നന്മകള്‍ തേടുകയും, സുകൃതങ്ങള്‍ സമ്പാദിക്കാനുള്ള അവസരം മുതലെടുക്കുകയും ചെയ്യുന്നവരാണ് ബുദ്ധിമാന്മാര്‍. സ്വര്‍ഗത്തിലേക്ക് തുറന്ന് വെച്ച എല്ലാ കവാടങ്ങളിലും അവര്‍ പ്രവേശിക്കുകയും നിഷിദ്ധങ്ങളിലേക്ക് വീഴ്ത്തുന്ന മാര്‍ഗങ്ങള്‍ കൊട്ടിയടക്കുകയും ചെയ്യുന്നു. നന്മയാഗ്രഹിക്കുന്നവര്‍ക്ക് മുന്നോട്ട് വരാനും, പശ്ചാതപിക്കുന്നവര്‍ക്ക് മനസ്സാന്നിദ്ധ്യം കൈവരിക്കാനുമുള്ള അവസരമാണ് ഇത്. നമുക്ക് നമ്മുടെ മുഖത്തെ മസ്ജിദുല്‍ ഹറാമിലേക്ക് തിരിച്ച് വെക്കാം. അവിടെ നിന്നാണ് ആ പ്രഭ ഉറവെടുക്കുന്നത്. മാലോകര്‍ക്ക് മേല്‍ കാരുണ്യം വര്‍ഷിക്കുന്നത് അവിടെയാണ്. അതിന്റെ ചുരുളുകള്‍ക്കിടയില്‍ സുവിശേഷമാണ് ഉള്ളത്.
വിശ്വാസി തന്റെ ചിന്തകളുമായി മക്കാമണലാരുണ്യത്തില്‍ കാല്‍വെക്കുന്നു. പ്രിയപ്പെട്ട പ്രവാചകന്‍(സ)യുടെ കാലടികള്‍ അവിടെ പതിയുന്നതായി വിശ്വാസി ഭാവനയില്‍ കാണുന്നു. ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ച്, അവര്‍ക്ക് സന്തോഷവാര്‍ത്തയും മുന്നറിയിപ്പും എത്തിച്ച് അദ്ദേഹം തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നു.
തീര്‍ത്തും വൈകാരികമാണ് ആ ഓര്‍മകള്‍. ഹറമിന്റെ ആ ഓരത്ത് പോരാട്ടവും, സഹനവും ത്യാഗവുമാണ് തളംകെട്ടി നില്‍ക്കുന്നത്. ഭക്തരായ വിശ്വാസികളുടെ കവിളിലൂടെ ചാലിട്ടൊഴുകിയ ചുടുകണ്ണുനീര്‍ കണങ്ങള്‍ അവക്ക് അപരിചിതമല്ല.
സ്വഫാ പര്‍വതത്തിന് മുകളില്‍ കയറി നിന്ന് ‘വാ സബാഹാ’ എന്ന് വിളിക്കുന്ന പ്രവാചകന്‍(സ) തിരുമേനിയുടെ മുഖമാണ് നമ്മുടെ ഓര്‍മയില്‍ ആദ്യമായി കടന്ന് വരുന്നത്. ‘ഉറ്റബന്ധുക്കള്‍ക്ക് താങ്കള്‍ മുന്നറിയിപ്പ് നല്‍കുക’യെന്ന വിശുദ്ധ ഖുര്‍ആന്റെ ആജ്ഞക്കുള്ള ഉത്തരമായിരുന്നു അത്. ശബ്ദം കേട്ടവര്‍ ചുറ്റും കൂടി. തിരുദൂതര്‍(സ) അവരോട് ചോദിച്ചു ‘ഈ പര്‍വതത്തിനപ്പുറം കുതിരസൈന്യം നിങ്ങളെ ആക്രമിക്കാന്‍ തയ്യാറായി നില്‍പുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?. അതെയെന്നായിരുന്നു അവരുടെ ഉത്തരം. എങ്കില്‍ വേദനാജനകമായ ശിക്ഷയെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. നിനക്ക് നാശം എന്നായിരുന്നു പിതൃവ്യനായിരുന്ന അബൂലഹബിന്റെ പ്രതികരണം. ഇതിന് വേണ്ടിയാണോ താങ്കള്‍ ഞങ്ങളെ വിളിച്ച് കൂട്ടിയത് എന്ന് അയാള്‍ അരിശം പൂണ്ടു. അയാളെ ശപിച്ച് കൊണ്ട് വിശുദ്ധ വേദത്തിലെ വചനങ്ങള്‍ അവതരിച്ചു. ബന്ധുക്കളില്‍ നിന്ന് തന്നെയുള്ള ശക്തമായ ആക്രമണം. പ്രവാചക പ്രബോധനത്തിന് മുന്നില്‍ അതിന്റെ തീപ്പൊരികള്‍ ചിതറി.
ഇനി നമുക്ക് സ്വഫാ മലയിറങ്ങി ഹറമിന്റെ പവിത്രമായ മുറ്റത്തേക്ക് നീങ്ങാം. തിരുദൂതര്‍(സ) അവിടെ നമസ്‌കരിക്കുന്നുണ്ട്. തന്റെ നാഥനുമായി സ്വകാര്യ സംഭാഷണത്തിലായിരുന്നു അദ്ദേഹം. അപ്പുറത്ത് അബൂജഹ്‌ലും അനുയായികളും ഇരിക്കുന്നുണ്ട്. അവര്‍ പരസ്പരം പറഞ്ഞു ‘ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാലയെടുത്ത് സുജൂദ് ചെയ്യുന്ന മുഹമ്മദിന്റെ മുതുകില്‍ വെക്കാന്‍ ആര്‍ക്കാണ് ധൈര്യമുള്ളത്?’ അവരില്‍ നിന്ന് ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍ മുന്നിട്ടിറങ്ങി. ഉഖ്ബത് ബിന്‍ അബീമുഈത്വ്(റ) എന്നായിരുന്നു അയാളുടെ പേര്. സുജൂദിലായിരുന്ന തിരുമേനി(സ)യുടെ കഴുത്തില്‍ അയാള്‍ കുടല്‍മാല വെച്ചു. പ്രസ്തുത സംഭവം റിപ്പോര്‍ട്ട് ചെയ്ത അബ്ദുല്ലാഹ് ബിന്‍ മസ്ഊദ്(റ) പറയുന്നു. ഞാന്‍ അത് നോക്കി നില്‍പുണ്ടായിരുന്നു. പക്ഷെ എനിക്കൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. അവര്‍ ആഹ്ലാദിച്ച് ചിരിക്കുകയും പരസ്പരം ചേര്‍ന്നാടുകയും ചെയ്തു. തിരുമേനി(സ) സുജൂദില്‍ തന്നെയാണ്. മകള്‍ ഫാത്വിമ(റ) വന്ന് കുടല്‍മാല എടുത്തതിന് ശേഷമാണ് തിരുമേനി(സ) തലയുയര്‍ത്തിയത്. അദ്ദേഹം പ്രാര്‍ത്ഥിച്ചു ‘അല്ലാഹുവെ, ഖുറൈശികളുടെ കാര്യം നിന്നെ ഏല്‍പിച്ചിരിക്കുന്നു.’ പ്രവാചകന്റെ പ്രാര്‍ത്ഥന അവര്‍ക്ക് പ്രയാസകരമായി അനുഭവപ്പെട്ടു. ആ സ്ഥാനത്ത് വെച്ചുള്ള പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുമെന്ന് അവര്‍ക്കറിയാമായിരുന്നു. ശേഷം തിരുമേനി(സ) അവരുടെ ഓരോരുത്തരുടെയും പേര് വിളിച്ച് അവര്‍ക്കെതിരെ പ്രാര്‍ത്ഥിച്ചു. അല്ലാഹുവാണ, ബദ്‌റില്‍ മരിച്ച് വീണവരെ റസൂല്‍(സ) ഓരോരുത്തരെ ആയി എണ്ണിയപ്പോള്‍ ആ ഏഴ് പേരും അവരിലുണ്ടായിരുന്നു).
പ്രവാചക പ്രബോധന ജീവിതത്തിലെ സുപ്രധാനമായ രണ്ട് സംഭവങ്ങളായിരുന്നു ഇവ. ആദ്യത്തേത് സ്വഫാ പര്‍വതത്തിന് മുകളിലും രണ്ടാമത്തേത് കഅ്ബാലയത്തിന്റെ മുറ്റത്തും. അവയില്‍ ധിക്കാരം പ്രവര്‍ത്തിച്ചവരെ വര്‍ഷങ്ങള്‍ക്ക് ശേഷം ചരിത്രം തിരിഞ്ഞ് കൊത്തി.
മൂന്നാമതൊരു ചരിത്രം പിറക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. തിരുദൂതരെ നാട്ടില്‍ നിന്ന് ആട്ടിയോടിച്ചതിന് ശേഷം, അദ്ദേഹത്തിന് നിരന്തരമായ വേദനകളും പ്രയാസങ്ങളും സമ്മാനിച്ചതിന് ശേഷമായിരുന്നു അത്. മദീനയില്‍ നിന്ന് വിജയികളായി തിരുമേനി(സ) മക്കയിലേക്ക് തന്നെ മടങ്ങിവരികയാണ്. ഇപ്പോഴദ്ദേഹം ദുര്‍ബലനല്ല, പഴയത് പോലെ ഏകനല്ല. പതിനായിരക്കണക്കിന് അനുയായികള്‍ കൂടെയുണ്ട്. അല്ലാഹു തന്റെ ദീനിന് പ്രതാപം നല്‍കിയ ആ വേളയില്‍ അദ്ദേഹത്തിന് ചുറ്റും അന്‍സ്വാറുകളും മുഹാജിറുകളുമുണ്ടായിരുന്നു. കൈയ്യില്‍ വില്ലുമായി തിരുമേനി(സ) ഹറമില്‍ പ്രവേശിച്ചു. ഹജറുല്‍ അസ്‌വദ് മുത്തുകയും, ത്വവാഫ് നിര്‍വഹിക്കുകയും ചെയ്തു. ഹറമില്‍ അപ്പോള്‍ ഏകദേശം മുന്നൂറിലധികം ബിംബങ്ങളുണ്ടായിരുന്നു. തന്റെ കയ്യിലെ വില്ലുപയോഗിച്ച് അദ്ദേഹം അവ തകര്‍ക്കാന്‍ തുടങ്ങി. (സത്യം പുലരുകയും, അസത്യം പരാജയപ്പെടുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അസത്യം പൊളിഞ്ഞ് പോകാനുള്ളതാണ്) എന്ന ദൈവിക വചനം ഉച്ചരിക്കുന്നുണ്ടായിരുന്നു അദ്ദേഹം.
ബിംബങ്ങള്‍ തകര്‍ന്ന് താഴെ വീണുകൊണ്ടിരിക്കുന്നു. തിരുദൂതര്‍(സ) തന്റെ വാഹനപ്പുറത്ത് ത്വവാഫിലാണ്. ത്വവാഫിന് ശേഷം അദ്ദേഹം കഅ്ബയില്‍ പ്രവേശിച്ചു. അതില്‍ വെച്ച് നമസ്‌കരിക്കുകയും അതിന്റെ പലഭാഗങ്ങളില്‍ നിന്നായി തക്ബീര്‍ ചൊല്ലുകയും ചെയ്തു. ശേഷം വാതില്‍ തുറന്ന് പുറത്തേക്ക് വന്നു. പള്ളി നിറയെ ഖുറൈശികളാണുള്ളത്. മുഹമ്മദ്(സ) എന്ത് തീരുമാനമാണ് എടുക്കുകയെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് അവര്‍. വാതിലിന്റെ രണ്ട് പാളികള്‍ പിടിച്ച് കൊണ്ട് തിരുമേനി(സ) നില്‍ക്കുന്നു, ഖുറൈശികള്‍ അദ്ദേഹത്തിന് മുന്നില്‍ താഴെയും. തിരുദൂതര്‍ സംസാരം തുടങ്ങി. ‘അല്ലാഹു ഏകനാണ്, അവന് പങ്കുകാരില്ല, അവന്‍ വാഗ്ദാനം പൂര്‍ത്തീകരിച്ചിരിക്കുന്നു, തന്റെ അടിമയെ സഹായിച്ചിരിക്കുന്നു. സൈന്യത്തെ പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു.’ തുടര്‍ന്ന് അവരോട് ചോദിച്ചു. ‘ഖുറൈശികളെ, ഞാന്‍ നിങ്ങളെ എന്ത് ചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? അവര്‍ പറഞ്ഞു ‘നല്ലത് മാത്രം, താങ്കള്‍ മാന്യനായ സഹോദരനാണ്, മാന്യനായ സഹോദരന്റെ പുത്രനാണ്. അദ്ദേഹം പറഞ്ഞു ‘യൂസുഫ്(അ) തന്റെ സഹോദരന്മാരോട് പറഞ്ഞത് തന്നെയാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. നിങ്ങള്‍ക്ക് മേലിന്ന് പ്രതികാരമില്ല. നിങ്ങള്‍ സ്വതന്ത്രരാണ്, നിങ്ങള്‍ക്ക് പോകാം.’
നാം പരിശുദ്ധ മന്ദിരത്തിന് ത്വവാഫ് നിര്‍വഹിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചത് പോലെ ആ ഭവനത്തെ നിര്‍ഭയഗേഹവും അഭയസങ്കേതവുമാക്കി മാറ്റുന്നതില്‍ തിരുദൂതരും അനുയായികളും എത്രയാണ് കഷ്ടപ്പെട്ടതെന്ന് നാം ചിന്തിക്കുന്നില്ല. റസൂല്‍(സ) ഉയര്‍ത്തിയ കലിമതുത്തൗഹീദ് ചക്രവാളങ്ങളില്‍ അലയടിക്കുകയാണ്. സ്വഫാ-മര്‍വക്കിടയില്‍ സഅ്‌യ് നിര്‍വഹിക്കുന്ന ഹജ്ജാജിമാര്‍ സാക്ഷ്യം വഹിക്കുന്ന യാഥാര്‍ത്ഥ്യമാണത്. അബൂലഹബിന്റെ വാക്കുകള്‍ ‘നിനക്ക് നാശം’ അദ്ദേഹത്തിലേക്ക് തന്നെ മടങ്ങിയിരിക്കുന്നു.
മക്കാവിജയ വേളയില്‍ തിരുമേനി(സ) ഖുറൈശികളെ അഭിസംബോധന ചെയ്തു. ‘ഖുറൈശികളെ, ജാഹിലിയ്യത്തിന്റെ ദുരഭിമാനം അല്ലാഹു നിങ്ങളില്‍ നിന്ന് എടുത്ത് കളഞ്ഞിരിക്കുന്നു. ജനങ്ങള്‍ ആദമില്‍ നിന്നുള്ളതാണ്, ആദം മണ്ണില്‍ നിന്നും. വര്‍ഗത്തിന്റെയും ദേശത്തിന്റെയും അടിസ്ഥാനത്തിലുള്ള സകല വിവേചനങ്ങളുടെയും അടിവേര് തിരുമേനി(സ) അറുത്ത് മാറ്റി. മുസ്ലിം ഉമ്മത്ത് ഒരൊറ്റ ഭൂമികയില്‍, ഏകദൈവത്വം പ്രഖ്യാപിച്ച്, തക്ബീര്‍ ചൊല്ലി അണിനിരന്നു.
ഇബ്‌റാഹീമിന്റെ പ്രാര്‍ത്ഥനക്കുള്ള ഉത്തരം മുഹമ്മദ്(സ)യിലൂടെ പുലര്‍ന്നു. ഓരോ നിമിഷവും വിശ്വാസികളാല്‍ സജീവമായ കഅ്ബാ മന്ദിരത്തെ ഇബ്‌റാഹീം(അ) കണ്ടിരുന്നുവെങ്കില്‍! അറേബ്യയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പരിശുദ്ധ ഹറമിന്റെ പ്രകാശഗോപുരങ്ങള്‍ അദ്ദേഹം കണ്ടിരുന്നുവെങ്കില്‍!
Add Comment