ഹിജ്‌റ കലണ്ടറിലെ മൂന്നാമത്തെ മാസമായ റബീഉല്‍ അവ്വലിന് മതപരമായ പുണ്യമേതുമില്ല. പക്ഷേ, ചരിത്രപരമായ പ്രാധാന്യമുണ്ട്. ഗുണപാഠ പ്രധാനമായ ചരിത്രം ആവേശദായകമായ ഒരു സ്രോതസ്സാണ്. ഈ മാസത്തിലാണ് അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ജനനവും വിയോഗവുമുണ്ടായത്. നബി(സ)യുടെ ജീവിതത്തിലെ മദീനയിലേക്കുള്ള ‘ഹിജ്‌റ’ നടന്നതും ഈ മാസത്തില്‍ തന്നെ. നബി(സ)യെ മറ്റെന്തിനേക്കാളുമുപരി സ്‌നേഹിക്കാനും അനുസരിക്കാനും അനുകരിക്കാനും സദാ ബാധ്യസ്ഥരായ കോടിക്കണക്കിന് മുസ് ലിംകളില്‍ നബി(സ)യെ പറ്റിയുള്ള സ്മരണകള്‍ ഇത്തരുണത്തില്‍ കൂടുതല്‍ കൂടുതല്‍ കടന്നു വരിക സ്വാഭാവികം മാത്രമാണ്.
പതിനഞ്ചു നൂറ്റാണ്ടു മുമ്പ് മക്കയിലെ അബ്ദുല്ല-ആമിന ദമ്പതികളുടെ മകനായാണ് മുഹമ്മദ് (സ) ജനിക്കുന്നത്. ജനിക്കുന്നതിനു മുമ്പേ പിതാവ് മരിച്ചു, കുട്ടിക്കാലത്തുതന്നെ മാതാവും. പിന്നീട് സംരക്ഷകനായ പിതാമഹന്‍ അബ്ദുല്‍ മുത്വലിബും മരിക്കുന്നു. ഒടുവില്‍ പിതൃവ്യനായ അബൂത്വാലിബിന്റെ സംരക്ഷണത്തില്‍ കുട്ടി വളരുന്നു. ദാരിദ്ര്യവും മറ്റിതര പ്രയാസങ്ങളുമേറെയുണ്ട്. നാട്ടിലെ ചുറ്റുപാട് ഒട്ടും മെച്ചമല്ല. അധാര്‍മികത അതിന്റെ പാരമ്യത്തില്‍. മദ്യപാനം, വ്യഭിചാരം, കലഹം, ചൂതാട്ടം തുടങ്ങി സകല തിന്മകളും സര്‍വത്ര. ഒരു ചരിത്രകാരന്‍ ആ സമൂഹത്തെ ഇങ്ങിനെ പരിചയപ്പെടുത്തി: Three We Were their motos of life. i.e wine women and war പെണ്‍കുഞ്ഞു പിറന്നാല്‍ ജീവനോടെ കുഴിച്ചു മൂടുന്നു. ‘അവരിലാര്‍ക്കെങ്കിലും ഒരു പെണ്‍ ജന്മത്തിന്റെ ശുഭവൃത്താന്തമറിയിക്കപ്പെട്ടാല്‍ അവന്‍ മ്ലാനവദനനും അതീവ ദുഃഖിതനുമായിത്തീരുന്നു. തനിക്കു വന്നെത്തിയ വാര്‍ത്തയുടെ മാനഹാനിയാല്‍ അവന്‍ ജനങ്ങളില്‍ നിന്നൊളിക്കുന്നു. നിന്ദ്യത പേറിക്കൊണ്ട് കുഞ്ഞിനെ നിലനിറുത്തണമോ അതല്ല അതിനെ കുഴിച്ചുമൂടണമോ എന്ന ധര്‍മസങ്കടത്തില്‍…’ (അന്നഹ് ല്‍: 58,59). ചുരുക്കത്തില്‍, മനുഷ്യന്റെ കര്‍മദൂഷ്യങ്ങളാല്‍ സര്‍വത്ര നാശവും കുഴപ്പവും വ്യാപിച്ചിരുന്നു. സാമൂഹ്യശാസ്ത്ര തത്ത്വമനുസരിച്ച് മനുഷ്യന്റെ വ്യക്തിത്വരൂപീകരണത്തില്‍ ചുറ്റുപാടിന് വലിയ പങ്കുണ്ട്; എന്നല്ല പലരെയും രൂപപ്പെടുത്തുന്നത് തന്നെ ചുറ്റുപാടാണ്. നൂറുകണക്കിന് അബൂജഹ് ലുമാര്‍ക്ക് ജന്മം നല്‍കാന്‍ പോന്ന ദുഷിച്ച സാഹചര്യം. അത്തരത്തിലുള്ള അനേകം നികൃഷ്ടര്‍ക്ക് അന്നത്തെ സാഹചര്യം ജന്മം നല്‍കി. എന്നാല്‍ ഈ സാമൂഹ്യശാസ്ത്ര തത്ത്വത്തിന്ന് തികച്ചും അപവാദമായി അത്യത്ഭുതകരമായ രീതിയിലാണ് അനാഥനായ മുഹമ്മദ് (സ) ശൈശവത്തില്‍ നിന്ന് ബാല്യത്തിലേക്കും തുടര്‍ന്ന് യൗവനത്തിലേക്കും വളര്‍ന്നുവലുതാവുന്നത്. ചുറ്റുപാടുമുള്ള തന്റെ നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളുമായ സമൂഹം തിന്മയില്‍ മുങ്ങി ജീവിക്കുന്നു. എന്നാല്‍ മുഹമ്മദ് അതില്‍നിന്നൊക്കെ അകന്നു മാറി നില്‍ക്കുന്നു. അദ്ദേഹത്തിന്റെ സ്വഭാവ മഹിമനിമിത്തം നാട്ടുകാര്‍ അദ്ദേഹത്തെ സ്‌നേഹാദരപൂര്‍വം സത്യവാന്‍(അസ്സ്വാദിഖ്) എന്നും വിശ്വസ്തന്‍ (അല്‍ അമീന്‍) എന്നും വിളിക്കുന്നു. സ്തുത്യര്‍ഹന്‍ എന്ന തന്റെ നാമത്തെ തികച്ചും അന്വര്‍ഥമാക്കിക്കൊണ്ട്, അനിതര സാധാരണമായ സല്‍ഗുണങ്ങളുടെ ഉടമയായി നാല്‍പത് വയസ്സ് പിന്നിടുമ്പോഴാണ് അദ്ദേഹത്തിന് പ്രവാചകത്വം ലഭിക്കുന്നത്. ദിവ്യബോധനം (വഹ് യ്) ലഭിച്ചതിനെ തുടര്‍ന്ന് ഗുണകാംക്ഷാപൂര്‍വ്വം സ്വജനതയോട് പ്രബോധനം ചെയ്തപ്പോഴും നാട്ടുകാര്‍ക്ക് അദ്ദേഹം വ്യാജം പറയുകയാണെന്ന് ആരോപിക്കാന്‍ ധൈര്യമുണ്ടായില്ല. ‘നമ്മുടെ സൂക്തങ്ങള്‍ അവര്‍ക്ക് വിശദമായും വ്യക്തമായും ഓതിക്കേള്‍പ്പിക്കപ്പെട്ടപ്പോള്‍ നാമുമായി പരലോകത്ത് കണ്ടുമുട്ടുമെന്ന് പ്രതീക്ഷയില്ലാതിരുന്നവര്‍ പറയുകയായി: നീ ഇതല്ലാത്ത മറ്റൊരു ഖുര്‍ആന്‍ കൊണ്ടുവരൂ. അല്ലെങ്കില്‍ അതില്‍ ഭേദഗതി വരുത്തൂ.’ (യൂനുസ്: 5) മറ്റൊരിടത്ത് ഖുര്‍ആന്‍ പറയുന്നത് കാണുക ‘…. അവര്‍ നിന്നെ കളവാക്കുന്നില്ല; മറിച്ച് അക്രമികള്‍ അല്ലാഹുവിന്റെ സൂക്തങ്ങളെയും ദൃഷ്ടാന്തങ്ങളെയുമാണ് നിഷേധിക്കുന്നത്’ (6: 33)
മറ്റൊരു ഖുര്‍ആന്‍ കൊണ്ടുവരികയോ അല്ലെങ്കില്‍ തങ്ങളുടെ അഭീഷ്ടത്തിനൊത്ത് ചില ഭേദഗതികള്‍ ഖുര്‍ആനില്‍ വരുത്തുകയോ ചെയ്യാന്‍ നാട്ടുകാരും ബന്ധുക്കളുമായ പ്രതിയോഗികള്‍ ആവശ്യപ്പെട്ടപ്പോള്‍ നബിക്ക് അല്ലാഹു നിര്‍ദേശിച്ച മറുപടി വളരെ ശ്രദ്ധേയവും ചിന്തനീയവുമാണ്. ‘ പറയുക, എന്റെ ഇഷ്ടത്തിനൊത്ത് ഇതില്‍ മാറ്റം വരുത്താന്‍ എനിക്കധികാരമില്ല. എനിക്ക് ബോധനം നല്‍കപ്പെട്ടത് അപ്പടി പിന്‍പറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.
Discussion about this post