Performing

മീഖാത്തുകള്‍

ഹജ്ജിന് ഇഹ്്‌റാം ചെയ്യുന്ന സ്ഥലങ്ങള്‍ക്ക് മീഖാത്തുകള്‍ എന്നു പറയുന്നു. മദീനക്കാര്‍ക്ക് ദുല്‍ഹുലൈഫയും ശാമുകാര്‍ക്ക് ജുഹ്ഫയും നജ്ദുകാര്‍ക്ക് ഖര്‍നുല്‍ മനാസിലും യമന്‍കാര്‍ക്ക് യലംലമും ഇറാഖുകാര്‍ക്ക് ദാത്തു ഇര്‍ഖുമാണ് മീഖാത്തുകള്‍. പ്രസ്തുത മീഖാത്തുകളിലൂടെ പോകുന്ന ഇതര നാട്ടുകാരും അവിടെ നിന്നു തന്നെയാണ് ഇഹ്‌റാം ചെയ്യേണ്ടത്. ഉദാഹരണമായി ഇന്ത്യയില്‍നിന്ന് കപ്പല്‍ മാര്‍ഗം ഹജ്ജിനു പോകുന്നവര്‍ യമന്‍കാരുടെ മീഖാത്തായ യലംലമില്‍ നിന്നാണ് ഇഹ്‌റാം ചെയ്യേണ്ടത്. വിമാനമാര്‍ഗ്ഗം പോകുന്നവര്‍ നജ്ദ്കാരുടെ മീഖാത്തായ ഖര്‍നുല്‍ മനാസിലില്‍നിന്നും.

പ്രസ്തുത മീഖാത്തുകളുടെയും മക്കയുടെയും ഇടയില്‍ താമസിക്കുന്നവര്‍ തങ്ങളുടെ താമസസ്ഥലത്തുനിന്ന് ഇഹ്്‌റാം ചെയ്താല്‍ മതി. ഉദാഹരണമായി ജിദ്ദാ നിവാസികള്‍ തങ്ങളുടെ വീടുകളില്‍നിന്നാണ് ഇഹ്്‌റാം ചെയ്യേണ്ടത്. മക്കാനിവാസികളും ഹജ്ജിനുവേണ്ടി ഇഹ്‌റാം ചെയ്യേണ്ടത് തങ്ങളുടെ താമസസ്ഥലത്തുനിന്നു തന്നെയാണ്.

ഒരാള്‍ ഇഹ്്‌റാം ചെയ്യാതെ നിശ്ചിത മീഖാത്ത് വിട്ടുകടന്നാല്‍ സാധിക്കുമെങ്കില്‍ വിട്ടുകടന്ന മീഖാത്തിലേക്കുതന്നെ തിരിച്ചുപോവുകയും അവിടെനിന്ന് ഇഹ്‌റാം ചെയ്യുകയുമാണ് വേണ്ടത്. തിരിച്ചുപോവാന്‍ സാധിച്ചില്ലെങ്കില്‍ എത്തിയ സ്ഥലത്തുനിന്ന് ഇഹ്‌റാം ചെയ്യാവുന്നതാണ്. പക്ഷേ, പ്രായശ്ചിത്തമായി മക്കിയല്‍ വെച്ച് ഒരു മൃഗത്തെ ബലിയറുക്കുകയും അതിന്റെ മാംസം ഹറമിലെ ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യുകയും വേണം.

വിവിധ സ്ഥലങ്ങളില്‍ നിന്ന് ഹജ്ജിന് വരുന്നവര്‍ക്ക് അഞ്ച് സ്ഥലങ്ങള്‍ നബി(സ) നിശ്ചയിച്ചുകൊടുത്തിരിക്കുന്നു.

ദുല്‍ഹുലൈഫ: മദീനക്കാരുടെ മീഖാത്താണ് ദുല്‍ഹുലൈഫ. മക്കയുടെ വടക്കും മദീനയുടെ തെക്കുമായി സ്ഥിതിചെയ്യുന്നു. അവിടെ നിന്ന് മക്കയിലേക്ക് 420 കിലോമീറ്ററും മദീനയിലേക്ക് 13 കിലോമീറ്ററും ദൂരമുണ്ട്. ഇന്ന് ‘അബ്യാര്‍ അലി’ എന്ന പേരിലാണ് ദുല്‍ഹുലൈഫ അറിയപ്പെടുന്നത്. ഇഹ്‌റാം ചെയ്യുന്നവരുടെ സൌകര്യാര്‍ഥം കുളിമുറികള്‍, കക്കൂസുകള്‍, വിശാലമായ പള്ളി തുടങ്ങിയ എല്ലാ സൌകര്യങ്ങളും ഗവണ്‍മെന്റ് അവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങോട്ടുള്ള വഴിയില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നു.

ജുഹ്ഫ: ശാമുകാരുടെ മീഖാത്താണിത്. റാബിഗ് എന്ന സ്ഥലത്തിനടുത്ത കടല്‍തീര റോഡില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമായിരുന്നു ജുഹ്ഫ. ആ ഗ്രാമം തകര്‍ന്നടിഞ്ഞുപോയിരിക്കുന്നു. അതിനാല്‍ അതിന് അല്‍പം മുമ്പുള്ള റാബിഗില്‍നിന്നാണ് ആളുകള്‍ ഇഹ്‌റാം ചെയ്യാറ്. മക്ക, മദീന റോഡില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തേക്ക് മക്കയില്‍ നിന്ന് 186 കിലോമീറ്റര്‍ ദൂരമുണ്ട്.

ഖര്‍നുല്‍ മനാസില്‍: ഇത് നജ്ദ് കാരുടെ മീഖാത്താണ്. റിയാദ്, ദമാം, ദഹ്‌റാന്‍ തുടങ്ങിയ പ്രദേശക്കാരെല്ലാം ഇവിടെ നിന്നാണ് ഇഹ്‌റാം ചെയ്യേണ്ടത്. ത്വാഇഫ് പട്ടണത്തിന്  അടുത്ത പ്രദേശമാണിത്. ഇപ്പോള്‍ ‘അസ്സൈലുല്‍ കബീര്‍’ , ‘വാദീ മഹ്്‌റാം’ എന്നീ പേരുകളിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്. അവിടെനിന്ന് മക്കയിലേക്കുള്ള ദൂരം 77 കിലോമീറ്ററാണ്.

യലംലം: മക്കയുടെ തെക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ഥലം യമന്‍കാരുടെ മീഖാത്താണ്. സുഊദി അറേബ്യയുടെ ദക്ഷിണ തീരറോഡിലാണ് ഈ പ്രദേശം. ‘ അസ്സഅ്ദിയ്യ’ എന്ന പേരിലാണിത് ഇപ്പോള്‍ അറിയപ്പെടുന്നത്. പുതിയ റോഡു വഴി അവിടെ നിന്ന് മക്കയിലേക്കുള്ള ദൂരം 120 കിലോമീറ്ററാണ്. ചില ഗ്രന്ഥങ്ങളില്‍ യലംലമില്‍നിന്ന് മക്കയിലേക്കുള്ള ദൂരം 54 കിലോമീറ്ററാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ദാത്തു ഇര്‍ഖ്: ഇറാഖുകാരുടെ മീഖാത്താണ് ദാത്തു ഇര്‍ഖ്. മക്കയില്‍നിന്ന് ഏകദേശം 100 കിലോമീറ്റര്‍ ദൂരമുള്ള ഒരു പുരാധന ഗ്രാമപ്രദേശമാണിത്. അതിലൂടെ വരുന്ന ആളുകള്‍ അവിടെനിന്നാണ് ഇഹ്്‌റാം ചെയ്തിരുന്നതെങ്കിലും അത് ദുര്‍ഘടം പിടിച്ച മലമ്പ്രദേശത്തായതിനാല്‍ ഇപ്പോള്‍ ആളുകള്‍ സുഗമമായ വഴിയിലൂടെ സഞ്ചരിച്ച് ഖര്‍നുല്‍ മനാസില്‍നിന്നാണ്  ഇഹ്്‌റാം ചെയ്യുന്നത്. ദാത്തു ഇര്‍ഖും ഖര്‍നുല്‍ മനാസിലും ഒരേ നേര്‍രേഖയിലായതിനാല്‍ അതിന് വിരോധമില്ല.

പ്രസ്തുത മീഖാത്തുകളിലൂടെ യാത്രചെയ്യുന്ന ഇതര നാട്ടുകാരും അവിടെ നിന്നുതന്നെയാണ് ഇഹ്്‌റാം ചെയ്യേണ്ടത്. മുന്‍പറഞ്ഞ മീഖാത്തുകളുടെയും ഹറമിന്റെയും ഇടയില്‍ താമസിക്കുന്നവര്‍ തങ്ങളുടെ താമസസ്ഥലത്തുനിന്ന് ഇഹ്‌റാം ചെയ്താല്‍ മതി. ഉദാഹരണമായി, ജിദ്ദാ നിവാസികള്‍ തങ്ങളുടെ വീടുകളില്‍നിന്നാണ് ഇഹ്‌റാം ചെയ്യേണ്ടത്. ഹറമിനുള്ളില്‍ താമസിക്കുന്നവരും ഹജ്ജിന് ഇഹ്്‌റാം ചെയ്യേണ്ടത് തങ്ങളുടെ താമസസ്ഥലത്തുനിന്നാണ്. പക്ഷേ, അവര്‍ ഉംറക്കുവേണ്ടി ഇഹ്്‌റാം ചെയ്യുന്നത് ഹറമിന് പുറത്തുവെച്ചായിരിക്കണം.

ഒരാള്‍ ഇഹ്്‌റാം ചെയ്യാതെ നിശ്ചിത മീഖാത്ത് വിട്ടുകടന്നാല്‍ സാധിക്കുമെങ്കില്‍ വിട്ടുകടന്ന മീഖാത്തിലേക്ക് തിരിച്ചുപോവുകയും അവിടെ നിന്ന് ഇഹ്‌റാം ചെയ്യുകയുമാണ് വേണ്ടത്. തിരിച്ചുപോവാന്‍ സാധിച്ചില്ലെങ്കില്‍ എത്തിയ സ്ഥലത്തുനിന്ന് ഇഹ്‌റാം ചെയ്യാവുന്നതാണ്. ഇഹ്‌റാം ചെയ്യാതെ മീഖാത്ത് വിട്ടുകടന്നതിന് പ്രായശ്ചിത്തമായി ഹറമില്‍ വെച്ച് ഒരു മൃഗത്തെ ബലിയറുക്കുകയും അതിന്റെ മാംസം ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യുകയും വേണം.

About the author

hajjpadasala

Add Comment

Click here to post a comment