നബിയുടെ നേതൃത്വത്തില്‍ മദീനയില്‍ സ്ഥാപിതമായ ഇസ്ലാമിക രാഷ്ട്രത്തിനുനേരെ നിരവധി തവണ മക്കയിലെ ശത്രുക്കള്‍ ആക്രമണം അഴിച്ചുവിട്ടു. ബദ്റില്‍ വെച്ചായിരുന്നു ഒന്നാമത്തെ ഏറ്റുമുട്ടല്‍. മദീനയുടെ 80 മൈല്‍ വടക്കുള്ള ഒരു പ്രദേശമാണ് ബദ്ര്‍. അബൂജഹ്ലിന്റെ നേതൃത്വത്തിലാണ് മക്കയിലെ ശത്രുക്കള്‍ ബദ്റിലെത്തിയത്. സായുധരായ 1000 പടയാളികളുണ്ടായിരുന്നു അവര്‍. അവരോടേറ്റുമുട്ടിയത് 313 മുസ്ലിംകളായിരുന്നു. എങ്കിലും മുസ്ലിംകളാണ് യുദ്ധത്തില്‍ ജയിച്ചത്. ശത്രുസൈന്യത്തിന്യത്തിന്റെ നായകന്‍ അബൂജഹ്ല്‍ വധിക്കപ്പെട്ടു. ഹിജ്റ രണ്ടാം വര്‍ഷത്തിലായിരുന്നു ഈ ഏറ്റുമുട്ടല്‍. ഇത് ബദ്ര്‍ യുദ്ധം എന്ന പേരില്‍ അറിയപ്പെടുന്നു.
ബദ്റിലെ പരാജയത്തിന് പകരം ചോദിക്കുവാനായി അടുത്തവര്‍ഷംതന്നെ കൂടുതല്‍ സന്നാഹങ്ങളുമായി മക്കയിലെ ശത്രുക്കള്‍ യുദ്ധത്തിനൊരുങ്ങി. ഉഹദ് പര്‍വ്വതത്തിന്റെ താഴ്വരയില്‍ വെച്ച് അവരും മുസ്ലിംകളും പരസ്പരം ഏറ്റുമുട്ടി. മദീനയുടെ രണ്ട് മൈല്‍ വടക്കാണ് ഉഹ്ദ് പര്‍വ്വതം. 3000 ഭട•ാരാണ് ശത്രുക്കളുടെ പക്ഷത്തുണ്ടായിരുന്നത്. മുസ്ലിംസൈന്യം അവരുടെ മൂന്നിലൊന്നേ ഉണ്ടായിരുന്നുള്ളൂ. അബൂസുഫ്യാനായിരുന്നു ശത്രുക്കളുടെ നായകന്‍. യുദ്ധത്തില്‍ നബിയുടെ പിതൃവ്യന്‍ ഹംസ(റ) വധിക്കപ്പെട്ടു. നബിക്കു പരിക്കേറ്റു. എങ്കിലും മദീനയെ കടന്നാക്രമിക്കാന്‍ ധൈര്യമില്ലാത്ത ശത്രുസൈന്യം പിന്തിരിഞ്ഞുപോയി.
മക്കയിലെ അവിശ്വാസികള്‍ അറേബ്യയിലെ വിവിധ ഗോത്രങ്ങളുടെയും മദീനയിലെ ജൂത•ാരുടെയും സഹകരണത്തോടെ മദീനയെ ഉപരോധിച്ചു. മദീനയെ സംരക്ഷിക്കാന്‍ മുസ്ലിംകള്‍ പട്ടണത്തിനു ചുറ്റും കിടങ്ങ് കുഴിച്ചു. അതിനാല്‍ ഖന്തഖ് അഥവാ കിടങ്ങുയുദ്ധം എന്ന പേരില്‍ ഇത് അറിയപ്പെടുന്നു.
ഈ യുദ്ധതന്ത്രം അറബികള്‍ക്കജ്ഞാതമായിരുന്നു. പേര്‍ഷ്യക്കാരനായ സല്‍മാനാണ് നബിക്ക് ഈ തന്ത്രം ഉപദേശിച്ചു കൊടുത്തത്. അഹ്സാബ് യുദ്ധം എന്നും ഇതിന് പേരുണ്ട്. കിടങ്ങിന്റെ ഇരുവശങ്ങളിലുമായി ഇരുപത് ദിവസം അവര്‍ കഴിച്ചുകൂട്ടി. കിടങ്ങ് കടന്നപ്പുറത്തേക്കെത്താന്‍ ശത്രുക്കള്‍ക്ക് കഴിഞ്ഞില്ല. ഗത്യന്തരമില്ലാതെ ശത്രുക്കള്‍ക്ക് പിന്തിരിഞ്ഞു പോകേണ്ടി വന്നു.
അഹ്സാബ് യുദ്ധത്തിനു ശേഷം നബി ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിച്ചു. ഹജ്ജ് കാലത്ത് യുദ്ധങ്ങള്‍ നിര്‍ത്തിവെക്കുക അറബികളുടെ കീഴ്വഴക്കമായിരുന്നു. അതുകൊണ്ട് അറേബ്യയുടെ ഏത് ഭാഗത്തുള്ളവര്‍ക്കും മക്കയില്‍ വന്ന് നിര്‍ഭയം ഹജ്ജ് ചെയ്യാന്‍ സാധിച്ചിരുന്നു. എന്നാല്‍ 1400 അനുയായികളോടൊപ്പം ഹജ്ജിന് പുറപ്പെട്ട പ്രവാചകനെ ശത്രുക്കള്‍ ഹുദൈബിയ്യ എന്ന സ്ഥലത്തെത്തിയപ്പോള്‍ തടഞ്ഞു. അവസാനം അവരുമായി ഉടമ്പടിയുണ്ടാക്കി. ഇത് ഹുദൈബിയാ സന്ധി എന്ന പേരിലറിയപ്പെടുന്നു. സന്ധിപ്രകാരം മുസ്ലിംകള്‍ ഈ വര്‍ഷം മദീനയിലേക്കുതന്നെ തിരിച്ചുപോകണമെന്നും അടുത്തവര്‍ഷം അവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാവുന്നതാണെന്നും തീരുമാനിക്കപ്പെട്ടു. ഉടമ്പടിയിലെ ചില വ്യവസ്ഥകള്‍ പ്രത്യക്ഷത്തില്‍ മുസ്ലിംകള്‍ക്ക് ദോഷകരമായിരുന്നെങ്കിലും ഹിജ്റ ആറാം വര്‍ഷം നടന്ന ഈ സന്ധി ഇസ്ലാമിക ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു. സമാധാനപൂര്‍വം അറേബ്യയിലെങ്ങും ഇസ്ലാമിക പ്രബോധനം നടത്താനും അറേബ്യക്ക് പുറത്തുള്ള രാജ്യങ്ങളിലേക്ക് ഇസ്ലാമിന്റെ സന്ദേശം എത്തിക്കാനും അതു വഴിയൊരുക്കി. ഇസ്ലാമിക രാഷ്ട്രത്തെയും മുസ്ലിം സമൂഹത്തെയും ശത്രുക്കളുടെ ആക്രമണത്തില്‍നിന്നു പ്രതിരോധിക്കാനും ജനങ്ങളുടെ വിശ്വാസസ്വാതന്ത്യ്രവും മൌലികാവകാശങ്ങളും സംരക്ഷിക്കാനുമാണ് നബിയും അനുയായികളും യുദ്ധത്തിലേര്‍പ്പെട്ടത്.
Discussion about this post