വിഗ്രഹങ്ങളെ ആരാധിച്ചുകൊണ്ടിരുന്ന ഒരു അറബ് ഗോത്രത്തിലാണ് എഡി. 570ല്‍ മുഹമ്മദ് ജനിച്ചത്. അനാഥനായി ജനിച്ച അദ്ദേഹം സമൂഹത്തിലെ അധഃസ്ഥിതരെയും അടിമകളെയും വിധവകളെയും അനാഥരെയും അഗതികളെയും ആര്‍ദ്രതയോടെ സമീപിച്ചു. ഇരുപതാമത്തെ വയസ്സില്‍ സമ്പന്ന വിധവയായ ഖദീജയുടെ വാണിജ്യഒട്ടകസംഘത്തെ നയിക്കുന്ന കച്ചവടക്കാരനായി. ഖദീജ തന്റെ കീഴിലെ 25 വയസ്സുമാത്രമുള്ള ആ തൊഴിലാളിയുടെ മഹത്വമറിഞ്ഞ് അദ്ദേഹത്തോട് വിവാഹ അഭ്യര്‍ത്ഥന നടത്തി. തന്നെക്കാള്‍ 15 വയസ്സ് പ്രായം കൂടുതലുണ്ടെന്നറിഞ്ഞിട്ടും അവരെ വിവാഹം കഴിച്ച് അര്‍പ്പണ മനോഭാവമുള്ള ഭര്‍ത്താവായി മുഹമ്മദ് വര്‍ത്തിച്ചു.
അദ്ദേഹത്തിന്റെ മുന്‍ഗാമികളായ പ്രവാചകന്മരെപ്പോലെതന്നെ മുഹമ്മദും ദൈവത്തിന്റെ വചനങ്ങളെ ഏറ്റെടുക്കാന്‍ തന്റെ കുറവുമനസ്സിലാക്കിയിട്ടോ എന്തോ മടിച്ചു. പക്ഷേ, മാലാഖ അദ്ദേഹത്തോട് വായിക്കാന്‍ ആജ്ഞാപിച്ചു. നാം അറിയുന്ന മുഹമ്മദ് എഴുത്തും വായനയും വശമില്ലാത്തവനാണ്. പക്ഷേ, ഒട്ടുമേവൈകാതെ ആഗോളജനസഞ്ചയത്തെ ഒന്നായി ഇളക്കി മറിച്ച ആ വാക്കുകള്‍ അദ്ദേഹം ഉച്ചരിക്കാന്‍ തുടങ്ങി: ‘ ദൈവം ഒന്നേയുള്ളൂ’
എല്ലാ സംഗതികളിലും മുഹമ്മദ് തികഞ്ഞ പ്രായോഗമതിയായിരുന്നു.അദ്ദേഹത്തിന്റെ മകന്‍ ഇബ് റാഹീം മരണപ്പെട്ട ദിനത്തില്‍ യാദൃശ്ചികമായി സൂര്യഗ്രഹണമുണ്ടായി . ദൈവം അനുശോചനം രേഖപ്പെടുത്തിയതാണെന്ന് ചിലര്‍ അടക്കം പറഞ്ഞു. അപ്പോള്‍ തന്നെ മുഹമ്മദ് പ്രഖ്യാപിച്ചു: ‘ഗ്രഹണം എന്നത് പ്രകൃതി പ്രതിഭാസമാണ്. ഏതെങ്കിലും മനുഷ്യന്റെ ജനന മൃതികളുമായി അതിനെ ബന്ധിപ്പിക്കുന്നത് തികഞ്ഞ അസംബന്ധമത്രെ’.
മുഹമ്മദിന്റെ മരണവേളയില്‍ അദ്ദേഹത്തെ ദൈവതുല്യനായി കാണാനുള്ള ഒരു ശ്രമമുണ്ടായി. ആ സമയത്ത് അദ്ദേഹത്തിന്റെ പിന്‍ഗാമി മതചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടില്ലാത്ത ഉജ്ജ്വലഭാഷണത്തിലൂടെ ആ ചിത്തഭ്രമത്തെ അടക്കം ചെയ്തു. ‘ ‘നിങ്ങളില്‍ ആരെങ്കിലും മുഹമ്മദിനെ ആരാധിച്ചിരുന്നുവെങ്കില്‍ മുഹമ്മദ് ഇതാ മരിച്ചിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെ ആരാധിച്ചിരുന്നുവെങ്കില്‍ അവനെന്നെന്നും നിലനില്‍ക്കുന്നവനാണ്’.
Discussion about this post