പൊതുജനങ്ങളെയും മക്കയിലെ പ്രമുഖ വ്യക്തികളെയുമെല്ലാം ഇസ്ലാമിലേക്ക് ക്ഷണിക്കാനാരംഭിച്ചത് പ്രവാചകത്വം ലഭിച്ച് മൂന്ന് വര്‍ഷത്തോളമായപ്പോഴാണ്. അതുവരെ രഹസ്യപ്രബോധനമായിരുന്നു നടത്തിയിരുന്നത്. പക്ഷേ, അല്ലാഹുവിന്റെ സന്ദേശത്തെ അവരില്‍ ഭൂരിപക്ഷവും നിരസിക്കുകയാണുണ്ടായത്. കാലക്രമേണ മുസ്ലിംകളുടെ എണ്ണം അല്‍പാല്‍പം വര്‍ധിച്ചു തുടങ്ങി. സത്യനിഷേധികളുടെ എതിര്‍പ്പും വര്‍ധിച്ചു. മക്കയിലുണ്ടായിരുന്ന പല അടിമകളും സത്യവിശ്വാസം ഉള്‍ക്കൊണ്ട് മുസ്ലിംകളായി. ഇതോടുകൂടി അവരില്‍ പലരും യജമാനന്‍മാരുടെ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയരായി. ബിലാല്‍, അമ്മാര്‍, സുമയ്യ തുടങ്ങിയവര്‍ ഇവരില്‍ പ്രമുഖരാണ്. മക്കയില്‍ മര്‍ദനം സഹിക്കവയ്യാതെ സത്യവിശ്വാസികള്‍ വിഷമിച്ചു. മര്‍ദനങ്ങള്‍ അസഹ്യമായപ്പോള്‍ നബിയുടെ നിര്‍ദേശപ്രകാരം മുസ്ലിംകള്‍ ഹബ്ശ(എത്യോപ്യ)യിലേക്കു പലായനം ചെയ്തു. അവിടത്തെ രാജാവായ നജ്ജാശി അവരെ സ്വീകരിച്ച് അഭയം നല്‍കി.
നബിയുടെ പിതൃവ്യനായ ഹംസയും ഉമറുബ്നുല്‍ഖത്താബും ഇസ്ലാമിലേക്കു കടന്നുവന്നത് മുസ്ലിംകള്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകര്‍ന്നു.അതുവരെ ആരാധനാകര്‍മങ്ങള്‍ രഹസ്യമായി ചെയ്തിരുന്ന മുസ്ലിംകള്‍ കഅ്ബയില്‍ ചെന്ന് പരസ്യമായി നമസ്കാരം നിര്‍വഹിക്കാന്‍ ധൈര്യം കാണിച്ചു. ഖുറൈശീ തലവന്‍മാര്‍ നബിയുടെ പിതൃവ്യനും സംരക്ഷകനുമായിരുന്ന അബൂത്വാലിബിനെ സമീപിച്ചു. മുഹമ്മദിനെ പുതിയമതം പ്രചരിപ്പിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ഖുറൈശി തലവന്മാരുടെ ആവശ്യം അബൂത്വാലിബ് നബിയെ അറിയിച്ചു. നബിയുടെ മറുപടി ഇപ്രകാരമായിരുന്നു. “അല്ലാഹുവാണ, എന്റെ ഒരു കയ്യില്‍ സൂര്യനെയും മറുകൈയ്യില്‍ ചന്ദ്രനെയും വച്ചുതന്നാല്‍ പോലും എന്റെ ദൌത്യനിര്‍വഹണത്തില്‍നിന്ന് ഞാന്‍ പിന്മാറുകയില്ല. ഒന്നുകില്‍ ഈ ദൌത്യം വിജയിക്കും. അല്ലെങ്കില്‍ അതിന്റെ മാര്‍ഗത്തിലായിരിക്കും എന്റെ അന്ത്യം.” അനുനയമാണ് കൂടുതല്‍ ഫലപ്രദമെന്ന് കരുതി ഖുറൈശികള്‍ നബിയെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: “അധികാരമാണ് താങ്കള്‍ക്കുവേണ്ടതെങ്കില്‍ ഞങ്ങള്‍ താങ്കളെ നേതാവാക്കാം. സമ്പത്താണ് ആവശ്യമെങ്കില്‍ ഖുറൈശീഗോത്രത്തില്‍ ഒന്നാമത്തെ പണക്കാരനാക്കിത്തരാം. സുന്ദരിയായ സ്ത്രീയെയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇന്നാട്ടിലെ ഏറ്റവും കുലീനയും സുന്ദരിയുമായ യുവതിയെ വിവാഹം ചെയ്തുതരാം.”
അവരുടെ വാഗ്ദാനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കുമൊന്നും നബി വഴങ്ങിയില്ല. നബിയോടും മുസ്ലിംകളോടും നിര്‍ദയമായ പ്രതികാരനടപടികള്‍ക്കായി അവര്‍ മുന്നിട്ടിറങ്ങി. അവിശ്വാസികള്‍ ഹാഷിം കുടുംബത്തോട് ബഹിഷ്കരണം പ്രഖ്യാപിച്ചു. അവരുമായി സകലബന്ധങ്ങളും വിഛേദിച്ചു. കൊടുക്കല്‍ വാങ്ങലുകള്‍ നിരോധിച്ചു. വെള്ളവും ഭക്ഷണവും കിട്ടാതെ നബിയും കുടുംബവും വിഷമിച്ചു. അവസാനം അബൂത്വാലിബുള്‍പ്പെടുന്ന ഹാഷിം കുടുംബം മുഴുവനും മക്കയുടെ താഴ്വരയില്‍ അഭയം പ്രാപിച്ചു. പില്‍ക്കാലത്ത് ഈ താഴ്വര ‘ശിഅ്ബു അബീത്വിബ്’ എന്ന പേരിലറിയപ്പെട്ടു. അവിടെ അവര്‍ വല്ലാതെ വിഷമിച്ചു. ഭക്ഷണം കിട്ടാതായപ്പോള്‍ ഇലകളും തോല്‍ക്കഷ്ണങ്ങളും വരെയും ഭക്ഷിച്ചു വിശപ്പടക്കി. മൂന്നു വര്‍ഷം ഇതു തുടര്‍ന്നു. ഒടുവില്‍ അവിശ്വാസികളില്‍ ചിലര്‍ത്തന്നെ ഈ ഊരുവിലക്ക് റദ്ദുചെയ്യുവാന്‍ ഖുറൈശികളെ പ്രേരിപ്പിച്ചു മുന്നിട്ടിറങ്ങി.
നബി മക്കയില്‍ നിരന്തരം പീഡനങ്ങള്‍ക്കു വിധേയനായി. അദ്ദേഹത്തിന്റെ വീട്ടുവാതില്‍ക്കല്‍ മുള്ളുകള്‍ കൊണ്ടുവന്നിട്ടു. നമസ്കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ കുടല്‍മാല കഴുത്തിലിട്ടു. തെരുവില്‍ പരിഹാസശരങ്ങള്‍കൊണ്ട് പൊറുതിമുട്ടിച്ചു. ഭ്രാന്തനെന്നും മാരണക്കാരനെന്നും പറഞ്ഞ് കളിയാക്കി. അദ്ദേഹത്തെ കേള്‍ക്കുന്നതില്‍നിന്നും ജനങ്ങളെ തടഞ്ഞു. സത്യവിശ്വാസം സ്വീകരിച്ച മുസ്ലിംകളും കഠിനമായ പീഡനങ്ങള്‍ക്കു വിധേയരായി. നബി ത്വാഇഫില്‍ ചെന്നു. അവിടെയുള്ള ജനങ്ങളെ കാര്യങ്ങള്‍ ധരിപ്പിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ കല്ലെറിഞ്ഞും കൂക്കിവിളിച്ചും അവര്‍ നബിയെ ത്വാഇഫില്‍നിന്നും പുറത്താക്കി. നബി മക്കയിലേക്ക് തിരിച്ചുപോന്നു. അധികം താമസിയാതെ പിതൃവ്യന്‍ അബൂത്വാലിബ് അന്തരിച്ചു. ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ പത്നി ഖദീജ(റ)യും മരണപ്പെട്ടു. അവരുടെ വിയോഗം നബിയെ വല്ലാതെ ദുഖിപ്പിച്ചു. നുബുവ്വത്തിന്റെ പത്താം വര്‍ഷമായിരുന്നു ഈ സംഭവം. ഈ വര്‍ഷം ദുഃഖവര്‍ഷം എന്ന പേരില്‍ അറിയപ്പെടുന്നു.
മക്കയുടെ 350 നാഴിക വടക്ക് യഥ്രിബ് എന്ന പട്ടണമുണ്ട്. മദീന എന്നാണ് ഇപ്പോഴത്തെ പേര്. മദീനാ നിവാസികള്‍ പ്രവാചകനെപ്പറ്റി കേട്ടു. ഹജ്ജ് വേളയില്‍ അവരുടെ പ്രതിനിധികള്‍ നബിയുമായി കണ്ട് സംസാരിച്ചു. ഇസ്ലാം ആശ്ളേഷിച്ച ശേഷമാണ് അവര്‍ മടങ്ങിയത്. അടുത്തവര്‍ഷം യഥ്രിബില്‍നിന്നും മറ്റൊരു സംഘം ഹജ്ജിന് വന്നു. അവര്‍ അഖബാ എന്ന സ്ഥലത്തുവെച്ച് നബിയെ കണ്ടു. അവര്‍ നബിയുമായി ഒരു ഉടമ്പടി ചെയ്തു. അതിപ്രകാരമായിരുന്നു: “ഞങ്ങള്‍ അല്ലാഹുവിനോട് ആരെയും പങ്ക് ചേര്‍ക്കില്ല. കളവ് നടത്തുകയില്ല. വ്യഭിചരിക്കുകയില്ല. ശിശുഹത്യനടത്തുകയില്ല. ആര്‍ക്കുമെതിരെ അപവാദം പ്രചരിപ്പിക്കുകയില്ല. നബിയെ ധിക്കരിക്കുകയില്ല. യുദ്ധത്തിലും സന്ധിയിലും നബിയോടൊപ്പം നില്‍ക്കും.” ഇത് ഒന്നാം ‘അഖബാ’ ഉടമ്പടി എന്ന പേരില്‍ അറിയപ്പെടുന്നു.
പ്രവാചകത്വം ലഭിച്ചതിന്റെ പതിമൂന്നാം വര്‍ഷം മദീനയില്‍നിന്ന് കൂടുതല്‍ ആളുകള്‍ ഹജ്ജിനുപോയി. ഹജ്ജിന് ശേഷം അവര്‍ അഖബയില്‍ ചെന്ന് നബിയെക്കണ്ടു. നബിക്കും അനുയായികള്‍ക്കും അഭയം നല്‍കാമെന്ന് അവര്‍ നബിയുടെ കൈപിടിച്ച് ബൈഅത്ത്(കരാര്‍, പ്രതിജ്ഞ) ചെയ്തു. “ഞങ്ങള്‍ സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ നബിയെയും അനുയായികളെയും സംരക്ഷിക്കും.” ഇതിന് രണ്ടാം ‘അഖബാ’ ഉടമ്പടി എന്നു പറയുന്നു. അഖബാ ഉടമ്പടിക്കുശേഷം മദീനയില്‍ ഇസ്ലാമിന്റെ വളര്‍ച്ച അത്ഭുതകരമായിരുന്നു. മദീനക്കാര്‍ക്കിടയില്‍ ഇസ്ലാമിക പ്രബോധനത്തിനായി നബി നിയോഗിച്ച മുസ്അബുബ്നു ഉമൈറിന്റെ ശ്രമഫലമായി മദീനയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഇസ്ലാം ആശ്ളേഷിച്ചു. മക്കയില്‍ പീഡനങ്ങള്‍ അനുഭവിച്ചു കഴിഞ്ഞ മുസ്ലിംകള്‍ക്ക് മദീന അഭയസ്ഥാനമായി മാറി. അവര്‍ ഓരോരുത്തരായി മദീനയിലേക്ക് താമസംമാറ്റി. നബി, അബൂബക്കര്‍ സിദ്ദീഖ്, അലി തുടങ്ങി ഏതാനും പേര്‍ മാത്രം മക്കയില്‍ അവശേഷിച്ചു.
Discussion about this post