സ്വഹാബിമാരുടെ ഏടുകള്‍
പ്രവാചകന്റെ കാലത്തുതന്നെ ഹദീസുകള്‍ ധാരാളമായി എഴുതി സൂക്ഷിച്ചിരുന്ന മറ്റൊരു സ്വഹാബിയാണ് അബ്ദുല്ലാഹിബ്നു അംറിബ്നു ആസ്. അസാമാന്യമായ ബുദ്ധിശാലിയും വിജ്ഞാനദാഹിയുമായിരുന്നു അദ്ദേഹം. ഹിജ്റ വേളയില്‍ പതിനാറോ പതിനേഴോ വയസ്സുള്ള യുവാവായ അദ്ദേഹത്തിന് നബി ഖുര്‍ആനോടൊപ്പം ബൈബിളും പഠിക്കാനുള്ള അനുവാദവും നല്‍കിയിരുന്നു.
ഒരാള്‍ക്ക് ഹദീസുകള്‍ എഴുതിവെക്കാന്‍ പ്രവാചകന്‍ അനുവാദം നല്‍കിയിരിക്കുന്നുവെന്നറിഞ്ഞ അബ്ദുല്ല അതിനുശേഷം പ്രവാചകനില്‍നിന്ന് കേള്‍ക്കുന്നതൊക്കെയും എഴുതിവെക്കാന്‍ തുടങ്ങി. പ്രവാചകന്‍ നേരില്‍ത്തന്നെ അദ്ദേഹത്തിന് അനുവാദം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പൂര്‍ണമായ മനസ്സമാധാനം ലഭിക്കുന്നതിനായി, താന്‍ എഴുതിയെടുക്കുന്നതില്‍ തിരുമേനിക്ക് വല്ല നീരസവുമുണ്ടോ എന്ന് അന്വേഷിക്കുകയുണ്ടായി. അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധമായരുന്നു പ്രവാചകന്റെ മറുപടി: ‘എന്റെ ജീവന്‍ ആരുടെ കരങ്ങളിലാണോ അവന്‍ സത്യം. ഇവിടെനിന്ന് പുറത്തുവരുന്നതെല്ലാം (തന്റെ വായിലേക്ക് ചൂണ്ടിക്കൊണ്ട്) സത്യമാണ്.’ അതോടെ വര്‍ധിതാവേശത്തോടെ ഹദീസുകള്‍ ക്രോഡീകരിക്കാന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സമാഹാരത്തില്‍ 10000 ഹദീസുകള്‍ ഉണ്ടായിരുന്നതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കാലശേഷം മകനും മകനുശേഷം പൌത്രനും ആ കോപ്പിയുടെ സഹായത്തോടെയാണ് ഹദീസുകള്‍ പഠിച്ചിരുന്നത്.
പ്രവാചകന്റെ ജീവിതകാലത്തുതന്നെ ഹദീസുകള്‍ എഴുതി ക്രോഡീകരിക്കാന്‍ താല്‍പര്യമെടുത്ത മറ്റൊരു സ്വഹാബി അനസുബ്നു മാലിക്കാണ്. ഹിജ്റ പോകുമ്പോള്‍ 10 വയസ്സ് മാത്രമുണ്ടായിരുന്ന അദ്ദേഹത്തെ മദീനയിലെത്തിയ ഉടനെ മാതാവ് കൈപിടിച്ച് നബിസന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും തന്റെ മകന് എഴുത്തും വായനയും അറിയാമെന്ന് അഭിമാനത്തോടെ അറിയിക്കുകയും ചെയ്തു. മാതാവിന്റെ പ്രത്യേക താല്‍പര്യപ്രകാരം നബി(സ) അനസിനെ സേവകനാക്കി കൂടെ നിര്‍ത്തി. അനസിന്റെ താമസം പ്രവാചകന്റെ വീട്ടിലായതിനാല്‍ നബി(സ)യുടെ ജീവിതം വളരെ അടുത്തുകാണാന്‍ അവസരം ലഭിച്ചു. അദ്ദേഹം നബിയില്‍നിന്ന് കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം ശ്രദ്ധാപൂര്‍വം എഴുതി സൂക്ഷിച്ചിരുന്നു. നബിയുടെ വിയോഗശേഷം അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചറിയാന്‍ തന്നെ സമീപിക്കുന്നവരോട് അനസ് തന്റെ പഴയ പെട്ടിയില്‍ ഭദ്രമായി സൂക്ഷിച്ച ആ ഏടുകള്‍ പുറത്തെടുത്ത് ഇപ്രകാരം പറയും: ‘നബി(സ)യുടെ ജീവിതത്തില്‍നിന്ന് ഞാന്‍ കുറിച്ചെടുത്ത കുറിപ്പുകളാണിത്. സമയാസമയം അത് പ്രവാചകനെ വായിച്ചുകേള്‍പ്പിക്കുകയും അബദ്ധങ്ങളുണ്ടെങ്കില്‍ അദ്ദേഹം അത് തിരുത്തുകയും ചെയ്യുമായിരുന്നു.’ തിരുമേനിയുടെ നേരിട്ടുള്ള പുന:പരിശോധനയ്ക്ക് വിധേയമായതിനാല്‍ ഏറ്റവും ആധികാരികമെന്ന് അനസിന്റെ സമാഹാരത്തെ കരുതാമെന്നാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയ ഡോ. ഹമീദുല്ലയുടെ നിരീക്ഷണം.
ഇവരെക്കൂടാതെ പ്രവാചകന്റെ ജീവിതകാലത്ത് ഹദീസ് എഴുതിസൂക്ഷിച്ചിരുന്ന വേറെയും സ്വഹാബിമാരുണ്ടായിരുന്നു. അബൂറാഫിഅ് എന്ന വിമുക്തഅടിമ അവരിലൊരാളാണ്. അബ്ദുല്ലാഹിബ്നു അംറിന്റെ സമാഹാരത്തില്‍ പതിനായിരം ഹദീസുകളുണ്ടായിരുന്നതായി മുകളില്‍ സൂചിപ്പിച്ചു. ആവര്‍ത്തനം ഒഴിവാക്കിയാല്‍ ബുഖാരിയുടെ സമാഹാരത്തില്‍ രണ്ടായിരത്തോളം ഹദീസുകളേ ഉള്ളൂ. പ്രവാചകന്റെ കാലത്തുതന്നെ എത്രയധികം ഹദീസുകള്‍ സമാഹരിക്കപ്പെട്ടുവെന്ന് ഇതില്‍നിന്ന് ഊഹിക്കാമല്ലോ. നിര്‍ഭാഗ്യവശാല്‍ തിരുമേനിയുടെ കാലത്തെ ഹദീസ് സമാഹാരങ്ങളിലെ മുഴുവന്‍ ഹദീസുകളും ഒരുമിച്ചല്ല നമുക്ക് ലഭിച്ചിരിക്കുന്നത്. ഹദീസുകളുടെ പില്‍ക്കാല സമാഹര്‍ത്താക്കള്‍ അവയെ ഒന്നിച്ച് ഒരു സ്ഥലത്ത് പറയുന്നതിനു പകരം പലയിടങ്ങളിലായി ചേര്‍ത്തതാണ് അതിനുകാരണം. ഉദാഹരണമായി അബ്ദുല്ലയുടെ സമാഹാരത്തിലെ ഒരു ഹദീസ് ഒരു അധ്യായത്തിലാണെങ്കില്‍ മറ്റൊരു ഹദീസ് വേറൊരു അധ്യായത്തിലായിരിക്കും. മേല്‍ഹദീസുകളുടെ വിഷയാധിഷ്ഠിത ക്രോഡീകരണമാണ് ഈയൊരവസ്ഥ സംജാതമാക്കിയത്. അതിനാല്‍ ഹദീസിന്റെ പ്രഥമവും ഏറ്റവും ആധികാരികവുമായ സമാഹാരം അതിന്റെ തനത് രൂപത്തില്‍ നമ്മുടെ കൈകളില്‍ എത്തുകയുണ്ടായില്ല.
Discussion about this post