Articles

ഇബ്‌റാഹീമീ ചരിതം നല്‍കുന്ന സന്ദേശം

ഇബ്‌റാഹീം പ്രവാചകന്റെ ചരിത്രം അനുസ്മരിച്ച് അല്ലാഹു പറയുന്നു ‘ഇബ്‌റാഹീം പറഞ്ഞു: ‘ഞാനെന്റെ നാഥന്റെ അടുത്തേക്കു പോവുകയാണ്. അവനെന്നെ നേര്‍വഴിയില്‍ നയിക്കും. ‘എന്റെ നാഥാ, എനിക്കു നീ സച്ചരിതനായ ഒരു മകനെ നല്‍കേണമേ. അപ്പോള്‍ നാം അദ്ദേഹത്തെ സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിച്ചു. ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്.’ അവന്‍ പറഞ്ഞു: ‘എന്റുപ്പാ, അങ്ങ് കല്‍പന നടപ്പാക്കിയാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്‌ക്കെന്നെ കാണാം.

അങ്ങനെ അവരിരുവരും കല്‍പനക്കു വഴങ്ങി. അദ്ദേഹമവനെ ചെരിച്ചു കിടത്തി. അപ്പോള്‍ നാം അദ്ദേഹത്തെ വിളിച്ചു: ‘ഇബ്‌റാഹീമേ, ‘സംശയമില്ല; നീ സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു.’ അവ്വിധമാണ് നാം സച്ചരിതര്‍ക്ക് പ്രതിഫലം നല്‍കുന്നത്. ഉറപ്പായും ഇതൊരു വ്യക്തമായ പരീക്ഷണം തന്നെയായിരുന്നു. നാം അവനുപകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു മൃഗത്തെ നല്‍കി. പിന്മുറക്കാരില്‍ അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തി നിലനിര്‍ത്തുകയും ചെയ്തു’. (അസ്സ്വാഫാത്ത് 99-111)

തന്റെ നാട്ടില്‍ നിന്ന് ഹിജ്‌റ പുറപ്പെട്ട ഇബ്‌റാഹീം പ്രവാചകന്റെ ചരിത്രമാണ് വിശുദ്ധ ഖുര്‍ആന്‍ ഇവിടെ സൂചിപ്പിക്കുന്നത്. തനിക്ക് സല്‍ക്കര്‍മിയായ മകനെ നല്‍കണമെന്ന് അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും, അല്ലാഹു അദ്ദേഹത്തിന് ഇസ്മാഈല്‍ പ്രവാചകനെ നല്‍കി ആദരിക്കുകയും ചെയ്തു. തൊണ്ണൂറിനോട് അടുത്ത വാര്‍ധക്യ കാലത്താണ് അല്ലാഹു അദ്ദേഹത്തിന് സന്താനത്തെ നല്‍കിയത്.
കുഞ്ഞ് വലുതായി, യുവത്വത്തിലേക്ക് കടക്കുന്ന സന്ദര്‍ഭത്തിലാണ് ഇബ്‌റാഹീം(അ) സ്വപ്‌നം കാണുന്നത്. തന്റെ പ്രിയ മകനെ ബലിയറുക്കണമെന്നതായിരുന്നു സ്വപ്നം. പ്രവാചകന്മാരുടെ സ്വപ്‌നം ദിവ്യബോധനമായിരുന്നല്ലോ.

ഏറ്റവും കടുത്ത പരീക്ഷണമായിരുന്നു അത്. അല്ലാഹു തന്റെ കൂട്ടുകാരന് നല്‍കിയ പരീക്ഷണം വാര്‍ദ്ധക്യത്തില്‍ ലഭിച്ച പൊന്നുമകനെ ബലിയറുക്കുക എന്നതായിരുന്നു. വിജനമായ മരുഭൂദേശത്ത് ഭാര്യയെയും മകനെയും താമസിപ്പിക്കാന്‍ കല്‍പിച്ചതിന് ശേഷമായിരുന്നു അത്. ഇബ്‌റാഹീം(അ) അല്ലാഹുവിന്റെ കല്‍പന അംഗീകരിച്ചു. തന്റെ കുടുംബത്തെ ആരോരുമില്ലാത്ത മക്കാമണല്‍ പ്രദേശത്ത് തനിച്ചാക്കി അദ്ദേഹം മടങ്ങി. അവരുടെ സംരക്ഷണം അല്ലാഹു ഏറ്റെടുക്കുകയും ചെയ്തു.
ഈ പ്രവാചകന്റെ മില്ലത്തില്‍പെട്ട എല്ലാ വിശ്വാസിയും ദൈവത്തിന്റെ കല്‍പന നിറവേറ്റാന്‍ ബാധ്യസ്ഥനാണ്. എത്ര തന്നെ പ്രയാസകരമായ ഉദ്യമമാണെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറാവുന്നതോടെ അല്ലാഹു അവ എളുപ്പമാക്കുക തന്നെ ചെയ്യും.

ഇബ്‌റാഹീം(അ) പ്രവാചകന്റെ വ്യക്തിത്വത്തില്‍ നാം അനുകരിക്കേണ്ട മുഖ്യ സവിശേഷതയാണ് ഇത്. ആദ്യത്തെ കടുത്ത പരീക്ഷണത്തിന് ശേഷം അതിനേക്കാള്‍ കഠിനമായ അടുത്ത പരീക്ഷണം വരുന്നു. സ്വന്തം മകന്റെ കഴുത്തില്‍ കത്തിവെക്കുകയെന്നതായിരുന്നു അത്. അദ്ദേഹം ദൈവത്തിന്റെ വിളിക്കുത്തരം നല്‍കുകയും അല്ലാഹു അദ്ദേഹത്തിന് എളുപ്പമാക്കുകയും ചെയ്തു.
സത്യസന്ധമായ വിശ്വാസം അല്ലാഹുവിന്റെ കല്‍പന അംഗീകരിക്കുകയെന്നത് തന്നെയാണ്. ബാഹ്യമായി എത്ര തന്നെ പ്രയാസകരമായ നിര്‍ദേശമാണെങ്കില്‍ പോലും നാമത് നടപ്പിലാക്കേണ്ടതുണ്ട്. ഇഹപരലോകങ്ങളില്‍ നമുക്ക് അവ നന്മ മാത്ര വരുത്തുകയുള്ളൂ.
ഒരു പിതാവിന് മകനോടുള്ള എല്ലാ വാല്‍സല്യവും ഈ ചരിത്രത്തില്‍ പ്രകടമാണ്. ദൈവിക കല്‍പന വന്നിറങ്ങിയപ്പോള്‍ മകനെ ബലം പ്രയോഗിച്ച് ബലിയറുക്കാന്‍ ഇബ്‌റാഹീമി(അ)ന് സാധിക്കുമായിരുന്നു. പക്ഷേ അദ്ദേഹം അപ്രകാരമല്ല ചെയ്തത്. മകനെ അടുത്തുവിളിച്ച് അദ്ദേഹം ചോദിച്ചു:’എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്?’

ഉന്നതമായ വിധത്തിലുള്ള സംസ്‌കാരവും, മതബോധവും ഇസ്മാഈലിന്റെ ഹൃദയത്തില്‍ ആ പിതാവ് നട്ടുവളര്‍ത്തിയിരുന്നു. അതിനാല്‍ തന്നെ ദൈവിക കല്‍പനയുടെ സാരാംശം അവന് മനസ്സിലാക്കാനായി. മാതാപിതാക്കളോടുള്ള ബാധ്യത കൂടി ഈ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. എത്ര കഠിനമായ കല്‍പന തന്നെയാണെങ്കിലും മക്കള്‍ അനുസരിക്കുകയാണ് വേണ്ടതെന്ന പാഠമാണ് അത്. തന്റെ പിതാവിന് ഇസ്മാഈല്‍(അ) നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു. ‘എന്റുപ്പാ, അങ്ങ് കല്‍പന നടപ്പാക്കിയാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്‌ക്കെന്നെ കാണാം’. തികച്ചും പക്വവും വിവേകവുമുള്ള മറുപടിയായിരുന്നു അത്.
കുടുംബത്തിലുണ്ടാവേണ്ട ഊഷ്മള ബന്ധത്തെയും ഈ ചരിത്രം നമുക്ക് വിവരിക്കുന്നുണ്ട്. പിതാവ് മകനെ കുഞ്ഞുമകനേ എന്നും, മകന്‍ പിതാവിനെ എന്റെ ഉപ്പാ എന്നും വിളിക്കുന്നത് അവര്‍ക്കിടയിലുള്ള ഹൃദയബന്ധത്തെയാണ് അടയാളപ്പെടുത്തുന്നത്. തീര്‍ത്തും സ്‌നേഹവാല്‍സല്യം പ്രകടമാകുന്ന വിളിപ്പേരുകള്‍ കൊണ്ടാണ് കുടുംബാംഗങ്ങള്‍ പരസ്പരം അഭിസംബോധന ചെയ്യേണ്ടത്.

അല്ലാഹുവിന്റെ കല്‍പനക്ക് വിധേയരായി അവര്‍ ബലികര്‍മത്തിലേക്ക് കടന്നപ്പോള്‍ അല്ലാഹുവിങ്കല്‍ നിന്ന് പരിഹാരം ഇറങ്ങി. ‘ഇബ്‌റാഹീമേ, ‘സംശയമില്ല; നീ സ്വപ്നം സാക്ഷാല്‍ക്കരിച്ചിരിക്കുന്നു’. പരീക്ഷണത്തില്‍ ഇബ്‌റാഹീം(അ) വിജയിക്കുകയും അല്ലാഹു അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
അല്ലാഹു നമുക്ക് നിര്‍ബന്ധമാക്കിയ കര്‍മങ്ങളെല്ലാംതന്നെ നമുക്കുള്ള പരീക്ഷണോപാധികളാണ്. നിഷിദ്ധങ്ങളില്‍ നിന്ന് അവന്‍ നമ്മെ തടയുന്നതും ഈ ലക്ഷ്യം മുന്‍നിര്‍ത്തി തന്നെയാണ്.
ഒരാളെ ബലിയറുത്തതുകൊണ്ടോ, ഒരാളുടെ മരണം കൊണ്ടോ അല്ലാഹുവിന് യാതൊരു നേട്ടവുമില്ല. ധിക്കാരികളുടെ പ്രവര്‍ത്തനവും അല്ലാഹുവിന് യാതൊരു ദോഷവും വരുത്തുകയില്ല. മറിച്ച് ഇത് തന്റെ അടിമകളെ പരീക്ഷിക്കാന്‍ അല്ലാഹു സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ മാത്രമാണ്. പരീക്ഷണങ്ങളില്‍ വിജയിച്ച ഇബ്‌റാഹീമിനെ അല്ലാഹു പ്രശംസകളാല്‍ മൂടി. മറ്റ് വ്യക്തികള്‍ക്കോ, സമൂഹങ്ങള്‍ക്കോ നല്‍കാത്ത വിശേഷണങ്ങള്‍ അല്ലാഹു അദ്ദേഹത്തിന് നല്‍കി. ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്തുടരാന്‍ അല്ലാഹു മറ്റ് സമൂഹങ്ങളോട് കല്‍പിച്ചു. ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതേണ്ടവിധം പൊരുതുക. അവന്‍ നിങ്ങളെ പ്രത്യേകം തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തില്‍ ഒരു വിഷമവും അവന്‍ നിങ്ങള്‍ക്കുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ പാത പിന്തുടരുക. പണ്ടേതന്നെ അല്ലാഹു നിങ്ങളെ മുസ്‌ലിംകളെന്ന് വിളിച്ചിരിക്കുന്നു. ഈ ഖുര്‍ആനിലും അതുതന്നെയാണ് വിളിപ്പേര്. ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകാനാണിത്. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകാനും. അതിനാല്‍ നിങ്ങള്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. അല്ലാഹുവിനെ മുറുകെ പിടിക്കുക. അവനാണ് നിങ്ങളുടെ രക്ഷകന്‍. എത്ര നല്ല രക്ഷകന്‍! എത്ര നല്ല സഹായി!’. (അല്‍ഹജ്ജ് 78)

ഫറജ് ബിന്‍ ഹസന്‍ ബോസീഫി