മാലിന്യം പുരളാത്ത മനസ്സ്. വിശ്രമമറിയാത്ത ജീവിതം. മുഹമ്മദ് നബിയുടെ ആരോഗ്യരഹസ്യമതായിരുന്നു. ജീവിതകാലത്ത് രോഗബാധയില്‍പെട്ട് അദ്ദേഹത്തിന് ഒരിക്കലും അവശത അനുഭവിക്കേണ്ടി വന്നിട്ടില്ല.
വിടവാങ്ങല്‍ ഹജ്ജ് കര്‍മം കഴിഞ്ഞ് പ്രവാചകന്‍ വീണ്ടും കര്‍മപദത്തിലേക്ക് ഇറങ്ങിത്തിരിച്ചതായിരുന്നു. ഒരു ദിവസം രക്തസാക്ഷികളുടെ കുഴിമാടങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്ക് വേണ്ട് പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ വല്ലാത്തൊരു അസ്വാസ്ഥ്യം തോന്നി.
വിശ്രമം അനിവാര്യമായിത്തീര്‍ന്നു.
പത്‌നി മൈമൂനയുടെ ഭവനത്തിലാണ് പ്രവാചകന്‍ താമസിക്കുന്നത്. ഈ ഭവനം പള്ളിയില്‍ നിന്ന് കുറേ അകലെയാണ്. അവിടെ നിന്ന് പള്ളിയില്‍ വരാനും പ്രാര്‍ഥിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അതുകൊണ്ട് പള്ളിക്കടുത്തുള്ള ആയിശയുടെ വീട്ടിലേക്ക് താമസം മാറ്റി. ക്രമത്തില്‍ ക്ഷീണാധിക്യം കാരണം പള്ളിയില്‍ പോകാനും കഴിയാതെയായി. ഒരുദിവസം ആയിശയെ വിളിച്ച് ഇങ്ങനെ അന്വേഷിച്ചു:
‘ഞാനന്ന് ഏല്‍പിച്ച ഏഴ് ദീനാറുകള്‍ ദാനം ചെയ്തില്ലേ ?’ തുക പെട്ടിയില്‍ തന്നെയുണ്ടെന്നും ധര്‍മം ചെയ്യാന്‍ മറന്നുപോയെന്നും ആയിശയെ അറിയിച്ചപ്പോള്‍ അതെടുത്തു കൊടുക്കുവാന്‍ പ്രവാചകന്‍ ആവശ്യപ്പെട്ടു. ആയിശ തിരിച്ചേല്‍പിച്ച നാണയങ്ങള്‍ ഉള്ളം കയ്യില്‍ വെച്ച് കാണിച്ചുകൊണ്ട് ‘ഈ സ്ഥിതിയില്‍ ഞാന്‍ അല്ലാഹുവിനെ കാണുകയാണെങ്കില്‍ എന്റെ അവസ്ഥ എന്താകുമായിരുന്നു’ എന്നദ്ദേഹം ചോദിച്ചു. ഉടന്‍ തന്നെ സാധുക്കളെ വരുത്തി തുക അവര്‍ക്ക് വിതരണം ചെയ്തു. അപ്പോള്‍ മാത്രമാണ് പ്രവാചകന്റെ മനസ്സ് സ്വസ്ഥമായത്.
ഒന്നും നാളേക്ക് കരുതിവെക്കാതെ എല്ലാം മറ്റുള്ളവര്‍ക്കായി ദാനം ചെയ്ത് ഒഴിഞ്ഞ കൈയുമായി ദൈവസന്നിധിയിലേക്ക് നടന്നുപോയ പ്രവാചകന്‍ ചരിത്രപുരുഷനോ ഇതിഹാസ സങ്കല്‍പമോ ?
Discussion about this post