ഒന്നാം അഖബാ ഉടമ്പടി
പ്രവാചകനും കൂട്ടരും മദീനയിലേക്ക് ഹിജ്‌റ പോകുന്നതിന് രണ്ട് വര്‍ഷംമുമ്പ് മദീനയില്‍ നിന്ന് പന്ത്രണ്ട് ആളുകള്‍ നബി (സ)യുടെ സന്നിധിയിലെത്തി അദ്ദേഹത്തിന് ബൈഅത്ത് ചെയ്തു. ഇസ് ലാം പഠിപ്പിക്കാന്‍ പറ്റിയ ഒരാളെ തങ്ങളോടൊപ്പം അയച്ചുതരണമെന്ന് അവര്‍ തിരുമേനിയോട് അപേക്ഷിച്ചു. തിരുമേനി മിസ്അബ് ബ്‌നു ഉമൈറിനെ അവരോടൊപ്പം അയച്ചു കൊടുത്തു. അദ്ദേഹം മദീനയിലെ ഓരോ വീട്ടിലും ചെന്ന് ആളുകളെ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുകയും ഇസ് ലാമിനെ പ്രബോധനം ചെയ്യുകയും ചെയ്തു. അങ്ങനെ നിത്യേന ഒന്നോ രണ്ടോ ആളുകള്‍ ഇസ് ലാം ആശ്ലേഷിച്ചുപോന്നു. ക്രമേണ ഇസ് ലാം മദീനക്കു പുറത്തും പ്രചരിച്ചു തുടങ്ങി. ഔസ് ഗോത്രത്തലവനായ ഹ; സഅദ് ബ്‌നു മുആദും മിസ് അബിന്റെ കയ്യാല്‍ ഇസ് ലാം സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഇസ് ലാമാശ്ലേഷം വഴി ഔസ് ഗോത്രമൊന്നടങ്കം ഇസ് ലാമിലെത്തി. നുബുവത്തിന്റെ പതിനൊന്നാം വര്‍ഷമായിരുന്നു ഈ സംഭവങ്ങള്‍.
രണ്ടാം അഖബാ ഉടമ്പടി
അടുത്ത വര്‍ഷം ഹജ്ജ് കാലത്ത് 72 ആളുകള്‍ തങ്ങളുടെ കൂട്ടുകാരോടൊപ്പം രഹസ്യമായി അഖബയില്‍ വന്ന് നബി (സ) യുടെ കയ്യാല്‍ ഇസ് ലാം സ്വീകരിച്ചു. അനുകൂലവും പ്രതികൂലവുമായ എല്ലാ സാഹചര്യങ്ങളിലും ഇസ് ലാമിക പ്രസ്ഥാനത്തോടൊപ്പം നില്‍ക്കുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്തു. നബി (സ) അവരില്‍ നിന്ന് 12 ആളുകളെ തെരഞ്ഞെടുത്ത് അവരെ നഖീബുമാര്‍ ആയി നിശ്ചയിച്ചു. 9 പേര്‍ ഖസ് റജ് ഗോത്രത്തില്‍ നിന്നും 3 പേര്‍ ഔസ് ഗോത്രത്തില്‍ നിന്നും. നബി തിരുമേനി അവരില്‍ നിന്നു പ്രതിജ്ഞ വാങ്ങിയ കാര്യങ്ങള്‍ ഇവയായിരുന്നു.
1. ഏകനായ അല്ലാഹുവില്ലാതെ മറ്റൊരു ദൈവത്തിനും ഇബാദത്ത് ചെയ്യുകയില്ല.
2. കളവ് നടത്തുകയില്ല.
3. വ്യഭിചരിക്കുകയില്ല.
4. സന്താനഹത്യ നടത്തുകയില്ല.
5. ആരുടെ മേലും വ്യാജാരോപണം നടത്തുകയില്ല.
6. നബി തിരുമേനി കല്‍പ്പിക്കുന്ന നന്‍മയില്‍ നിന്ന് മുഖംതിരിക്കുകയില്ല.
പ്രതിജ്ഞക്ക് ശേഷം നബി തിരുമേനി പറഞ്ഞു. ഈ ഉപാധികള്‍ നിങ്ങള്‍ പൂര്‍ത്തീകരിക്കുകയാണെങ്കില്‍ നിങ്ങള്‍ സ്വര്‍ഗത്തെ സംബന്ധിച്ച് സന്തോഷിച്ചുകൊള്ളുക. അല്ലാത്തപക്ഷം നിങ്ങളുടെ കാര്യം അല്ലാഹുവിന്റെ കയ്യിലാണ്. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങള്‍ക്ക് മാപ്പ് തന്നേക്കാം. അവന്‍ ഇച്ഛിക്കുകയാണെങ്കില്‍ നിങ്ങളെ ശിക്ഷിക്കുകയും ചെയ്‌തേക്കാം.’
പ്രതിജ്ഞ ചെയ്തു കൊണ്ടിരിക്കെ സഅദ്ബ്‌നു സറാറ എഴുന്നേറ്റ് നിന്നു കൊണ്ട് പറഞ്ഞു. സഹോദരന്‍മാരേ എത്രമാത്രം ഗൗരവതരമായ ഒരു കാര്യത്തെ സംബന്ധിച്ചാണ് നിങ്ങള്‍ പ്രതിജ്ഞയെടുക്കുന്നതെന്ന് നന്നായി മനസ്സിലാക്കുക. ഇത് അറബികള്‍ക്കും അനറബികള്‍ക്കുമെതിരിലുള്ള യുദ്ധപ്രഖ്യാപനമാണ്. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രതിജ്ഞയെടുത്തിരിക്കുന്നതെന്ന് അവരെല്ലാം പറഞ്ഞു. പ്രതിനിധി സംഘത്തില്‍ നിന്നു മറ്റു ചിലരും ഇത്തരം ആവേശകരമായ പ്രഭാഷണങ്ങള്‍ ചെയ്യുകയുണ്ടായി. നബി തിരുമേനി എപ്പോഴെങ്കിലും മദീനയിലേക്ക് വരികയാണെങ്കില്‍ മരണംവരെയും ഒപ്പം നില്‍ക്കുമെന്ന് ഈ നവമുസ്‌ലിംകള്‍ നബിയുമായി കരാര്‍ ചെയ്തതും ഈ സന്ദര്‍ഭത്തിലായിരുന്നു. ഹസ്രത്ത് ബറാഅഃ പറയുകയുണ്ടായി: ‘ഞങ്ങള്‍ വാളുകളുടെ മടിത്തട്ടില്‍ വളര്‍ന്നവരാണ്’ നുബുവ്വത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തിലായിരുന്നു ഈ സംഭവം.
Discussion about this post