ആരാധനാനുഷ്ഠാനങ്ങള്‍ അല്ലാഹു നിര്‍ബന്ധമാക്കിയത് മഹത്തായ ചില ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും മുന്നില്‍ കണ്ടു കൊണ്ടാണ്. സത്യവിശ്വാസികളുടെ വിശ്വാസം ശക്തിപ്പെടുത്താനും അവരുടെ ഹൃദയങ്ങളെ വിമലീകരിക്കാനും സ്വഭാവപെരുമാറ്റങ്ങളെ ശുദ്ധീകരിക്കാനുമാണ് ആരാധനകള്‍. അല്ലാഹു നിശ്ചയിച്ച ഇബാദത്തുകളിലൂടെ ഈ ലക്ഷ്യങ്ങളിലേക്ക് ഒരാള്‍ എത്തിപ്പെടുന്നില്ലെങ്കില്‍ അത്തരം ഇബാദത്തുകള്‍ കൊണ്ട് ഫലമുണ്ടാവുകയില്ല. എന്നല്ല, അത് കേവലമായ ചില പുറംകാഴ്ചകളും പ്രകടനങ്ങളും മാത്രമായി അധഃപതിക്കുകയും ചെയ്യും.
ഹജ്ജെന്ന മഹത്തായ ആരാധനാ കര്‍മ്മത്തിന്റെ കാര്യവും അങ്ങനെതന്നെ. ഒരാള്‍ അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ മനസ്സിലാക്കി ആത്മാവറിഞ്ഞ് ഹജ്ജ് നിര്വിഹിച്ചാല് അതിന്റെ പ്രതിഫലനങ്ങള്‍ അവന്റെ തുടര്‍ന്നുള്ള ജീവിതത്തിലും മരണശേഷവുമുണ്ടാകും.
ഒരു ഹജ്ജ് തീര്ത്ഥാടകന് അല്ലാഹുവിന്റെ പവിത്രമായ ഗേഹം സന്ദര്‍ശിക്കുക വഴി അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിനുടമയാവുകയാണ്. അവന്റെ മേല്‍ ബാധ്യതയായ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ അല്ലാഹു അവന് തൗഫീഖ് നല്‍കിയിരിക്കുകയാണ്. ഇനി അവന് സ്വയം അവനെകുറിച്ച് ആലോചിച്ചു നോക്കട്ടെ. അവന്റെ ഹൃദയത്തെ പുനര്‍വിചിന്തനത്തിന് വിധേയമാക്കട്ടെ. എന്നിട്ട് അവന് സ്വയം പരിവര്‍ത്തനത്തിന് വിധേയമാകട്ടെ.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഹാജി തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. ആ മഹത്തായ കര്‍മ്മം നിര്‍വഹിക്കാന്‍ അല്ലാഹു നല്കിയ അവസരിത്തിന് നന്ദി പ്രകാശിപ്പിക്കുകയും അവനെ സ്തുതിക്കുകയും വേണം. അല്ലാഹു അതിനുള്ള തൗഫീഖ് അവന് നല്കിയില്ലായിരുന്നുവെങ്കില് എങ്ങനെയാണ് അവന് ഹജ്ജ് നിര്‍വഹിക്കാനാവുക. ഈ അനുഗ്രഹത്തിന് നന്ദി പ്രകാശിപ്പിക്കേണ്ടത്, അവന്റെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കാതെ തുടര്‍ന്നും നിലനിന്നുകൊണ്ടാണ്.
ഹജ്ജ് കഴിഞ്ഞെത്തുന്ന ഹാജിമാരില്‍ പലരിലും കാണുന്ന ഒരു പ്രശ്നമാണ് സ്ഥിരതയില്ലായ്മ. അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗത്തില്‍ സൂക്ഷ്മതയോടെയും ദൃഢതയോടെയും സമര്‍പ്പണത്തോടെയും തുടരാനാകുന്നില്ലെന്നതാണ് അവരുടെ പ്രശ്നം. അതിനാല്‍ സദാ സമയം ഹാജി അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കട്ടെ. അല്ലാഹുവിനോടുള്ള അനുസരണത്തിലും അവന് വിലക്കിയവില് നിന്നുള്ള മോചനത്തിലും തൗഫീഖ് നല്കുവാന്. സത്യവിശ്വാസി എപ്പോഴും പ്രാര്‍ത്ഥിക്കേണ്ട ഒരു പ്രാര്‍ത്ഥന വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. ‘നാഥാ നീ ഹിദായത്ത് നല്കിയ ശേഷം ഞങ്ങളുടെ ഹൃദയത്തെ വഴിപിഴപ്പിച്ചു കളയരുതേ, നിന്നില്‍ നിന്നുള്ള കാരുണ്യം ഞങ്ങളില്‍ നീ വര്‍ഷിക്കേണമേ’.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഹജ്ജുല്‍ മബ്റൂറിന് ചില അടയാളങ്ങളുണ്ട്. ഈ പ്രകടമായ അടയാളങ്ങളില്‍ പ്രകടമായ അടയാളം ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച ശേഷവും അല്ലാഹുവിന്റെ അനുസരണത്തില്‍ ഉറച്ചു നില്ക്കുകയെന്നതാണ്. ഹജ്ജിന് മുമ്പ് അല്ലാഹുവിനോടുള്ള അവന്റെ ബന്ധം പോലെയല്ല, ഹജ്ജിന് ശേഷമുള്ള അവന്റെ ബന്ധം. അത് മുന്‍പത്തേതിനേക്കാള്‍ വളരെ ശക്തവും സുദൃഢവുമാണ്. ഹസനുല്‍ ബസ്വരിയോട് ഒരിക്കല്‍ ഒരാള്‍ ചോദിച്ചു: പുണ്യകരമായ ഹജ്ജിന്റെ പ്രതിഫലം സ്വര്‍ഗ്ഗമാണെന്ന് പറയുന്നുണ്ടല്ലോ, എന്തുകൊണ്ടാണത്? അദ്ദേഹം പ്രതിവചിച്ചു: ‘പരലോകം പ്രതീക്ഷിച്ച് അവന് ദുന്‍യാവിലേക്ക് വിരക്തനായി മടങ്ങുകയാണ് അതിന്റെ അടയാളം’.
ഹജ്ജിന്റെ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുക വഴി, ഒരു ഹാജി അല്ലാഹുവിനോടുള്ള അടിമത്വത്തിന്റെ സമ്പൂര്‍ണ്ണ ശിക്ഷണമാണ് കരസ്ഥമാക്കുന്നത്. അവന്റെ കല്‍പ്പനകളോടുള്ള പൂര്‍ണ്ണ വിധേയത്വവും അവന്റെ വിരോധങ്ങളില്‍ നിന്നുള്ള വിട്ടു നില്ക്കലുമാണത്.
ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച് കഴിഞ്ഞവരുടെ മാനസികാവസ്ഥ അല്ലാഹു വിശേഷിപ്പിച്ചതുപോലെയായിരിക്കും. അല്ലെങ്കില്‍ അങ്ങനെയാവണം: ‘റബ്ബിങ്കലേക്കു മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ മനസ്സു വിറച്ചുകൊണ്ട് ദാനം ചെയ്യുന്നവരാണവര്‍. അങ്ങനെയുള്ളവര്‍ മാത്രമാകുന്നു നന്മകളില് ജാഗ്രതയുള്ളവരും അവയെ പ്രാപിക്കുന്നതില്‍ മുന്നേറുന്നവരും.’ (മുഅ്മിനൂന് 60)
അലി (റ) പറയാറുണ്ടായിരുന്നു: കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ അവ സ്വീകരിക്കപ്പെടുമോ എന്ന കാര്യത്തിലും നിങ്ങള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. അല്ലാഹു പറഞ്ഞത് നിങ്ങള്‍ കേട്ടില്ലേ: ‘അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരില് നിന്നുമാത്രമാണ് കര്‍മ്മങ്ങള്‍ സ്വീകരിക്കുന്നത്’. (മാഇദ 27).
താന്‍ ചെയ്ത ഹജ്ജ് വഴി തന്റെ ജീവിതത്തിന് മേലില്‍ ഒരു പരിവര്ത്തനമുണ്ടാക്കണമെന്നുള്ള ഒരുറച്ച തീരുമാനം ഹാജിമാര്‍ക്ക് എടുക്കാന്‍ കഴിയണം. ഹജ്ജ് ജീവിതത്തിന്റെ ഒരു വഴിത്തിരിവാണെന്ന ബോധ്യത്തോടെ നന്മകളിലേക്ക് കൂടുതല്‍ നടന്നടുക്കുക. അല്ലാഹു തൗഫീഖ് നല്കട്ടെ. ആമീന്‍
ഡോ. റാഗിബ് സര്‍ജാനി
പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചവര്‍ തങ്ങളുടെ ഭാവി അനുഷ്ഠാനജീവിതത്തെ ക്രമീകരിക്കേണ്ടതെങ്ങനെയെന്ന് കുറിക്കുകയാണ്
ഡോ.റാഗിബ് സര്‍ജാനി
വായിക്കുക..
Add Comment