ചരിത്രപ്രസിദ്ധമായ മക്കാവിജയം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടു. നബി(സ) പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കുവാന്‍ മക്കയിലേക്ക് യാത്രയായി. ഹിജ്റ പത്താം വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മത്തിനെത്തിയ ലക്ഷത്തില്‍പരം തീര്‍ഥാടകരോടായി അറഫയില്‍ നബി നടത്തിയ പ്രഭാഷണം വിടവാങ്ങല്‍ പ്രസംഗം (ഖുത്വുബതുല്‍ വദാഅ്) എന്ന പേരില്‍ പ്രസിദ്ധമാണ്. മഹത്തായ ആ പ്രസംഗത്തിന്റെ അവസാനം നബി അവിടെ കൂടിയവരോടായി ചോദിച്ചു. ‘അല്ലാഹുവിന്റെ സന്ദേശം നിങ്ങള്‍ക്ക് ഞാന്‍ എത്തിച്ചു തന്നോ എന്ന് വിധിനിര്‍ണയനാളില്‍ അല്ലാഹു ചോദിച്ചാല്‍ നിങ്ങള്‍ എന്തുത്തരം പറയും?’
ജനങ്ങള്‍ ഏകസ്വരത്തില്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, അല്ലാഹുവിന്റെ സന്ദേശം ഞങ്ങള്‍ക്കെത്തിച്ചുതന്ന് താങ്കള്‍ ബാധ്യത നിറവേറ്റിയിട്ടുണ്ടെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു.’
അപ്പോള്‍ കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി നബി പറഞ്ഞു: ‘അല്ലാഹുവേ, നീ സാക്ഷി, അല്ലാഹുവേ നീ സാക്ഷി.’ അന്ത്യപ്രവാചകന്‍ തന്റെ ദൌത്യം പൂര്‍ത്തീകരിക്കുകയായിരുന്നു. തുടര്‍ന്നദ്ദേഹം പറഞ്ഞു: ‘ഈ സന്ദേശം ലഭിച്ചവര്‍ അത് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് എത്തിച്ചു കൊടുക്കണം.’
Discussion about this post