ദേഹം വിവരിച്ചു. ‘തിരുമേനീ, എന്നെ അവിശ്വാസികളുടെ മുഷ്ടിയില്‍നിന്ന് മോചിപ്പിച്ച് കൂടെ കൂട്ടിയാലും’ -അബൂജന്‍ദല്‍ നബി(സ)യോട് അപേക്ഷിച്ചു. ഇത് കണ്ട സുഹൈല്‍ സന്ധിവ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കേണ്ട ആദ്യത്തെ സന്ദര്‍ഭമാണിതെന്ന് പറഞ്ഞു. കരാര്‍പത്രമനുസരിച്ച് നബി തിരുമേനിക്ക് അബൂജന്‍ദലിനെ കൂടെകൊണ്ടുപോവാന്‍ പറ്റില്ലായിരുന്നു. വല്ലാത്തൊരു പ്രതിസന്ധിയായിരുന്നു ഇത്. ഒരുവശത്ത് കരാര്‍ പാലിക്കേണ്ടതിന്റെ അനിവാര്യത. മറ്റൊരു വശത്ത് മര്‍ദിതനായ ഒരു മുസ്‌ലിം. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ മാത്രമാണ് അയാളുടെ മേല്‍ അക്രമമര്‍ദനങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരുന്നത്. അയാള്‍ അഭ്യര്‍ഥിച്ചുകൊണ്ടിരിക്കുന്നു: അല്ലയോ മുസ്‌ലിം സഹോദരന്മാരേ, എന്നെ അവിശ്വാസികളുടെ കൈകളിലേക്ക് തന്നെ ഏല്‍പിച്ചുകൊടുക്കാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ഈ സ്ഥിതിവിശേഷം കണ്ട മുസ്‌ലിം കള്‍ മുഴുവന്‍ ഞെരിപിരികൊണ്ടു. ഹസ്രത്ത് ഉമര്‍(റ) നബിതിരുമേനിയോട് ഇത്രപോലും പറഞ്ഞുപോയി: ‘അങ്ങ് അല്ലാഹുവിന്റെ സത്യപ്രവാചകനാണെങ്കില്‍ പിന്നെ എന്തിന് നാം ഈ അപമാനം സഹിക്കണം?’ചുരുക്കത്തില്‍ കരാര്‍ പത്രം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. കരാര്‍ പത്രത്തിലെ വ്യവസ്ഥയനുസിരച്ച് അബൂജന്‍ദലി(റ)ന് മടങ്ങിപ്പോവേണ്ടിവന്നു. ഇസ്‌ലാമിലെ ത്യാഗസന്നദ്ധരായ ഭടന്മാര്‍ നബിയോടുള്ള അനുസരണത്തിന്റെ തീവ്രമായ ഒരു പരീക്ഷണം തരണം ചെയ്യുകയും ചെയ്തു. ഒരു വശത്ത് പ്രത്യക്ഷത്തില്‍ ഇസ്‌ലാമിന് അപമാനകരമെന്ന് തോന്നുമാറ് അബൂജന്‍ദലിന്റെ ദയനീയാവസ്ഥ. മറുവശത്ത് യാതൊരു എതിര്‍പ്പുമില്ലാത്ത അനുസരണം. തിരുമേനി(സ) അബൂജന്‍ദലിനോടു പറഞ്ഞു: ”അബൂജന്‍ദല്‍, ക്ഷമയോടും സ്ഥൈര്യത്തോടും പ്രവര്‍ത്തിക്കുക. അല്ലാഹു നിങ്ങള്‍ക്കും ഇതര മര്‍ദിതര്‍ക്കും വേണ്ടി എന്തെങ്കിലും വഴി തുറന്നുതരും. ഇപ്പോള്‍ സന്ധിപൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു. ഇവരോടു കരാര്‍ ലംഘനം നടത്താന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല.” അങ്ങനെ അബൂജന്‍ദലിനു കാല്‍ച്ചങ്ങല വലിച്ചുമടങ്ങിപോരേണ്ടിവന്നു.
ഹുദൈബിയാ സന്ധിയുടെ ഫലങ്ങള്‍
ഉടമ്പടി പത്രം പൂര്‍ത്തിയായശേഷം അവിടെവെച്ചുതന്നെ ബലികര്‍മം നടത്താന്‍ തിരുമേനി ജനങ്ങളോട് കല്‍പിച്ചു. ആദ്യം നബി(സ) സ്വയം ബലിനടത്തി തലമുടി മുണ്ഡനം ചെയ്തു. അതിനുശേഷം സ്വഹാബികള്‍ കല്‍പന പ്രാവര്‍ത്തികമാക്കി. സന്ധിക്കുശേഷം നബി(സ) മൂന്ന് ദിവസം ഹുദൈബിയയില്‍തന്നെ താമസിച്ചു. മടക്കത്തില്‍ സൂറത്തുല്‍ ഫതഹ് അവതരിച്ചു. അതില്‍ ഈ സന്ധിസംഭവത്തെ സൂചിപ്പിച്ചു അതിനെ ‘ഫത്ഹുന്‍ മുബീന്‍’-സ്പഷ്ടമായ വിജയം- എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഏതൊരു വ്യവസ്ഥകളനുസരിച്ച് മുസ്‌ലിംകള്‍ സന്ധിചെയ്യാന്‍ സമ്മര്‍ദവിധേയരായോ അതിനെ സ്പഷ്ടമായ വിജയം എന്ന് വിശേഷിപ്പിക്കുക എന്നത് പ്രത്യക്ഷത്തില്‍ വിചിത്രമായ ഒരു കാര്യമായിരുന്നു. എന്നാല്‍, പില്‍ക്കാല സംഭവങ്ങള്‍ ഹുദൈബിയാ സന്ധി യഥാര്‍ഥത്തില്‍ ഇസ്‌ലാമികപ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയത്തിന്റെ മുന്നോടിയായിരുന്നുവെന്ന് വ്യക്തമായി തെളിയിച്ചു. അതിന്റെ വിശദാംശങ്ങള്‍ ഇതാണ്. ഇതേവരെ മുസ്‌ലിംകള്‍ക്കും അവിശ്വാസികള്‍ക്കുമിടയില്‍ യുദ്ധാവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഇരുവിഭാഗങ്ങള്‍ക്കും പരസ്പരം ഒരുമിച്ച് കഴിയാനുള്ള ഒരവസരവും ലഭിച്ചിരുന്നില്ല. ഈ സന്ധിയിലെ വ്യവസ്ഥകള്‍ ഈ അവസ്ഥക്ക് വിരാമമിട്ടു. ഇപ്പോള്‍ മുസ്‌ലിം കളും അവിശ്വാസികളും അന്യോന്യം ഇടകലര്‍ന്ന് കഴിയാന്‍ തുടങ്ങി. പരസ്പരം കുടുംബബന്ധങ്ങളും വ്യാപാര ബന്ധങ്ങളും ആരംഭിച്ചു. അമുസ്‌ലിംകള്‍ നിര്‍ഭയരായി മദീനയില്‍ വന്ന് മാസങ്ങളോളം അവിടെ താമസിച്ച് മുസ്‌ലിംകളുമായി കൂടിക്കഴിഞ്ഞു. ഇത് മുഖേന അവര്‍ക്ക് പുതിയ ഇസ്‌ലാമിക സൊസൈറ്റിയിലെ ആളുകളെ അടുത്തുനിന്ന് വീക്ഷിക്കാന്‍ അവസരം ലഭിച്ചു. ഇവിടെ വന്ന അവരില്‍ അത്ഭുതകരമായ പ്രതികരണങ്ങളുളവായി. ഏതൊരു വിഭാഗത്തിന്നെതിരില്‍ അവരുടെ ഹൃദയങ്ങളില്‍ വെറുപ്പും വിദ്വേഷവും നിറഞ്ഞുനിന്നിരുന്നുവോ അവരുടെ സ്വഭാവം, വ്യവഹാരം, സമ്പ്രദായങ്ങള്‍ എന്നിവയില്‍ തങ്ങളുടെ ആളുകളേക്കാള്‍ എത്രയോ ഉന്നതരായാണവര്‍ കണ്ടെത്തിയത്. അല്ലാഹുവിന്റെ ഏതൊരു അടിമകള്‍ക്കെതിരിലാണോ തങ്ങള്‍ യുദ്ധോദ്യുക്തരായിരുന്നത് അവരുടെ ഹൃദയങ്ങളില്‍ തങ്ങള്‍ക്കെതിരില്‍ യാതൊരു ശത്രുതയും വിദ്വേഷവുമില്ലെന്ന് അവര്‍ കണ്ടു. പ്രത്യുത അവര്‍ക്ക് വല്ല വെറുപ്പുമുണ്ടായിരുന്നെങ്കില്‍ അത് തങ്ങളുടെ തെറ്റായ വിശ്വാസാചാരങ്ങളോടു മാത്രമായിരുന്നു. മുസ്‌ലിംകളുടെ ഏതൊരു സംസാരവും, മനുഷ്യത്വവും സഹാനുഭൂതിയും നിറഞ്ഞതായിരുന്നു. ഇത്രയും യുദ്ധങ്ങള്‍ നടന്നിട്ടും മുസ്‌ലിംകള്‍ അവരോടുള്ള മാനുഷികസഹാനുഭൂതിയിലും സല്‍പെരുമാറ്റത്തിലും യാതൊരു കുറവും വരുത്തുന്നില്ല. കൂടാതെ ഈ പരസ്പരസമ്പര്‍ക്കം കാരണം ഇസ്‌ലാമിനെ സംബന്ധിച്ച സംശയങ്ങളെയും വിയോജിപ്പുകളെയും കുറിച്ച് അന്യോന്യം ചര്‍ച്ചചെയ്യാനും അമുസ്‌ലിംകള്‍ക്ക് നല്ല അവസരം ലഭിച്ചു. തങ്ങള്‍ ഇസ്‌ലാമിനെക്കുറിച്ച് എന്തുമാത്രം തെറ്റിദ്ധാരണകളിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് അമുസ്‌ലിം കള്‍ക്ക് മനസ്സിലായി. ചുരുക്കത്തില്‍ ഈ സ്ഥിതിവിശേഷം അമുസ്‌ലിം മനസ്സുകളെ സ്വയം ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കത്തക്ക ചില സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. സ്വന്തം നേതാക്കള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ഇട്ട തെറ്റിദ്ധാരണകളുടെ തിരശ്ശീലകള്‍ മുഴുവന്‍ ഉയരാന്‍ തുടങ്ങി. അങ്ങനെ ഈ ഉടമ്പടിക്ക് ശേഷം മൂന്നര വര്‍ഷത്തിനുള്ളില്‍ മുമ്പത്തേക്കാള്‍ എത്രയോ ആളുകള്‍ ഇസ്‌ലാം ആശ്ലേഷിച്ചു. ഈ ഘട്ടത്തില്‍ ഖുറൈശി പ്രമുഖരില്‍ ചിലര്‍ പോലും ഇസ്‌ലാമിന്റെ സ്വാധീനത്തിന് വശംവദരായി അമുസ്‌ലിംകളുമായി ബന്ധം വിഛേദിച്ച് മുസ്‌ലിംകളുടെ കൂടെക്കൂടി.ഹസ്രത്ത് ഖാലിദുബ്‌നു വലീദ് (റ), ഹ. അംറു്‌നുല്‍ ആസ് തുടങ്ങിയവര്‍ ഇക്കാലത്താണ് ഇസ്‌ലാം സ്വീകരിച്ചത്. ഇതോടെ പുരാതന ജാഹിലിയ്യത്ത് സ്വന്തം മരണത്തെ വ്യക്തമായി കാണത്തക്കവിധം ഇസ്‌ലാമിന്റെ സ്വാധീനം വ്യാപിക്കുകയും ശക്തി വര്‍ധിക്കുകയും ചെയ്തു.
Discussion about this post