ഒരവ്യക്തത അനുസൃതമായി ആവര്‍ത്തിക്കപ്പെടുന്ന ഒരവ്യക്തത. അതോ ഒരസ്വാസ്ഥ്യമോ ? അനിര്‍വചനീയമായ എന്തെല്ലാമോ ആണ്. മരുമരീചികപോലെ അടുത്തെത്തി തൊടാനുഴറുമ്പോള്‍ അകലങ്ങളിലേക്ക് കുതറിപ്പായുന്നു. ഒന്നും വ്യക്തമല്ല. ഒരെത്തും പിടിയും കിട്ടുന്നില്ല. ഏകാന്തതയുടെ നിശ്ശബ്ദതയാമങ്ങളില്‍ സ്വല്‍പമൊരാശ്വാസം തോന്നും. പിന്നെയത് സ്വപ്‌നാനുഭവങ്ങളെപ്പോലെ മാഞ്ഞുതീരും. മുഹമ്മദ് ഏകാന്തതയാഗ്രഹിച്ചു. അങ്ങനെയാണദ്ദേഹം ഹിറാഗുഹയിലെത്തിയത്. അവിടത്തെ സാന്ദ്രനിശബ്ദതയുടെ മടിത്തട്ടില്‍സ്വയം മറഞ്ഞിരിക്കുമ്പോള്‍ സുഖം തോന്നും. തൈതെന്നലിന്റെ തലോടല്‍പോലെ അനവദ്യമായ വല്ലാത്തൊരു സുഖം.
മുഹമ്മദ് ഹിറാഗുഹയില്‍ ചെന്നിരിക്കുക പതിവായി. രാപ്പകലുകളില്ലാതെ അതാവര്‍ത്തിക്കപ്പെട്ടു. ചിലപ്പോള്‍ ഭക്ഷണസാധനങ്ങളുമായാണ് അവിടെ ചെല്ലുക. ഗൗരവമിയന്ന ഏതോ ഒരു ഉള്‍വിളിക്ക് കാത്തുനില്‍ക്കുന്ന മനസ്സുമായി അവിടെ അങ്ങനെയിരിക്കും.
കണ്ണടച്ചിരുന്നാല്‍ മനസിന്റെ ഭിത്തിയില്‍ സ്വപ്‌നങ്ങള്‍ വര്‍ണചിത്രങ്ങള്‍ വരയ്ക്കും. സ്വപ്‌നങ്ങളോരോന്നും ഒരായിരം പ്രതീകങ്ങളിലൂടെ എന്തെല്ലാമോ തന്റെ മുന്നില്‍ അനാവരണം ചെയ്യുന്നതുപോലൊരു തോന്നല്‍. വിനയപ്രകൃതിയായ മുഹമ്മദ് വിസ്മയം കൊണ്ടു! വീട്ടിലെത്തിയാല്‍ ഖദീജയെ വിളിച്ച് സ്വപ്‌നാനുഭവങ്ങള്‍ വിവരിക്കും. ഭയമുറഞ്ഞുനില്‍ക്കുന്ന ഒരു മനസിന്റെ ദുര്‍ബലചിത്രമാണ് ഖദീജ മുഹമ്മദില്‍ കണ്ടത്. ഖദീജ മുഹമ്മദിനെ ആശ്വസിപ്പിക്കും. മുഹമ്മദില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കും.
‘അങ്ങ് സത്യനിഷ്ഠനാണ്. നീതിമാനാണ്.സദാചാരശുദ്ധനാണ്. സകലര്‍ക്കും പ്രിയങ്കരനാണ്. അതിനാല്‍ ഒന്നും ഭയപ്പെടാനില്ല. സംശയിക്കാനുമില്ല. എല്ലാം നല്ലതിനാണ്. എല്ലാമറിയുന്ന അല്ലാഹു ഒരു കാരണവശാലും അങ്ങയെ പരിഹാസ്യനാക്കുകയില്ല. ധൈര്യമായിരിക്കൂ.’ ഖദീജയുടെ വാക്കുകള്‍ വിഭ്രാന്തമായ മുഹമ്മദിന്റെ മാനസികാവസ്ഥയ്ക്ക് നല്ലൊരു മരുന്നായി പരിണമിച്ചു. നല്ല പ്രവൃത്തികള്‍ കൊണ്ട് താന്‍ സമൂഹത്തിന്റെയും ദൈവത്തിന്റെയും മുന്നില്‍ അംഗീകരിക്കപ്പെട്ടവനാണ്. ആ നിലയില്‍ തനിക്കെന്നും ദൈവം തുണയുണ്ടാകുമെന്ന് മുഹമ്മദ് വിശ്വസിച്ചു. ഒരുപക്ഷേ, ഇതൊരുപരീക്ഷണമായിരിക്കാമെന്നും തന്റെയും ലോകത്തിന്റെയും ശാശ്വതമായ സുഖത്തിനും ശാന്തിക്കും പോരുന്ന വഴിതുറന്നുകാണുന്നതിന് താനനുഭവിക്കേണ്ടിവരുന്ന മഹത്തായ ക്ലേശപര്‍വമാവാമിതെന്നും മുഹമ്മദ് ആശ്വസിച്ചു. കൂടുതല്‍ മനഃസ്ഥൈര്യത്തോടും ആത്മവിശ്വാസത്തോടുംകൂടി അദ്ദേഹം ഹിറാഗുഹയില്‍ ചെന്നിരുന്ന് ധ്യാനനിരതനാവാന്‍ തുടങ്ങി.
ഒരു പാതിരാവില്‍ മുഹമ്മദ്, സാധാരണപോലെ ഗുഹാന്തര്‍ഭാഗത്ത് ധ്യാനനിരതനായിരിക്കുകയായിരുന്നു. പെട്ടെന്നദ്ദേഹത്തിന് തന്റെ മനസിന്റെ വാതായനങ്ങളെല്ലാം മലര്‍ക്കെ തുറക്കപ്പെട്ടതുപോലെ തോന്നി. അവാച്യവും മുമ്പ് അറിഞ്ഞിട്ടില്ലാത്തതുമായ ഒരു ദൈവികസൗരഭ്യം പ്രസരിക്കുന്ന കുളിര്‍ക്കാറ്റനുഭവപ്പെട്ടു. അഭൗമമായ ദിവ്യപ്രകാശം അവിടെ നിറഞ്ഞുവഴിയുന്നതായി തോന്നി. പെട്ടെന്നൊരു ശബ്ദം. അത് തികച്ചും അപ്രതീക്ഷിതമായിരുന്നു:
‘വായിക്കുക’
ഒരു കല്‍പനയുടെ ദൃഢസ്വരമതിനുണ്ടായിരുന്നു. എങ്ങുനിന്നാണാ ശബ്ദവിശേഷമെന്ന് അദ്ദേഹം അമ്പരന്നു. പരിഭ്രാന്തനായി ചുറ്റും നോക്കി. ആരെയും കാണാനില്ല. എന്നാല്‍ ഒരു ഉത്തരവിന് മുമ്പില്‍ നില്ക്കുന്നവനെപ്പോലെ അദ്ദേഹം പറഞ്ഞു:
‘ഞാന്‍ പഠിച്ചവനല്ല. വായിക്കാനെനിക്ക് അറിയില്ല’
മൂന്നുപ്രാവശ്യം കല്‍പനയും പ്രതിവചനവും ഒരേ തന്ത്രിയിലെ നാദധാരപോലെ ആവര്‍ത്തിക്കപ്പെട്ടു. നിരക്ഷരനായ തനിക്ക് തീര്‍ത്തും അസാധ്യമായ ഒരു കാര്യത്തിന്റെ നിര്‍വഹണത്തിനാണ് അനുജ്ഞ ലഭിച്ചിരിക്കുന്നത്. കല്‍പന ഏത് കോണില്‍നിന്നായാലും എത്ര ഉയരങ്ങളില്‍ നിന്നായാലും അതൊന്നും പരിഗണിക്കാതെ തന്റെ നിസ്സഹായത മുഹമ്മദ് സത്യസന്ധമായി പ്രകാശിപ്പിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ വായനക്കുള്ള മുന്നുപാധിയായ അറിവ് അത്യന്തം സംക്ഷേപിതമായ രൂപത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വാക്കുകളിലൂടെ ആ അരൂപചൈതന്യം മുഹമ്മദിനെ പ്രബോധിപ്പിക്കുകയുണ്ടായി. അതൊരു ജ്ഞാനസ്‌നാനമായിരുന്നു. വായനയ്ക്കവലംബമായ, അര്‍ഥപൂര്‍ണമായ ആധാരസംരചനായിരുന്നു.
‘കേവലം രക്തകണങ്ങളില്‍നിന്ന് നിന്നെമനുഷ്യനെ സൃഷ്ടിച്ചുവിട്ട, നിന്റെ രക്ഷകനായ സര്‍വലോകസ്രഷ്ടാവിന്റെ, തിരുനാമത്തില്‍ വായിക്കുക. തൂലികകൊണ്ട് മനുഷ്യനെ എഴുതാന്‍ പഠിപ്പിച്ച അജ്ഞാതങ്ങളായ കാര്യങ്ങള്‍ പഠിപ്പിച്ചിട്ട് അവനെ വിജ്ഞനാക്കിയ ഔദാര്യനിധിയായ ആ അല്ലാഹുവിന്റെ തിരുനാമത്തില്‍ വായിക്കുക’
പ്രത്യുത്തരമായി ഒന്നും പറയാന്‍ കഴിയാതെ മുഹമ്മദ് ഇതികര്‍തവ്യാമൂഢനായി നിന്നു. ദിവ്യസന്ദേശങ്ങളുടെ പിറവി കുറിക്കുന്ന മംഗളമുഹൂര്‍ത്തത്തിന്റെ മണിനാദമാണ് നാമവിടെ കേട്ടത്.
അത്ഭുതപരതന്ത്രനായി മുഹമ്മദ് വീട്ടിലേക്കോടി. ഓടിവരുന്ന മുഹമ്മദിനെ കണ്ട് ഖദീജ വിസ്മയിച്ചു. മുഹമ്മദിന്റെ മുഖം വിവര്‍ണമായിരുന്നു. കണ്ഠം ഇടറുന്നുണ്ട്. ശരീരം തളര്‍ന്നു വിറയ്ക്കുന്നതുപോലെ.
ഖദീജയെ അകത്തൊരിടത്തുവിളിച്ച് ഹിറാഗുഹയിലുണ്ടായ സംഭവം അടക്കിപ്പിടിച്ച സ്വരത്തില്‍ അതിരഹസ്യമായറിയിച്ചു. ഖദീജയുടെ കണ്ണുകള്‍ നിറഞ്ഞു. അഭിമാനബോധം കൊണ്ട് മുഖം തുടുത്തു. ആ മഹതീരത്‌നം ഇങ്ങനെ പറഞ്ഞു:
‘ അങ്ങ് സത്യം പറയുന്നു. കുടുംബബന്ധം സൂക്ഷിക്കുന്നു, അതിഥികളെ സല്‍ക്കരിക്കുന്നു. അശരണനെ സഹായിക്കുന്നു. അതിനാല്‍ അങ്ങയെ തുണക്കും, എന്നും.’
ഖദീജയുടെ അനുനയവാക്കുകള്‍ മുഹമ്മദിലുണ്ടാക്കിയ ആശ്വാസം അളവറ്റതായിരുന്നു. മുഹമ്മദ് വിശ്രമിക്കാന്‍ കിടന്നു. ക്രമത്തിലദ്ദേഹം ഗാഢനിദ്രയിലാണ്ടു.
ദൈവാനുഗ്രഹത്തിന് വിധേയനായ തന്റെ പ്രിയതമനെയോര്‍ത്ത് ആ സൗഭാഗ്യവതി അഭിമാനമണിഞ്ഞു. നല്ല ഉറക്കമാണെന്ന് ബോധ്യമായപ്പോള്‍ ഖദീജ പതുക്കെ പുറത്തേക്കിറങ്ങി. ഒരു പുതിയ ജീവിതത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുന്നതുപോലെ ഖദീജയുടെ മനസ് ഉത്ക്കണ്ഠാഭരിതമായി. അജ്ഞേയമായ പലതും ഒന്നൊന്നായി തന്റെ മുന്നിലൂടെ തെന്നിമായും പോലെ അവര്‍ക്കുതോന്നി. പ്രതീക്ഷകളും ഭയാശങ്കകളും അവരുടെ മനസില്‍ പാഞ്ഞു പറന്നുകളിച്ചു. അഭിജ്ഞരും ആത്മാര്‍ഥമായി തങ്ങളെ സ്‌നേഹിക്കുന്നവരുമായ ആരുടെയെങ്കിലും മുന്നില്‍ തന്റെ മനോവിഭ്രമമറിയിക്കാന്‍ കഴിഞ്ഞാല്‍ ആശ്വാസം ലഭിക്കുമെന്ന് അവര്‍ കരുതി.
വളരെ അകലെയല്ല തന്റെ പിതൃവ്യപുത്രനായ വറഖത് ബിന്‍ നൗഫല്‍ താമസിക്കുന്നതെന്ന് അവര്‍ക്കറിയാം. അദ്ദേഹം ആത്മീയവിഷയങ്ങളില്‍ അഗാധപണ്ഡിതനും ഇന്‍ജീല്‍ പഠിച്ച് അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ ഒരു ക്രിസ്തീയവിശ്വാസിയുമാണ്. ഖദീജ വറഖത് ബിന്‍ നൗഫലിന്റെ വസതിയിലെത്തി; ഖദീജയുടെ മുഖത്ത് വിഭ്രാന്തി നിഴലിട്ടിരുന്നു. തന്റെ ഭര്‍ത്താവിനുണ്ടായ വിശേഷാനുഭവം ഖദീജ അദ്ദേഹത്തിന്റെ മുന്നിലവതരിപ്പിച്ചു. വറഖത് ബിന്‍ നൗഫല്‍ എല്ലാം സവിസ്മയം കേട്ടു. വറഖത് ആത്മഗതം പോലെ ഇങ്ങനെ പറഞ്ഞു:
‘ പരിശുദ്ധാത്മാവ്! പരിശുദ്ധാത്മാവ്! വറഖതിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനില്‍ സത്യം. ഖദീജാ നീ പറയുന്നത് യാഥാര്‍ഥ്യമെങ്കില്‍ അദ്ദേഹത്തിന്റെ അടുത്തുവന്നത് പണ്ട് മൂസായുടെ അടുത്തുവന്ന ആ മഹാദൂതന്‍ തന്നെ. അദ്ദേഹം ഈ ജനതയുടെ പ്രവാചകനാണ്! നിശ്ചയം ദൃഢചിത്തനായിരിക്കുവാന്‍ അദ്ദേഹത്തോട് പറഞ്ഞേക്കൂ.’
ഖദീജ വീട്ടില്‍ തിരിച്ചെത്തി. അപ്പോഴും മുഹമ്മദ് ഉറക്കമുണര്‍ന്നിരുന്നില്ല. ഖദീജയുടെ കണ്ണുകള്‍ആ മുഖത്തുതന്നെ പതിഞ്ഞുനിന്നു. വാത്സല്യനിധിയായ ഒരു മകനോടെന്ന പോലെ അനുകമ്പ നിറഞ്ഞതായിരുന്നു ആ നോട്ടം. മുഹമ്മദിന്റെ വിശ്വസ്തതയും ആത്മശുദ്ധിയും സത്യസന്ധതയും ഔദാര്യവും പരിചയിച്ചുപോന്ന ഖദീജ അദ്ദേഹത്തെ തന്റെ ഹൃദയത്തില്‍ ഇതിനകംതന്നെ ദൃഢരൂഢമായി പ്രതിഷ്ഠിച്ചു കഴിഞ്ഞിരുന്നു. ആ മുഖത്ത് നിറഞ്ഞ കണ്ണുകളോടെ നോക്കിനില്‍ക്കുമ്പോള്‍ ഖദീജയ്ക്ക് വല്ലാത്തൊരു നിര്‍വൃതിയനുഭവിക്കുന്നതുപോലെ തോന്നി.
ഉറക്കമുണര്‍ന്ന മുഹമ്മദ് കുറേക്കൂടി സ്വസ്ഥനായി കാണപ്പെട്ടു. പണ്ഡിതനും തങ്ങളുടെ അഭ്യുദയകാംക്ഷിയുമായ വറഖത് പറഞ്ഞ കാര്യങ്ങള്‍ മുഹമ്മദിനെ കൂടുതല്‍ ആത്മവിശ്വാസമുള്ളവനാക്കി മാറ്റി. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അല്ലാഹുവിലേക്കും അവന്റെ ഇബാദത്തിലേക്കും അവരെ ക്ഷണിക്കുവാനുമുള്ള ജിബ് രീലിന്റെ ആഹ്വാനം അദ്ദേഹമനുസരിച്ചു. ഇതിനിടയിലാണ് ഖദീജയുടെ വിശ്വാസപ്രഖ്യാപനംആത്മസമര്‍പണം ഉണ്ടായത്.
‘അങ്ങയുടെ പ്രവാചകത്വത്തിലും നൂതനാദര്‍ശത്തിലും സ്‌നേഹപൂര്‍വം ഞാന്‍ വിശ്വാസം പ്രഖ്യാപിക്കുന്നു.’ ഇരുവരും അബൂബക്‌റിനെ കാണാന്‍ പുറപ്പെട്ടു. മക്കയിലെ ഒരു പ്രാമാണികകുടുംബത്തിലെ അംഗമാണ് അബൂബക്ര്!. എല്ലാവരേയും സ്‌നേഹിക്കുക, മറ്റുള്ളവര്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യുക അതാണദ്ദേഹത്തിന്റെ ജീവിതവ്രതം. പ്രായത്തില്‍ കവിഞ്ഞ പക്വത സൂക്ഷിച്ചുപോന്ന അബൂബക്‌റെ മുഹമ്മദിന്റെ ഹൃദയം സൂക്ഷിപ്പുകാരനായിട്ടാണ് ആളുകള്‍ കണ്ടിരുന്നത്.
മുഹമ്മദ് തന്റെ ദിവ്യാനുഭവങ്ങള്‍ സുഹൃത്തിന്റെ മുന്‍പില്‍ വിവരിച്ചു.അബൂബക്കര്‍ അതീവശ്രദ്ധയോടും വിസ്മയത്തോടും കൂടിയാണ് അത് കേട്ടത്. കളിയായിപ്പോലും പൊളിപറയാത്ത മുഹമ്മദിനെ അവിശ്വസിക്കാന്‍ അബൂബക്കറിന് കഴിയുമായിരുന്നില്ല. തന്റെ സുഹൃത്തിന് ദൈവത്തില്‍നിന്ന് ലഭിച്ച അംഗീകാരത്തില്‍ അബൂബക് ര്‍ അകംനിറഞ്ഞാനന്ദിച്ചു.
Discussion about this post