Landmarks and places

സൗര്‍ ഗുഹ

മക്കയില്‍ നിന്ന് 3.കി.മി. തെക്കായി സ്ഥിതി ചെയ്യുന്ന സൗര്‍ മലയിലാണ് സൗര്‍ ഗുഹയുള്ളത്. മക്കയുടെ താഴ്ഭാഗമാണിത്. അബ്ദുമനാഫിന്റെ മകന്‍ സൗറിന്റെ ജനനം ഈ ഗുഹാഭാഗത്തായിരുന്നതിനാലാണ് സൗര്‍ എന്ന പേരില്‍ പ്രസ്തുത ഗുഹ പ്രസിദ്ധമായത്. മക്കയില്‍നിന്ന് സൗറിലേക്കുള്ള പാതയുടെ ഇരു ഭാഗങ്ങളും മലകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു. ഈ മലകളുടെ ഉച്ചിയില്‍ കപ്പലാകൃതിയില്‍ കാണപ്പെടുന്ന കൂറ്റന്‍ പൊള്ളയായ ഒരു പാറയാണ് സൗര്‍.

സമുദ്രനിരപ്പില്‍ നിന്ന് 759 മീറ്റര്‍ ഉയരമുണ്ടിതിന്. കിഴക്കും പടിഞ്ഞാറും ഭാഗത്തായി രണ്ട് കവാടമാണിതിനുള്ളത്. ഏതാണ്ട് രണ്ടുചാണിലേറെ വിസ്താരമുള്ള പടിഞ്ഞാറ് ഭാഗത്തെ കവാടത്തിലൂടെയാണ് മദീനാ പലായന വേളയില്‍ പ്രവാചകനും സഹയാത്രികന്‍ അബൂബക്കര്‍ സിദ്ദീഖും (റ) സൗറില്‍ പ്രവേശിച്ചത്. ഗുരുതരമായ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഈ ഗുഹയില്‍ അഭയം നല്കി പ്രവാചകനെ സംരക്ഷിക്കുക വഴി അല്ലാഹു ചെയ്ത അനുഗ്രഹത്തെ വിശുദ്ധ ഖുര്‍ആനില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.