അല്ലാഹു തന്റെ അടിമകളോട് പ്രവാചകന് മുഹമ്മദ്(സ)യെ പിന്‍പറ്റാന്‍ കല്പിച്ചിരിക്കുന്നു. (പ്രവാചകന്(സ) നിങ്ങള്‍ക്ക് കൊണ്ട് വന്നത് നിങ്ങള്‍ സ്വീകരിക്കുക. അദ്ദേഹം നിങ്ങളെ വിരോധിച്ചതില്‍ നിന്ന് നിങ്ങള്‍ വിരമിക്കുക). ഹശ്ര് 7. അല്ലാഹുവിനോടുള്ള പ്രണയത്തിന്റെ ഒന്നാമത്തെ തെളിവ് പ്രവാചകനെ പിന്‍പറ്റലാണെന്ന് അല്ലാഹു വ്യക്തമാക്കി. (പ്രവാചകരെ താങ്കള്‍ പറയുക, നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്ത് തരികയും ചെയ്യും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാണ്). ആലുഇംറാന് 31. പ്രവാചക മാതൃക പിന്‍പറ്റുന്നത് ഏറ്റവും നന്നായി പ്രകടമാകുന്ന ആരാധനാ കര്‍മമാണ് ഹജജ്.
അതിനാല്‍ തന്നെ തന്റെ ഹജ്ജ് സ്വീകാര്യയോഗ്യമാവണമെന്നും, അത് മുഖേനെ തനിക്ക് പ്രതിഫലം ലഭിക്കണമെന്നും ആഗ്രഹിക്കുന്ന വിശ്വാസി, പ്രവാചകന്(സ) ഹജ്ജില്‍ കാണിച്ച് തന്ന മാതൃകകള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ട്്. കര്‍മങ്ങളുടെ നിയമങ്ങളില്‍ മാത്രമല്ല, മറിച്ച് അല്ലാഹുവിനോടും, സഹപ്രവര്‍ത്തകരോടും അദ്ദേഹം പുലര്‍ത്തിയ ആത്മബന്ധത്തിലും ഈ അനുകരണം ആവശ്യമാണ്.
പ്രവാചകന് തിരുമേനി(സ)യുടെ ഹജ്ജില്‍ പ്രകടമായ ഏതാനും കാര്യങ്ങളാണ് നാമിവിടെ സൂചിപ്പിക്കുന്നത്. അത് മുഖേന വിശ്വാസിക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ പദ്ധതി തയ്യാറാക്കാനും, അവയില്‍ പ്രവാചകനെ അനുകരിക്കാനും സാധിക്കുന്നതാണ്.
തൗഹീദ് അഥവാ ഏകദൈവവിശ്വാസം മുറുകെ പിടിക്കുകയും കര്‍മത്തെ അല്ലാഹുവിന് മാത്രമായി സമര്‍പിക്കുകയും ചെയ്തുവെന്നതാണ് പ്രവാചക ഹജ്ജിന്റെ പ്രഥമ സവിശേഷത. പ്രകടനപരതയില്‍ നിന്നും നാട്യത്തില്‍ നിന്നും ഹജ്ജിനെ മുക്തമാക്കാന്‍ അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയുണ്ടായി. (അല്ലാഹുവെ, ലോകമാന്യവും പ്രകടനപരതയുമില്ലാത്ത ഹജ്ജ് നീ എനിക്ക് നല്‍കണേ). ഹജ്ജിന്റെ എല്ലാ കര്‍മങ്ങളിലും, ചിഹ്നങ്ങളിലും തൗഹീദ് വ്യക്തമാക്കാന്‍ പ്രവാചകന്(സ) പ്രത്യേകം ശ്രദ്ധിച്ചു. തല്‍ബിയത്തിലും, ത്വവാഫിലും, സഅ്യിലും അറഫാദിനത്തിലുമെല്ലാം ഇത് പ്രകടമായിരുന്നു.
ഹൃദയസാന്നിദ്ധ്യത്തോടെ, ഭക്തിയോടെ, നിരന്തരമായ പ്രാര്‍ത്ഥനകളോടെയാണ് തിരുമേനി(സ) ഹജ്ജ് നിര്‍വഹിച്ചത്. തീര്‍ത്തും ശാന്തതയോടും വിനയത്തോടും കൂടിയാണ് അദ്ദേഹമവ പൂര്‍ത്തീകരിച്ചത്. ജാബിര്‍(റ) പറയുന്നു (തീര്‍ത്തും ശാന്തമായാണ് തിരുമേനി(സ) കര്‍മങ്ങള്‍ നിര്‍വഹിച്ചത്). അറഫാദിനത്തില് തന്റെ പിന്നില്‍ നിന്ന് ശക്തമായ ശബ്ദം കേട്ട തിരുമേനി(സ) തന്റെ ചാട്ടവാര്‍ ജനങ്ങളിലേക്ക് ചൂണ്ടി ഇപ്രകാരം പറഞ്ഞു (ജനങ്ങളെ, നിങ്ങള്‍ ശാന്തത മുറുകെ പിടിക്കുക, ധൃതിയിലല്ല പുണ്യമുള്ളത്). ബുഖാരി.
പരലോകവുമായുള്ള ദൃഢബന്ധവും ഐഹികലോകത്തോടുള്ള വിരക്തിയും വ്യക്തമാക്കുന്നതായിരുന്നു പ്രവാചകന്(സ)യുടെ ഹജ്ജ്. അറഫയില്‍ നില്‍ക്കെ തിരുമേനി(സ) പറഞ്ഞത് ഇപ്രകാരമായിരുന്നു (അല്ലാഹുവെ, നിന്റെ വിളിക്ക് ഉത്തരം നല്കിയിരിക്കുന്നു, തീര്‍ച്ചയായും ഏറ്റവും നല്ല ധനം ആഖിറത്തിലെ ധനമാകുന്നു). ഇബ്നു ഖയ്യിം പറയുന്നു (പല്ലക്കില്ലാത്ത ലളിതമായ വാഹനപ്പുറത്തായിരുന്നു തിരുമേനി(സ) ഹജ്ജിന് പോയത്). തന്റെ ഭാണ്ഡവും, പാഥേയവും വഹിക്കാന്‍ ഉപയോഗിച്ചിരുന്ന മൃഗത്തെയാണ് അദ്ദേഹം ഹജ്ജ് യാത്രക്ക് തെരഞ്ഞെടുത്തത്. മറ്റ് പ്രത്യേകമായ ഒട്ടകമൊന്നും തിരുദൂതര്‍ക്ക് ഉണ്ടായിരുന്നില്ല. ഹജ്ജ് വേളയില്‍ ജനങ്ങളില്‍ നിന്ന് സവിശേഷമായൊന്നും പ്രവാചകന്(സ) സ്വീകരിച്ചില്ല. തിരുമേനി(സ) ജനങ്ങളുടെ കൂടെ നിന്ന് വെള്ളം കുടിക്കാനെത്തി. അതുകണ്ടവര്‍ പറഞ്ഞു ‘താങ്കള്‍ക്ക് വെള്ളവുമായി ഞങ്ങള്‍ വീട്ടിലേക്ക് വരാമല്ലോ’. തിരുദൂതര്‍ അവരോട് പറഞ്ഞു (എനിക്കതിന്റെ ആവശ്യമില്ല. ജനങ്ങള്‍ കുടിക്കുന്നതില്‍ നിന്ന് നിങ്ങളെന്നെ കുടിപ്പിച്ചാലും).
ഹജ്ജ് വേളയില്‍ വിശ്വാസികള്‍ക്ക് ദീന് പഠിപ്പിക്കുന്നതിലും പ്രവാചകന്(സ) അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. അവര്‍ക്ക് ദീന് പകര്‍ന്ന് കൊടുക്കാന്‍ ലഭിച്ച ഒരു അവസരവും തിരുദൂതര്‍ പാഴാക്കിയില്ല. കര്‍മത്തിന്റെ വിധികളും, ഇസ്ലാമിന്റെ അടിസ്ഥാനങ്ങളും അവര്‍ക്ക് പഠിപ്പിച്ച് നല്കി. ശിര്‍ക്കില്‍ നിന്ന് അനുയായികളെ അകറ്റുകയും, അല്ലാഹുവിന്റെ പവിത്രമായ ചിഹ്നങ്ങളോട് ആദരവ് പുലര്‍ത്താന്‍ അവരോട് കല്പിക്കുകയും ചെയ്തു. രക്തവും, ധനവും, അഭിമാനവും വിലപ്പെട്ടതാണെന്നും, അവക്ക് മേല്‍ ഒരു തരത്തിലും കടന്ന് കയറരുതെന്നും അദ്ദേഹം ഉപദേശിച്ചു.
പ്രവാചകന്(സ) ജനങ്ങളുടെ മുന്നില്‍ വിനയാന്വിതനായിരുന്നു. അറഫയില്‍ നിന്ന് മുസ്ദലിഫയിലേക്ക് തന്റെ വാഹനത്തിന് പിറകില്‍ ഉസാമ(റ)നെ കയറ്റുകയുണ്ടായി അദ്ദേഹം. വഴിയില്‍ വെച്ച് ഒരു സ്ത്രീ അദ്ദേഹത്തോട് സംശയം ചോദിക്കുകയും അദ്ദേഹം അവര്‍ക്ക് ഉത്തരം നല്കുകയുമുണ്ടായി. ജനങ്ങളില്‍ നിന്ന് മറ സ്വീകരിക്കുകയോ, അവരെ തന്നില്‍ നിന്ന് പിരിച്ച് വിടുകയോ, തന്നോട് സംസാരിക്കുന്നില് നിന്ന് തടയുകയോ ചെയ്തില്ല അദ്ദേഹം. ഏതൊരാള്‍ക്കും അദ്ദേഹത്തിലേക്ക് നിഷ്പ്രയാസം എത്തിച്ചേരാനും, അദ്ദേഹത്തോട് സഹവസിക്കാനും സാധിക്കുമായിരുന്നു.
ജനങ്ങളോട് തീര്‍ത്തും കരുണയോടും ദയയോടുമാണ് അദ്ദേഹം വര്‍ത്തിച്ചത്. ളുഹ്റും അസ്റും ഒന്നിച്ചും, മഗ്രിബും ഇശാഉം ചേര്‍ത്തും ജംഅ് ചെയ്യാന്‍ നിര്‍ദേശിച്ചത് അതിന്റെ ഭാഗമാണ്. ദുര്‍ബലരായവര്‍ക്ക് മറ്റ് ജനങ്ങള്‍ക്ക് മുമ്പെ തന്നെ മുസ്ദലിഫയില്‍ നിന്ന് മടങ്ങാന്‍ തിരുമേനി(സ) അനുവാദം നല്കുകയുണ്ടായി. തിരിക്കില്‍ നിന്നും അവരെ രക്ഷപ്പെടുത്തുന്നതിനായിരുന്നു അത്. ബലിദിനത്തിലെ കര്‍മങ്ങള്‍ ആവശ്യത്തിനനുസരിച്ച് മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യാമെന്ന് നിര്‍ദേശിച്ചതും അദ്ദേഹത്തിന്റെ കരുണയെയാണ് കുറിക്കുന്നത്.
ജനങ്ങളോട് അദ്ദേഹം കാണിച്ച ദയയുടെ ഭാഗമായിരുന്നു അദ്ദേഹം നൂറ് മൃഗങ്ങളെ ബലി നല്‍കിയെന്നത്. അവയുടെ മാംസം വീതിക്കാനും, ദരിദ്രര്‍ക്കും അഗതികള്‍ക്കും എത്തിക്കാനും അദ്ദേഹം അലി(റ)യെ ചുമതലപ്പെടുത്തുകയുണ്ടായി. അല്ലാഹുവിന്റെ പ്രതീകങ്ങളെ വാഴ്ത്തുന്നതും അദ്ദേഹം ഹജ്ജില്‍ പഠിപ്പിക്കുകയുണ്ടായി.
പ്രവാചകന്(സ)യുടെ ഹജ്ജിലെ പ്രശോഭിതമായ ചില മാതൃകകളാണ് ഇവ. പ്രബോധകര്‍ അദ്ദേഹത്തിന്റെ മാതൃക പിന്‍പറ്റേണ്ടിയിരിക്കുന്നു.
Add Comment