Global

മുസ്‌ലിംവിരുദ്ധ തീവ്രവലതുപക്ഷ നേതാവ് ആര്‍തര്‍ വാഗ്നര്‍ ഇസ്‌ലാം സ്വീകരിച്ചു

ഹാംബര്‍ഗ് (ജര്‍മനി: മുസ്‌ലിംകുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) എന്ന തീവ്രവലതുപക്ഷപാര്‍ട്ടിയുടെ നേതൃനിരയിലൊരാളായ ആര്‍തര്‍ വാഗ്നര്‍ ഇസ്‌ലാം സ്വീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ വാഗ്നര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചുവെന്ന് പാര്‍ട്ടി വക്താവ് മാധ്യമങ്ങള്‍ക്കയച്ച കുറിപ്പില്‍ വ്യക്തമാക്കി.

കിഴക്കന്‍ ജര്‍മനിയിലെ ബ്രാന്‍ഡന്‍ബര്‍ഗ് സംസ്ഥാനത്തെ പാര്‍ട്ടി പ്രതിനിധിയാണ് ആര്‍തര്‍. ചര്‍ച്ചുകളുടെയും മറ്റ് വിശ്വാസിസമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതലയായിരുന്നു അദ്ദേഹത്തെ പാര്‍ട്ടി ഏല്‍പിച്ചിരുന്നത്. അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരെ ശക്തമായ കാമ്പയിന്‍ നടത്തിയ പാര്‍ട്ടി കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 12.6 ശതമാനം വോട്ടുനേടി ബുണ്ടസ്റ്റാഗില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു.

വാഗ്നറിന്റെ ഇസ്‌ലാമാശ്ലേഷ വാര്‍ത്ത ജര്‍മനിയില്‍ ഇസ്‌ലാമികശരീഅത്തിന്റെ നുഴഞ്ഞുകയറ്റം വേഗമാര്‍ജിച്ചതിന്റെ തെളിവാണെന്ന് വായനക്കാരിലൊരാള്‍ പ്രതികരിച്ചു.
2016 ല്‍ എഎഫ്ഡി ബവേറിയ ബ്രാഞ്ച് പുറത്തിറക്കിയ നയരേഖയില്‍ മസ്ജിദുകളുടെ നിര്‍മാണവും പ്രവര്‍ത്തനവും ഭരണകൂടം നിരോധിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. അതിര്‍ത്തി കടന്നെത്തുന്ന സിറിയന്‍ അഭയാര്‍ഥികളെ പട്ടാളം വെടിവെച്ചുകൊല്ലുകയാണ് വേണ്ടതെന്ന പാര്‍ട്ടിനേതാവ് പെട്രി ഫ്രൊക്കിന്റെ പ്രസ്താവന ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിക്കുകയുണ്ടായി.

Topics