ക്രിസ്തുവര്‍ഷം 571 ഏപ്രില്‍ മാസത്തില്‍ അഥവാ ഹിജ്റക്കു മുമ്പ് അമ്പത്തിമൂന്നാം വര്‍ഷം റബീഉല്‍അവ്വലില്‍ മുഹമ്മദ് ജനിച്ചു. ഇസ്മാഈല്‍ നബിയുടെ സന്താനപരമ്പരയില്‍ പെട്ട മക്കയിലെ ഖുറൈശ് ഗോത്രത്തിലായിരുന്നു ജനനം. മക്കയിലെ പ്രഭലനായ ഖുറൈശ് ഗോത്രത്തലവന്‍ അബ്ദുല്‍മുതലിനിന്റെ മകന്‍ അബ്ദുല്ലയായിരുന്നു പിതാവ്. ബനൂനജ്ജാര്‍ ഗോത്രക്കാരനായ വഹബിന്റെ പുത്രി ആമിന മാതാവും. മുഹമ്മദിന്റെ ജനനത്തിനു രണ്ട് മാസം മുമ്പ് പിതാവും, ജനിച്ച് ആറുവയസ്സായപ്പോള്‍ മാതാവും മരണപ്പെട്ടു. ബാല്യത്തില്‍ പിതാമഹനായ അബ്ദുല്‍ മുത്വലിബിന്റെയും അദ്ദേഹത്തിന്റെ മരണശേഷം പിതൃവ്യന്‍ അബൂത്വാലിബിന്റെയും സംരക്ഷണത്തിലാണദ്ദേഹം വളര്‍ന്നത്.
കുട്ടികള്‍ക്ക് എഴുത്തും വായനയും അഭ്യസിപ്പിക്കുന്ന സമ്പ്രദായം അക്കാലത്തെ അറബികള്‍ക്കുണ്ടായിരുന്നില്ല. എഴുത്തും വായനയും അറിയാതെത്തന്നെ മുഹമ്മദും വളര്‍ന്നു. കച്ചവടമായിരുന്നു ഖുറൈശികളുടെ പ്രധാന തൊഴില്‍ അബൂത്വാലിബിന്റെ തൊഴിലും മറ്റൊന്നായിരുന്നില്ല. വലുതായപ്പോള്‍ അതേ തൊഴില്‍ത്തന്നെ മുഹമ്മദും സ്വീകരിച്ചു. പിതൃവ്യന്റെ കൂടെ സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്തു.
ഉത്തമ സ്വഭാവഗുണങ്ങളുടെ നിറകുടമായിരുന്നു ആ യുവാവ്. ചുറ്റുപാടും നടമാടിയിരുന്ന എല്ലാ തി•കളില്‍നിന്നും അദ്ദേഹം അകന്നുനിന്നു. ആളുകള്‍ക്ക് ആ യുവാവ് വിശ്വസ്തനായിരുന്നു. അവരുടെ പണവും വിലപിടിച്ച വസ്തുക്കളും സൂക്ഷിക്കാന്‍ അവര്‍ മുഹമ്മദിനെ ഏല്‍പ്പിച്ചിരുന്നു. മക്കക്കാര്‍ക്ക് അല്‍അമീന്‍(വിശ്വസ്തന്‍) ആയിരുന്നു ആ മഹാനുഭാവന്‍. മക്കയിലെ കച്ചവടപ്രമുഖയും വിധവയുമായിരുന്നു ഖദീജ. തന്റെ കച്ചവടച്ചരക്കുകള്‍ വിശ്വസ്തരായ ആളുകള്‍വശം കൊടുത്തയച്ചായിരുന്നു അവര്‍ വ്യാപാരം നടത്തിയിരുന്നത്. മുഹമ്മദിന്റെ വിശ്വസ്തതയെപ്പറ്റി കേട്ടറിഞ്ഞ ഖദീജ തന്റെ കച്ചവടച്ചരക്കുകളുടെ മേല്‍നോട്ടം വഹിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. താമസിയാതെ വിവാഹം ചെയ്യാന്‍ സന്നദ്ധയായി. പിതൃവ്യനുമായി ആലോചിച്ച ശേഷം അദ്ദേഹം ഖദീജയെ വിവാഹം കഴിച്ചു. വിവാഹാനന്തരം മക്കയില്‍ കച്ചവടം ചെയ്തുകൊണ്ട് ജീവിച്ചു.
Discussion about this post