മുഹമ്മദ്ബ്നു ഇസ്മാഈല്‍. ഹി: 194 ല്‍ (ക്രി.വ: 1830) ബുഖാറയിലാണ് ഇമാം ബുഖാരി ജനിച്ചത്. ഹദീസുകളില്‍ സാമാന്യം പരിജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ചെറുപ്പത്തില്‍ മരണപ്പെട്ടു. ശാരീരികമായി ദുര്‍ബലനായിരുന്ന ഇമാം അപാരമായ ഓര്‍മശക്തിയും ബുദ്ധിയുമുള്ള പ്രതിഭാശാലിയായിരുന്നു. കാര്യങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ ഇമാം ബുഖാരിക്ക് ചെറുപ്പത്തിലേ കഴിയുമായിരുന്നു. പതിനൊന്നാം വയസ്സില്‍ ഹദീസ് പഠനം തുടങ്ങി. ആറു വര്‍ഷം കൊണ്ട് കിട്ടാവുന്നിടത്തോളം ഹദീസുകള്‍ സമാഹരിച്ചു. തുടര്‍ന്ന് മക്കയിലേക്ക്
ഹജ്ജിന് പുറപ്പെട്ടു. ഹദീസ് അന്വേഷിച്ചുള്ള യാത്രയായിരുന്നു 40 വര്‍ഷം. ഹദീസുകള്‍ തേടിയുള്ള ഈ യാത്രയില്‍ അന്നത്തെ മുസ്ലിം ലോകത്തിലെ ഏതാണ്ടെല്ലാ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു. വിശ്വസനീയമായ അധരങ്ങളില്‍നിന്നും, ഏടുകളില്‍നിന്നും തിരുവചനങ്ങള്‍ നേരിട്ടു സമാഹരിക്കുകയായിരുന്നു ഇമാം.ജീവിതാവസാനം നൈസാബൂരില്‍ താമസമാക്കാനാഗ്രഹിച്ചെങ്കിലും അവിടുത്തെ ഗവര്‍ണറുടെ ഇംഗിതത്തിനു വഴങ്ങാത്തതിനാല്‍ അവിടം വിടേണ്ടിവന്നു. തുടര്‍ന്ന് സമര്‍ഖന്തില്‍ താമസമാക്കി. അറുപത്തിരണ്ടാം വയസ്സില്‍ ഹിജ്റ: 869 ല്‍ നിര്യാതനായി.
ഭക്തിയും സത്യസന്ധതയും പാവങ്ങളോടും വിദ്യാര്‍ഥികളോടുമുള്ള ഔദാര്യവും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ഇമാം ബുഖാരി ഹദീസ് സമാഹരണത്തിനും സംശോധനക്കുമാണ് ജീവിതം നീക്കിവെച്ചത്. ഇമാം ഒരിക്കല്‍ ഹദീസ് അന്വേഷിച്ച് നൂറുകണക്കിന് മൈലുകള്‍ താണ്ടി അവസാനം ലക്ഷ്യസ്ഥാനത്തെത്തി. ഹദീസ് വക്താവിന്റെ വീട്ടുവാതില്‍ക്കലെത്തിയപ്പോള്‍ അയാള്‍ ഒഴിഞ്ഞ ഭക്ഷണസഞ്ചി കാണിച്ച് കുറച്ച് ദൂരെ മേയുകയായിരുന്ന തന്റെ കുതിരയെ വിളിക്കുന്നത് ഇമാമിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഈ സംഭവത്തില്‍നിന്നും അയാള്‍ വിശ്വാസ യോഗ്യനല്ലെന്ന് മനസ്സിലാക്കി ഒരു നിമിഷം പോലും പാഴാക്കാതെ അദ്ദേഹം സ്ഥലം വിട്ടു.
ഏറ്റവും വിശ്വാസ യോഗ്യവും ആധികാരികവുമായ ഹദീസ് സമാഹാരമാണ് സ്വഹീഹുല്‍ ബുഖാരി. തീര്‍ച്ചയായും ഏറ്റവും നിശിതമായി ഹദീസ് പരിശോധന നടത്തിയത് ഇമാം ബുഖാരി തന്നെയാണ്. 600000 ഹദീസുകളില്‍നിന്നാണ് ഇമാം ബുഖാരി 7275 ഹദീസുകള്‍ തെരഞ്ഞെടുത്തത്. 22000 ഹദീസുകള്‍ അദ്ദേഹത്തിന്റെ ഓര്‍മയിലുണ്ടായിരുന്നു. വുദു ചെയ്ത് നമസ്കരിച്ച ശേഷമാണ് അദ്ദേഹം ഓരോ ഹദീസും എഴുതി വെച്ചത്. കണിശമായ പരിശോധനക്ക് ശേഷം . അനിവാര്യമായിടത്ത് ഹദീസിന്റെ വ്യാഖ്യാനവും നടത്തി. എല്ലാ നിവേദകരും വിശ്വാസയോഗ്യരും, എല്ലാവരും ഒരറ്റം മുതല്‍ മറ്റേയറ്റം വരെയുള്ള കണ്ണികളെ നേരിട്ടുകണ്ടവരുമാണെന്ന് ഉറപ്പിച്ച ശേഷമേ അദ്ദേഹം അവരില്‍നിന്ന് ഹദീസ് സ്വീകരികകുകയുള്ളൂ. ഖുര്‍ആന് വ്യാഖ്യാനമായി വന്ന ഹദീസുകള്‍ക്ക് ആ ഖുര്‍ആന്‍ ഭാഗം ശീര്‍ഷകമായിക്കൊടുത്തത് ഇമാം ബുഖാരിയുടെ പ്രത്യേകതയാണ്.
600000 ഹദീസുകളില്‍ നിന്നാണല്ലോ 7275 ഹദീസുകള്‍ ഇമാം ബുഖാരി തെരഞ്ഞെടുത്തത്. ഇതിനര്‍ഥം 592725 ഹദീസുകള്‍ രേഖപ്പെടുത്താതെ പോയി എന്നല്ല. ഒരേ ഹദീസ് തന്നെ വ്യത്യസ്തമായ 6 നിവേദക പരമ്പരയിലൂടെ വന്നാല്‍ അത് 6 ഹദീസായാണ് പരിഗണിക്കുക. നിവേദകരുടെ എണ്ണത്തിനനുസരിച്ച് ഹദീസിന്റെയും എണ്ണം വര്‍ദ്ധിക്കുന്നു. ഒരേ ഹദീസ് തന്നെ വ്യത്യസ്ത വിഷയങ്ങള്‍ക്കായി ഉദ്ധരിച്ചിട്ടുമുണ്ടാവും. അതിനാല്‍ 600000 നിവേദക പരമ്പരയിലൂടെയാണ് 7275 ഹദീസുകള്‍ നമുക്ക് ലഭിച്ചത്.ഇത് ഹദീസിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരേ ഹദീസ് വിവിധ ശീര്‍ഷകങ്ങള്‍ക്കു താഴെ വന്നതും കാണാം. ഇങ്ങനെ നോക്കുമ്പോള്‍ വ്യതിരിക്തതയുള്ള ഹദീസുകളുടെ എണ്ണം പിന്നെയും ചുരുങ്ങുന്നു. അവ ബുഖാരിയില്‍ 2762 ആയി കുറയുന്നു. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും ആധികാരികപ്രമാണം ഹദീസാണെന്നിരിക്കെ അവ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളില്‍ സ്വഹീഹുല്‍ ബഖാരി പ്രഥമസ്ഥാനത്ത് നിലകൊള്ളുന്നു.
Discussion about this post