ഹുദൈബിയാ സന്ധി കഴിഞ്ഞു രണ്ടുവര്‍ഷമായപ്പോഴേക്കും സന്ധിവ്യവസ്ഥകള്‍ മക്കയിലെ ബഹുദൈവവിശ്വാസികള്‍ ലംഘിച്ചു. അതിനെത്തുടര്‍ന്ന് പതിനായിരം മുസ്ലിംകളോടൊന്നിച്ച് നബി മക്കയിലേക്ക് പുറപ്പെട്ടു. മുസ്ലിംകളുടെ ശക്തിയും സംഖ്യാബലവും കണ്ട് ഭയപ്പെട്ട മക്കയിലെ ബഹുദൈവവിശ്വാസികള്‍ ഒരു ഏറ്റുമുട്ടലിനു തയ്യാറായില്ല.
തികച്ചും രക്തരഹിതമായ ഒരു മുന്നേറ്റത്തിലൂടെ മക്ക മുസ്ലിംകള്‍ക്കധീനമായി. 8 വര്‍ഷം മുമ്പ് മക്ക വിട്ടുപോകേണ്ടി വന്ന നബിയും അനുചരന്മാരും അന്തസ്സോടെ മക്കയില്‍ പ്രവേശിച്ചു. കഅ്ബയിലെ വിഗ്രഹങ്ങള്‍ നീക്കം ചെയ്തു. അവിടെ ഏകദൈവാരാധന പുനഃസ്ഥാപിച്ചു. തന്നോടും അനുചരന്മാരോടും വളരെ നിന്ദ്യമായും ക്രൂരമായും പെരുമാറിയ മക്കക്കാര്‍ക്ക് നബി പൊതുമാപ്പ് നല്‍കി. അദ്ദേഹം അവരോട് പറഞ്ഞു: ‘നിങ്ങള്‍ക്കെതിരെ പ്രതികാരമൊന്നുമില്ല. പൊയ്ക്കൊള്ളുക. നിങ്ങളെല്ലാവരും സ്വതന്ത്രരാകുന്നു.’
ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത സംഭവമാണ് മക്കാവിജയം. മര്‍ദ്ദകരായ ശത്രുക്കളെ പൂര്‍ണമായും ജയിച്ചടക്കിയ ശേഷം പൊതുമാപ്പ് പ്രഖ്യാപിച്ച ഒരു ഭരണാധികാരി അതിനുമുമ്പ് ഉണ്ടായിട്ടില്ല. മക്കക്കാരില്‍ ഭൂരിഭാഗവും ഇസ്ലാമിക വിശ്വാസം സ്വീകരിക്കാന്‍ ഈ സമീപനം കാരണമായി. തുടര്‍ന്ന് അയല്‍പ്രദേശങ്ങളില്‍നിന്ന് ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്ലാം ആശ്ളേഷിച്ചുകൊണ്ടിരുന്നു. പ്രവിശാലമായ അറേബ്യന്‍ ഭൂവിഭാഗം മുഴുവന്‍ ഇസ്ലാമിക രാഷ്ട്രത്തിനു കീഴിലായി.
Discussion about this post