മക്കയില്‍ നിന്ന് സത്യവിശ്വാസികള്‍ അധികപേരും മദീനയിലെത്തിയ ശേഷം നബിക്ക് മദീനയിലേക്ക് ഹിജ്റക്കുള്ള അല്ലാഹുവിന്റെ കല്‍പനയുണ്ടായി. മുസ്ലിംകള്‍ ഓരോരുത്തരായി മദീനയിലേക്കു പോകുന്നത് മക്കക്കാര്‍ കണ്ടിരുന്നു. നബിയും മദീനയിലെത്തിയാല്‍ അവിടെ മുസ്ലിംകളുടെ ശക്തികേന്ദ്രമാകുമെന്നവര്‍ മനസ്സിലാക്കി. അതിനുമുമ്പായി നബിയെ വധിക്കാന്‍ ഒരു ഗൂഢപദ്ധതിക്ക് രൂപം നല്‍കി. ഓരോ ഗോത്രത്തില്‍നിന്നും ഓരോ യുവാക്കള്‍ വീതമുള്ള ഒരു സംഘം വാളുകളുമേന്തി രാത്രിയില്‍ നബിയുടെ വീടുവളഞ്ഞു. നബി ഉറങ്ങിയശേഷം വീട്ടില്‍ നുഴഞ്ഞുകയറി അദ്ദേഹത്തെ കൊലചെയ്യുകയായിരുന്നു അവരുടെ ലക്ഷ്യം. നബിയുടെ വീട്ടില്‍ അലിയ്യുബ്നു അബീത്വാലിബുമുണ്ടായിരുന്നു. 22 വയസ്സുള്ള യുവാവാണ് അന്നദ്ദേഹം. മക്കക്കാര്‍ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ‘അമാനത്തുകള്‍'(സൂക്ഷിപ്പുമുതലുകള്‍) അവകാശികള്‍ക്കു തിരിച്ചു നല്‍കാന്‍ നബി അലിയെ ഏല്‍പ്പിച്ചു. ശേഷം നബിയുടെ വിരിപ്പില്‍ പുതച്ചുമൂടി കിടക്കാനാവശ്യപ്പെട്ടു. അല്ലാഹുവിന്റെ പ്രവാചകന്‍ ആ അക്രമിസംഘത്തിനിടയിലൂടെ നടന്ന് അബൂബക്കര്‍ സിദ്ദീഖിന്റെ വീട്ടിലെത്തി. അവിടെനിന്നും രണ്ടുപേരും ഉടന്‍തന്നെ യാത്രയായി. തങ്ങളെ ശത്രുക്കള്‍ പിന്തുടരുമെന്നു മനസ്സിലാക്കിയ നബിയും അബൂബക്കറും മക്കയില്‍നിന്ന് മൂന്ന് നാഴിക അകലെ ‘ഥൌര്‍’ ഗുഹയില്‍ മൂന്നു ദിവസം കഴിച്ചുകൂട്ടി. തുടര്‍ന്നവര്‍ മദീനയിലേക്കു പുറപ്പെട്ടു. മക്കയില്‍ ശേഷിച്ച മുഴുവന്‍ സത്യവിശ്വാസികളും മദീനയിലെത്തി.
യഥ്രിബിലെ(മദീനയിലെ) ജനങ്ങള്‍ പട്ടണത്തിനു പുറത്തുവന്ന് തക്ബീര്‍ (അല്ലാഹു അക്ബര്‍) മുഴക്കിയും കൈകൊട്ടിപ്പാട്ടുപാടിയും നബിയെ സ്വീകരിച്ചു. അന്നുവരെ യഥ്രിബ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ സ്ഥലം ‘മദീനത്തുന്നബി’ (നബിയുടെ പട്ടണം) എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങി. മദീനത്തുന്നബി ലോപിച്ചാണ് പില്‍ക്കാലത്ത് ആ സ്ഥലത്തിന് ‘മദീന’ എന്ന പേരു വന്നത്. നബിയും അനുയായികളും മക്കയില്‍നിന്ന് മദീനയിലേക്ക് പോയ മഹത്തായ സംഭവമാണ് ‘ഹിജ്റ’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവമാണ് ഹിജ്റ. ഹിജ്റക്കു ശേഷമാണ് മുസ്ലിംകളുടെ ഒരു സ്വതന്ത്രസമൂഹം നിലവില്‍ വരികയും പൂര്‍ണാര്‍ഥത്തിലുള്ള ഒരു ഇസ്ലാമിക രാഷ്ട്രത്തിന് അടിത്തറ പാകുകയും ചെയ്തത്.
Discussion about this post