മേല്‍ സൂചിപ്പിച്ച സമാഹാരങ്ങള്‍ തയ്യാറാക്കപ്പെട്ടത് ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ്. എന്നാല്‍ ഹദീസുകളുടെ ബൃഹത്തായ സമാഹാരം നേരത്തേ സൂചിപ്പിച്ചതുപോലെ ഒരു പ്രസ്ഥാനമായി വികസിച്ചത് ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും മൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമാണ്. ഹദീസ് ക്രോഡീകരണത്തിന്റെ നാലാമത്തേതും അവസാനത്തേതുമായ ചരിത്രഘട്ടം എന്ന് ഇതിനെ നമുക്ക് കാലനിര്‍ണയം ചെയ്യാവുന്നതാണ്. ഈ കാലഘട്ടത്തിന്റെ ഒരു പ്രത്യേകത അതുവരെയുള്ള ഹദീസ് സമാഹര്‍ത്താക്കള്‍ അധികവും അറബികളായിരുന്നുവെങ്കില്‍ ഈ കാലഘട്ടത്തിലെ ഹദീസ് സമാഹര്‍ത്താക്കളില്‍ ഭൂരിപക്ഷവും അനറബികളായിരുന്നുവെന്നതാണ്.
ഈ കാലഘട്ടത്തിലെ ഹദീസ് സമാഹര്‍ത്താക്കള്‍ നിര്‍വഹിച്ച ചരിത്രപരമായ ദൌത്യം കേവലം വൈയക്തികമായ വൈജ്ഞാനികാഭിരുചിയുടെ ഭാഗമെന്നതിലുപരി, ഒട്ടേറെ വ്യക്തികള്‍ ഭാഗഭാക്കായ വിപുലമായ ഒരു ഇസ്ലാമിക നവോത്ഥാന സംരംഭമായിട്ടുവേണം മനസ്സിലാക്കാന്‍. അങ്ങനെ മനസ്സിലാക്കണമെങ്കില്‍ ആ കാലഘട്ടത്തിലെ ഇസ്ലാമും ഇസ്ലാമിക സമൂഹവും അഭിമുഖീകരിച്ച സന്ദര്‍ഭത്തെക്കുറിച്ച് സാമാന്യധാരണയെങ്കിലും വേണം. രാഷ്ട്രീയമായും സാംസ്കാരികമായും ഇസ്ലാം ഒരു വന്‍പ്രവാഹമെന്നോണം ഏഷ്യയും ആഫ്രിക്കയും കടന്ന് യൂറോപ്പിന്റെ പടിവാതില്‍ക്കല്‍ മുട്ടിനില്‍ക്കുന്ന സവിശേഷ ചരിത്രഘട്ടമായിരുന്നു അത്. അതിശക്തമായ ഒരു പ്രവാഹം ഒരു മേഖലയിലൂടെ കടന്നു പോകുമ്പോള്‍ ചുറ്റുഭാഗത്തുനിന്ന് നല്ലതും ചീത്തയുമായ പലതും കൂടിക്കലരുക സ്വാഭാവികമാണ്. അതിനാല്‍ ഇസ്ലാം എന്ന പ്രവാഹം കടന്നുപോകുന്ന സ്ഥലങ്ങളില്‍ നിലനില്‍ക്കുന്ന സംസ്കാരങ്ങളുടെ ചീത്തവശങ്ങള്‍ ഇസ്ലാമില്‍ കൂടിക്കലരാതിരിക്കണമെങ്കില്‍ ഭദ്രമായൊരു ചട്ടക്കൂട് ഈ പ്രവാഹത്തിന് ആവശ്യമായിരുന്നു. ഈ ചട്ടക്കൂട് പണിയാന്‍ ആദ്യം ഇസ്ലാമിക നിയമസംഹിത ക്രോഡീകരിക്കപ്പെടണം. പ്രസ്തുത നിയമത്തിന്റെ ഉപധാനങ്ങളിലൊന്നായ ഹദീസുകളുടെ സമാഹാരം പൂര്‍ത്തിയാകാതെ നിയമത്തിന്റെ ക്രോഡീകരണം പൂര്‍ണമാകില്ല. ഹദീസുകള്‍ അപ്പോഴേക്കും സമാഹരിക്കപ്പെട്ടുകഴിഞ്ഞിരുന്നെങ്കിലും, അവ മൂന്ന് ഭൂഖണ്ഡങ്ങളിലായി പലരുടെയും കൈവശമായി ചിതറിക്കിടക്കുകയായിരുന്നു. ഇവയെല്ലാം പരതിപ്പിടിച്ച് എല്ലാവര്‍ക്കും അനായാസം ലഭിക്കാവുന്ന തരത്തില്‍ ഏതാനം ബൃഹത്ഗ്രന്ഥങ്ങളില്‍ സമാഹരിക്കുക എന്ന ചരിത്രപരമായ ദൌത്യമാണ് നവോത്ഥാന നായകരെന്ന് വിശേഷിപ്പിക്കാവുന്ന അക്കാലത്തെ പണ്ഡിത•ാര്‍ നിര്‍വഹിച്ചത്. അതിനായി അവര്‍ നടത്തിയ അറ്റമില്ലാത്ത യാത്രകളും ത്യാഗപരിശ്രമങ്ങളും ലോകത്തിന്റെ വൈജ്ഞാനിക ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. അവര്‍ നിര്‍വഹിച്ച സേവനത്തെ ഇസ്ലാമിക നവോത്ഥാന പരമ്പരയില്‍ കണ്ണിചേര്‍ക്കാനുള്ള മറ്റൊരു പ്രധാന കാരണം, പ്രവാചകന്‍ പറഞ്ഞതായി ആരോ പറഞ്ഞുകേട്ട ഹദീസുകള്‍ യാതൊരു വിവേചന ബോധവുമില്ലാതെ തങ്ങളുടെ സമാഹാരത്തില്‍ എടുത്തുചേര്‍ത്ത കേവലം കോപ്പിയിസ്റുകളായിരുന്നില്ല ഈ സമാഹര്‍ത്താക്കള്‍ എന്നതാണ്. അങ്ങനെയായിരുന്നുവെങ്കില്‍ ഇത്രവലിയ സ്വീകാര്യത അവരുടെ സമാഹാരങ്ങള്‍ക്ക് ലഭിക്കുമായിരുന്നില്ല. വ്യാജ ഹദീസുകള്‍ പ്രചരിച്ച ഒരു ചരിത്രഘട്ടത്തിലാണ് അവര്‍ ഈ സംരംഭത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. ഇസ്ലാമിക ഖിലാഫത്ത് രാജവാഴ്ചയിലേക്ക് വഴിമാറിയതിനെത്തുടര്‍ന്ന് ഇസ്ലാമിക സമൂഹത്തില്‍ ഉടലെടുത്ത രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് മതപരമായ മാനം കൂടിയുണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ ഇടപെട്ട് ഓരോ കക്ഷിയും തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നേടിയെടുക്കാനോ സംരക്ഷിക്കാനോ വേണ്ടി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് മതത്തിന്റെ വര്‍ണം നല്‍കുകയായിരുന്നു. ഖുര്‍ആനെ തൊട്ടുകളിക്കാന്‍ കഴിയാത്തതിനാല്‍ എല്ലാവരും എളുപ്പവഴിയായി ഹദീസുകളെ പിടികൂടി. ഹദീസുകള്‍ പലഭാഗങ്ങളില്‍ ചിതറിക്കിടക്കുന്നതിനാല്‍ വ്യാജമാണോ അല്ലേ എന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാനാവുമായിരുന്നില്ല. അതിനാല്‍ പലര്‍ക്കും എതിരായും അനുകൂലമായും വ്യാജഹദീസുകള്‍ നിര്‍മിക്കപ്പെട്ടു. ഇങ്ങനെയൊരു സാഗരത്തില്‍നിന്ന് ശരിയായ ഹദീസുകള്‍ മാത്രം തപ്പിയെടുത്ത് സമാഹരിക്കുക എന്നത് അങ്ങേയറ്റം ദുഷ്കരമായിരുന്നു. അത്തരമൊരു സാഹസിക കൃത്യമാണ് ആ കാലഘട്ടത്തിലെ ഹദീസ് സമാഹര്‍ത്താക്കള്‍ നിര്‍വഹിച്ചത്. അതിനായി അസ്മാഉര്‍റിജാല്‍ (നിവേദക നിരൂപണം) എന്ന പുതിയൊരു വിജ്ഞാന ശാഖക്കുതന്നെ അവര്‍ രൂപം കൊടുത്തു. ഭരണകൂടത്തിന്റെയോ സ്വന്തക്കാരുടെയോ യാതൊരു സ്വാധീനത്തിനും വഴങ്ങാതെ, തീര്‍ത്തും നിഷ്പക്ഷമായിരുന്നു അവരുടെ ഈ വിമര്‍ശന പദ്ധതി. ഹദീസ് ലഭിച്ചത് സ്വന്തം പിതാവില്‍നിന്നാണെങ്കിലും അദ്ദേഹത്തില്‍ വല്ല ദൌര്‍ബല്യവും കണ്ടാല്‍ അത് വെട്ടിത്തുറന്ന് പറയാന്‍ അവര്‍ക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഭരണാധികാരികളെയും അവര്‍ നിശിതമായ വിമര്‍ശനത്തിന് വിധേയമാക്കി. ഹദീസ് പണ്ഡിത•ാരുടെ അപാരമായ ഇഛാശക്തിക്കും വൈജ്ഞാനിക സത്യസന്ധതയ്ക്കും ഉത്തരവാദിത്വബോധത്തിനുമുള്ള മികച്ച ദൃഷ്ടാന്തവും, ഇസ്ലാമിക സമൂഹത്തിന് എന്നും അഭിമാനിക്കാവുന്ന മഹത്തായ സാംസ്കാരിക പൈതൃകവുമാണ് ഈ വൈജ്ഞാനിക ശാഖ. ഹാഫിള് ഇബ്നുഹജറിന്റെ ഇസ്വാബയുടെ ഇംഗ്ളീഷ് വിവര്‍ത്തനത്തിന്റെ ആമുഖത്തില്‍ അതിനെക്കുറിച്ച് ഇപ്രകാരം കുറിച്ചിരിക്കുന്നു: ‘അസ്മാഉര്‍റിജാല്‍ എന്നപേരില്‍ സവിശേഷമായൊരു നിരൂപണ പദ്ധതിക്ക് രൂപം കൊടുത്ത മുസ്ലിംകളെപ്പോലെ മറ്റൊരു സമൂഹവും ലോകത്തുണ്ടായിട്ടില്ല; ഇന്നും ഇല്ല. അതിലൂടെ വിസ്മൃതിയിലാണ്ടുപോവുമായിരുന്ന അഞ്ചുലക്ഷം മനുഷ്യരുടെ ജീവചരിത്രമാണ് സംരക്ഷിക്കപ്പെട്ടത്.’ (ഉദ്ധരണം: ഖുത്വുബാത്തെ മദാരിസ് സയ്യിദ് സുലൈമാന്‍ നദ്വി).
ഹദീസ് പണ്ഡിത•ാര്‍ നടത്തിയ അസാധാരണവും സാഹസികവുമായ ഈ ഉദ്യമത്തിലൂടെ പല ഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന ഹദീസുകളെല്ലാം മൂന്നാം നൂറ്റാണ്ടോടുകൂടി പ്രാമാണികവും സര്‍വ്വാംഗീകൃതവുമായ ഏതാനം ബൃഹത് ഗ്രന്ഥങ്ങളില്‍ സമാഹരിക്കപ്പെട്ടു. സിഹാഹുസ്സിത്ത എന്ന പേരില്‍ വിശ്രുതമായ ആറ് ഹദീസ് സമാഹാരങ്ങള്‍ അവയില്‍ ഏറ്റവും മികച്ചുനില്‍ക്കുന്നു.
ചുരുക്കത്തില്‍, ഹദീസ് സമാഹരണത്തിലൂടെ ഇസ്ലാമിന്റെ അധ്യാപനങ്ങള്‍ മാത്രമല്ല, ഇസ്ലാമിലെ ഏറ്റവും സുവര്‍ണമായ കാലത്തിന്റെ, അഥവാ നബിയും സ്വഹാബിമാരും ജീവിച്ച കാലത്തിന്റെ ചരിത്രം കൂടിയാണ് സമാഹരിക്കപ്പെട്ടത്. പില്‍ക്കാലത്ത് ഇസ്ലാമിക സമൂഹത്തില്‍ നടന്ന പരിഷ്കരണ പ്രസ്ഥാനത്തിന്റെയും നവോത്ഥാന സംരംഭങ്ങളുടെയുമെല്ലാം പ്രധാന ഊര്‍ജസ്രോതസ്സും അടിത്തറയുമായി വര്‍ത്തിച്ചത് ഈ സമാഹാരങ്ങളാണ്. ഈ നാലാം ഘട്ടത്തിലെ ഹദീസ് ക്രോഡീകരണം കേവല വൈജ്ഞാനിക പ്രവര്‍ത്തനം മാത്രമായിരുന്നില്ലെന്നും ഇസ്ലാമിക നവോത്ഥാന പരമ്പരയിലെ സുപ്രധാന കണ്ണിയായിരുന്നുവെന്നും പറയാന്‍ കാരണം അതാണ്.
ലേഖകന്‍: കെ.ടി. ഹുസൈന്‍
Discussion about this post