അല്ലാഹു മറ്റ് സൃഷ്ടികളില്‍ നിന്ന് ആദരിച്ച വിഭാഗമാണ് മനുഷ്യന്‍. ഉറപ്പായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു. അവര്‍ക്കു നാം കടലിലും കരയിലും സഞ്ചരിക്കാനായി വാഹനങ്ങളൊരുക്കി. ഉത്തമ വിഭവങ്ങള്‍ ആഹാരമായി നല്‍കി. നാം സൃഷ്ടിച്ച നിരവധി സൃഷ്ടികളെക്കാള്‍ നാമവര്‍ക്ക് മഹത്വമേകുകയും ചെയ്തു. (അല്‍ഇസ്‌റാഅ് 70).
നമ്മെ വിശ്വാസികളാക്കി എന്നത് അല്ലാഹു നമുക്ക് നല്‍കിയ മഹത്തായ അനുഗ്രഹമാണ്. അല്ലാഹുവിന് ഉത്തരം നല്‍കിയ, അവന്റെ പ്രവാചകന്മാരെ സത്യപ്പെടുത്തിയവരുടെ ഗണത്തിലാണ് നാമുള്ളത്. ഇസ്ലാം കൊണ്ട് പദവി ഉയര്‍ത്തിയ, മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കപ്പെട്ട സവിശേഷ സംഘമാണ് നാം. ‘അല്ല, നീ കരുതുന്നുണ്ടോ; അവരിലേറെപ്പേരും കേള്‍ക്കുകയും ചിന്തിക്കുകയും ചെയ്യുന്നുവെന്ന്. എന്നാലവര്‍ കന്നുകാലികളെപ്പോലെയാണ്. അല്ല; അവയെക്കാളും പിഴച്ചവരാണ് (അല്‍ഫുര്‍ഖാന്‍ 44)
അല്ലാഹു മഹത്തായ ഉദ്ദേശവും ലക്ഷ്യവും മുന്‍നിര്‍ത്തിയാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചിട്ടുള്ളത്. വെറുതെ വിനോദത്തിന് വേണ്ടിയോ, തമാശക്ക് വേണ്ടിയോ സംവിധാനിച്ചവയല്ല അവ. ‘നാം ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും വെറും വിനോദത്തിനു വേണ്ടി സൃഷ്ടിച്ചതല്ല. (അദ്ദുഖാന്‍ 38).
മനുഷ്യനെ അല്ലാഹു പരീക്ഷിക്കുന്നതിന് വേണ്ടി സൃഷ്ടിച്ച താല്‍ക്കാലിക ഭവനമാണ് ഐഹിക ലോകം. അല്ലാഹുവിനോടെടുത്ത കരാറില്‍ സത്യസന്ധത പുലര്‍ത്തുന്നവരെയും, അതിനെ കളവാക്കുന്നവരെയും തിരിച്ചറിയുന്നതിന് വേണ്ടിയാണ് അത്. ‘മരണവും ജീവിതവും സൃഷ്ടിച്ചവന്‍. കര്‍മ നിര്‍വഹണത്തില്‍ നിങ്ങളിലേറ്റം മികച്ചവരാരെന്ന് പരീക്ഷിക്കാനാണത്. അവന്‍ അജയ്യനാണ്. ഏറെ മാപ്പേകുന്നവനും’ (അല്‍മുല്‍ക് 2).
പഞ്ചേന്ദ്രിയങ്ങളും, ബുദ്ധിയും തന്റേടവും നല്‍കിയാണ് അല്ലാഹു മനുഷ്യനെ ഭൂമിയിലേക്ക് നിയോഗിച്ചത്. വിജയത്തിന്റെയും പരാജയത്തിന്റെയും മാര്‍ഗം സ്വീകരിക്കാനുള്ള പരിപൂര്‍ണ സ്വാതന്ത്ര്യം അവന് നല്‍കിയിരിക്കുന്നു. എന്നിട്ട് പോലും അവരെ അവഗണിക്കുന്നതിന് പകരം ഇടക്കിടെ പ്രവാചകന്മാരെ നിയോഗിച്ച് തങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് മനുഷ്യരെ ഉണര്‍ത്തുക കൂടി ചെയ്ത് നാഥന്‍. ‘ഇവരൊക്കെയും ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പു നല്‍കുന്നവരുമായ ദൈവദൂതന്മാരായിരുന്നു. അവരുടെ നിയോഗശേഷം ജനങ്ങള്‍ക്ക് അല്ലാഹുവിനെതിരെ ഒരു ന്യായവും പറയാനില്ലാതിരിക്കാനാണിത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്’ (അന്നിസാഅ് 165. )
പ്രവാചകന്‍മാര്‍ ഒന്നിന് പിറകെ ഒന്നായി സമൂഹത്തിലേക്ക് വന്നു. അവരെല്ലാം ജനങ്ങളെ കറകളഞ്ഞ ഏകദൈവ വിശ്വാസത്തിലേക്കായിരുന്നു ക്ഷണിച്ചിരുന്നത്. ”ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ നിങ്ങള്‍ എനിക്കു വഴിപ്പെടുക’ എന്ന സന്ദേശം നല്‍കിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല’ (അല്‍അന്‍ബിയാഅ് 25)
ചില പ്രത്യേക ഗോത്രങ്ങള്‍ക്കും സമൂഹങ്ങള്‍ക്കുമായിരുന്നു പ്രവാചകന്മാര്‍ മുന്‍കാലത്ത് നിയോഗിക്കപ്പെട്ടിരുന്നത്. അവര്‍ കൊണ്ട് വന്ന നിയമസംഹിതയും അപ്രകാരം തന്നെയായിരുന്നു. എന്നാല്‍ അന്ത്യദൂതര്‍ ലോകമുസ്ലിം സമൂഹത്തിന് പൊതുവായാണ് നിയോഗിക്കപ്പെട്ടത്. ‘മനുഷ്യര്‍ക്കാകമാനം ശുഭവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നല്‍കുന്നവനുമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. പക്ഷേ, ഏറെപ്പേരും അതറിയുന്നില്ല’ (സബഅ് 28)
സമ്പൂര്‍ണവും സമഗ്രവുമായ ശരീഅത്തുമായാണ് പ്രവാചകന്‍(സ) നിയോഗിക്കപ്പെട്ടത്. വൈയക്തിക-സാമൂഹിക തലങ്ങളെ സ്പര്‍ശിക്കുന്നവയായിരുന്നു അവ. എല്ലാ കാലത്തിനും, പ്രദേശത്തിനും യോജിച്ചവ കൂടിയായിരുന്നു അവ.
ഈ ദര്‍ശനത്തിന്റെ ആദ്യകവാടം അല്ലാഹുവിലും അവന്റെ മാലാഖമാരിലും, വേദങ്ങളിലും പ്രവാചകന്മാരിലുമുള്ള വിശ്വാസമാണ്. അല്ലാഹുവിന്റെ ഖദ്‌റിലും മരണാനന്തര ജീവിതത്തിലുമുള്ള വിശ്വാസവും ഈ ദീനിന്റെ സുപ്രധാന ഭാഗങ്ങളാണ്.
ഏകദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ ഈ ദര്‍ശനത്തിന്റെ പ്രത്യേകത അവ വിശുദ്ധ വേദത്തില്‍ നിന്നും തിരുസുന്നത്തില്‍ നിന്നുമെടുത്തവയാണ് എന്നതാണ്. അബദ്ധമുക്തവും, പരിപൂര്‍ണവുമാണ് അത്: ആരുടെ ഇഛ ഞാന്‍ കൊണ്ട് വന്നതിനെ പിന്തുടരുന്നില്ലയോ അവന്‍ വിശ്വാസിയാവുകയില്ല.’
ഇസ്ലാമിക വിഷയങ്ങള്‍ വ്യക്തവും കുറ്റമറ്റതുമാണ്. അവയില്‍ സങ്കീര്‍ണതയോ, ആശയക്കുഴപ്പമോ ഇല്ല. മനുഷ്യന്റെ ശുദ്ധപ്രകൃതിയോട് യോജിക്കുന്നവയാണ് അവ. ചൊവ്വായ ബുദ്ധിക്ക് വിരുദ്ധമായതും ഇസ്ലാമിക പ്രമാണങ്ങളില്‍ കാണാന്‍ കഴിയുകയില്ല. അതിനാല്‍ തന്നെ ഖുര്‍ആന്‍ ഒട്ടേറെ ഇടങ്ങളില്‍ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാന്‍ നിര്‍ദേശിക്കുന്നത് കാണാവുന്നതാണ്.
ഐക്യത്തിന്റെയും സംഘബോധത്തിന്റെയും ദര്‍ശനമാണ് ഇത്. വിശ്വാസത്തിന്റെ പാശം കൊണ്ട് അനുയായികളെ അത് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. മുസ്ലിംകള്‍ ഒരുമിച്ച് കൂടുകയും ഔന്നത്യം നേടുകയും ചെയ്യുന്നത് ദൈവികദര്‍ശനവുമായുള്ള അവരുടെ സുദൃഢ ബന്ധത്തെയും, ചിതറുകയും ഭിന്നിക്കുകയും ചെയ്യുന്നത് അവരുടെ വിശ്വാസ ദൗര്‍ബല്യത്തെയുമാണ് കുറിക്കുന്നത്.
കേവലം ഏതാനും വിശ്വാസ സംഹിതകള്‍ മാത്രമല്ല ഇസ്ലാമിനുള്ളത്. മറിച്ച് മനുഷ്യ ജീവിതം ക്രമപ്പെടുത്താനാവശ്യമായ കര്‍മനിയമങ്ങളും അത് സമര്‍പിക്കുന്നു. ആരാധനകളും, ഇടപാടുകളും, കുടുംബവും, സ്വഭാവവും മുതല്‍ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്നവയാണ് അവ. അല്ലാഹുവുമായുള്ള ബന്ധത്തെയും, സഹപ്രവര്‍ത്തകരുമായുള്ള ബന്ധത്തെയും, പ്രകൃതിയോടുള്ള ബന്ധത്തെയും വ്യവസ്ഥപ്പെടുത്തുന്നവയാണ് പ്രസ്തുത നിയമങ്ങള്‍.
മനുഷ്യജീവിതം സുഖകരമാക്കാനുള്ളവയാണ് ദൈവിക നിയമങ്ങളത്രയും. അല്ലാഹു മനുഷ്യന് പ്രയാസമുണ്ടാക്കാനോ, ദുരിതമേല്‍പിക്കാനോ ഉദ്ദേശിക്കുന്നില്ല.
മനുഷ്യന്റെ സാമ്പത്തിക ജീവിതവും, കുടുംബ ജീവിതവും ക്രമപ്പെടുത്തുന്നവയാണ് അവ. പരിശുദ്ധമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് ഇസ്ലാം ഉദ്ദേശിക്കുന്നത്. അരാജകത്വ മുക്തമായ, ധാര്‍മികത കാത്ത് സൂക്ഷിക്കുന്ന സമൂഹത്തെയാണ് ഇസ്ലാം ലക്ഷ്യംവെക്കുന്നത്.
ഇസ്ലാം നിയമമാക്കിയ ശിക്ഷാവിധികളും ഈയര്‍ത്ഥത്തില്‍ തന്നെയുള്ളവയാണ്. മനുഷ്യന്‍ തെറ്റിലേക്ക് ചായുകയും തിന്മ പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. അത്തരം സാധ്യതകളെ വ്യവസ്ഥാപിതമായി കൈകാര്യം ചെയ്യാനാണ് ഇവ.
ഒരൊറ്റ നേതാവിന് കീഴില്‍ അണിനിരക്കുന്ന സുഭദ്രമായ സമൂഹത്തെയാണ് ഇസ്ലാം തേടുന്നത്. അല്ലാഹുവിന്റെ ശരീഅത്തായിരിക്കണം അവരെ നയിക്കുന്നത്. അതിനാല്‍ അവര്‍ അവ അനുസരിക്കുകയും, പിന്തുടരുകയും ചെയ്യേണ്ടതുണ്ട്. ‘വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്‍നിന്നുള്ള കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില്‍ ഇതാണ് ഏറ്റം നല്ലത്. മെച്ചപ്പെട്ട ഒടുക്കമുണ്ടാവുന്നതും ഇതിനുതന്നെ’. (അന്നിസാഅ് 59)
ശൈഖ് അബ്ദുല്‍ അസീസ് ആലുശ്ശൈഖ്
Add Comment