അബുല്‍ഹസന്‍ മുസ്ലിം ഇബ്നുല്‍ ഹജ്ജാജ് അല്‍ഖുറൈശി എന്നാണ് മുഴുവന്‍ പേര്. ഹി: 204(ക്രി.വ: 817)ല്‍ ബുഖാറക്കടുത്ത നിശാപൂരില്‍, ഖുറാസാനിലെ കുലീനരായ അറബ് മുസ്ലിംകളുടെ കുടുംബത്തില്‍ ജനിച്ചു. നാലു ഖലീഫമാരുടെ ഭരണകാലത്ത് അദ്ദേഹത്തിന്റെ പ്രപിതാക്കള്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മുഹദ്ദിസു കൂടിയായിരുന്ന പിതാവില്‍നിന്ന് ഇമാം മുസ്ലിമിന് അളവറ്റ ധനം അനന്തരാവകാശമായി ലഭിച്ചു. വിവിധ വിജ്ഞാന കേന്ദ്രങ്ങളിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഇമാം മുസ്ലിം ഹദീസുകള്‍ അന്വേഷിച്ചിറങ്ങി. അവസാനം നിശാപൂരില്‍ (നൈസാബൂര്‍) താമസമാക്കി. ശിഷ്ടകാലം ഹദീസ് തരം തിരിക്കുന്നതിനും പഠിപ്പിക്കുന്നതിനും ചെലവഴിച്ചു. ഹി:261 (ക്രി.വ: 874)ല്‍ നിര്യാതനായി.ആധികാരികതയിലും വിശ്വാസ്യതയിലും സ്വഹീഹുല്‍ ബുഖാരിക്കുശേഷം സ്വഹീഹു മുസ്ലിം പരിഗണിക്കപ്പെടുന്നു. ബുഖാരിയും മുസ്ലിമും ഒന്നിച്ചു സ്വീകരിച്ച ഹദീസിനെ മുത്തഫഖുന്‍ അലൈഹി(ബുഖാരിയും മുസ്ലിമും യോജിച്ചത്) എന്നു വിളിക്കുന്നു. ഹദീസുകളുടെ ക്രമീകരണത്തിലെ വിശദാംശങ്ങള്‍ പരിഗണിക്കുമ്പോള്‍ ബുഖാരിയേക്കാള്‍ സ്വഹീഹുമുസ്ലിം മികച്ചുനില്‍ക്കുന്നതായി കാണാം. 300000 ഹദീസുകളില്‍നിന്നും തെരഞ്ഞെടുത്ത 9200 ഹദീസുകളാണ് സ്വഹീഹ് മുസ്ലിമിലുള്ളത്. മുസ്നദു കബീര്‍, കിതാബുല്‍ മിലല്‍ തുടങ്ങിയ മറ്റു കൃതികളും ഇമാം മുസ്ലിമിന്റേതായുണ്ട്.
Discussion about this post