ഒട്ടേറെ ഹദീസ് ഗ്രന്ഥങ്ങള്‍ പല കാലങ്ങളിലായി ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. അവ മുഴുവനായും നമുക്ക് ലഭ്യമായിട്ടില്ല.ലോകത്തിലെ വിവിധ ഗ്രന്ഥാലയങ്ങളില്‍ അപ്രകാശിതങ്ങളായ അനേകം ഹദീസ് ഗ്രന്ഥങ്ങളുടെ കയ്യെഴുത്തുപ്രതികളുണ്ട്. എത്രതന്നെ ബൃഹത്തായാലും എല്ലാ ഹദീസുകളെയും ഉള്‍ക്കൊള്ളാന്‍ ഒരു ഹദീസ് ഗ്രന്ഥത്തിനും സാധിക്കുകയില്ല.ഇമാം അഹമദു ബ്നു ഹമ്പല്‍ തന്റ മുസ്നദിനു വേണ്ടി 7,50,000 ഹദീസുകള്‍ തിരഞ്ഞെടുത്തെങ്കിലും അവയില്‍ 40,000 ഹദീസുകളെ ഉള്‍ക്കൊള്ളാന്‍ പോലും
അദ്ദേഹത്തിന്റെ ഗ്രന്ഥത്തിനായില്ല. ഇമാം സുയൂത്വി തന്റെ ജംഅുല്‍ ജവാമിഇല്‍ സാധ്യമാകുന്നത്ര മുഴുവന്‍ ഹദീസുകളും സമാഹരിക്കാന്‍ ഉദ്ദേശിച്ചെങ്കിലും ഒരു ലക്ഷത്തിലപ്പുറം പോവാന്‍ അദ്ദേഹത്തിനും സാധിച്ചില്ല. ഇന്ന് ഗ്രന്ഥരുപത്തില്‍ സമാഹരിക്കപ്പെട്ട ഹദീസുകളെല്ലാം വ്യത്യസ്ത കാലങ്ങളില്‍ വ്യത്യസ്ത സ്രോതസ്സുകളില്‍ നിന്ന് സമാഹരിക്കപ്പെട്ടവയാണ്.അതിനാല്‍ ഈ ഹദീസ് സമാഹാരങ്ങളെല്ലാം ഒരേ നിലവാരത്തിലുള്ളതാണെന്ന് പറയാനാവില്ല.സമാഹരണിനു സ്വീകരിച്ച മാനദണ്ഡവും അവലംബിച്ച സ്രോതസ്സിന്റെ നിലവാരവും അനുസരിച്ച് ഹദീസ് സമാഹാരത്തിന്റെ പദവിയും വ്യത്യസ്തമായിരിക്കും. അതിനാല്‍ ഉള്ളടക്കത്തിന്റെ ബലാബലം പരിഗണിച്ച് പണ്ഡിത•ാര്‍ ഹദീസ് ഗ്രന്ഥങ്ങളെ പല തട്ടുകളായി തിരിച്ചിട്ടുണ്ട്. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹ് മുസ്ലിം, മുവത്വ എന്നീ സമാഹാരങ്ങളാണ് പ്രഥമശ്രേണിയിലെ ഗ്രന്ഥങ്ങള്‍. ഹദീസ് കൊള്ളുന്നതില്‍ പുലര്‍ത്തിയ ഉയര്‍ന്ന മാനദണ്ഡമാണ് ഇവയ്ക്ക് പ്രഥമശ്രേണിയില്‍ ഇടം നല്‍കിയത്. മുതവാത്തിര്‍, സ്വഹീഹ്, ഹസന്‍ എന്നീ ഗണങ്ങളില്‍പ്പെട്ട ഹദീസുകളാണ് ഇവയുടെ ഉള്ളടക്കം. ജാമിഉ തിര്‍മുദി, സുനനു അബീദാവൂദ്, മുസ്നദ് അഹമ്മദുബ്നുഹമ്പല്‍, സുനനു നസാഇ, സുനനു ഇബ്നുമാജ തുടങ്ങിയ സമാഹാരങ്ങളാണ് ദ്വിതീയ ശ്രേണിയിലെ ഗ്രന്ഥങ്ങള്‍. ദുര്‍ബല ഗണത്തില്‍പെട്ട ചില ഹദീസുകള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ പ്രഥമശ്രേണിയിലെ ഗ്രന്ഥങ്ങളുടെ നിലവാരം പ്രാപിക്കാനായില്ലെങ്കിലും പില്‍ക്കാലക്കാര്‍ ഇവയ്ക്ക് പൊതു സ്വീകാര്യത നല്‍കിയിട്ടുണ്ട്. ഹദീസ് പണ്ഡിത•ാര്‍ ഈ രണ്ട് ശ്രേണിയിലെ ഗ്രന്ഥങ്ങളെയാണ് കാര്യമായി അവലംബിക്കുന്നത്.
സ്വഹീഹുകള്‍ക്കുപുറമെ എല്ലാ ഗണത്തിലും പെട്ട ദുര്‍ബല ഹദീസുകളും ഉള്‍ക്കൊള്ളുന്ന മുസ്വന്നഫ് ഇബ്നി അബീശൈബ, സുനനു ദാരിമി,മുസ്നദുത്വയാലിസി, മുസ്നദു അബ്ദുബ്നു ഹുമൈദ്, ബൈഹഖിയുടെ സുനന്‍, ത്വബ്റാനിയുടെ മുഅ്ജമുകള്‍, ത്വഹാവിയുടെ ശര്‍ഹു മആനില്‍ആഥാര്‍ തുടങ്ങിയ സമാഹാരങ്ങളാണ് മൂന്നാം ശ്രേണിയില്‍പ്പെട്ട ഗ്രന്ഥങ്ങള്‍.കാഥികര്‍, സാരോപദേശകര്‍, സ്വൂഫികള്‍, നീതിബോധമില്ലാത്ത അനാചാരത്തിന്റെ പ്രയോക്താക്കള്‍ തുടങ്ങിയവരില്‍നിന്നു കേട്ട ഹദീസിന്റെ സമാഹാരമാണ് നാലാമത്തേതും അവസാനത്തേതുമായ ശ്രേണിയിലെ ഗ്രന്ഥങ്ങള്‍. ഇബ്നു മര്‍ദവൈഹി, ഇബ്നുശാഹീന്‍, അബൂശൈഖ് തുടങ്ങിയവരുടെ ഗ്രന്ഥങ്ങള്‍ ഈ ഗണത്തില്‍പ്പെടുന്നവയാണ്. ഹദീസ് നിവേദനശാസ്ത്രത്തില്‍ അവഗാഹമുള്ളവരാരും തന്നെ ഇത്തരം ഗ്രന്ഥങ്ങളെ അവലംബിക്കുകയില്ല.
അവതരണ രീതിയും പ്രതിപാദന സ്വഭാവവും അനുസരിച്ച് ഹദീസ് ഗ്രന്ഥങ്ങള്‍ പല ഇനങ്ങളായി തരം തിരിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ:
1. ജാമിഅ്: ആദര്‍ശം, അനുഷ്ഠാനം, ഇടപാടുകള്‍, വിധികള്‍, ചരിത്രം, അപദാനങ്ങള്‍, കുഴപ്പം, അന്ത്യനാളിന്റെ അടയാളങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിഷയങ്ങളും അധ്യായക്രമത്തില്‍ സമാഹരിക്കപ്പെട്ട ഗ്രന്ഥങ്ങളാണ് ജാമിഅ്. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്ലിം, ജാമിഉത്തിര്‍മുദി, തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നു.
2. സുനന്‍: കര്‍മശാസ്ത്രപരമായ ക്രോഡീകരണ രീതിയനുസരിച്ച് സമാഹരിച്ചവയാണ് സുനന്‍. സുനനുഅബീദാവൂദ്, സുനനു നസാഈ, സുനനു ഇബ്നുമാജ തുടങ്ങിയവ ഈ ഗണത്തില്‍പെടുന്നു.
3. മുസ്നദ്: വിഷയക്രമം ദീക്ഷിക്കാതെ ഓരോ സ്വഹാബിമാരുടെയും നിവേദനം ഒറ്റ സ്ഥലത്ത് ലഭ്യമാകുംവിധം സമാഹരിക്കപ്പെട്ടവയാണ് മുസ്നദ്. ചിലര്‍ സ്വഹാബികളുടെ പദവിയനുസരിച്ചാണ് സമാഹരണത്തിന്റെ മുന്‍ഗണനാക്രമം നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ മറ്റു ചിലരുടെ സമാഹരണം അക്ഷരമാലാ ക്രമത്തിലാണ്. മുസ്നദു അഹ്മദുബ്നു ഹമ്പല്‍, മുസ്നദു അബീദാവൂദിത്ത്വയാലിസി, മുസന്നഫ് ബ്നു അബീശൈബ തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നു.
4. മുഅ്ജം: നിഘണ്ടുവിലേതുപോലെ അക്ഷരമാലാക്രമത്തില്‍ രാജ്യത്തിന്റെയും ഗോത്രത്തിന്റെയും പേരുകളുടെ അടിസ്ഥാനത്തില്‍ സമാഹരിക്കപ്പെട്ടവയാണ്ഇവ. ത്വബ്റാനിയുടെ മുഅ്ജം ഈ ഗണത്തില്‍പ്പെടുന്നു.
5. മുസ്തദ്റക്: ഏതെങ്കിലും ഹദീസ് ഗ്രന്ഥകാരന്‍ തന്റെ ഉപാധികള്‍ക്ക് പൂര്‍ണമായും ഇണങ്ങുന്നതായിട്ടുപോലും എന്തുകൊണ്ടോ തന്റെ സമാഹരണത്തില്‍ ഉള്‍പ്പെടുത്താതെ പോയ ഹദീസുകള്‍ തെരഞ്ഞെടുത്ത് മറ്റൊരാള്‍ സമാഹരിച്ചതാണ് മുസ്തദ്റക്ക്. ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും സ്വഹീഹുകളില്‍ ഉള്‍പ്പെടാതെപോയ ഹദീസുകളുടെ സമാഹാരമായ ഹാക്കിമിന്റെ മുസ്തദ്റക് ഈ ഗണത്തില്‍പ്പെടുന്ന പ്രശസ്ത ഗ്രന്ഥമാണ്.
6. മുസ്തഖ്റജ്: ഏതെങ്കിലും ഹദീസ് പണ്ഡിതന്റെ സമാഹാരത്തിലുള്ള ഹദീസുകള്‍ അദ്ദേഹം അവലംബിച്ചതല്ലാത്ത മറ്റൊരുനിവേദക പരമ്പര വഴി ഉദ്ധരിച്ചുകൊണ്ട് മറ്റൊരാള്‍ തന്റെ പേരില്‍ സമാഹരിച്ചവയാണ് മുസ്തഖ്റജ്. സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്ലിം, ജാമിഉത്തിര്‍മുദി, സുനനു അബീദാവൂദ് തുടങ്ങിയവയില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഹദീസുകളെല്ലാം ഈവിധം മറ്റു പലരും സമാഹരിച്ചിട്ടുണ്ട്. മുസ്തഖ്റജു അബീബക്ക്രില്‍ ഇസ്മാഈല്‍ അല്‍ ബുഖാരി, മുസ്തഖ്റജു അബീ അവാന അലാ മുസ്ലിം, മുസ്തഖ്റജു അബീ അലിയ്യുത്തൂസി അലാ തിര്‍മിദി എന്നിവ ഉദാഹരണം.
Discussion about this post