ഇസ്ലാമിക ചരിത്രത്തില്‍ ഹദീസ്നിഷേധ പ്രവണത രൂപഭേദങ്ങളോടെ പലകുറി തലപൊക്കുകയും അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. വിവിധ ചരിത്ര സന്ധികളില്‍ രംഗപ്രവേശം ചെയ്ത ഹദീസ്നിഷേധ പ്രവണതകള്‍, അതിന്റെ മുന്നിലും പിന്നിലും നിന്ന വ്യക്തികള്‍, സംഘങ്ങള്‍, അവരുടെ ആരോപണങ്ങള്‍ ഇത്യാദി കാര്യങ്ങളാണിവിടെ പ്രതിപാദിക്കുന്നത്. അവരുന്നയിച്ച ആരോപണങ്ങള്‍ക്ക് ഈ ലേഖനത്തില്‍ മറുപടി പറയുന്നില്ല.
ഹദീസ്നിഷേധത്തിലേക്കു നയിച്ച സാഹചര്യങ്ങളെ നാലായി തിരിക്കാം:
ഒന്ന് മൂന്നാം ഖലീഫ ഉസ്മാ(റ)ന്റെ വധം, അലി(റ)യുടെ അധികാരാരോഹണം, അലിമുആവിയ വടംവലി തുടങ്ങിയ സംഭവവികാസങ്ങളുടെ പരിസരത്ത് രൂപപ്പെട്ട വിവിധ കക്ഷികള്‍ തമ്മിലുള്ള കിടമത്സരം.
രണ്ട് യവനതത്വചിന്തയില്‍ ആകൃഷ്ടരായ ചില മുസ്ലിം ചിന്തകര്‍ അതിനനുസൃതമായി ഇസ്ലാമിക പ്രമാണപാഠങ്ങളെ വ്യാഖ്യാനിക്കാന്‍ കാണിച്ച തിടുക്കം.
മൂന്ന് ഇസ്ലാമിക ദര്‍ശനത്തോടുള്ള കുടിപ്പക മൂത്ത യൂറോപ്യന്‍കുരിശുപക്ഷം (ജൂതരും ക്രിസ്ത്യാനികളും ഇതില്‍ പങ്കാളികളാണ്)സൈനികാക്രമണത്തിന് സമാന്തരമായി ആസൂത്രണം ചെയ്ത സാംസ്കാരികാക്രമണവും അതിനായി രൂപം നല്‍കിയ സാംസ്കാരിക സേന(ഓറിയന്റലിസ്റുകള്‍) നടത്തിയ ഗൂഢ നീക്കങ്ങളും.
നാല് പാശ്ചാത്യസംസ്കാരത്തില്‍ ആകൃഷ്ടരായ, ഓറിയന്റലിസത്തിന്റെ ഗൂഢ നീക്കങ്ങള്‍ക്കു കരുത്തുപകര്‍ന്ന മുസ്ലിം നാമധാരികളായ ചിന്തക•ാരും എഴുത്തുകാരും നടത്തിയ ഗവേഷണങ്ങള്‍.
ഹദീസ്നിഷേധികള്‍ ഒരു പോലെയായിരുന്നില്ല. അവരില്‍ മൊത്തമായി നിഷേധിച്ചവരുണ്ട്. ഭാഗികമായി നിഷേധിച്ചവരുണ്ട്. മുതവാതിറു(ഒട്ടേറെ നിവേദക പരമ്പരകളിലൂടെ കൈവന്നത്)കളെയും ആഹാദു(ഏക നിവേദക പരമ്പരയിലൂടെ കൈവന്നത്)കളെയും ഒരുപോലെ നിഷേധിച്ചവരുണ്ട്. ആഹാദുകളെ മാത്രം നിഷേധിച്ചവരുണ്ട്.ചരിത്രത്തില്‍ ഹദീസ്നിഷേധികളായി രംഗത്തുവന്നവരെയും അവരുടെ നിഷേധപ്രവണതകളെയും സംക്ഷിപ്തമായി പരിചയപ്പെടാം.
Discussion about this post