“മലബാര്‍: നിരവധി പട്ടണങ്ങളുള്ള മഹത്തായ നാട്. കണ്ണൂരും മഞ്ചുറൂറും ദഹ്സലും അവിടെയാണ്. ലോകത്തുടനീളം കുരുമുളകെത്തുന്നത് മലബാറില്‍നിന്നാണ്. ദമസ്കസിന്റെ ചരിത്രത്തില്‍ മലബാറുകാരനായ അബ്ദുര്‍റഹ്മാന്റെ പുത്രന്‍ അബ്ദുല്ല മലൈബാരിയെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. സിന്ധി എന്നാണ് അദ്ദേഹം അറിയപ്പെട്ടത്. തീരദേശ പട്ടണമായ സ്വൈദാഇലെ അദ്നൂനില്‍ വെച്ച് ശീറാസുകാരന്‍ അഹ്മദുബ്നു അബ്ദുല്‍ഖാദിറില്‍നിന്ന് അദ്ദേഹം ഹദീസ് പഠനം നടത്തിയിട്ടുണ്ട്. ബസ്വറക്കാരനായ അബൂഅബ്ദുല്ലാഹിസ്സൂരി അബ്ദുല്ലാ മലൈബാരിയില്‍നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടിണ്ട്.”
പ്രഗത്ഭ ചരിത്രകാരനായ യാഖൂത്തുല്‍ ഹമവിയുടെ പ്രസിദ്ധ കൃതിയായ മുഅ്ജമുല്‍ ബുല്‍ദാനില്‍നിന്നുള്ളതാണ് മേല്‍ഉദ്ധരണി. കേരളക്കാര്‍ക്ക് നബിചര്യയുമായുള്ള ബന്ധത്തെക്കുറിച്ച വ്യക്തമായ സൂചനകള്‍ ഈ വരികളില്‍ അടങ്ങിയിട്ടുണ്ട്. ചരിത്രഗ്രന്ഥങ്ങളിലെ മലബാര്‍ എന്ന പരാമര്‍ശം കേരളത്തെയാണ് സൂചിപ്പിക്കുന്നത്. അബ്ദുല്ലാ മലൈബാരിയെക്കുറിച്ച് പരാമര്‍ശിക്കുന്ന ‘താരീഖ് ദിമശ്ഖ്’എന്ന കൃതി ചരിത്ര പണ്ഡിതനായ ഇബ്നു അസാക്കിറാണ് രചിച്ചിട്ടുള്ളത്. അദ്ദേഹം ഹി. 571 റജബ് 11 നാണ് മരണപ്പെട്ടത്. ഇതില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് ഹി.571ന് മുമ്പ് അബ്ദുല്ലാ മലൈബാരി ദിമശ്ഖില്‍ എത്തിയിരുന്നുവെന്നാണ്. മര്‍ഹൂം ഫലകി മുഹമ്മദ് മൌലവി അല്‍ ഇര്‍ശാദ് മാസികയില്‍ ഒരു ലേഖനത്തില്‍ പ്രകടിപ്പിച്ച അഭിപ്രായം പ്രസക്തമാണ്. അതായത്, അബ്ദുല്ലാ മലൈബാരിയുടെ ഗുരുവര്യന്‍ അഹ്മദുബ്നു അബ്ദില്‍ വാഹിദിനെ ഇബ്നു അസാക്കിര്‍ ഖശ്ശാബ് എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഖശ്ശാബ് എന്നാല്‍ മരക്കച്ചവടക്കാരന്‍ എന്നാണര്‍ഥം. ഒരു പക്ഷേ, അഹ്മദുബ്നു അബ്ദില്‍ വാഹിദ് വ്യാപാരാവശ്യാര്‍ഥം ദമസ്കസില്‍നിന്ന് വരികയും അബ്ദുല്ലാ മലൈബാരി അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച് ദമസ്കസിലേക്കു പോവുകയും ചെയ്തതായിരിക്കണം. ദമസ്കസ് ഹദീസ് പഠനഗവേഷണങ്ങളുടെ കേന്ദ്രമായിരുന്നു. ഇസ്ലാമിക ചരിത്രത്തില്‍ ഹദീസ് പഠനത്തിനുമാത്രമായി നിര്‍മിക്കപ്പെട്ട ആദ്യ കേന്ദ്രം ദമസ്കസിലെ ദാറുല്‍ ഹദീസായിരുന്നു. മഹ്മൂദ്ബ്നു സന്‍കി നൂറുദ്ദീനാണ് അതു പണികഴിപ്പിച്ചത്. ഈ വിധം വിശ്രുതമായ ദമസ്കസിലാണ് കേരളീയനായൊരാള്‍ ഹദീസ് പഠനഗവേഷണത്തിനു വേണ്ടി ഹി. ആറാം നൂറ്റാണ്ടിലോ അതിനുമുമ്പോ എത്തിച്ചേര്‍ന്നത്. ഇബ്നു അസാകിറിന്റെ ഗ്രന്ഥത്തില്‍ ഇമാം ഗസ്സാലിയെപ്പോലുള്ള പ്രഗത്ഭ പണ്ഡിത•ാരോടൊപ്പം അബ്ദുല്ലാ മലൈബാരി പരാമര്‍ശിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പക്ഷേ, ഇദ്ദേഹം ഏതു നാട്ടുകാരനാണെന്നോ ഏതു കുടുംബക്കാരനാണെന്നോ ആര്‍ക്കുമറിയില്ല!
ഇസ്ലാമിക വിജ്ഞാന രംഗത്ത് മഹത്തായ പാരമ്പര്യമുള്ള കേരളത്തില്‍ ഹദീസ് പഠനഗവേഷണവും ചെറുതല്ലാത്തവിധം നടന്നിട്ടുണ്ട്. ഹദീസ് വിജ്ഞാന തല്‍പരരായ നിരവധി പണ്ഡിത•ാര്‍ പലകാലങ്ങളിലായി കേരളത്തിലുണ്ടായിരുന്നു. പക്ഷേ, നാം ചരിത്രത്തോടു കാണിച്ച അവഗണനയും അശ്രദ്ധയും കാരണം അത്തരം കാര്യങ്ങളെ സംബന്ധിച്ച അമൂല്യമായ നിരവധി അറിവുകള്‍ നഷ്ടപ്പെട്ടു പോയിരിക്കുന്നു.
നബി(സ)യുടെ വിയോഗാനന്തരം അല്‍പകാലത്തിനകം ഇസ്ലാമിക പ്രബോധനാര്‍ഥം പ്രവാചകസഖാക്കളും അവരുടെ പി•ുറക്കാരും കേരളത്തിലെത്തുകയുണ്ടായെന്ന് ചരിത്ര പണ്ഡിത•ാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ വീക്ഷണത്തില്‍ പ്രവാചകന്റെ ജീവിത കാലത്തുതന്നെ ശിഷ്യ•ാര്‍ ഇവിടെ വന്നിട്ടുണ്ട്. നബി(സ)ക്ക് പാരിതോഷികങ്ങളുമായി ഒരു ദൌത്യസംഘം കേരളത്തില്‍നിന്ന് അറേബ്യയിലെത്തിയിരുന്നതായി ഇബ്നു അബ്ബാസ് ഉദ്ധരിച്ച ഹദീസ് ഹാകിമിന്റെ മുസ്തദ്റകിലുണ്ട്. ചേരമാന്‍ പെരുമാള്‍ എന്നോ മറ്റോ പേരുള്ള ഒരു രാജാവ് കേരളത്തില്‍നിന്ന് അറേബ്യയില്‍ പോയി ഇസ്ലാമാശ്ളേഷിച്ചതായും ചരിത്രഗ്രന്ഥങ്ങളില്‍ കാണാം. വിശദാംശങ്ങളെക്കുറിച്ച ചര്‍ച്ചകള്‍ ചരിത്ര പണ്ഡിത•ാര്‍ക്കു വിടാം. എങ്കിലും ഒരു കാര്യം നമുക്കുറപ്പിച്ചു പറയാം: ഹിജ്റ ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ കേരളത്തില്‍ പ്രബോധക സംഘങ്ങള്‍ വരികയും ഇസ്ലാമിക സന്ദേശം പ്രചരിപ്പിക്കുകയും ധാരാളം തദ്ദേശിയര്‍ ഇസ്ലാം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. സന്ദേശപ്രചാരണത്തിന് മൌലികപ്രമാണങ്ങളായ ഖുര്‍ആനും ഹദീസും മാധ്യമമാവുക സ്വാഭാവികമാണല്ലോ.
ഹദീസുകള്‍ കേരളത്തിലെത്തുന്നത് പ്രബോധകരായി വന്ന സ്വഹാബിമാരും താബിഉകളും വഴിയാണെന്ന് ഇത് വ്യക്തമാക്കുന്നു. ഇസ്ലാമിനോടുള്ള ആദര്‍ശ ബന്ധത്തോടൊപ്പം നബി(സ)യോടുള്ള ഉള്ളുനിറഞ്ഞ സ്നേഹവായ്പും കേരളീയ മുസ്ലിംകളില്‍ സജീവമാണ്. ഇത് നബിയുടെ സുന്നത്തിനോട് സവിശേഷമായ ആത്മബന്ധമുണ്ടാക്കാന്‍ കാരണമായി.
പല ഘട്ടങ്ങളിലായി അറബ് രാജ്യങ്ങളില്‍നിന്നും മറ്റും കേരളത്തില്‍ വന്ന നിരവധി പണ്ഡിത•ാരുണ്ട്. അവരില്‍ പലരും ഹദീസ് വിജ്ഞാനരംഗത്ത് പ്രാഗത്ഭ്യമുള്ളവരായിരുന്നു. മക്ക, മദീന, മഖ്ദിഷ്, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ളവരോ അവിടങ്ങളില്‍ പഠിച്ചവരോ ആയ പണ്ഡിത•ാര്‍ കേരളത്തിലെ പല സ്ഥലങ്ങളിലും അധ്യാപനം നടത്തിയിരുന്നതായി ഇബ്നുബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈന്‍കാരനായ ഇബ്രാഹീം ശാഹ് ബന്ധര്‍ ഉദാഹരണം. മലയാളി വിദ്യാര്‍ഥികള്‍ക്കും പണ്ഡിത•ാര്‍ക്കും ഇത്തരം വിദേശപണ്ഡിത•ാരുടെ സാന്നിധ്യം ഹദീസ് വിജ്ഞാനരംഗത്ത് ഏറെ പ്രയോജനപ്പെടുകയുണ്ടായി. കേരളീയരായ നിരവധി പണ്ഡിത•ാര്‍ അറബി രാജ്യങ്ങളില്‍ പോയി ഇസ്ലാമിക പഠനം നടത്തിയിട്ടുണ്ട്. ഹജ്ജിനു പോകുന്ന പണ്ഡിത•ാരില്‍ ചിലര്‍ കുറച്ചുകാലം മക്കയിലോ മദീനയിലോ താമസിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. മക്കയും മദീനയും ഹദീസിന്റെ കേന്ദ്രങ്ങളായിരുന്നു. അതുകൊണ്ട് അവര്‍ക്ക് ഹദീസ് വിജ്ഞാനവുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. യാഖൂത്തുല്‍ ഹമവി പരാമര്‍ശിച്ച അബ്ദുല്ലാ മലൈബാരി അവരിലൊരാളാണ്. ഹിജ്റ ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച കോഴിക്കോട്ടുകാരനായ അബ്ദുല്ലാഹിബ്നു അഹ്മദ് എന്ന മറ്റൊരു ഹദീസ് പണ്ഡിതനെക്കുറിച്ചും ചരിത്ര ഗവേഷകര്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഖാസിം, അബൂബക്കര്‍ എന്നീ സഹോദര•ാരോടൊപ്പം മക്കയിലെത്തിയ അദ്ദേഹം ഹദീസ് പണ്ഡിതനായ അല്‍ഹാഫിള് അസ്സാഖാവിയുടെ ശിഷ്യത്വം സ്വീകരിച്ച് ഹദീസ് പഠനം നടത്തി. ഹദീസുകള്‍ നിവേദനം ചെയ്യാന്‍ ഗുരുവര്യനില്‍നിന്ന് അനുമതി (ഇജാസ) ലഭിച്ചു. സഖാവി തന്റെ കൃതിയില്‍ അബ്ദുല്ലാഹിബ്നു അഹ്മദിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ ചരിത്ര വസ്തുതകള്‍ ഹദീസുകളും കേരളീയ മുസ്ലിംകളുമായുള്ള ആത്മ ബന്ധത്തെക്കുറിച്ച് സൂചിപ്പിക്കുന്നു. വിദേശത്തുനിന്നു വന്ന പണ്ഡിത•ാരില്‍നിന്ന് ഇതര വിഷയങ്ങളോടൊപ്പം ഹദീസ് വിജ്ഞാനീയങ്ങളും കേരളക്കരയ്ക്ക് ലഭിച്ചു. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്നിരുന്ന മതപഠന കേന്ദ്രങ്ങളില്‍ ഹദീസ് പഠനത്തിനും അവസരമുണ്ടായിരുന്നു. ചില പണ്ഡിത•ാര്‍ വിദേശരാജ്യങ്ങളിലേക്കു പോവുകയും അവിടെയുള്ള ഹദീസ് പണ്ഡിത•ാരുടെ ശിഷ്യത്വം സ്വീകരിച്ച് പഠനം നടത്തുകയും ചെയ്തു. ഹദീസ് നിവേദക പരമ്പരയില്‍ ഉള്‍പ്പെടാന്‍ മാത്രം ഈ രംഗത്ത് വളര്‍ന്നു വന്ന ചിലരെങ്കിലുമുണ്ടായിരുന്നു.
കേരളത്തിലെ പൊതുമുസ്ലിം സമൂഹത്തിന് പണ്ഡിത•ാര്‍ നല്‍കിയ ഉദ്ബോധനങ്ങളില്‍ ഹദീസുകള്‍ ധാരാളമായി ഉദ്ധരിച്ചിരുന്നു. അധിനിവേശവിരുദ്ധ സമരത്തിന് മുസ്ലിം സമൂഹത്തെ പ്രചോദിപ്പിക്കാന്‍ രചിക്കപ്പെട്ട കൃതികളില്‍ ദൈവമാര്‍ഗത്തിലെ സമരത്തിന്റെ മഹത്വം വിവരിക്കുന്ന നിരവധി ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്റെ ആദ്യഭാഗത്തുതന്നെ നിരവധി ഹദീസുകള്‍ കാണാം. കേരളമുസ്ലിംകള്‍ നടത്തിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഹദീസുകള്‍ ഊര്‍ജം പകര്‍ന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്.
ഹദീസ് വിശദീകരണങ്ങള്‍
കേരളത്തില്‍ രചിക്കപ്പെട്ട രണ്ട് പ്രമുഖ ഹദീസ് വിശദീകരണകൃതികളാണ് ‘സിഹാഹുശ്ശൈഖൈനി’ , ‘മിര്‍ആത്തുല്‍ മിശ്ഖാത്’ എന്നിവ. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റായിരുന്ന അബ്ദുല്‍ബാരി മുസ്ലിയാര്‍ (വാളക്കുളം) രചിച്ച ഗ്രന്ഥമാണ് സ്വിഹാഹുശ്ശൈഖൈനി. നെല്ലിക്കുത്ത് ഇസ്മായില്‍ മുസ്ലിയാരാണ് മിര്‍ആത്തുല്‍ മിശ്ഖാത്തിന്റെ കര്‍ത്താവ്.
രണ്ടായിരത്തി അറുനൂറിലധികം ഹദീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കൃതിയാണ് സ്വിഹാഹുശ്ശൈഖൈനി. അബ്ദുല്‍ബാരി മുസ്ലിയാര്‍ തന്നെ ഖാദിമുസ്സ്വഹീഹൈനി എന്ന പേരില്‍ അതിനൊരു വിശദീകരണം എഴുതിയിട്ടുണ്ട്. ഹാശിയതുസ്സ്വഹീഹുശ്ശൈഖൈനി എന്നപേരില്‍ ഒരു വ്യാഖ്യാനവും അദ്ദേഹംതന്നെ സ്വിഹാഹിനു രചിച്ചിട്ടുണ്ട്.
പ്രമുഖ ഹദീസ് സമാഹാരമായ മിശ്ഖാത്തുല്‍മസാബീഹിന് പണ്ഡിതനായ നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍ എഴുതിയ വിശദീകരണഗ്രന്ഥമാണ് 8 വാള്യങ്ങളുള്ള മിര്‍ആത്തുല്‍ മിശ്കാത്ത്. ആറായിരത്തില്‍പ്പരം പേജുള്ള അറബിയില്‍ രചിക്കപ്പെട്ട ബൃഹദ്ഗ്രന്ഥമാണിത്. ഹദീസുകളുടെ വിശദീകരണവും ഓരോ അധ്യായത്തിനും അനുബന്ധമായി തയ്യാറാക്കിയ പഠനങ്ങളും വിഷയങ്ങളുടെ ചാര്‍ട്ടുകള്‍, സൂചികകള്‍, ചിത്രങ്ങള്‍, ഭൂപടങ്ങള്‍ തുടങ്ങിയവയും ഓരോ വാള്യത്തിലും ചേര്‍ത്തിട്ടുണ്ട്. പ്രസിദ്ധമായ നാല് കര്‍മശാസ്ത്ര മദ്ഹബുകളുടെ വീക്ഷണങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഫിഖ്ഹീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുള്ളത്. വിവാദ വിഷയങ്ങല്‍ പ്രത്യേക വിശകലനത്തിന് വിധേയമാക്കിയിട്ടുണ്ട്. മിശ്കാത്തുല്‍ മസാബീഹില്‍ വന്ന സ്വഹാബികളുടെയും താബിഉകളുടെയും മറ്റും സംക്ഷിപ്ത ജീവചരിത്രം, പ്രമുഖ ഹദീസ് ഗ്രന്ഥങ്ങള്‍, വിഖ്യാതരായ ഹദീസ് പണ്ഡിത•ാര്‍, ഹദീസ് നിദാന ശാസ്ത്രത്തിലെ സാങ്കേതിക സംജ്ഞകള്‍ എന്നിവയെല്ലാം അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. വിശദമായ വിഷയ സൂചികയുമുണ്ട്.
സംഘടനാപരമായ വിഭാഗീയതകളായിരിക്കാം മിര്‍ആത്തും സ്വഹീഹുശ്ശൈഖൈനിയുമൊക്കെ പൊതു സ്വീകാര്യത നേടാതിരിക്കാന്‍ കാരണം. ഗ്രന്ഥകാര•ാരുടെ വീക്ഷണങ്ങളോട് ഉണ്ടാകാവുന്ന വിയോജിപ്പുകള്‍ പ്രകടിപ്പിച്ചുകൊണ്ടുതന്നെ അവരുടെ ഇത്തരം ശ്ളാഘനീയമായ ശ്രമങ്ങളെ അംഗീകരിക്കാന്‍ മുസ്ലിം സമൂഹത്തിന് സാധിക്കേണ്ടതായിരുന്നു.
പരിഭാഷകള്‍
പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളുടെ ഗൌരവപ്പെട്ട സമ്പൂര്‍ണ പരിഭാഷകളൊന്നും മുമ്പു കാലത്ത് മലയാളത്തിലുണ്ടായിരുന്നില്ല. യഥാര്‍ഥത്തില്‍ ബുഖാരി, മുസ്ലിം തുടങ്ങിയ ഗ്രന്ഥങ്ങളുടെ ആധികാരിക വിവര്‍ത്തനങ്ങള്‍ നേരത്തേ പുറത്തിറങ്ങേണ്ടതായിരുന്നു. കാരണം ഖുര്‍ആന്‍ പരിഭാഷപ്പെടുത്തുന്നതിന് നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ ഇവിടെ ഹദീസിന്റെ വിഷയത്തില്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഈ രംഗം അവഗണിക്കപ്പെട്ടത് എന്ന് പരിശോധിക്കേണ്ടതാണ്. മലയാളത്തില്‍ കുറേയേറെ ഹദീസ് പരിഭാഷകള്‍ സമീപകാലത്ത് പുറത്തിറങ്ങിയിട്ടുണ്ട്. പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളുടെ വിവര്‍ത്തനങ്ങള്‍, വിവിധ സമാഹാരങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട ഹദീസുകള്‍, വിഷയാധിഷ്ഠിതമായി ക്രോഡീകരിച്ച സ്വതന്ത്രവിവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകൃതമായിട്ടുണ്ട്. രണ്ടാമതു പറഞ്ഞ വിഭാഗത്തിലാണ് കൂടുതല്‍ രചനകള്‍ ഉണ്ടായിട്ടുള്ളത്.
ആദ്യകാലത്ത് പുറത്തിറങ്ങിയ ഹദീസ് പരിഭാഷകളാണ് ഇസ്ലാം മത തത്വപ്രദീപം, അല്‍ഹദീസ് എന്നിവ. കൊല്ലവര്‍ഷം 1113ല്‍ വക്കത്തുനിന്നു പ്രസിദ്ധീകരിച്ച ഇസ്ലാം മത തത്വപ്രദീപത്തിന്റെ രചയിതാവ് പി. മൊയ്തീന്‍ സാഹിബാണ്. ഇടവയിലെ സി.എം. പ്രസ്സിലാണ് അച്ചടിച്ചിരുന്നത്. സാമൂഹിക പ്രാധാന്യമുള്ള ഹദീസുകള്‍ തെരഞ്ഞെടുത്ത് സമാഹരിച്ചതാണിത്. ഒരു രൂപയായിരുന്നു അന്നത്തെ വില.
അല്‍ഹദീസിന്റെ കര്‍ത്താവ് കെ. മുഹമ്മദലിയാണ്. ഹി.1226/ക്രി.1951 ലാണ് ഇത് പുറത്തിറങ്ങിയത്. വിഷയക്രമത്തില്‍ ഹദീസുകള്‍ ക്രോഡീകരിച്ചിട്ടുള്ള അല്‍ഹദീസിന്റെ ആമുഖത്തില്‍ ഹദീസ്വിജ്ഞാനീയത്തെ സംബന്ധിച്ച ഒരു പഠനവുമുണ്ട്. ഹദീസ് മഹല്‍ എന്ന ഇംഗ്ളീഷ് ഗ്രന്ഥത്തിന്റെ പരിഭാഷയാണിത്. മജീദ് മരക്കാര്‍ പെരുമ്പാവൂരാണ് പ്രസാധകന്‍.
വിവിധ ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് തെരെഞ്ഞെടുത്ത ഹദീസുകള്‍ വിഷയാധിഷ്ഠിതമായി ക്രോഡീകരിച്ച് പരിഭാഷപ്പെടുത്തിയ ലഘുകൃതിയാണ് എം. അഹ്മദ് മൌലവിയുടെ ‘പരിശുദ്ധ നബിവചനങ്ങള്‍: പരിഭാഷയും വ്യാഖ്യാനവും’. 333 ഹദീസുകളുടെ അറബി മൂലവും മലയാള പരിഭാഷയും ലഘുവിശദീകരണക്കുറിപ്പുകളുമുള്ള ഈ പുസ്തകം 1962 ലാണ് പുറത്തിറങ്ങിയത്. 184 തലക്കെട്ടുകളിലാണ് വിഷയങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. മിശ്കാതുല്‍ മസാബീഹിന് മൈലാപൂര്‍ ശൌകത്ത്മൌലവി തയ്യാറാക്കിയ പരിഭാഷ ഏകദേശം 25 വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. 800 ഹദീസുകള്‍ വ്യാഖ്യാന സഹിതം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിശ്കാത്തിന്റെ ഏതാണ്ട് പകുതി മാത്രമേ അദ്ദേഹം വിവര്‍ത്തനം ചെയ്യുകയുണ്ടായുള്ളൂ. സ്വഹീഹു മുസ്ലിമിന് കടന്നമണ്ണ അലവി മൌലവി തയ്യാറാക്കിയ പരിഭാഷയാണ് മറ്റൊന്ന്. മുസ്ലിമിന്റെ ഈ പരിഭാഷ മൂന്നു വാള്യങ്ങളിലായാണ് പുറത്തിറങ്ങിയത്. വിശദീകരണവും ഉണ്ട്.
സ്വഹീഹുല്‍ ബുഖാരിക്ക് സി.എന്‍. അഹ്മദ് മൌലവി തയ്യാറാക്കിയ വിവര്‍ത്തനവും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നതാണ്. ഒറ്റവാള്യത്തിലുള്ള ഈ പരിഭാഷ 1970 ലാണ് പ്രസിദ്ധീകരിച്ചത്. നബിജീവിതത്തെയും ഹദീസ് നിദാനശാസ്ത്രത്തെയും സുന്നത്തിന്റെ ആധികാരികതയെയുംസംബന്ധിച്ച 200 പേജുള്ള വിശദമായൊരു പഠനം ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ സി.എന്‍. എഴുതിയിട്ടുണ്ട്. ചില വിവാദ പരാമര്‍ശങ്ങള്‍ അതില്‍ അദ്ദേഹം നടത്തിയതായി കാണാം.
ബുഖാരിയും മുസ്ലിമും നിവേദനം ചെയ്ത (മുത്തഫഖുന്‍ അലൈഹി) ഹദീസുകള്‍ മാത്രം സമാഹരിച്ച അല്ലുഉല്ലുഉ വല്‍മര്‍ജാന്റെ പരിഭാഷ ബയാനിയ്യാ ബുക്സ്റാള്‍ പുറത്തിറക്കുകയുണ്ടായി. രിയാളുസ്സ്വാലിഹീന് അഞ്ച് പരിഭാഷകളും ബുലൂഗുല്‍ മറാമിന് രണ്ട് പരിഭാഷകളും മലയാളത്തിലുണ്ടായിട്ടുണ്ട്. ബുലൂഗുല്‍ മറാമിന് ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി തയ്യാറാക്കിയ പരിഭാഷ 1972 ലാണ് പ്രസിദ്ധീകരിച്ചത്.
ഹദീസ് മേഖലയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന പ്രധാനപ്പെട്ടൊരു ചര്‍ച്ച സുന്നത്ത് നിഷേധപ്രവണതകളുടെ പശ്ചാത്തലത്തിലുള്ളതാണ്. ഹദീസുകള്‍ക്കെതിരെ മോഡേണിസ്റുകള്‍ ഉയര്‍ത്തിയ അര്‍ഥശൂന്യമായ വിമര്‍ശനങ്ങള്‍ക്ക് യുക്തിഭദ്രമായി മറുപടി നല്‍കി സുന്നത്തിന്റെ സംരക്ഷണത്തിനു വേണ്ടി കേരളത്തിലെ ഇസ്ലാമിക പണ്ഡിത•ാര്‍ നടത്തിയ പോരാട്ടങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഹദീസ് വിജ്ഞാനീയങ്ങളിലെ കേരളീയ ഇടപെടലുകളെക്കുറിച്ച പഠനത്തില്‍ അവഗണിക്കാനാവത്താതാണ് ഈ വിഷയം. ഹദീസുകള്‍ക്കെതിരെ മോഡേണ്‍ ഏജ് സൊസൈറ്റി രംഗത്തു വന്നപ്പോള്‍ വിവിധ മുസ്ലിം സംഘടനകളും അതിനെ പ്രതിരോധിക്കാന്‍ രംഗത്തെത്തി. സുന്നത്തിന്റെ ആധികാരികതയും വിശ്വാസ്യതയും ഊട്ടിയുറപ്പിക്കുന്ന പഠനങ്ങള്‍ നടന്നു. നിരവധി ലേഖനങ്ങള്‍ എഴുതപ്പെട്ടു. ഹദീസിനെ സംബന്ധിച്ച് വൈജ്ഞാനികതലത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കാന്‍ ഇതെല്ലാം കാരണമായി.
ഹദീസ് നിഷേധപ്രവണതകള്‍ക്കെതിരെ ചില രചനകളും മലയാളത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ഡോ. മുസ്തഫസ്സിബാഇയുടെ ‘അസ്സുന്നത്തു വ മകാനത്തുഹാ ഫീ തശ്രീഇല്‍ ഇസ്ലാമി’ എന്ന ഗ്രന്ഥത്തിന് മുഹമ്മദ് അമാനി മൌലവി തയ്യാറാക്കിയ പരിഭാഷയാണ് അതിലൊന്ന്. സിബാഇയുടെ കൃതി സമ്പൂര്‍ണമായി പരിഭാഷപ്പെടുത്തുകയാണ് അമാനിമൌലവി ചെയ്തിട്ടുള്ളത്. 1973 നവംബറിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. 376 പേജുള്ള പുസ്തകത്തിന് 1973ല്‍ വിലയിട്ടിരുന്നത് 10 രൂപയായിരുന്നു. അബൂഹുറൈറക്കെതിരെ ഹദീസ് നിഷേധികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്ന കൃതികളും മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ ‘അബൂഹുറൈറ’, അബ്ദുല്‍ഖാദിര്‍ മൂര്‍ക്കനാടിന്റെ ‘അബൂഹുറൈറ: ആരോപണങ്ങള്‍ക്കുമധ്യേ’ എന്നിവയാണവ.
ലേഖകന്‍: ദില്‍ഷാന്‍)
Discussion about this post