നിര്‍ഭയമായ രാഷ്ട്രത്തില്‍, ദൈവിക ഭവനത്തിന്റെ തിരുമുറ്റത്ത്, ഇബ്‌റാഹീം പ്രവാചകന്റെ വിളിക്കുത്തരം നല്‍കി വിശ്വാസികള്‍ വന്നുചേര്‍ന്നിരിക്കുന്നു ‘ഞങ്ങളുടെ നാഥാ! എന്റെ മക്കളില്‍ ചിലരെ, കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ മന്ദിരത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. ഞങ്ങളുടെ നാഥാ! അവര്‍ നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കാനാണത്. അതിനാല്‍ നീ ജനമനസ്സുകളില്‍ അവരോട് അടുപ്പമുണ്ടാക്കേണമേ. അവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അവര്‍ നന്ദി കാണിച്ചേക്കാം’.(ഹജ്ജ് 37).
ജനഹൃദയങ്ങള്‍ ദൈവികഭവനത്തിന് മേല്‍ തികഞ്ഞ അഭിലാഷത്തോടെ വന്നണഞ്ഞിരിക്കുന്നു. അവരുടെ ശരീരംകോള്‍മയിര്‍കൊള്ളുംമുമ്പെ, ഹൃദയങ്ങള്‍ അതോര്‍ത്ത് തുടികൊട്ടിയിരുന്നു. എല്ലാ മലമുകളില്‍ നിന്നും, ഇടുങ്ങിയ വഴികളിലൂടെ വിശ്വാസികള്‍ അവിടെ എത്തിച്ചേര്‍ന്നിരിക്കുന്നു.
ഈ ഭവനത്തിന്റെ ചരിത്രവും, തലയുയര്‍ത്തി, അടിയുറപ്പോടെ നിലകൊണ്ട നൂറ്റാണ്ടുകളും ലോകസമൂഹത്തിന് ചെറുതല്ലാത്ത സന്ദേശം നല്‍കുന്നുണ്ട്. കൃഷിയില്ലാത്ത, വെള്ളവും വൃക്ഷങ്ങളുമില്ലാത്ത, വിജനപ്രദേശമായിരുന്നു അത്. ഇന്നാവട്ടെ പരിപാലിക്കപ്പെടുന്ന ഭവനവും, ഓരോ നിമിഷവും, ഭക്തരായ വിശ്വാസികളുടെ സാന്നിധ്യത്താല്‍ സജീവവുമാണ് അത്.
മരണപത്രം എഴുതിയവര്‍ മാത്രമായിരുന്നു മുന്‍കാലത്ത് അവിടം സന്ദര്‍ശിച്ചിരുന്നത്. കാരണം അങ്ങോട്ടുള്ള യാത്ര മരണത്തിലായിരുന്നു കലാശിച്ചിരുന്നത്. അലഞ്ഞുതിരിഞ്ഞോ, പട്ടിണി കിടന്നോ, കൊള്ളക്കുവിധേയമായോ മരിക്കുമെന്ന് തീര്‍ച്ച. ‘അങ്ങോട്ടുപോകുന്നവന് എല്ലാം നഷ്ടപ്പെട്ടതു തന്നെ, അവിടെ നിന്ന് മടങ്ങിവന്നവന്‍ പുനര്‍ജനിച്ചവന് തുല്യവും’ എന്നായിരുന്നു അതേക്കുറിച്ച് പറയപ്പെട്ടിരുന്നത്.
‘കടുത്ത ശാരീരിക പ്രയാസത്തോടെയല്ലാതെ നിങ്ങള്‍ക്ക് ചെന്നെത്താനാവാത്ത നാട്ടിലേക്ക് അവ നിങ്ങളുടെ ഭാരങ്ങള്‍ ചുമന്നുകൊണ്ടുപോവുന്നു. നിങ്ങളുടെ നാഥന്‍ അതീവ ദയാലുവും പരമകാരുണികനുമാണ്’.(അന്നഹ്ല്‍ 7), എന്ന ആയത്തില്‍ പരാമര്‍ശിക്കുന്നത് മക്കയെക്കുറിച്ചാണെന്ന് ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.
അല്ലാഹു മനുഷ്യനുനല്‍കിയ അനുഗ്രഹങ്ങള്‍ നിരവധിയാണ്. മനുഷ്യന്‍ അറിയാത്ത, പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ അവന്‍ സൃഷ്ടിച്ചിരിക്കുന്നു. സുഭിക്ഷമായി അന്നം നല്‍കുകയും സുരക്ഷിതമായ പാതയൊരുക്കുകയും ചെയ്തിരിക്കുന്നു അവന്‍. ‘നിങ്ങള്‍ക്ക് ആവശ്യമുള്ളതൊക്കെ അവന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് എണ്ണിക്കണക്കാക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ കടുത്ത അക്രമിയും വളരെ നന്ദികെട്ടവനും തന്നെ’. (ഇബ്‌റാഹീം 34).
എന്നാല്‍ പോലും യാത്ര ശിക്ഷയുടെ ഭാഗമാണ് അഥവാ പ്രയാസങ്ങള്‍ നിറഞ്ഞതാണ്. ശാരീരികവും, സാമ്പത്തികവുമായ പരിശ്രമം ഉള്‍പെടുന്ന ആരാധനയാണ് ഹജ്ജ്. ആഡംബരത്തിന്റെയും, ആശ്വാസത്തിന്റെയും എന്തുതന്നെ വഴികള്‍ കണ്ടുപിടിക്കപ്പെട്ടാലും പ്രയാസത്തില്‍ നിന്നും, വിഷമങ്ങളില്‍ നിന്നും ആരും മുക്തരല്ല.
മുന്‍കാലത്ത് അനുവദനീയമായ കാര്യങ്ങളില്‍ നിന്ന് ഹജ്ജാജി തടയപ്പെടുന്നത് അല്ലാഹു ഉദ്ദേശിച്ച ചില യുക്തികള്‍ നടപ്പാക്കുന്നതിന് വേണ്ടിയാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ക്ഷീണവും, പ്രയാസവും, തളര്‍ച്ചയും വിശ്വാസി അനുഭവിക്കേണ്ടതുണ്ട്. അതിന് വഴിവെക്കുന്നില്ലെങ്കില്‍ പിന്നെ മുടിവെട്ടുന്നതില്‍ നിന്നും, നഖം മുറിക്കുന്നതില്‍ നിന്നും, തുന്നിയ വസ്ത്രം ധരിക്കുന്നതില്‍ നിന്നും, ഭാര്യസംസര്‍ഗത്തില്‍ നിന്നും തടഞ്ഞതുകൊണ്ട് എന്തുപ്രയോജനം? അല്ലാഹു തങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളുടെ വില അവയുടെ അഭാവത്തിലാണ് മനുഷ്യന്‍ ഓര്‍ക്കാന്‍ തുടങ്ങുക.
ആഇശ(റ)യോട് തിരുമേനി(സ) ഇപ്രകാരം പറഞ്ഞു:’നിന്റെ ക്ഷീണത്തിനും, ചെലവഴിക്കലിനും അനുസരിച്ചുള്ള പ്രതിഫലമാണ് നിനക്ക് ലഭിക്കുക’. എന്നിട്ട് ഈ വചനം പാരായണം ചെയ്തു ‘പിന്നീടവര്‍ തങ്ങളുടെ അഴുക്കുകള്‍ നീക്കിക്കളയട്ടെ. നേര്‍ച്ചകള്‍ നിറവേറ്റട്ടെ. ആ പുരാതനമന്ദിരത്തെ ചുറ്റട്ടെ’. (അല്‍ഹജ്ജ് 29).
അല്ലാഹു വിലക്കിയതില്‍ നിന്നും ഹജ്ജിന്റെയും ഉംറയുടെ സന്ദര്‍ഭത്തില്‍ വിശ്വാസി അകന്നുനില്‍ക്കുമ്പോള്‍, ദൈവികശരീഅത്തിന്റെ പരിധിയില്‍ നിലകൊള്ളാന്‍ തയ്യാറാവുകയാണ് വിശ്വാസി ചെയ്യുന്നത്. അല്ലാഹുവിന്റെ കല്‍പനയില്‍ അവര്‍ക്ക് പ്രതിഷേധമില്ല. സംതൃപ്തിയോട് കൂടി അവരതുസ്വീകരിക്കുന്നു. അല്ലാഹുവിനുമാത്രമാണ് ശാസനാധികാരമെന്നും, അവന്‍ മാത്രമാണ് ആരാധിക്കപ്പെടേണ്ടതെന്നും അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
നമ്മുടെ അവകാശം തടഞ്ഞ, വസ്ത്രം അഴിച്ചുമാറ്റിയ, ഭാര്യയില്‍ നിന്നുതടഞ്ഞ ആരോടും നമുക്കുപ്രതിഷേധിക്കാം. പക്ഷെ അല്ലാഹുവിനോട് പറ്റില്ല, അവന്‍ ചെയ്യുന്നവനെക്കുറിച്ച് ചോദിക്കപ്പെടുകയില്ല.
ഇപ്രകാരം വിശ്വാസിയുടെ മനസ്സ് ചെത്തിമിനുക്കിക്കൊണ്ടേയിരിക്കുന്നു. അല്ലാഹുവുമായി ശക്തമായ ഹൃദയബന്ധം ഹജ്ജിലൂടെ രൂപപ്പെടുന്നു. തല്‍ബിയത്തിലൂടെ അവന്റെ ഏകദൈവത്വം ഉച്ചൈസ്ഥരം പ്രഖ്യാപിക്കുന്നു. തക്ബീറിലൂടെ അവനെ പ്രകീര്‍ത്തിക്കുകയും, സ്തുതിക്കുകയും ചെയ്യുന്നു.
അല്ലാഹു പൊറുത്തുതരണമെന്ന് ആഗ്രഹിക്കുന്നവര്‍ അവനെ മഹത്വപ്പെടുത്തേണ്ടതുണ്ട്. എല്ലാ കര്‍മങ്ങളും അവനുവേണ്ടി നിര്‍വഹിക്കേണ്ടതുണ്ട്. അതിനാലാണ് ഹജ്ജുനിര്‍വഹിച്ച്, കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് മടങ്ങുന്നവന് അല്ലാഹു പൊറുത്തുനല്‍കുന്നത്.
വന്‍പാപങ്ങളില്‍ നിന്ന് ഒരാള്‍ അകന്നുനില്‍ക്കുകയെന്നത് തിന്മകള്‍ക്ക് പ്രായശ്ചിത്തമായി അല്ലാഹു പരിഗണിക്കുന്ന കാര്യമാണ് ‘നിങ്ങളോട് വിലക്കിയ വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്നുവെങ്കില്‍ നിങ്ങളുടെ ചെറിയ തെറ്റുകള്‍ നാം മായ്ച്ചുകളയും. മാന്യമായ ഇടങ്ങളില്‍ നിങ്ങളെ നാം പ്രവേശിപ്പിക്കും’. (അന്നിസാഅ് 31). അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നതിനെ ഉപേക്ഷിക്കുകയെന്നത് തന്നെയാണ് ഇതിലെ പ്രഥമപടി.’ഹജ്ജുകാലം ഏറെ അറിയപ്പെടുന്ന മാസങ്ങളാണ്. ഈ നിര്‍ണിത മാസങ്ങളില്‍ ആരെങ്കിലും ഹജ്ജില്‍ പ്രവേശിച്ചാല്‍ പിന്നെ സ്ത്രീപുരുഷവേഴ്ചയോ ദുര്‍വൃത്തിയോ വഴക്കോ പാടില്ല. നിങ്ങള്‍ എന്തു സുകൃതം ചെയ്താലും അല്ലാഹു അതറിയുക തന്നെ ചെയ്യും. നിങ്ങള്‍ യാത്രക്കാവശ്യമായ വിഭവങ്ങളൊരുക്കുക. എന്നാല്‍ യാത്രക്കാവശ്യമായ വിഭവങ്ങളിലേറ്റം ഉത്തമം ദൈവഭക്തിയത്രെ. വിചാരശാലികളേ, നിങ്ങളെന്നോട് ഭക്തിയുള്ളവരാവുക’.(അല്‍ബഖറ 197.)
ശൈഖ് സഊദ് അല്‍ശുറൈം
Add Comment