പേരെടുത്ത ഓറിയന്റലിസ്റും അറബി ചരിത്രരചയിതാവുമാണ് ഹിറ്റി. ഇസ്ലാമിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ വികലവും പക്ഷപാതപരവുമാണ്. ഒരു ചരിത്രകാരനുണ്ടാവേണ്ട തുറന്ന മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നോ എന്നുതന്നെ സംശയമാണ്. എന്നാല്‍ അദ്ദേഹത്തിന് തന്നെ പറയേണ്ടിവരുന്ന ചില കാര്യങ്ങളുണ്ട്. ‘ഇസ്ലാം ഒരു ജീവിതമാര്‍ഗം’ എന്ന ഗ്രന്ഥത്തില്‍നിന്നുള്ള ഒരു ഭാഗമാണ് ചുവടെ:
മധ്യകാലഘട്ടത്തിലെ ക്രിസ്ത്യാനികള്‍ മുഹമ്മദിനെ തെറ്റിദ്ധരിക്കുകയും കൊള്ളരുതാത്തവനായി ഗണിക്കുകയും ചെയ്തു. അതിനുള്ള കാരണങ്ങള്‍ കൂടുതലും ചരിത്രപരം-സാമ്പത്തികവും രാഷ്ട്രീയവും- ആയിരുന്നു; ആദര്‍ശപരമല്ല. ഒമ്പതാം നൂറ്റാണ്ടുകാരനായ ഒരു ഗ്രീക്ക് ചരിത്രകാരന്‍ വരച്ചുവെച്ച വ്യാജപ്രവാചകനും കപടനുമെന്ന ചിത്രം പിന്നീട് പൊടിപ്പും തൊങ്ങലും വെച്ച് പലരും മുഴപ്പിച്ചു. വിഷയാസക്തിയുടെയും ദുര്‍നടപ്പിന്റെയും രക്തദാഹത്തിന്റെയും കൊള്ളശീലത്തിന്റെയുമൊക്കെ കടുഞ്ചായങ്ങള്‍ കൊണ്ട് അവരതിന് പകിട്ടു നല്‍കി. പാതിരിമാര്‍ക്കിടയില്‍ മുഹമ്മദ് ഒരു അന്തിക്രിസ്തുവായി. അദ്ദേഹത്തിന്റെ മൃതശരീരം ഭൂമിക്കും സ്വര്‍ഗത്തിനുമിടയിലെവിടെയോ തൂക്കിയിട്ടിരിക്കയാണെന്നവര്‍ വിശ്വസിച്ചു; ദാന്തയാകട്ടെ അദ്ദേഹത്തിന്റെ ശരീരം രണ്ടായി മുറിച്ചു. അഭിശപ്തരെയും മതത്തില്‍ ഛിദ്രതയുണ്ടാക്കുന്നവരെയും ഇടുന്ന ഒമ്പതാം നരകത്തിലേക്കയച്ചു.
Discussion about this post