ഹദീസ് ക്രോഡീകരണം
ഇസ്ലാമിക ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് അച്ചുതണ്ടുകളിലൊന്നാണ് ഹദീസ്. ആദ്യത്തേത് വിശുദ്ധ ഖുര്‍ആനാണ്. ഇസ്ലാമിക ജീവിതം ദിശാബോധത്തോടെ, ഭ്രമണപഥത്തില്‍നിന്ന് തെറ്റാതെ മുന്നോട്ടു പോകുന്നത് ഇവ രണ്ടിന്റെയും സാന്നിധ്യം കൊണ്ടാണ്. മനുഷ്യജീവിതത്തിന് വഴിവെളിച്ചമാകുന്ന വിശുദ്ധ ഖുര്‍ആന്റെ മൌലികതത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ജീവിതത്തില്‍ ആവിഷ്കരിക്കപ്പെട്ടത് ഹദീസിലൂടെയാണ്. പ്രവാചകന്‍ ഖുര്‍ആനിക തത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ജനങ്ങളിലേക്ക് കൈമാറിയ കേവലം പോസ്റുമാനോ സന്ദേശവാഹകനോ ആയിരുന്നില്ല. മറിച്ച് ആ തത്വങ്ങളും മാര്‍ഗനിര്‍ദേശങ്ങളും സ്വന്തം ജീവിതത്തില്‍ ആവിഷ്കരിച്ച് അനുയായികളെ പഠിപ്പിക്കുകയും സംസ്കരിക്കുകയും നയിക്കുകയും ചെയ്ത അധ്യാപകനും ശിക്ഷകനും ഭരണാധികാരിയും കൂടിയായിരുന്നു. ആ നിലക്ക് ഖുര്‍ആനികാശയത്തിന്റെ ഏറ്റവും ആധികാരികവും പ്രാമാണികവുമായ വ്യാഖ്യാനവും വിശദീകരണവുമെത്രെ ഹദീസ്. ഹദീസുകളുടെ അഭാവത്തില്‍ ഖുര്‍ആനിക തത്വങ്ങളുടെ യഥാര്‍ഥ ആശയവും പൊരുളും ഗ്രഹിക്കുക അസാധ്യമാണ്. ഇസ്ലാമികജീവിതത്തിന്റെ ഊടും പാവുമായി വര്‍ത്തിക്കുന്ന ഹദീസുകളുടെ ക്രോഡീകരണം ഒരു പ്രസ്ഥാനമായി വികസിച്ചത് ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലാണെങ്കിലും പ്രവാചകന്റെ ജീവിതകാലത്തുതന്നെ അതിന് തുടക്കം കുറിച്ചിട്ടുണ്ട്. പുസ്തകരചനയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് ഹദീസുകളുടെ ക്രോഡീകരണം. മുഹമ്മദ് നബിയുടേതല്ലാത്ത മറ്റൊരു പ്രവാചകന്റെയോ ആചാര്യന്റെയോ ജീവിതം ഇത്രമാത്രം ആഴത്തിലും പരപ്പിലും ക്രോഡീകരിക്കപ്പെടുകയോ സമാഹരിക്കപ്പെടുകയോ ചെയ്തിട്ടില്ല. വക്രവും വികലവുമായ രൂപത്തിലാണെങ്കിലും ചില സമാഹാരങ്ങള്‍ക്ക് ഖുര്‍ആനുമായി സമാനതകളുണ്ട്. തൌറാത്ത്, ഇഞ്ചീല്‍ പോലുള്ള വേദഗ്രന്ഥങ്ങള്‍ വികലമാക്കപ്പെട്ടിട്ടുണ്ടെങ്കിലും സത്താപരമായി അവ ഖുര്‍ആനെപ്പോലെ ദൈവിക വെളിപാടുകളുടെ സമാഹാരങ്ങളാണല്ലോ. എന്നാല്‍ ഹദീസുകള്‍ക്ക് ഇത്തരത്തില്‍ പോലും സമാനതകളില്ല. ആചാര്യ•ാരുടെയും ഗുരുക്ക•ാരുടെയും പേരില്‍ അറിയപ്പെടുന്ന ഒട്ടേറെ ഗ്രന്ഥങ്ങളുണ്ട്. അവ പ്രധാനമായും മൂന്നുതരത്തിലാണ്. ഒന്ന്, അവര്‍ സ്വയം എഴുതിയത്. രണ്ട്, അവര്‍ പറഞ്ഞുകൊടുത്ത് മറ്റൊരാള്‍ എഴുതിയത്. മൂന്ന്, അവരുടെ വാക്കുകളും പ്രഭാഷണങ്ങളും മറ്റാരെങ്കിലും പകര്‍ത്തി സമാഹരിച്ചത്. പൊതുജീവിതത്തിലും സ്വകാര്യജീവിതത്തിലുമുള്ള മുഹമ്മദ് നബിയുടെ വാക്കുകളും നടപടികളും മാത്രമല്ല, അദ്ദേഹത്തിന്റെ മൌനങ്ങള്‍ പോലും ഹദീസുകളില്‍ സമാഹരിക്കപ്പെട്ടിരിക്കുകയാണ്. തിരുമേനിയുടെ പരസ്യവും രഹസ്യവുമായ ജീവിതത്തിന്റെ ആവിഷ്കാരമാണ് അക്ഷരാര്‍ഥത്തില്‍ ഹദീസുകളില്‍ തെളിയുന്നത്. അവയിലൊന്നുപോലും വിട്ടു പോകാതെ ഭാവിതലമുറയ്ക്കായി സംരക്ഷിക്കുക എന്ന മഹത്തായ ദൌത്യമാണ് ഹദീസ് ക്രോഡീകരണത്തിന് മുന്നിട്ടിറങ്ങിയ മഹാത്മാക്കള്‍ നിര്‍വഹിച്ചത്.
കത്തുകളും കരാറുകളും
ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ നിന്ന് ഭിന്നമായി, പ്രവാചകന്റെ ജീവിതകാലത്താരംഭിച്ച്, നാല് ചരിത്ര ഘട്ടങ്ങളിലൂടെ വികസിച്ച് ഹി. മൂന്നാം നൂറ്റാണ്ടോടുകൂടി പൂര്‍ത്തിയായ നിരന്തര പ്രക്രിയയായിരുന്നു ഹദീസുകളുടെ ലിഖിത രൂപത്തിലുള്ള ക്രോഡീകരണം. ഖുര്‍ആന്റെ ക്രോഡീകരണത്തില്‍ പ്രവാചകന്റെ നേരിട്ടുള്ള മേല്‍നോട്ടം ഉണ്ടായിരുന്നുവെങ്കില്‍ ഹദീസ് ക്രോഡീകരണത്തില്‍ അതുണ്ടായിരുന്നില്ല. എന്നല്ല, ഖുര്‍ആന്റെ ക്രോഡീകരണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍, അതുമായി കൂടിക്കലരാതിരിക്കാന്‍ ആദ്യകാലത്ത് ഹദീസുകള്‍ എഴുതിവെക്കുന്നതിനെ പ്രവാചകന്‍ നിരുത്സാഹപ്പെടുത്തുകയും ചെയ്തിരുന്നു. പില്‍ക്കാലത്ത് തന്റെ ഒട്ടേറെ ശിഷ്യ•ാര്‍ക്ക് പ്രവാചകന്‍ അതിന് അനുമതി നല്‍കുകയും അവര്‍ പ്രവാചക വചനങ്ങള്‍ എഴുതി സൂക്ഷിക്കുകയും ചെയ്തു.
പ്രവാചകന്റെ ജീവിത കാലത്ത് ലിഖിത രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസുകളില്‍ ഒരു വിഭാഗം, കത്തുകളും കരാറുകളും അടങ്ങുന്ന ഔദ്യോഗിക രേഖകളാണ്. അവയില്‍ നമുക്ക് ലഭ്യമായ ആദ്യരേഖ, മക്കയിലെ പീഡനം അസഹ്യമായപ്പോള്‍ തന്റെ ഒരുപറ്റം അനുയായികളെ തിരുമേനി അബ്സീനിയയിലേക്ക് പറഞ്ഞയച്ച സന്ദര്‍ഭത്തില്‍ അവിടുത്തെ രാജാവ് നജ്ജാശിക്ക് കൊടുത്തയച്ച കത്താണ്. കത്തില്‍ പ്രവാചകന്‍ ഇങ്ങനെ എഴുതി: “ഞാന്‍ എന്റെ പിതൃസഹോദരന്‍ ജഅ്ഫറിനെ താങ്കളുടെ അടുത്തേക്ക് പറഞ്ഞയക്കുകയാണ്. വേറെയും കുറച്ച് മുസ്ലിംകള്‍ അദ്ദേഹത്തിന്റെ കൂടെയുണ്ട്. അവര്‍ താങ്കളുടെ അടുത്തെത്തിയാല്‍ അവരെ അതിഥികളായി സ്വീകരിക്കുക” (ഉദ്ധരണം: ഖുത്വുബാതെ ബാവല്‍പൂര്‍ മുഹമ്മദ് ഹമീദുല്ല, പേജ്: 62)
പ്രവാചകന്റെ കാലത്തുതന്നെ ലിഖിത രൂപത്തില്‍ രേഖപ്പെടുത്തപ്പെട്ട മറ്റൊരു പ്രധാന രേഖ ഹിജ്റ വേളയില്‍ പ്രവാചകനെ പിടികൂടി ഖുറൈശികളെ ഏല്‍പ്പിക്കുന്നതിനായി നബിയുടെ പിറകെ കൂടിയ സുറാഖ മാപ്പപേക്ഷിച്ചപ്പോള്‍ നബി എഴുതിനല്‍കിയ അഭയപത്രമാണ്. അതിനെക്കുറിച്ച് ഇപ്രകാരമാണ് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നത്:
“ഹിജ്റ പോകുമ്പോള്‍ പ്രവാചകന്റെ അടുക്കല്‍ പേന, മഷി, കടലാസ് തുടങ്ങിയവയുണ്ടായിരുന്നു. തിരുമേനിയുടെ കൂടെ യാത്ര ചെയ്തിരുന്ന, എഴുതാനും വായിക്കാനും കഴിയുന്ന അംറുബ്നു ഫാഹിറ എന്ന ഒരടിമയെക്കൊണ്ടാണ് തിരുമേനി സുറാഖക്ക് നല്‍കിയ അഭയപത്രം എഴുതിച്ചത്. പില്‍ക്കാലത്ത് ഇസ്ലാം സ്വീകരിക്കാനായി മദീനയിലെത്തിയ സുറാഖ തന്റെ കൈവശമുണ്ടായിരുന്ന പഴയ അഭയപത്രം കാണിച്ചുകൊടുത്തപ്പോഴാണ് നബിയുടെ അടുത്തേക്ക് പ്രവേശനം ലഭിച്ചത്.”
ഹിജ്റക്കു ശേഷം ഇത്തരം കത്തുകളുടെയും കരാറുകളുടെയും എണ്ണം വര്‍ധിച്ചു. അവയില്‍ ഏറിയകൂറും ഔദ്യോഗിക സ്വഭാവത്തിലുള്ളതായിരുന്നു. ചില രേഖകള്‍ പ്രവാചകന്റെ സ്വകാര്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകളും. മേല്‍ സൂചിപ്പിച്ച ഔദ്യോഗിക രേഖകളില്‍ ചിലത്, പ്രവാചകന്‍ ജീവിച്ചതുപോലുള്ള ഒരു കാലത്തുനിന്ന് തീരെ പ്രതീക്ഷിക്കാനാവാത്തവിധം കാലത്തെ അതിവര്‍ത്തിച്ചു നില്‍ക്കുന്നവയാണ്. അത്തരമൊന്ന് ബുഖാരിയില്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു: ‘ഒരിക്കല്‍ നബി അന്നുവരെയുള്ള മുസ്ലിംകളുടെ എണ്ണവും പേരും രേഖപ്പെടുത്തി വെക്കാന്‍ നിര്‍ദേശിച്ചു. കണക്കെടുത്തപ്പോള്‍, ബുഖാരി നല്‍കിയ വിവരണമനുസരിച്ച് കുട്ടികള്‍, യുവാക്കള്‍, സ്ത്രീകള്‍, വൃദ്ധ•ാര്‍ എന്നിവരുള്‍പ്പെടെ ആകെ 1500 പേരാണുണ്ടായിരുന്നത്. ഈ സെന്‍സസ് റിപ്പോര്‍ട്ട് തയ്യാറാക്കിയ കാലത്തെക്കുറിച്ച് ബുഖാരി ഒരു സൂചനയും നല്‍കിയിട്ടില്ല. എങ്കിലും പ്രവാചകന്റെ മദീനാ ജീവിതത്തിന്റെ തുടക്കത്തിലായിരിക്കും അതെന്നാണ് ഡോ. ഹമീദുല്ലയുടെ നിഗമനം. കാരണം ഹിജ്റക്ക് ശേഷം ഇസ്ലാം ദ്രുതഗതിയില്‍ പ്രചരിച്ചതും അന്നത്തെ സാഹചര്യത്തില്‍ സെന്‍സസെടുക്കാന്‍ കഴിയാത്തവിധം മുസ്ലിംകളുടെ എണ്ണം വര്‍ധിച്ചതും ചരിത്രവസ്തുതയാണ്. പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ 1,40,000 പേരാണ് അദ്ദേഹത്തിന്റെ കൂടെ പങ്കെടുത്തത്. ഇതും 1500 ഉം തമ്മില്‍ വലിയ അന്തരമുണ്ടല്ലോ. ഇത് ചൂണ്ടിക്കാട്ടിയാണ് മേല്‍ സൂചിപ്പിച്ച സെന്‍സസ് റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടത് ഹിജ്റക്ക് തൊട്ടുടനെയാണെന്ന് ഹമീദുല്ല നിരീക്ഷിച്ചത്. ഏതായാലും ഈ സെന്‍സസ് റിപ്പോര്‍ട്ട് പ്രവാചകന്റെ മേല്‍നോട്ടത്തില്‍ ക്രോഡീകരിക്കപ്പെട്ടതാണെന്നതില്‍ സംശയമില്ല’.
മറ്റൊരു പ്രധാന ലിഖിതരേഖയാണ്, പ്രവാചകന്‍ രൂപകല്‍പന ചെയ്ത ‘മദീന പാക്ട്’ എന്ന് വിളിക്കാവുന്ന ഭരണഘടന. 52 ഖണ്ഡികകളുള്ള ഈ ഭരണഘടനക്ക് അദ്ദേഹം രൂപം നല്‍കിയത് ഹിജ്റയുടെ തൊട്ടുടനെയാണ്. മദീനയിലെത്തിയ പ്രവാചകന് അഭിമുഖീകരിക്കേണ്ടിവന്നത് ഒരു ബഹുസ്വര സമൂഹത്തെയാണ്. മദീനയുടെ ജനസംഖ്യയില്‍ പകുതിയോളം ജൂത•ാരായിരുന്നു. ആയിരത്തിലധികം വര്‍ഷമായി അവര്‍ അവിടുത്തെ സ്ഥിരവാസക്കാരുമാണ്. എണ്ണം കൃത്യമായി അറിയില്ലെങ്കിലും ഒരു ചെറിയ ക്രൈസ്തവ സമുദായവും മദീനയിലുണ്ടായിരുന്നു. മദീനയിലെ അടിസ്ഥാന പൌര•ാരായ അറബികള്‍ പരസ്പരം പോരടിക്കുന്ന രണ്ട് വലിയ ഗോത്രസഖ്യങ്ങളായി വേര്‍തിരിഞ്ഞുനില്‍ക്കുകയായിരുന്നു. അവരില്‍ മുസ്ലികളും അല്ലാത്തവരുമുണ്ട്. മദീനയുടെ പ്രാന്തങ്ങളില്‍ ഇസ്ലാം സ്വീകരിച്ചിട്ടില്ലാത്ത ചെറിയ ഗോത്രങ്ങള്‍ വേറെയുമുണ്ടായിരുന്നു. കൂടാതെ വിശ്വാസ സംരക്ഷണാര്‍ഥം മദീനയില്‍ പ്രവാസികളായി വന്ന മക്കയിലെ മുസ്ലിംകളും മദീനയിലെ അടിസ്ഥാന പൌര•ാരായ അന്‍സ്വാരികളും ഒരേ ആദര്‍ശത്തിന്റെ വാഹകരായിരുന്നുവെങ്കിലും, വ്യത്യസ്ത ജീവിത രീതികളുടെ മുദ്രകള്‍ പേറുന്നവരായിരുന്നു. മക്കയില്‍ നിന്നെത്തിയവര്‍ (മുഹാജിറുകള്‍) വ്യാപാരി സമൂഹവും മദീനക്കാര്‍ (അന്‍സ്വാരികള്‍) കര്‍ഷക സമൂഹവുമായിരുന്നു. ഈ ബഹുസ്വര സമൂഹത്തിന്റെ മതപരവും സാംസ്കാരികവുമായ സവിശേഷതകളെല്ലാം അനുഭാവ പൂര്‍വ്വം പരിഗണിച്ചാണ് തിരുമേനി ‘മദീനാ പാക്ട്’ ന് രൂപം നല്‍കിയത്. സമസ്ത അധികാരങ്ങളും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കുന്ന ഭരണസംവിധാനമല്ല ആ ഭരണ ഘടന വിഭാവന ചെയ്തത്. ഗോത്രങ്ങള്‍ക്ക് പല കാര്യങ്ങളിലും സ്വയംഭരണാവകാശം നല്‍കുന്ന ഒരു ഫെഡറല്‍ സംവിധാനമായിരുന്നു അത്. രാജ്യ സുരക്ഷ പോലുള്ളവ മാത്രമേ കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലുണ്ടായിരുന്നുള്ളൂ. പൂര്‍ണമായും പ്രവാചകന്റെ മാര്‍ഗനിര്‍ദേശത്തിലും മേല്‍നോട്ടത്തിലുമാണ് ആ ഭരണ ഘടന തയ്യാറാക്കപ്പെട്ടത്. അതിനാല്‍ അത് ഹദീസിന്റെ ഭാഗം തന്നെയാണന്നതില്‍ സംശയമില്ല.
പ്രവാചകന്റെ നിര്‍ദേശപ്രകാരം ഹസ്രത്ത് അലി എഴുതി തയ്യാറാക്കിയ ഹുദൈബിയ്യാ സന്ധിയാണ് പ്രവാചക കാലഘട്ടത്തിലെ മറ്റൊരു സുപ്രധാന ലിഖിത രേഖ. അതുപോലെ മക്കാ വിജയത്തിനു ശേഷം ഇസ്ലാമിക രാഷ്ട്രം വിശാലമായതോടെ പ്രവാചകന്‍ വിവിധ ഗോത്രങ്ങളുമായുണ്ടാക്കിയ കരാറുകളും പ്രവിശ്യയിലെ ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയ ഉത്തരവുകളും വിദേശ രാജ്യങ്ങളിലെ രാജാക്ക•ാര്‍ക്കെഴുതിയ പ്രബോധനപരമായ കത്തുകളും പ്രവാചക ജീവിതത്തില്‍ത്തന്നെ ലിഖിത രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസുകളാണ്. ഇത്തരം നാനൂറോളം ഹദീസുകള്‍ നമുക്ക് ലഭ്യമായിട്ടുണ്ട്.
പ്രവാചകന്റെ ജീവിതകാലത്തുതന്നെ ലിഖിതരൂപത്തില്‍ ക്രോഡീകൃതമായ വേറൊരു വിഭാഗം ഹദീസുകള്‍, സ്വഹാബികള്‍ സ്വന്തം നിലയ്ക്ക് എഴുതി സൂക്ഷിച്ചവയാണ്. അറബികള്‍ പൊതുവെ നിരക്ഷരരായിരുന്നുവെങ്കിലും, അവരുടെ കൂട്ടത്തില്‍ എഴുത്തും വായനയും അറിയുന്നവരും ഉണ്ടായിരുന്നു. അത്തരം സാക്ഷരര്‍ നബിയോട് ഹദീസുകള്‍ എഴുതി സൂക്ഷിക്കാന്‍ അനുവാദം ചോദിക്കുകയും പ്രവാചകന്‍ അനുമതി നല്‍കുകയും ചെയ്തതിന് ഒട്ടേറെ തെളിവുകളുണ്ട്. തിര്‍മുദി നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഒരു സ്വഹാബി പ്രവാചകനോട് ഇങ്ങനെ ഉണര്‍ത്തി: “അങ്ങേയറ്റം പ്രാധാന്യമുള്ളതും താല്‍പര്യമുള്ളതുമായ ധാരാളം കാര്യങ്ങള്‍ ദിവസവും അങ്ങ് വിവരിച്ചുതരുന്നു. പക്ഷേ എനിക്ക് ഓര്‍മശക്തി വളരെ കുറവായതിനാല്‍ അവ പൂര്‍ണമായും ഓര്‍ത്തുവെക്കാന്‍ കഴിയുന്നില്ല. അതിനാല്‍ ഞാനെന്ത് ചെയ്യണമെന്നാണ് താങ്കളുടെ അഭിപ്രായം?”. പ്രവാചകന്‍ മറുപടി പറഞ്ഞു “നിന്റെ വലതു കൈയിന്റെ സഹായം തേടുക”. ഹദീസുകള്‍ എഴുതിയെടുക്കാനുള്ള അനുമതിയായിരുന്നു ഇതെന്നതില്‍ സംശയമില്ല. വിശദാംശങ്ങള്‍ അറിയില്ലെങ്കിലും അനുമതി കിട്ടിയശേഷം അദ്ദേഹം നിരവധി ഹദീസുകള്‍ എഴുതി എടുത്തിട്ടുണ്ടാവാമെന്ന് ചിന്തിക്കാവുന്നതാണ്.
Discussion about this post