Landmarks and places

മസ്ജിദുല്‍ ഖിബ്‌ലത്തൈനി

മദീനയുടെ പടിഞ്ഞാറുഭാഗത്തുള്ള ‘ഹര്‍റത്തുല്‍ വബ്‌റ’ എന്ന കുന്നിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് ‘അഖീഖുസ്സുഗ്‌റ’ താഴ്‌വരക്ക് അഭിമുഖമായിട്ടാണ് മസ്ജിദുല്‍ ഖിബ് ലത്തൈനി സ്ഥിതിചെയ്യുന്നത്. രണ്ട് മിഹ്‌റാബുകള്‍ ഉള്‍ക്കൊള്ളുന്നു എന്നതാണ് ഈ പള്ളിയുടെ പ്രത്യേകത. ഉള്‍ഭാഗത്ത് കഅ്ബയെ അഭിമുഖീകരിക്കുന്ന മിഹ്‌റാബും കാണാം. ഉള്‍ഭാഗത്തെ മിഹ്‌റാബിന് ഖുബ്ബയുടെ ആകൃതിയാണുള്ളത്. അതിന്റെ നീളം 9.20 മീറ്ററും വീതി 4.50 മീറ്ററും ഉയരം 4.50 മീറ്ററും ആകുന്നു. പള്ളിയെ വലയം ചെയ്ത് വിശാലമായ ഒരു മുറ്റമുണ്ട്. പടിഞ്ഞാറു ഭാഗത്തുകൂടിയുള്ള പടികള്‍കയറിവേണം അവിടെയെത്താന്‍. കിഴക്കു പടിഞ്ഞാറു മൂലയില്‍ പുതുതായി നിര്‍മിച്ച ഒരു മിനാരവും കാണാം. ഉസ്മാനിയാ ഭരണാധികാരികള്‍, ചെത്തിമിനുക്കിയ കല്ലുകളും കുമ്മായവും ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
പ്രവാചകന്‍(സ) ഒരിക്കല്‍ ഈ പള്ളിയില്‍വെച്ച് ബൈത്തുല്‍മുഖദ്ദിസിലേക്ക് തിരിഞ്ഞ് ളുഹ്ര്‍നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ കഅ്ബയിലേക്ക് തിരിയാന്‍ ദൈവ കല്‍പനയുണ്ടായി. (ജറൂസലമിലെ ‘ബൈത്തുല്‍മുഖദ്ദസ്’ ആയിരുന്നു അതുവരെ ഖിബ് ല). അതു പ്രകാരം നബി(സ)യും അനുചരന്‍മാരും കഅ്ബയിലേക്ക് തിരിയുകയും അതിനെ ഖിബ്‌ലയാക്കി സ്വീകരിക്കുകയും ചെയ്തു. നാല് റക്അത്തുള്ള ളുഹ്‌റിന്റെ രണ്ട് റക്അത്ത് നമസ്‌കരിച്ച ശേഷമായിരുന്നു ഈ ദൈവകല്പനയുണ്ടായത്. ബാക്കി രണ്ട് റക്അത്ത് നബിയും അനുയായികളും കഅ്ബക്ക് നേരെ തിരിഞ്ഞാണ് നമസ്‌കരിച്ചത്. അങ്ങനെ ഒരു നേരത്തെ നമസ്‌കാരം രണ്ട് വ്യത്യസ്ത ഖിബ്‌ലകളുടെ നേരെ തിരിഞ്ഞ് നിന്ന് നമസ്‌കരിച്ചത് ഈ പള്ളിയില്‍വെച്ചായതിനാല്‍ അത് മുതല്‍ പ്രസ്തുത പള്ളി ‘ മസ്ജിദുല്‍ഖിബ്‌ലത്തൈനി’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. രണ്ട് ഖിബ് ലകളുള്ള പള്ളിയെന്നര്‍ഥം. ഹിജ്‌റ രണ്ടാം വര്‍ഷത്തിലായിരുന്നു ഈ സംഭവം നടന്നത്. വിശുദ്ധ ഖുര്‍ആനിലെ അല്‍ബഖ്‌റ 144ാം വാക്യമാണ് ഈ സന്ദേശം ഉള്‍ക്കൊള്ളുന്നത്.

പല ഘട്ടങ്ങളിലായി പള്ളി പുനര്‍നിര്‍മാണം ചെയ്യപ്പെട്ടിട്ടുണ്ട്. ഹിജ്‌റ 893ല്‍ ശൈഖ് ശാഹീന്‍ ജമാല്‍ ആണ് പള്ളിക്ക് തട്ട് നിര്‍മിച്ചത്. ശേഷം ഹിജ്‌റ 950-ല്‍ ഉഥ്മാനിയ്യാ ഖലീഫയായ സുലൈമാന്‍, പള്ളി പുനര്‍നിര്‍മാണം നടത്തി. അവസാനമായി സുഊദി ഭരണാധികാരിയായ ഫഹദ് രാജാവാണ് ഇന്ന് കാണുന്ന രൂപത്തില്‍പള്ളി പുനര്‍നിര്‍മിച്ചത്.

മദീനാ പള്ളിയില്‍നിന്ന് രണ്ട് വഴികള്‍മസ്ജിദുല്‍ ഖിബ്‌ലതൈനിയില്‍ എത്താനുണ്ട്. ‘ബാബുല്‍ബറാബീഖ്’ ല്‍ നിന്നും ‘ബാബു ശാമിയ്യ’ യില്‍ നിന്നുമാണ് ഈ വഴികള്‍തുടങ്ങുന്നത്. മദീനാപള്ളിയില്‍നിന്നും കാല്‍നടയായി അവിടെയെത്താന്‍ നാല്‍പത് മിനിറ്റ് വേണ്ടിവരും.