മദീന മാതൃക

മദീനാ ചാര്‍ട്ടര്‍

ഇന്ന് നമ്മുടെ രാജ്യത്തെന്ന പോലെ വിവിധ സാമൂഹിക -രാഷ്ട്രീയ -മത വിഭാഗങ്ങളെ ഒരു ഐക്യമുന്നണി എന്ന നിലയില്‍ ഏകോപിപ്പിച്ചു ഭരിക്കുന്ന ഒരു ഗവണ്‍മെന്റിന് സമാനമായ ഘടനയായിരുന്നു മദീനയിലെ ഇസ്‌ലാമിക രാഷ്ട്ര ഘടനക്കുണ്ടായിരുന്നത്. മദീനയിലെ എട്ട് ജൂതഗോത്രങ്ങളും മദീനയിലെ അന്‍സ്വാറുകളും മക്കയിലെ മുഹാജിറുകളും െ്രെകസ്തവ വിഭാഗങ്ങളുമെല്ലാം അടങ്ങിയ ഒരു ജനസമൂഹത്തെ ഒരു ഉമ്മത്ത് അഥവാ നേഷന്‍ (കമ്യൂണിറ്റി) എന്ന അടിസ്ഥാനത്തില്‍ ഒരു രാഷ്ട്രത്തെ പടുത്തുയര്‍ത്തിയ സമാനതകളില്ലാത്ത ചരിത്ര സംഭവമാണ് ‘മദീന ചാര്‍ട്ടര്‍’ അനാവരണം ചെയ്യുന്നത്.

മദീനയുടെ ഭരണഘടന
പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍!
അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദും മക്കയിലെ മുഹാജിറുകളും മദീനയിലെ അന്‍സ്വാറുകളും ജൂതന്മാരും മറ്റു സഹായികളായ ബഹുദൈവാരാധക ഗോത്രങ്ങളുമായി എഴുതിയ ഉടമ്പടി.

1. മുകളില്‍ പറയപ്പെട്ടവര്‍ ഒരു ഉമ്മത്തായി നിലകൊള്ളും.
2. മക്കയിലെ മുഹാജിറുകള്‍ പൊതു സുരക്ഷാക്രമം, രക്തതെണ്ടം, യുദ്ധത്തടവുകാരുടെ മോചനം മുതലായവ അവരുടെ ഗോത്ര നിയമമനുസരിച്ച് നിലനിര്‍ത്തുകയും യുദ്ധത്തടവുകാരോട് കാരുണ്യത്തോടും നീതിപൂര്‍വവും വര്‍ത്തിക്കുകയും ചെയ്യും.
3. ബനൂ ഔഫ് ഗോത്രം പൊതു സുരക്ഷാക്രമം, രക്തതെണ്ടം, യുദ്ധത്തടവുകാരുടെ മോചനം മുതലായവ അവരുടെ പഴയ ഗോത്ര നിയമമനുസരിച്ച് നിലനിര്‍ത്തുകയും യുദ്ധത്തടവുകാരോട് കാരുണ്യത്തോടും നീതിപൂര്‍വവും വര്‍ത്തിക്കുകയും ചെയ്യും.
4. ബനൂ സാഇദ (ഖണ്ഡിക 3 പ്രകാരം).
5. ബനുല്‍ഹാരിഥ് (ഖണ്ഡിക 3 പ്രകാരം).
6. ബനൂ ജുശാം (ഖണ്ഡിക 3 പ്രകാരം).
7.ബനുന്നജ്ജാര്‍ (ഖണ്ഡിക 3 പ്രകാരം).
8. ബനൂ അംറുബ്‌നു ഔഫ് (ഖണ്ഡിക 3 പ്രകാരം).
9. ബനുന്നബിത് (ഖണ്ഡിക 3 പ്രകാരം).
10. ബനുല്‍ഔസ് (ഖണ്ഡിക 3 പ്രകാരം).
11. വിശ്വാസികള്‍ തങ്ങളില്‍ പെട്ട ആരെയും കടബാധ്യതയില്‍ ഉപേക്ഷിക്കാവുന്നതല്ല.
12. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ ആശ്രിതനുമായി അയാളുടെ സമ്മതമില്ലാതെ സഖ്യത്തില്‍ ഏര്‍പ്പെടരുത്.
13. ദൈവവിശ്വാസികളുടെ പ്രവൃത്തികള്‍ മറ്റൊരു വിശ്വാസിക്ക് അനീതിയും അക്രമവും ദോഷകരവുമായാല്‍ അത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് സ്വന്തം പുത്രന്മാരായാലും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.
14. ഒരവിശ്വാസിയുടെ പേരില്‍ വിശ്വാസികള്‍ വിശ്വാസികളെ കൊല്ലരുത്. വിശ്വാസിക്കെതിരില്‍ അവരെ സഹായിക്കരുത്.
15. അല്ലാഹുവിന്റെ സംരക്ഷണം എല്ലാവര്‍ക്കുമാണ്. ഈ സംരക്ഷണം സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്കും ലഭ്യമാക്കണം.
16. അനുയായികളായ ജൂതന്മാര്‍ക്ക് എല്ലാ സഹായവും പിന്തുണയും തുല്യതയും നല്‍കും.
17. വിശ്വാസികളുടെ സമാധാനം എല്ലാവര്‍ക്കുമാണ്. ഈ സംരക്ഷണം സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ക്കും ലഭ്യമാക്കണം. സമാധാനം പരസ്പര നീതിയിലും സമഭാവനയിലും അധിഷ്ഠിതമാണ്.
18. സൈനിക പര്യടനങ്ങള്‍ക്ക് പുറപ്പെടുമ്പോള്‍ സൈനിക നേതൃത്വത്തെ അറിയിക്കുകയും സേനയുടെ സാന്നിധ്യമുറപ്പാക്കുകയും വേണം. സഖ്യ കക്ഷികളായ ജൂതഗോത്രങ്ങളുടെ ശത്രുക്കളെ ഒരിക്കലും സഹായിക്കുന്നതല്ല.
19. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിശ്വാസികള്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ പരസ്പരം പ്രതികാരം ചെയ്യാന്‍ പാടില്ല. മദീനാ നഗരത്തില്‍ രണ്ടുതരം സമാധാനം പാടില്ല (ഒന്നുകില്‍ എല്ലാവര്‍ക്കും സമാധാനം. അല്ലെങ്കില്‍ എല്ലാവര്‍ക്കും യുദ്ധം. മദീനയില്‍ ഒരു വിഭാഗം അന്യനാടുമായി യുദ്ധത്തിലും ഒരു വിഭാഗം അന്യനാടുമായി സമാധാനത്തിലും എന്ന അവസ്ഥ പാടില്ല).
20. അവിശ്വാസി സമൂഹത്തിലെ ആരും തന്നെ ശത്രുവായ മക്കയിലെ ഖുറൈശികളുടെ സമ്പത്ത് കൈവശം വെക്കാന്‍ പാടില്ല. ശത്രുക്കളുടെ സമ്പത്ത് രാഷ്ട്രത്തിന്റെ പൊതുമുതലിലേക്ക് കൈമാറണം. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിശ്വാസികള്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ മദീനക്കകത്ത് മറ്റൊരാളും സമാധാന ഉടമ്പടി നടത്താന്‍ പാടില്ല.
21. തക്കതായ കാരണങ്ങള്‍ കൂടാതെ ഒരവിശ്വാസി ഒരു വിശ്വാസിയെ വധിക്കാന്‍ പാടില്ല. വധിക്കപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ് നല്‍കുന്നില്ലെങ്കില്‍ കൊലയാളിയെ വധശിക്ഷക്ക് വിധേയനാക്കാവുന്നതാണ് (അല്ലെങ്കില്‍ ഇത്തരം പ്രവൃത്തികള്‍ രാഷ്ട്രത്തിന്റെ നിയമവും ക്രമസമാധാനനിലയും തകരാറിലാക്കുകയും പ്രതിരോധശേഷി ദുര്‍ബലമാക്കുകയും ചെയ്യും). എല്ലാ വിശ്വാസികളും ഇത്തരം തിന്മകള്‍ക്കെതിരെ നിലകൊള്ളണം. വിശ്വാസികള്‍ തിന്മക്ക് കൂട്ടുനില്‍ക്കരുത്.
22. അവിശ്വാസികള്‍ ആരും തന്നെ മക്കയിലെ ഖുറൈശികളുടെ പക്ഷത്ത് നില്‍ക്കാന്‍ പാടില്ല (കാരണം, ഖുറൈശികള്‍ മദീനയിലെ രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാല്‍ ശത്രുക്കളാണ്).
23. ഈ കരാറില്‍ പറയുന്ന കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം അല്ലാഹുവിനും പ്രവാചകന്‍ മുഹമ്മദി(സ)നും കൈമാറണം.
24. യുദ്ധങ്ങളുമായി ബന്ധപ്പെട്ട ചെലവുകളില്‍ ഒരു വിഹിതം ജൂത ഗോത്രങ്ങളും വഹിക്കേണ്ടതാണ്.
25. ജൂത ഗോത്രമായ ബനൂ ഔഫിനെ വിശ്വാസികളായ മുസ്‌ലിംകളോടൊപ്പം ഒറ്റ ഉമ്മത്ത് (കമ്യൂണിറ്റി) ആയി പരിഗണിക്കും. ജൂതന്മാര്‍ക്ക് അവരുടെ മതത്തില്‍ നിലകൊള്ളാം. അവരുടെ സ്വതന്ത്രമാക്കപ്പെട്ട ആളുകള്‍ക്കും ഇത് ബാധകമാണ്. അന്യായം പ്രവര്‍ത്തിക്കുന്നവര്‍ക്കും പാപം ചെയ്യുന്നവര്‍ക്കും ഇത് ബാധകമല്ല. കാരണം അവര്‍ അവരോടും അവരുടെ കുടുംബത്തോടും ദ്രോഹമാണ് ചെയ്യുന്നത്.
26. ബനൂ ഔഫിനു ബാധകമാക്കപ്പെട്ട മേല്‍പറഞ്ഞ നിബന്ധനകള്‍ ബനൂന്നജ്ജാര്‍ ഗോത്രത്തിനു ബാധകമാണ്. അവിശ്വാസികള്‍ ആരും തന്നെ മക്കയിലെ ഖുറൈശികളുടെ പക്ഷത്ത് നില്‍ക്കാന്‍ പാടില്ല (കാരണം ഖുറൈശികള്‍ മദീനയിലെ രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാല്‍ ശത്രുക്കളാണ്).
27. ബനുല്‍ ഹാരിഥ് ഗോത്രത്തിനു ബാധകമാണ് (ഖണ്ഡിക 26 പ്രകാരം).
28. ബനു സാഇദ ഗോത്രത്തിനും ബാധകമാണ് (ഖണ്ഡിക 26 പ്രകാരം).
29. ബനു ജുശാം ഗോത്രത്തിനും ബാധകമാണ് (ഖണ്ഡിക 26 പ്രകാരം).
30. ബനുല്‍ഔസ് ഗോത്രത്തിനും ബാധകമാണ് (ഖണ്ഡിക 26 പ്രകാരം).
31. ബനൂ തലബ ഗോത്രത്തിനും ബാധകമാണ് (ഖണ്ഡിക 26 പ്രകാരം). കുറ്റവാളികള്‍ക്കും രാജ്യദ്രോഹികള്‍ക്കും ഇത് ബാധകമല്ല.
32. തലബയുടെ ഉപവിഭാഗമായ ജഫ്‌നക്കും മേല്‍പറഞ്ഞത് ബാധകമാണ്.
33. ബനൂ ഔസ് ഗോത്രത്തിന് ബാധകമായത് ബനൂശുതൈബ ഗോത്രത്തിനും ബാധകമാണ്.
34. തലബയുടെ ആശ്രിതരും അവരെപ്പോലെ തന്നെ.
35. ജൂത ഗോത്രങ്ങളുടെ ആശ്രിതരും അവരെപ്പോലെ തന്നെ.
36. ആരും മുഹമ്മദ് നബിയുടെ അനുവാദമില്ലാതെ യുദ്ധത്തിന് പോകാന്‍ പാടില്ല.
37. ജൂതന്മാര്‍ അവരുടെ വിഹിതവും മുസ്‌ലിംകള്‍ അവരുടെ വിഹിതവും വഹിക്കണം. ഈ കരാറില്‍ പറയപ്പെട്ട വിഭാഗങ്ങള്‍ക്കു നേരെ നടക്കുന്ന യുദ്ധത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം. അവര്‍ക്കിടയില്‍ സൗഹാര്‍ദവും പരസ്പര സഹകരണവും സത്യസന്ധതയും രാജ്യസ്‌നേഹവും വളര്‍ത്തിയെടുക്കണം.
38. യുദ്ധങ്ങളുമായി ബന്ധപ്പെട്ട ചെലവുകളില്‍ ഒരു വിഹിതം ജൂത ഗോത്രങ്ങളും വഹിക്കേണ്ടതാണ് (ഖണ്ഡിക 24 ആവര്‍ത്തനം).
39. ഈ ഉടമ്പടിയില്‍ പറയപ്പെട്ടവര്‍ക്ക് മദീന ഒരു ശാന്തിഗേഹം ആയിരിക്കും.
40. ദ്രോഹമോ വഞ്ചനയോ കാണിക്കാത്തവര്‍ക്ക് അതിഥി ആതിഥേയനെപ്പോലെ ആയിരിക്കും.
41. ഒരു സ്ത്രീയെയും അവളുടെ കുടുംബത്തിന്റെ അനുമതി കൂടാതെ അതിഥിയായി സ്വീകരിക്കാന്‍ പാടില്ല.
42. ഈ കരാറില്‍ പറയുന്ന കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ അക്കാര്യം അല്ലാഹുവിനും പ്രവാചകന്‍ മുഹമ്മദിനും കൈമാറണം. അല്ലാഹു ഈ കരാറിനെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്.
43. മക്കയിലെ ഖുറൈശികള്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും ഒരുവിധ സംരക്ഷണവും നല്‍കുന്നതല്ല.
44. മദീനയെ ആക്രമിക്കുന്നവരെ ഈ ഉടമ്പടിയിലെ കക്ഷികള്‍ ഒന്നിച്ച് നേരിടും.
45. ഉടമ്പടിയിലെ കക്ഷികളെ ഒത്തുതീര്‍പ്പിനും സന്ധിസംഭാഷണത്തിനും വിളിക്കുമ്പോള്‍ അവര്‍ സന്ധി അംഗീകരിക്കണം. മുസ്‌ലിംകള്‍ യുദ്ധസന്ദര്‍ഭങ്ങളില്‍ അല്ലാത്തപ്പോള്‍ അവരും സമാധാന സന്ധി അംഗീകരിക്കണം. ഓരോ വിഭാഗവും അവരുടെ വിഹിതം വഹിക്കണം.
46. ജൂതഗോത്രമായ അല്‍ ഔസിനും അവരുടെ ആശ്രിതര്‍ക്കും ഉടമ്പടിയിലെ കക്ഷികള്‍ക്കുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ഉടമ്പടിയോട് അവര്‍ സത്യസന്ധത കാട്ടണം.
47. കുറ്റവാളി കുറ്റത്തിന്റെ ഭാരം വഹിക്കണം. അല്ലാഹു നീതിപൂര്‍വം ഈ കരാര്‍ രേഖപ്പെടുത്തുന്നു. തിന്മയും പാപവും പ്രവര്‍ത്തിക്കുന്നവരെ ഈ രേഖ സംരക്ഷിക്കുന്നില്ല. അല്ലാഹു നന്മ ചെയ്യുന്നവരെയും സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്നവരെയും സംരക്ഷിക്കുന്നു. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു.

About the author

padasalaadmin

Add Comment

Click here to post a comment

Topics