Global

ശിരോവസ്ത്ര വിവേചനത്തിനെതിരെ സ്‌പെയിനിലും പ്രതിഷേധം

മാഡ്രിഡ്: ശിരോവസ്ത്രത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരായ പ്രതിഷേധം സ്‌പെയിനിലും. സ്‌പെയിനിലെ കിഴക്കന്‍ നഗരമായ വലന്‍ഷ്യയില്‍ ശിരോവസ്ത്രം ധരിക്കുന്നത് തടഞ്ഞ കോളജ് അധികൃതരുടെ നടപടിക്കെതിരായ തഖ്‌വ റജബ് എന്ന 22കാരിയുടെ നിയമപോരാട്ടം വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംനേടി. ബെന്‍ലിയര്‍ ഹൈസ്‌കൂള്‍ എന്ന വിദ്യാഭ്യാസസ്ഥാപനത്തില്‍ പുതുതായി ചേര്‍ന്ന താന്‍ ക്ലാസ്‌റൂം അന്വേഷിച്ച് പ്രിന്‍സിപ്പലെ സന്ദര്‍ശിച്ചപ്പോഴാണ് ശിരോവസ്ത്രം അനുവദനീയമല്ലെന്ന് അറിയിപ്പു ലഭിച്ചതെന്ന തഖ് വ റജബ് പറഞ്ഞു.
മറ്റു മൂന്നു പെണ്‍കുട്ടികളോടുകൂടി ശിരോവസ്ത്രം ധരിക്കുന്നത് ഒഴിവാക്കണമെന്ന് കോളജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതൊരു മനുഷ്യാവകാശ ലംഘനമായി തോന്നിയതിനെത്തുടര്‍ന്ന് കോളജില്‍ നിന്നു മാറുന്നതിനു പകരം നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് അവര്‍ അറിയിച്ചു.
വംശീയതയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന എസ്ഒഎസ് റേഷിമോ എന്ന സംഘടനയിലെ അഭിഭാഷകരുടെ സഹായത്തോടെ വാലെന്‍ഷ്യ വിദ്യാഭ്യാസവകുപ്പില്‍ തഖ്‌വ കേസ് ഫയല്‍ ചെയ്തു. ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതു വിദ്യാഭ്യാസസ്ഥാപന അധികൃതരാണെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ ആദ്യ പ്രതികരണം.
എന്നാല്‍ തുടര്‍ന്ന് വലെന്‍ഷ്യ പ്രാദേശിക സര്‍ക്കാരില്‍ പരാതിനല്‍കി ശിരോവസ്ത്രം ധരിക്കുന്നതിന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തതായി സ്‌പെയിനിലെ എല്‍പാസ് പത്രം റിപോര്‍ട്ട് ചെയ്തു.

Topics